2002 മധ്യത്തിലാണെന്നാണ് എന്റെ ഓർമ. നിർമാതാവായ പി.കെ.ആർ. പിള്ളയ്ക്കുവേണ്ടി ഞാനും വിനയനും കൂടി ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്റെ’ വൻ വിജയത്തിനുശേഷം അടുത്ത സിനിമചെയ്യാനുള്ള ആലോചനകൾ നടക്കുന്ന സമയം. ഒരു സിനിമ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിക്കഴിഞ്ഞാൽ പിള്ളച്ചേട്ടന് അടുത്തപടം ഉടനെ തുടങ്ങണം. പ്രിയദർശനെവെച്ചുചെയ്ത 'ചിത്രം' മെഗാഹിറ്റായി മാറിയപ്പോൾ പിന്നെ മോഹൻലാലിനെവച്ചുമാത്രം തുടരെതുടരെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയ കാലം മുതലേയുള്ള അദ്ദേഹത്തിന്റെ ഒരു ശീലപ്രകൃതമാണത്. ഊമപ്പെണ്ണിന്റെ ഷൂട്ടിങ് സമയത്ത് വിനയൻ മറ്റൊരു സിനിമ കമ്മിറ്റുചെയ്തിരുന്നതുകൊണ്ട് പിള്ളച്ചേട്ടന്റെ പുതിയ പടംചെയ്യാൻ വിനയനായില്ല.
“പിള്ളച്ചേട്ടൻ ഈ സിനിമ മറ്റേതെങ്കിലും സംവിധായകരെക്കൊണ്ട് ചെയ്യിക്ക്. നമുക്ക് അടുത്തപടം ചെയ്യാം.”
വിനയൻ വിനയാന്വിതനായി പിള്ളച്ചേട്ടനെ വിളിച്ചു പറഞ്ഞു.
അങ്ങനെയാണ് സംവിധായകൻ തുളസിദാസിന്റെ ‘പ്രണയമണിത്തൂവലു’മായി പിള്ളച്ചേട്ടൻ വരുന്നത്. ആലുവാ പുഴയോരത്തുള്ള പെരിയാർ ഹോട്ടലിലിരുന്നാണ് ഞാൻ പ്രണയമണിത്തൂവലിന്റെ സ്‌ക്രിപ്റ്റ് എഴുത്തിന് തുടക്കം കുറിച്ചത്.

ഒരുദിവസം വൈകുന്നേരം ഞാൻ ഗ്രീൻടീ കുടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്റെ സുഹൃത്തും പ്രൊഡക്ഷൻ ഡിസൈനറുമായ റോയിച്ചൻ വെളുക്കെ ചിരിച്ചുകൊണ്ട് മുറിയിലേക്ക് വന്ന് ഒരു ആമുഖവുമില്ലാതെ പറഞ്ഞു; “ഡെന്നിച്ചായാ ഞാൻ ഒരു സിനിമ നിർമിക്കാൻ പോകുന്നു. ഡെന്നിച്ചായൻ എനിക്ക് നല്ലൊരു തിരക്കഥ എഴുതിത്തരണം.”
“സിനിമ ചെയ്യാൻ നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ആദ്യം നിനക്ക് അറിയാവുന്ന തൊഴിൽ നന്നായിട്ട് ചെയ്യാൻ നോക്കെടാ”…
ഞാൻ എടുത്തടിച്ചതുപോലെ ആദ്യമേ കയറിവെട്ടി. അതുകേട്ടപ്പോൾ അവൻ ചെറുതായിട്ട് ഒന്നു ചമ്മിയെങ്കിലും എന്നെ വിടാൻ ഭാവമില്ലായിരുന്നു.
“ഞാൻ പണമൊന്നും മുടക്കുന്നില്ല. നല്ലൊരു നിർമാതാവ് എന്റെ കയ്യിൽ വന്നിട്ടുണ്ട്. പത്തുപൈസ മുടക്കാതെ ഞാൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകും”.
“ആരാണ് പ്രൊഡ്യൂസർ?”
“ഷിപ്പ്യാർഡിൽ നല്ലൊരു പദവി അലങ്കരിക്കുന്ന അശോകൻ എന്ന മാന്യവ്യക്തിയാണ് കക്ഷി. അഞ്ചുമണിയാകുമ്പോൾ അശോകൻ ഇവിടെ എത്തും.”
അവന്റെ സംസാരം കേട്ടിട്ട് ഞാൻ അത്ര താത്പര്യം കാണിക്കാതെ ഇരിക്കുന്നതുകണ്ട അവൻ വളരെ സീരിയസ്സായിട്ട് പറഞ്ഞു; “ഡെന്നിച്ചായാ ഞാൻ ഒരു കാര്യം പറയാം. അശോകൻ വരുമ്പോൾ ഡിസ്ട്രിബ്യൂഷന്റെയും സാറ്റ്‌ലൈറ്റിന്റെയുമൊക്കെ കാര്യം പറഞ്ഞ് അദ്ദേഹത്തെ പേടിപ്പിക്കരുത്. ഒരു ഇടത്തരം സിനിമ പിടിക്കാനുള്ള പൈസയൊക്കെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഞാൻ എല്ലാ കാര്യങ്ങളും അശോകനോട് പറഞ്ഞിട്ടുണ്ട്.”
റോയി വാചാലനാകാൻ തുടങ്ങിയപ്പോൾ പെട്ടെന്നാണ് മുറിയിലെ കോളിങ് ബെൽ ശബ്ദിച്ചത്. അവൻ വേഗം ചെന്ന് അശോകനേയും കൂട്ടിവന്നു. അല്പം കറുത്ത് ഉയരം കൂടിയ, ഏകദേശം നാൽപത്തിയഞ്ച് അമ്പതുവയസ്സോളം പ്രായം തോന്നിക്കുന്ന സൗമ്യമുഖമുള്ള ഒരു കക്ഷിയാണ്. അശോകൻ എനിക്ക് ഷേക്ക്ഹാൻഡ് തന്നുകൊണ്ട് സ്വയം പരിചയപ്പെടുത്തി. അശോകന്റെ സാന്നിധ്യത്തിൽ റോയിച്ചനാണ് സിനിമാ നിർമിതിയെക്കുറിച്ചും ആരെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്നുമുള്ള കാര്യങ്ങളിലേക്ക് കടന്നത്.
Also Read
“എങ്ങനെയുള്ള സിനിമയാണ് നിങ്ങളുടെ മനസ്സിലുള്ളത്?”
റോയിയുടെ സംസാരം കേട്ടുകൊണ്ടിരുന്ന അശോകനോട് ഞാൻ ചോദിച്ചു.
“എന്റെ മനസ്സിലുള്ളത് നല്ലൊരു ഫാമിലി സബ്ജക്ടാണ്. എൺപതുകളിൽ ഡെന്നിച്ചായനും ജോഷിയുംകൂടി മമ്മൂട്ടിയെവെച്ചു ചെയ്ത ‘ആ രാത്രി’, ‘സന്ദർഭം’ പോലുള്ള ഒരു കുടുംബചിത്രം ചെയ്യാനാണ് എനിക്ക് താത്പര്യം.”
അപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് രണ്ടാഴ്ച മുൻപ് സംവിധായകൻ ഹരികുമാർ എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ ഒരു കഥയാണ്. പ്രശസ്ത സാഹിത്യകാരനായ ഇ.വി. ശ്രീധരന്റെ ഒരു നോവലാണത്. അതിന്റെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല. ഫാമിലി സബ്ജക്ടാണെങ്കിലും ചെറിയൊരു പുതുമ അവകാശപ്പെടാവുന്ന ഒരു ഇതിവൃത്തമാണ്.
വിവാഹമോചിതരായി കഴിയുന്ന ചെറുപ്പക്കാരായ ഒരു ഭാര്യയും ഭർത്താവും. അവർക്ക് ആറേഴു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുണ്ട്. ഭാര്യയുടെ അച്ഛന്റെ നിർബന്ധബുദ്ധിയിലും പിടിവാശിയിലും പരസ്പരം അകന്നുപോയവർ രണ്ടിടങ്ങളിലായി ജീവിക്കുന്നു. മകളുടെ ഫോൺ വിളിയിലൂടെ അവർ തമ്മിൽ സംസാരിക്കുന്നു. സുഖവിവരങ്ങൾ അന്വേഷിക്കുന്നു. ഇതിനിടയിൽ ഇരുവീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി അവർ പുനർവിവാഹത്തിന് തയ്യാറാവുന്നു. പുതിയതായി വരുന്ന പങ്കാളികളെക്കുറിച്ച് ആശയവിനിമയം നടത്തുന്നു. മംഗളാശംസകൾ നേരുന്നു. ഇങ്ങനെ പോകുന്ന കഥയുടെ ക്ലൈമാക്‌സ് കേട്ടുകഴിഞ്ഞപ്പോൾ അശോകൻ ആവേശഭരിതനായി പറഞ്ഞു; “നമുക്ക് ഈ കഥ മതി ഡെന്നിച്ചായാ. മലയാളത്തിൽ ഇങ്ങനെയൊരു കുടുംബകഥ ഇതുവരെ വന്നിട്ടില്ല.”
രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹരികുമാർ തിരുവനന്തപുരത്തുനിന്നും ആലുവാ പെരിയാർ ഹോട്ടലിലെത്തി. ഞാനും അശോകനും റോയിച്ചനുംകൂടിയിരുന്ന് ചർച്ചചെയ്തശേഷം എത്രയും വേഗം ഷൂട്ടിങ് തുടങ്ങാനുള്ള ഒരു തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു.
ഈ കഥയിലെ രാജീവനും വിജയലക്ഷ്മിയുമായി വരുന്ന ശക്തമായ കഥാപാത്രങ്ങൾ ആരെക്കൊണ്ട് അഭിനയിപ്പിക്കുമെന്ന ചിന്തയിലായിരുന്നു ഞാൻ. മമ്മൂട്ടി ചെയ്യേണ്ട വേഷമാണ്. പക്ഷേ അയാളെ ഉടനെയെങ്ങും കിട്ടില്ല. പിന്നെയുള്ളത് സുരേഷ് ഗോപിയാണ്. കുറെക്കാലത്തേക്ക് സുരേഷ് അഭിനയമൊക്കെ അവസാനിപ്പിച്ച് നടന്നിരുന്ന സമയമായിരുന്നത്. പിന്നെ കച്ചവടമൂല്യവുമില്ല. വേറെ ആര് ചെയ്താലും ഈ രണ്ട് നായകൻമാർ ചെയ്യുന്നത്ര നന്നാവുകയുമില്ല. അവസാനം ഞങ്ങൾ സുരേഷ്‌ഗോപിയിൽതന്നെ ചെന്നെത്തുകയായിരുന്നു.
ഇനി വേണ്ടത് നായികയെയാണ്. ആറേഴുവയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായതുകൊണ്ട് അല്പം മെച്യൂരിറ്റി തോന്നിക്കുന്ന ഒരു ആർട്ടിസ്റ്റായിരിക്കണം ഈ വേഷം ചെയ്യേണ്ടത്. അപ്പോൾ എന്റെ മനസ്സിലേക്ക് കയറിവന്ന മുഖം ലക്ഷ്മി ഗോപാലസ്വാമിയുടെതായിരുന്നു. ലോഹിതദാസിന്റെ ‘അരയന്നങ്ങളുടെ വീടി’ന്റെ ഷൂട്ടിങ് നടക്കുമ്പോൾ എനിക്കറിയാവുന്ന ആ ചിത്രത്തിന്റെ നിർമാതാവ് എന്നെ വിളിച്ചതുകൊണ്ട് ഒരുദിവസം ഞാൻ അവിടെ പോകുകയുണ്ടായി. ലോഹിയാണ് ലക്ഷ്മിഗോപാലസ്വാമിയെ പരിചയപ്പെടുത്തിയത്. ഒരു നായികാതാരത്തിന്റെ ഗ്ലാമറോ ആഡംബരമോ ഒന്നുമില്ലാത്ത ശാരദയെപ്പോലെ ശാലീനവതിയായ ഒരു പെൺമുഖമായിട്ടാണ് എനിക്ക് തോന്നിയത്. ആ ചിത്രം റിലീസ് ചെയ്ത ദിവസംതന്നെ ഞാനും റോയിച്ചനുംകൂടി പോയി കാണുകയും ചെയ്തു. നേരിൽ കാണുന്നതിനേക്കാൾ വളരെ ക്യാമറാ ഫേസുള്ള ഒരു അഭിനേത്രിയാണവർ. പിന്നീട് അവർ അഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ‘കൊച്ചുകൊച്ചു സന്തോഷങ്ങളും’ ലാൽ േജാസിന്റെ ‘അച്ഛനെയാണെനിക്കിഷ്ട’വും കൂടി കണ്ടപ്പോൾ എനിക്കവരുടെ അഭിനയത്തോട് ഇഷ്ടംകൂടുകയായിരുന്നു.
അങ്ങനെയാണ് ‘പറഞ്ഞുതീരാത്ത വിശേഷങ്ങളി’ലേക്ക് ലക്ഷ്മിഗോപാലസ്വാമി വരുന്നത്. ഹരികുമാർ ഫോണിലൂടെ കഥയും കഥാപാത്രസ്വഭാവവുമൊക്കെ വിവരിച്ചുകൊടുത്തശേഷമാണ് പറഞ്ഞുതീരാത്ത വിശേഷങ്ങളിലേക്ക് അവരെ കൊണ്ടുവന്നത്. സുരേഷ്‌ഗോപി, ലക്ഷ്മിഗോപാലസ്വാമി, ജഗതി, ജനാർദ്ദനൻ, പി. ശ്രീകുമാർ, മന്യ, സുകുമാരി, ഇർഷാദ്, പ്രിയങ്ക തുടങ്ങിയവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത്.
എറണാകുളത്ത് മറൈൻ ഡ്രൈവിലും ഇടപ്പള്ളിയിലും കാക്കനാട്ടിലുമൊക്കെ വച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. ഇടപ്പള്ളിയിലെ വീട്ടിൽ ഷൂട്ടിങ് നടക്കുമ്പോഴാണ് ലക്ഷ്മിഗോപാലസ്വാമിയെ വീണ്ടും ഞാൻ കാണുന്നത്. ഞാൻ ചെല്ലുമ്പോൾ അച്ഛനും മകളുമായിട്ടഭിനയിക്കുന്ന ജനാർദ്ദനനും ലക്ഷ്മി ഗോപാലസ്വാമിയും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ എടുത്തുകൊണ്ടിരിക്കുകയാണ് ഹരികുമാർ. പിതൃബിംബത്തോടുള്ള വിധേയത്വംകൊണ്ട് ഭർത്താവുമായി വേർപിരിയേണ്ടിവന്ന ഹതഭാഗ്യയായ ഒരു പെൺകുട്ടിയായി, ശബ്ദമില്ലാത്ത ഒരു വിലാപംപോലെ നിന്ന് കണ്ണുകൾകൊണ്ട് അച്ഛനോട് സംസാരിക്കുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ മിഴിയിതൾ പ്രകടനം കണ്ട് വിസ്മയംകൂറി കട്ടുപറയാൻപോലും സംവിധായകൻ മറന്നുപോയ നിമിഷമായിരുന്നത്.
ആ സീൻ കഴിഞ്ഞ് ഒരു നനഞ്ഞ ചിരിയോടെ ലക്ഷ്മി ഗോപാലസ്വാമി എന്റെടുത്തേക്ക് വന്നു. തെല്ലുനേരത്തെ കുശലങ്ങൾക്കുശേഷം അവർ അടുത്ത മുറിയിലേക്ക് പോയി.
അവർ എന്നോടു ചോദിച്ച ചെറുചോദ്യങ്ങളുടെ പകർപ്പവകാശം പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരക്കാണ് കൊടുക്കേണ്ടതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ ഇത്ര കൃത്യമായി എന്റെ സിനിമാ വൃത്താന്തങ്ങളൊന്നും ലക്ഷ്മിഗോപാലസ്വാമിക്ക് അറിയാനാകില്ല.
ഷൂട്ടിങ് ബ്രേക്കായപ്പോൾ ഷാജി പട്ടിക്കര എന്റെടുത്തേക്കു വന്നു. ഷാജിക്ക് എല്ലാ ആർട്ടിസ്റ്റുകളുടെയും ബയോഡാറ്റ നന്നായിട്ടറിയാം.
“എങ്ങനെയുണ്ട് ലക്ഷ്മി ഗോപാലസ്വാമി. എന്തെങ്കിലും പ്രോബ്‌ളമുണ്ടോ?”
“പ്രോബ്‌ളമോ? ഒരു ശല്യവുമില്ലാത്ത ആർട്ടിസ്റ്റാണ്. ഒരു പരാതിയുമില്ല. പരിഭവവുമില്ല. നമ്മുടെ നസീർസാറിന്റെ സ്വഭാവവിശേഷണം മുഴുവനും പുള്ളിക്കാരി കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്”...

പിന്നീട് എറണാകുളത്തുവെച്ചു കോടതി സീൻ എടുക്കുന്ന ഒരുദിവസവും ഞാൻ ലൊക്കേഷനിൽ പോയിരുന്നു. രാജീവനും വിജയലക്ഷ്മിയും കൂടി വിവാഹ മോചിതരായി കോടതിയിൽ നിന്നിറങ്ങിവരുന്ന രംഗമാണ് എടുത്തുകൊണ്ടിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമിയുടെ കൂടെ ജനാർദ്ദനനും ആ രംഗത്തുണ്ട്. ലക്ഷ്മി പതുക്കെ നടന്ന് കാറിൽ കയറാനായി വരുമ്പോൾ പുറകെ വരുന്ന രാജീവനെ കാണുന്നു. അപ്പോൾ അവരുടെ ഒരു നോട്ടമുണ്ട്. ആ വിടർന്ന വലിയ കണ്ണുകളിൽ നിറയുന്ന ദുഃഖവും സങ്കടവും ദേഷ്യവും അമർഷവും നിസ്സംഗതയുമെല്ലാം കണ്ണുകളിൽ ആവാഹിച്ചുകൊണ്ടുള്ള ആ നോട്ടമുണ്ടല്ലോ, ഭർത്താവായ രാജീവൻ നിന്നു ദഹിച്ചുപോയ ഒരു വികാരപ്രകടനമായിരുന്നത്. ലക്ഷ്മി ഗോപാലസ്വാമിയും സുരേഷ്‌ഗോപിയും തമ്മിൽ ഒരു മത്സരത്തിലുള്ള അഭിനയംതന്നെയായിരുന്നു കാഴ്ചവെച്ചത്.
ലക്ഷ്മിഗോപാലസ്വാമി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മലയാളത്തിലാണ്. ഇവിടത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം തുടങ്ങിയ എല്ലാ നടന്മാരുമായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടികളിൽ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis shares his experience working with Lakshmi Gopalaswamy.
Published: 15 Jul 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented