ജെ.ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ, അവർ അഭിനയിച്ച ഒരു സിനിമ മാത്രമേ റിലീസായിട്ടുള്ളൂ. 'നീങ്ക നല്ലാ ഇറ്ക്കണം' എന്ന ആ സിനിമ, സ്‌പോൺസർ ചെയ്തതും അന്നത്തെ തമിഴ്‌നാട് സർക്കാർ തന്നെ. അതിൽ ജയലളിത ഒരതിഥി വേഷത്തിൽ, മുഖ്യമന്ത്രിയായിട്ട് തന്നെയാണ് എത്തിയത്. ഒരു പ്രധാനസന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ജയലളിത ആ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കെ അവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഒരുസിനിമ പോലും പുറത്തിറങ്ങിയിട്ടില്ല.

To advertise here,

എം.ജി.ആർ തമിഴകത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുമ്പോൾ, അദ്ദേഹത്തിന്റേതായി രണ്ടുസിനിമകളാണ് റിലീസായത്. മീനവ നൻപൻ, മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ എന്നീ ചിത്രങ്ങളാണവ. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ (C. Joseph Vijay) അവസാനചിത്രമെന്ന നിലയിൽ നേരത്തെ ശ്രദ്ധനേടിയ 'ജനനായകൻ' (Jana Nayagan) റിലീസായിരിക്കുന്നു. ഏഴുമാസത്തെ കാത്തിരിപ്പിനുശേഷമാണ് പ്രേക്ഷകർക്കുമുന്നിലേക്ക് സിനിമയെത്തിയത്. സെൻസർഷിപ്പ് പ്രശ്‌നങ്ങളായിരുന്നു സിനിമ വൈകാൻ കാരണമായത്.

ആവേശത്തോടെയാണ് ആരാധകർ സിനിമയെ വരവേറ്റത്. രാവിലെ തന്നെ വിജയ്‌യുടെ ഫ്‌ളക്‌സിനുമുന്നിൽ പൂജ കഴിച്ചും ആരതിയുഴിഞ്ഞുമൊക്കെയാണ് ഷോയ്ക്ക് അവരെത്തിയത്. സിനിമയുടെ ആദ്യദിവസത്തെ ആദ്യഷോ കാണാൻ നടി തൃഷ (Trisha Krishnan), കീർത്തി സുരേഷ്, മമിത ബൈജു തുടങ്ങിയവരെത്തിയത് കൗതുകമായി. തൃഷയും വിജയ്‌യും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി നിൽക്കുമ്പോൾ, താരത്തിന്റെ വരവ് ആകാംക്ഷയോടെ ആരാധകരും ഉറ്റുനോക്കി. ജനനായകനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെയായിരുന്നു തൃഷയുടെ മറുപടി, ''താനും ആകാംക്ഷയോടെ സിനിമ കാണാൻ കാത്തിരിക്കുന്നു'' എന്നാണ് താരം പറഞ്ഞത്. അതിനുമുമ്പ് തൃഷയുടെ അമ്മ ഉമാ കൃഷ്ണനും സിനിമ കാണാനെത്തിയിരുന്നു. സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് അവർ പറഞ്ഞതിങ്ങനെ, ''സിനിമ ഞങ്ങൾക്ക് വളരെ ഇഷ്ടമായി. ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമാണെന്നതിൽ എനിക്ക് വിഷമമുണ്ട്. അദ്ദേഹത്തെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും''.

സിനിമയിൽ വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പേര് തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിനും. ദളപതി വെട്രി കൊണ്ടാൻ അഥവാ ടി.വി.കെ. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നത്.

രാവിലെ ആറുമണിക്കാണ് പലയിടത്തും ഫസ്റ്റ് ഷോ തുടങ്ങിയത്. മറ്റു സ്ഥലങ്ങളിൽ 9 മണിക്കും. ലോകവ്യാപകമായി 7000-ത്തോളം സ്‌ക്രീനുകളിലാണ് സിനിമയുടെ പ്രദർശനം. വിജയ് സിനിമകളുടെ തന്നെ റെക്കോഡുകൾ 'ജനനായകൻ' തിരുത്തിയെഴുതുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi