ഈയാഴ്ചയിലെ കഥയിലെ നായികമാരിലേക്ക് വരുന്നത് 1980-കളിൽ തെന്നിന്ത്യൻ സിനിമയിലെ നായികാ സൗകുമാര്യമായിരുന്ന മാധവിയാണ്. ആ അഭിനേത്രിയെക്കുറിച്ചുള്ള കുറിപ്പെഴുതാനിരുന്നപ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞുവന്നത് രണ്ട് ചലച്ചിത്രനിർമാതാക്കളുടെ മുഖമാണ്. മലയാളം-തമിഴ് ഭാഷകളിലായി നല്ല കുറെ സിനിമകൾ എടുത്തിട്ടുള്ള ജന്റിൽമാൻ കെ.ടി. കുഞ്ഞുമോനും സാജ് പ്രൊഡക്ഷൻസിന്റെ സാജൻ വർഗീസുമാണ് ആ നിർമാണ സാരഥികൾ. രണ്ടുപേരും പ്രത്യേക സ്വഭാവവൈവിധ്യമുള്ളവരും അന്നും ഇന്നും എന്റെ നല്ല സുഹൃത്തുക്കളുമാണ്.
1985-ൽ ഞാൻ തിരക്കഥ എഴുതിയ കെ. മധുവിന്റെ പ്രഥമ സംവിധാന സൃഷ്ടിയായ 'മലരും കിളി'യും റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മദ്രാസിൽ നിന്ന് കെ.ടി. കുഞ്ഞുമോൻ എന്നെ വിളിക്കുന്നു.
''എടോ ഡെന്നീസേ എന്റെ അടുത്ത പടം കെ. മധുവിനെക്കൊണ്ടു ചെയ്യിച്ചാലോ. മോഹൻലാലും മാധവിയുമായിരിക്കണം നായികാനായകന്മാർ. മാധവിക്ക് തമിഴിൽ നല്ല മാർക്കറ്റുണ്ട്. അവർക്ക് പറ്റിയ നല്ലൊരു കഥ ഉണ്ടാക്കിയിട്ട് താൻ സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിക്കോളൂ.''
ഇത്രയും പറഞ്ഞ് കുഞ്ഞുമോൻ ഫോൺ വയ്ക്കാൻപോയപ്പോൾ ഞാൻ പറഞ്ഞു,
“താൻ ഇപ്പോൾതന്നെ കെ. മധുവിനെ വിളിച്ച് സംസാരിച്ചേക്ക്. മധുവിന് ഒരു സർപ്രൈസായിക്കോട്ടെ”.
“താൻ സംസാരിച്ചാൽ മതി. തന്റെ സ്വന്തം ആളല്ലേ മധു” എന്നുപറഞ്ഞ് കക്ഷി അപ്പോൾതന്നെ ഫോൺ കട്ടുചെയ്തു.
ഇതാണ് നിർമാതാവായ കുഞ്ഞുമോന്റെ ശീലപ്രകൃതം- ഞാൻ മധുവിനെ വിളിച്ചു വിവരം പറഞ്ഞു. കക്ഷി പിറ്റെന്നുരാവിലെ മാതായിലെത്തി. എ.ആർ. മുകേഷിന്റെ കയ്യിൽ മോഹൻലാലിനു പറ്റിയ നല്ലൊരു കഥയുണ്ട്. ഞങ്ങൾ കഥയുടെ ചർച്ച തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരുദിവസം മദ്രാസിൽ നിന്നും കുഞ്ഞുമോൻ വിളിക്കുന്നു.
''എടോ ഞാൻ ആ പ്രൊജക്ട് വേണ്ടെന്നുവച്ചു. താൻ മധുവിനോടും മുകേഷിനോടും വിവരം പറഞ്ഞേക്കൂ.'' എന്നുപറഞ്ഞ് കുഞ്ഞുമോൻ അപ്പോൾതന്നെ ഫോൺ കട്ടുചെയ്തു. കുഞ്ഞുമോന്റെ കമ്യൂണിക്കേഷനെല്ലാം ഫോണിലൂടെയാണ്. പടം പെട്ടെന്ന് വേണ്ടന്നുവെക്കാനുള്ള കാരണമെന്താണെന്ന് ഞാൻ ചോദിക്കാനും പോയില്ല. എനിക്ക് വേറെ സിനിമകൾ ഉള്ളതുകൊണ്ട് പ്രശ്നമൊന്നുമില്ല. പാവം മധുവിന്റെ കാര്യമോർത്തപ്പോഴാണ് എനിക്ക് വിഷമം തോന്നിയത്. പക്ഷേ എന്തുചെയ്യാനാണ്? പണം മുടക്കുന്ന നിർമാതാവിന് പടം വേണ്ടെന്നുവെക്കാൻ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവും.
മാധവി അഭിനയിച്ച ടിക് ടിക്, കാക്കിച്ചട്ടെ എന്നീ തമിഴ് സിനിമകൾ കണ്ടപ്പോൾ എന്റെ ഏതെങ്കിലും ഒരു സിനിമയിൽ മാധവിയെ നായികയാക്കണമെന്നുള്ള മോഹം നടക്കാതെപോയതിലുള്ള ചെറിയൊരു നിരാശമാത്രമേ എനിക്കുണ്ടായുള്ളൂ.
ഇനി സാജൻ വർഗീസ് എന്ന നിർമാതാവിലേക്ക് വരാം.
1984 ഒക്ടോബറിലാണ് സാജന്റെ ‘മുഹൂർത്തം 11.30’ന്റെ ഷൂട്ടിങ് കോട്ടയത്ത് ആരംഭിക്കുന്നത്. എല്ലാ നിർമാതാക്കളെയും പോലെയല്ലായിരുന്നു സാജൻ വർഗീസ്. ഷൂട്ടിങ് തുടങ്ങിയാൽ പിന്നെ മിക്ക നിർമാതാക്കളും ലൊക്കേഷനിൽ നിന്നും പോകാതെ കൂടെതന്നെ ഉണ്ടാകും. എന്നാൽ സാജനെ ഒന്നു കാണണമെങ്കിൽ മഷിയിട്ടുനോക്കേണ്ടിവരും. അഥവാ വല്ലപ്പോഴും ഒരു മിന്നലുപോലെ ലൊക്കേഷനിൽ എത്തിയാൽ തന്നെ ഉടനെ തിരിച്ചുപോകുകയും ചെയ്യും. സിനിമ വിജയിക്കേണ്ടത് നിർമാതാവിനേക്കാൾ ആവശ്യം സംവിധായകനും തിരക്കഥാകാരനുമാണെന്ന പക്ഷക്കാരനായിരുന്നു കക്ഷി.
ഒരുദിവസം ഒരു മുന്നറിയിപ്പുമില്ലാതെ സാജൻ ലൊക്കേഷനിൽ വന്നിറങ്ങി. അതുകണ്ട് ഞാനും ജോഷിയുംകൂടി ഫലിതരൂപേണ നിർദ്ദോഷമായ ചില കമന്റുകൾ പാസ്സാക്കിയപ്പോൾ സാജൻ ചിരിച്ചുകൊണ്ട് ഞങ്ങളെ മാറ്റി നിർത്തിയിട്ട് പറഞ്ഞു,
''ഈ സിനിമയുടെ റിലീസ്ദിവസംതന്നെ നമ്മുടെ അടുത്ത പടത്തിന്റെ ഷൂട്ടിങ് തുടങ്ങണം.''
''ങേ അതെങ്ങനെ നടക്കാനാണ്? അതിന് നല്ലൊരു കഥയും അതിനു പറ്റിയ ആർട്ടിസ്റ്റുമൊക്കെ കിട്ടണ്ടേ?''
ജോഷി അപ്പോൾതന്നെ കയറി വെട്ടി.
''ഷൂട്ടിങ് തുടങ്ങണമെങ്കിൽ സ്ക്രിപ്റ്റ് എന്നൊരു സാധനം വേണ്ടെ സാജാ?''
ഞാനും ചിരിച്ചുകൊണ്ട് അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ സാജൻ പറഞ്ഞു,
''അതൊക്കെ നിങ്ങളുടെ ജോലിയാണ്. മുഹൂർത്തം 11.30ന്റെ റിലീസുദിവസം തന്നെ നമുക്ക് പടം തുടങ്ങിയിരിക്കണം.''

വേറെ ഒന്നുരണ്ടു പടങ്ങളുടെ കമിറ്റ്മെന്റുണ്ടായിരുന്നെങ്കിലും സാജന്റെ സ്നേഹപൂർവമായ നിർബന്ധത്തിന് മുൻപിൽ ഞങ്ങൾ സമ്മതം മൂളുകയായിരുന്നു. സാജന് സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലാത്ത ആളായതുകൊണ്ട് പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ വേഗതയിലാണ് മുന്നോട്ടു നീങ്ങിയത്. എ.ആർ. മുകേഷ് നേരെത്തെ ഒരു കഥയുടെ ഔട്ട്ലൈൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ആത്മകഥയുമായി സാദൃശ്യമുള്ള ഒരു ഇതിവൃത്തമാണ്. നല്ല നിലവാരമുള്ള ഒരു സിനിമയായിട്ടെടുക്കാവുന്ന സബ്ജക്ടാണ്. ജോഷിക്കും കഥ നന്നായിട്ട് ഇഷ്ടപ്പെട്ടു.
മാതാ ടൂറിസ്റ്റ്ഹോമിലിരുന്നായിരുന്നു ഇതിന്റെയും കഥാചർച്ചയും താരനിർണയവുമൊക്കെ നടത്തിയത്. നായകനായിട്ട് മമ്മൂട്ടിയായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് മമ്മൂട്ടി മറ്റൊരു സിനിമയ്ക്ക് ഡേറ്റുകൊടുത്തിരിക്കുകയായിരുന്നു. മുഹൂർത്തം 11.30ന്റെ റിലീസ്ദിവസംതന്നെ പുതിയ പടം തുടങ്ങണമെന്ന് സാജന് നിർബന്ധമുള്ളതുകൊണ്ട് മറ്റ് ഏതുനായകനടനെ വച്ച് എടുക്കുന്നതിലും സാജന് വിരോധമൊന്നുമില്ല. അങ്ങനെയാണ് നെടുമുടിവേണുവിലേക്ക് ആ വേഷം ചെന്നെത്തുന്നത്. നായകനേക്കാൾ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇതിലെ നായികയുടെത്. കോളേജിൽ പഠിക്കുന്ന മകളുടെ അമ്മയാണ്. ഫ്ളാഷ്ബാക്കിൽ പ്രണയവും പാട്ടുമൊക്കെയുള്ള പക്വതയുള്ള കഥാപാത്രം. അപ്പോഴാണ് ഭരതന്റെ ‘ഓർമ്മയ്ക്കായി’ലെയും പത്മരാജന്റെ ‘നവംബറിന്റെ നഷ്ട’ത്തിലെയും മാധവിയുടെ മുഖം എന്റെ ഓർമയിൽ വന്നത്. ഈ രണ്ടുചിത്രങ്ങളിലേയും മാധവിയുടെ പ്രകടനപരത എന്നെ ഏറെ ആകർഷിച്ചിരുന്നു. ഞാൻ ജോഷിയോട് മാധവിയുടെ കാര്യം പറഞ്ഞപ്പോൾ അയാളുടെ മനസ്സിലും ഈ താരമുഖംതന്നെയായിരുന്നു. എന്നാൽ മാധവിയെ നായികയാക്കുന്നതിൽ അസോസിയേറ്റ് ഡയറക്ടേഴ്സിനും പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ. ഷൺമുഖത്തിനും എതിരഭിപ്രായമായിരുന്നു. മാധവിയുടെ സിനിമകൾ കലാപരമായി മിവകുള്ളതായിരുന്നുവെങ്കിലും ആയിടെ ഇറങ്ങിയ ഒരു ചിത്രവും സാമ്പത്തികമായി വിജയിക്കാതിരുന്നതുകൊണ്ട് ഒരു അൺലക്കി ആർട്ടിസ്റ്റാണെന്നുള്ള ഒരു പേരുദോഷവും അന്ന് അവർക്കുണ്ടായിരുന്നു. അതുകേട്ടപ്പോൾ എല്ലാവർക്കും ടെൻഷനായി.
എനിക്ക് സിനിമയിലുള്ള ഈ അൺലക്കി അന്ധവിശ്വാസത്തോട് ഒട്ടും പൊരുത്തപ്പെടാനായില്ല.
സിനിമ ഓടാത്തതിന് ആർട്ടിസ്റ്റിനെ കുറ്റപ്പെടുത്തിയിട്ട് ഒരുകാര്യവുമില്ല. സംഭവം നന്നായിരിക്കണം. ഈ അഭിപ്രായംതന്നെയായിരുന്നു ജോഷിക്കും. ഈ കഥാപാത്രത്തിന്റെ രൂപഘടനവച്ച് മാധവിയേക്കാൾ നന്നായി മറ്റൊരു നടിക്കും ചെയ്യാനാവില്ലെന്നുള്ള പക്ഷക്കാരായിരുന്നു ജോഷിയും ഞാനും.
'ഒരു കുടക്കീഴിൽ' എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. ശങ്കർ, നെടുമുടി വേണു, രോഹിണി, തിലകൻ, ലാലു അലക്സ്, പ്രതാപ്ചന്ദ്രൻ, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് ആർട്ടിസ്റ്റുകൾ.
സാജന്റെ ആഗ്രഹംപോലെതന്നെ ‘മുഹൂർത്തം 11.30’ന്റെ റിലീസ് ദിവസംതന്നെ ഒരു കുടക്കീഴിലിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. തിരക്കഥ എഴുതിത്തീരാതിരുന്നതുകൊണ്ട് നാലഞ്ചുദിവസം ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി പിറ്റേന്നാണ് മാധവി മദ്രാസ്സിൽ നിന്നും എത്തുന്നത്. നെടുമുടിവേണുവിന്റെയും മാധവിയുടെയും വീടായിരുന്നു ആദ്യദിനങ്ങളിലെ ലൊക്കേഷൻ.
മാനസികമായി രണ്ടുധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു നെടുമുടി വേണുവിന്റെയും മാധവിയുടെയും. അവരുടെ അഭിനയം കാണാൻ രാവിലെതന്നെ ഞാൻ ലൊക്കേഷനിൽ എത്തിയിരുന്നു. പ്രൗഢയായ ഒരു സാഹിത്യകാരിയുടെ രൂപഭാവങ്ങളോടെ നിൽക്കുന്ന മാധവിയെ കണ്ടപ്പോൾ എന്നിൽ പ്രത്യാശ വളരുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള ഔപചാരികമായ പരിചയപ്പെടലിനുശേഷം മാധവി പിന്നെ ഉച്ചക്ക് ബ്രേക്ക് ടൈമിലാണ് കഥാസന്ദർഭങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചത്.
സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയശേഷം പിറ്റേന്ന് രാവിലെ എറണാകുളത്തേക്ക് പോകാനൊരുങ്ങി ജോഷിയോടും മാധവിയോടും യാത്രപറയാനായി ലൊക്കേഷനിൽ ചെന്നപ്പോൾ സാഹിത്യകാരി വായനക്കാരോട് ക്ഷമാപണം പറഞ്ഞുകൊണ്ട് കത്തെഴുതുന്ന സീൻ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോഷി. എന്നാൽ ആ സീൻ എടുക്കുന്നത് ഒന്ന് കണ്ടിട്ടുപോകാമെന്നു കരുതി ഞാനവിടെനിന്നു.
സാഹിത്യകാരി വല്ലാത്ത മാനസികവ്യഥയോടെ വന്നിരുന്നു വായനക്കാരോട് ക്ഷമാപണം നടത്തുന്ന ഹൃദയസ്പർശിയായ ചെറിയൊരു സീനാണത്. കത്തിലെ വരികൾ ഇങ്ങനെയായിരുന്നു.

എന്റെ പ്രിയമുള്ള വായനക്കാർക്ക്,
എന്റെ ആത്മകഥയുടെ പന്ത്രണ്ടാം അധ്യായംവരെ നിങ്ങൾ വായിച്ചിരിക്കുമല്ലോ? തുടർന്നുള്ള അധ്യായങ്ങൾ എഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ. കഥാപാത്ര സൃഷ്ടിയിൽ എനിക്കുണ്ടായ പാകപ്പിഴകളാണ് അതിനുകാരണം. ആത്മകഥ ആത്മാവിന്റെ ഭാഷയാണെന്ന വിശ്വാസക്കാരിയായ എനിക്ക് എവിടെയൊക്കെയോ തെറ്റുപറ്റി എന്നൊരു തോന്നൽ. എന്റെ ഭർത്താവിന്റെ പാത്രസൃഷ്ടി കടുത്ത ചായക്കൂട്ടിലായിപ്പോയെന്ന് എനിക്ക് ഇന്നാണ് ബോധ്യം വന്നത്. ഇന്നുമുതൽ ഭർത്താവിനെ സ്നേഹിക്കുന്ന ഉത്തമയായ ഒരു കുടുംബിനിയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളും സങ്കടങ്ങളും ഒരു ഫ്രീ എന്റർടെയ്ൻമെന്റായി കാണുന്ന വായനക്കാർക്ക് എന്റെ ആത്മകഥാപ്രകാശനം ഇതോടെ നിർത്തുന്നതിൽ നിങ്ങൾക്ക് വിഷമമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാലും നിങ്ങളുടെ അനുവാദത്തോടെ നിർത്തുകയാണ്.
ഈ കത്തെഴുതുന്ന രംഗത്ത് ഒരു സംഭാഷണംപോലുമില്ലാതെ മാധവിയുടെ മുഖത്ത് മിന്നിമറിയുന്ന വിരഹോത്കണ്ഠയും ശ്വാസനിശ്വാസവും ഗദ്ഗദവും കണ്ട് വിസ്മയംകൂറി നിമിഷനേരം ഞാൻ നിന്നുപോയി. ചിത്രം പുറത്തുവന്നപ്പോൾ നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയത് മാധവിയായിരുന്നു.
ഒരു കുടക്കീഴിലിനുശേഷം പുറത്തുവന്ന മാധവിയുടെ ‘ഒരു വടക്കൻവീരഗാഥ’യും ‘ആകാശദൂതും’ മെഗാഹിറ്റായി മാറിയപ്പോൾ അൺലക്കി എന്ന് കൊട്ടിഘോഷിച്ചുനടന്നവർ തന്നെ മാധവി ലക്കി ആർട്ടിസ്റ്റാണെന്ന് പറഞ്ഞ് എന്നെ കാണാൻ വന്നു.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the 'unlucky' label that kept Madhavi out of lead roles
Published: 08 Jul 2026, 02:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented