ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് സംഘടനാനേതൃത്വം ഇതുവരെ ശ്രമിച്ചതെന്നും, അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്നും അൻസിബ ഹസ്സൻ തുറന്നടിച്ചു. ജൂൺ ലക്കം ഗൃഹലക്ഷ്മി മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻസിബ നിലപാട് വ്യക്തമാക്കിയത്.
''സംഘടനയെ ഒരിക്കലും തള്ളിപ്പറയുന്നില്ല, ഒരുപാട് നല്ലകാര്യങ്ങൾ അംഗങ്ങൾക്കായി 'അമ്മ' ചെയ്യുന്നുണ്ട്. എന്നാൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ വേദനാജനകമാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുക സ്വാഭാവികമാണ്, വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കാനായി പോലീസ് സ്റ്റേഷനിൽ കയറ്റിയതും വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും സംഘടനയിലുള്ളവർ തന്നെയാണ്. അതിനെതിരെ പലതവണ തെളിവുസഹിതം പരാതികൾ ഉന്നയിച്ചിട്ടും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരിഗണിച്ചില്ല. അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന് ഉറച്ചവിശ്വാസമാണ് രാജിയിലേക്കെത്തിച്ചത്. രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജിയായിരുന്നു പ്രസിഡന്റിന്റെ മറുപടി.''-അമ്മ സംഘടനയിലെ ചേരിതിരിവുകളെ കുറിച്ചും രാജിവച്ചിറങ്ങാനുണ്ടായ സാഹചര്യവും അൻസിബ ഗൃഹലക്ഷ്മിയുമായി പങ്കുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഘടനയുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അൻസിബ.
''കമ്മിറ്റിയിലേക്ക് ഏകകണ്ഠമായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ ചിലരെയെല്ലാം ചൊടിപ്പിച്ചിരിക്കണം. കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യുടെ ഭാഗമായി 'അമ്മ' നൽകിയ ഡിന്നർ പാർട്ടിയെ ചൊല്ലിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിൽ ആദ്യമായി വലിയ തർക്കം ഉടലെടുക്കുന്നത്. ഡിന്നർചടങ്ങ് കഴിഞ്ഞശേഷം കമ്മിറ്റിയിലെ ഒരു സംഘം സെക്രട്ടറിക്കെതിരെ തിരിഞ്ഞു. സെക്രട്ടറിയെ പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ കമന്റുകൾ നിരന്തരം ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും ഇത് തുടരുന്നതായി കണ്ടപ്പോൾ ഞാൻ അതിനെതിരെ പ്രതികരിച്ചു. പ്രതികരിക്കാതിരിക്കാനായില്ല എന്നാതാണ് സത്യം. നമ്മളെല്ലാം ചേർന്ന കമ്മിറ്റിയല്ലേ ഡിന്നർ പാർട്ടി നൽകാൻ അനുമതി നൽകിയതെന്നും, ബഹുഭൂരിപക്ഷത്തിന്റെ അംഗീകാരത്തോടെ പാർട്ടിനടത്തുകയും അതെല്ലാം കഴിഞ്ഞശേഷം അതെകുറിച്ച് സെക്രട്ടറിയെ മാത്രം പഴിക്കുന്നത് ശരിയല്ലെന്നുമുള്ള കുറിപ്പ് ഞാൻ ഗ്രൂപ്പിലിട്ടു. ഒരു സ്ത്രീയെ ഇത്ര ഹീനമായി അപമാനിക്കുകയും കളിയാക്കുയും ചെയ്യുന്നത് നിർത്തണമെന്നായിരുന്നു ആവശ്യം. കമ്മിറ്റിഗ്രൂപ്പിൽ പറഞ്ഞ ഈ അഭിപ്രായം പലരും വ്യക്തിപരമായി എടുത്തെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.'' അൻസിബ വിവരിച്ചു.
കുടുംബസംഗമവുമായുള്ള ചർച്ചയിൽ അൻസിബ പറഞ്ഞ അഭിപ്രായത്തോട് വിജയോജിപ്പുള്ള ഒരു സംഘമാണ് തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിച്ചതെന്നും അൻസിബ പറയുന്നു. ''അമ്മ കുടുംബസംഘമവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽനിന്നും സ്പോൺസർ ഷിപ്പ് വാങ്ങാനുള്ള വിഷയം കമ്മിറ്റിക്കുമുൻപിൽ എത്തിയപ്പോൾ ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ അഭിപ്രായത്തിൽ ഇന്നും ഉറച്ചുനിൽക്കുകയാണ്. നാളിതുവരെ അമ്മസംഘടന മതപരമായ ഇടങ്ങളിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ സ്പോൺസർഷിപ്പുകൾ/പണം സ്വീകരിച്ചിട്ടില്ല, മത-രാഷ്ട്രീയ ചിഹ്നങ്ങൾ കലാകാരൻമാരുടെ സംഘടനയിൽ ഇടം നേടുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു. ജാതിമതരാഷ്ട്രീയത്തിനപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്നവരാണ് കലാകാരൻമാർ എന്ന, ചിന്തയാണ് അത്തരമൊരു അഭിപ്രായം പറയാൻ പ്രേരിപ്പിച്ചത്.'' കമ്മിറ്റി അൻസിബ ഉൾപ്പെടെയുള്ളവരുടെ എതിർപ്പുകൾ തള്ളുകയും ക്ഷേത്രത്തിൽനിന്ന് എഴുപത്തഞ്ച് ലക്ഷം സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അമ്മസംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകൾ വന്നപ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പൊതുവെ പറഞ്ഞുകേട്ടതെന്നും എന്നാൽ അത്തരത്തിലുള്ള ഒരു മാറ്റവും നിലവിലെ നേതൃത്വത്തിന് ചെയ്യാൻ കഴിയില്ലെന്നും അൻസിബ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
''തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ അന്ന് പ്രസിഡന്റ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആദ്യംപറഞ്ഞത്, അതിജീവിതയായ നടിയുൾപ്പെടെ അമ്മയുമായി തെറ്റിപ്പിരിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നായിരുന്നു. എന്നാൽ പിന്നീടുള്ള കമ്മിറ്റികളിലൊന്നും ആ വിഷയം ചർച്ചക്കെടുത്തില്ല. ചിലരെയെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന് കരുതിയിരുന്നെങ്കിലും, അംഗങ്ങളിൽ ചിലർക്കൊന്നും അതിഷ്ടമല്ലാത്തതിനാൽ അത്തരം നടപടികൾ വേണ്ടെന്ന് വക്കുകയുമാണെന്ന് പിന്നീടൊരിക്കൽ പ്രസിഡന്റ് പറഞ്ഞു. ആർക്കാണ് ഇഷ്ടമില്ലാത്തതെന്ന് പ്രസിഡന്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നേതൃത്വം സംഘടനയുടെ പ്രവർത്തനങ്ങളെല്ലാം ചിലരിലൂടെ മാത്രമാക്കാനാണ് ശ്രമിച്ചത്. സ്പോൺസർഷിപ്പുകളും ഡൊണേഷനുകളുമെല്ലാം ചുരുക്കം ചില വ്യക്തികളിലൂടെ മാത്രമേ സംഘടനയിലേക്കെത്താവു എന്ന് അവർ തീരുമാനിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾ മുന്നിൽ കണ്ട് നടത്തുന്ന അത്തരം ശ്രമങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടത്.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ansiba Hassan resigns from AMMA citing lack of justice for women members. Claims leadership silences dissenting voices and targets those who question them
Published: 25 Jun 2026, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented