
ചില നേരങ്ങളില്‍ ഞാന്‍ തനിച്ച് ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ചെറുതുംവലുതുമായ ഒത്തിരി ഓര്‍മ്മകളും പലപല ചിന്തകളും അറിയാതെ കടന്നുവരാറുണ്ട്. അതെല്ലാംതന്നെ എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയുംചെയ്യാറുണ്ട്. ഈ അടുത്തകാലത്തായി എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ഒന്നൊന്നായുള്ള കൊഴിഞ്ഞുപോക്ക് എന്നെ ആരോരുമില്ലാത്തവനായി, ഏകനാക്കി മാറ്റിയിരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ യൗവനാരംഭകാലംമുതല്‍ നിഴലുംവെളിച്ചവുംപോലെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് കിത്തോ, ജോണ്‍പോള്‍, ആന്റണി ഈസ്റ്റുമാന്‍ തുടങ്ങിയ ഞങ്ങളുടെ നാല്‍വര്‍സംഘത്തില്‍ ഇനി അവശേഷിക്കുന്ന ഏകകണ്ണി ഞാന്‍ മാത്രമാണ്.
എന്നും രാത്രികളില്‍ സ്ഥിരമായി തുടര്‍ന്നുകൊണ്ടിരുന്ന ഫോണ്‍കോളുകളും സംസാരവുമെല്ലാം നിലച്ചിട്ട് രണ്ട് വര്‍ഷങ്ങളാണ് ഓടിമറഞ്ഞിരിക്കുന്നത്. ഇവരെല്ലാം എന്റെ സിനിമാ സഞ്ചാരവഴികളില്‍ എന്നോടൊപ്പമുണ്ടായിരുന്നവരാണ്. ഓരോ രാത്രിയും കൂടണയാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അപ്പോള്‍ എന്റെ മനസ്സിലേക്ക് ചില കിറുക്കന്‍ ചിന്തകളൊക്കെ കടന്നുവരും- ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ രണ്ട് മനസ്സ് നല്‍കേണ്ടതായിരുന്നു. ഒന്ന് ഓര്‍മ്മിക്കാനും മറ്റൊന്ന് മറക്കാനും. മനസ്സ് വല്ലാതെ നൊമ്പരംകൊള്ളുമ്പോള്‍ മറവി എന്ന മനസ്സില്‍ നമുക്ക് ഭയം തേടാമല്ലോ?
ഇത്രയും ആമുഖമായി ഞാനിവിടെ കുറിക്കാന്‍ കാരണം എന്റെ കഥയിലെ നായികമാര്‍ എന്ന കോളത്തില്‍ ശ്രീവിദ്യ എന്ന അഭിനേത്രിയെക്കുറിച്ച് എഴുതാനിരുന്നപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കയറിവന്നത് എന്റെ ആത്മമിത്രമായ ആര്‍ട്ടിസ്റ്റ് കിത്തോയാണ്. ഞങ്ങളുടെ യൗവനകാലത്ത് ശ്രീവിദ്യയെക്കുറിച്ച് കിത്തോ പറഞ്ഞ ഒരു വാചകമുണ്ട്.
''എടോ തനിക്ക് ശാരദയോടുള്ള ആരാധനപോലെ എനിക്ക് ശ്രീവിദ്യയോടാണ് ആരാധന. ഒരു പ്രത്യേക അഭിനയശൈലിയുടെ ഉടമയാണവര്‍. മറ്റാരിലും കാണാത്ത സവിശേഷമായ സൗന്ദര്യവും വശ്യമായ കണ്ണുകളുമാണ് അവരുടെ കൈമുതല്‍.''
ഇന്ന് ശ്രീവിദ്യ നമ്മോടൊപ്പമില്ല. വെറും ഓര്‍മ്മകള്‍ മാത്രമായി അവര്‍ അവശേഷിച്ചിരിക്കുന്നു.
ഞാന്‍ ശ്രീവിദ്യയെക്കുറിച്ച് കുറിക്കാനിരുന്നപ്പോള്‍ എന്റെ ഓര്‍മ്മയിലേക്ക് പെട്ടെന്ന് കടന്നുവന്നത് ശ്രീവിദ്യയുടെ ദുരന്തമുഖമാണ്. അതില്‍നിന്ന് അദ്ഭുതകരമായ ഒരു ഉയിര്‍ത്തെഴുന്നേല്പായിരുന്നു എന്നുവേണം പറയുവാന്‍.
വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് 1980-ല്‍ ജേസി സംവിധാനംചെയ്ത 'പുഴ'യുടെ ലൊക്കേഷനില്‍വെച്ചാണ് ആ ദുരന്താനുഭവം ഉണ്ടാകുന്നത്. അതിന്റെ നാള്‍വഴികളിലേക്ക് വരാം.
ജേസിയെ കാണാനായി എന്റെ അടുത്ത സുഹൃത്തായ ഷംസുദ്ദീന്റെ കാറിലാണ് ആലുവയിലെ 'പുഴ'യുടെ ലൊക്കേഷനിലേക്ക് പോയത്. ഞാന്‍ ആലുവ പാലസ്സിന്റെ മുന്‍പില്‍ ചെന്നിറങ്ങിയപ്പോള്‍ റിസപ്ഷനില്‍നിന്നിരുന്ന ജേസിയുടെ സ്ഥിരം പ്രൊഡക്ഷന്‍ കണ്‍ട്രോളറായ കെ.പി.സി. പിള്ള വെളുക്കെ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്കുവന്നു.
''ഷൂട്ടിങ് എവിടെയാണ് നടക്കുന്നത്?''
ഞാന്‍ ചോദിച്ചു.
''പാലസ്സിന്റെ പുറകിലെ പുഴക്കടവിലാണ്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നതേയുള്ളൂ.''
ഞാന്‍ വേഗംതന്നെ പാലസ്സിനകത്തേക്ക് കയറി മെല്ലെ പിറകുവശത്തേക്ക് ചെന്നു.
പുഴക്കടവില്‍ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജേസി എവിടെയാണ് നില്‍ക്കുന്നതെന്നുംനോക്കി ഞാന്‍ അല്പം മുന്നോട്ടുനടന്നപ്പോള്‍ എന്റെ കണ്ണില്‍ ആദ്യം വന്നുവീണത് കോട്ടണ്‍ സാരിയും ബ്ലൗസും ധരിച്ച് നില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യനക്ഷത്രം ശ്രീവിദ്യയാണ്. തൊട്ടടുത്ത് നിന്നുകൊണ്ട് ജേസി ശ്രീവിദ്യയ്ക്ക് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാണാം. ഞാന്‍ പതുക്കെനടന്ന് അവരുടെ അടുത്തേക്ക് ചെന്നു.
എന്നെ കണ്ടപാടെത്തന്നെ ജേസി ഉച്ചത്തില്‍ പറഞ്ഞു.
''ങാ, കലൂരാന്‍ വന്നോ? വാ വാ.''
ജേസിയുടെ കലൂരാന്‍ വിളികേട്ട് ശ്രീവിദ്യ എന്നെ നോക്കി.
ഞാന്‍ വിനയാന്വിതനായി ചിരിപ്രസാദവുംതൂകി അവരുടെ അടുത്തേക്കുചെന്നു. സിനിമയിലല്ലാതെ ശ്രീവിദ്യയെ ഞാന്‍ ആദ്യമായി കാണുന്ന നിമിഷമായിരുന്നു അത്. ജേസിയാണ് എന്നെ പരിചയപ്പെടുത്തിയത്. ജേസിക്ക് എന്നോട് ചെറിയൊരു ഇഷ്ടക്കൂടുതലുള്ളതുകൊണ്ട് പലരോടും പല കുസൃതിനമ്പരുകളും പറയുന്നത് കേട്ട് പലവട്ടം ഞാന്‍ വല്ലാതെ ചമ്മിനില്‍ക്കുന്നത് കണ്ടതുകൊണ്ടായിരിക്കാം ശ്രീവിദ്യയുടെ മുന്‍പില്‍ വളരെ ലളിതമായ വാക്കുകളിലാണ് എന്നെ അവതരിപ്പിച്ചത്.
അതുകേട്ട് പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ ശ്രീവിദ്യ പറഞ്ഞു.
''രണ്ടാഴ്ചമുന്‍പ് മദ്രാസില്‍ എന്നെ കാണാന്‍വന്ന സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ നിങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി. പി.ജി.യുടെ അടുത്ത പടത്തിന്റെ തിരക്കഥ എഴുതുന്നത് നിങ്ങളാണെന്ന് പറഞ്ഞു.''
ഞാന്‍ 'അതെ' എന്ന് തലകുലുക്കി വിനയംകൂറി നിന്നതല്ലാതെ കൂടുതലൊന്നും പറയാന്‍നിന്നില്ല.
''എന്റെ അടുത്ത സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതും കലൂരാനാണ്. അതിന്റെ പ്രാഥമികചര്‍ച്ചയ്ക്കുവേണ്ടിയാണ് ഇയാള്‍ വന്നിരിക്കുന്നത്.''
ജേസിയുടെ അടുത്ത പടവും ഞാനാണ് എഴുതുന്നതെന്ന് ശ്രീവിദ്യയുടെ മുന്‍പില്‍ പ്രഖ്യാപിച്ചപ്പോള്‍ അറിയാതെ എന്റെയുള്ളില്‍ ഒരു 'ഉള്‍പുളകം' വിരിഞ്ഞു.
അപ്പോഴേക്കും എന്റെ സുഹൃത്തും ജേസിയുടെ അസിസ്റ്റന്റ് ഡയറക്ടറുമായ കുഞ്ഞുമോന്‍ അങ്ങോട്ട് വന്ന് പറഞ്ഞു, ''സാര്‍, ലൈറ്റപ്പ് കഴിഞ്ഞു.''
അത് കേട്ടപ്പോള്‍ ശ്രീവിദ്യ ഉടനെത്തന്നെ അവരുടെ മേക്കപ്പ് വുമണിന്റെ അടുത്തേക്ക് നടന്നു.
''കലൂരാനേ വിദ്യാമ്മ പുഴയിലിറങ്ങി കുളിക്കുന്ന ഈ സീന്‍ കഴിഞ്ഞാല്‍ ഇന്നത്തെ വര്‍ക്ക് കഴിയും. വൈകീട്ട് നമുക്ക് ഇരിക്കാം.''
''വിദ്യാമ്മയുടെ കുളിസീനോ'' ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
''നമ്മുടെ സിനിമയില്‍ സ്ഥിരമായി കാണുന്ന മുലക്കച്ചയും കെട്ടിയുള്ള കുളിയല്ലയിത്. സാരിയും ബ്ലൗസും ധരിച്ചുകൊണ്ടുള്ള വിദ്യാമ്മയുടെ ഒരു സ്പെഷ്യല്‍ കുളിയാണ്. മാനസികമായി വളര്‍ച്ചയെത്താത്ത ഒരു പെണ്‍കുട്ടിയുടെ വേഷമാണ്. ആ കഥാപാത്രത്തിന് കുളിക്കണമെന്ന് തോന്നിയാല്‍ ഉടുത്തിരിക്കുന്ന വസ്ത്രമേതെന്നോ ഒന്നും നോക്കാതെ കുളിക്കാനിറങ്ങും. നഗ്‌നത പുറത്ത് കാണുന്നതില്‍ വളരെ ഭയമുള്ള ഒരു കഥാപാത്രമാണ്.'' എന്നു പറഞ്ഞ് ജേസി തിടുക്കത്തില്‍ പുഴയോരത്തേക്ക് നടന്നു.
ജേസി പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞുമോന്‍ ചോദിച്ചു.
''താന്‍ എപ്പോള്‍ വന്നു?''
''ഞാന്‍ ഇപ്പോള്‍ എത്തിയതേയുള്ളൂ.''
''താന്‍ ഇപ്പോള്‍ പോകുന്നില്ലല്ലോ? ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ. നമുക്ക് വൈകീട്ട് കാണാം.''
കുഞ്ഞുമോനും ജേസിയും എറണാകുളത്ത് അയ്യപ്പന്‍കാവുകാരാണ്. ജേസിയുടെ 'രക്തമില്ലാത്ത മനുഷ്യന്‍' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞുമോന്‍ അസിസ്റ്റന്റായി വരുന്നത്. ജേസിക്ക് സിനിമയില്ലാത്തപ്പോള്‍ കുഞ്ഞുമോന്‍ എന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി വരും. ഇത്രയും ഭംഗിയുള്ള കൈയക്ഷരമുള്ള ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല. അച്ചടി അക്ഷരത്തെക്കാള്‍ മനോഹരം എന്നുപറയുന്നതാവും അതിന്റെ ഒരു ഭംഗി. ഇതിനിടയില്‍ രണ്ടുമൂന്നുവര്‍ഷംമാത്രമേ എന്റെ കൂടെ കുഞ്ഞുമോന് നില്‍ക്കാന്‍കഴിഞ്ഞുള്ളൂ. അയാള്‍ക്ക് മസ്‌കറ്റില്‍ നല്ലൊരു ജോലി കിട്ടിയതുകൊണ്ട് പത്തിരുപതുവര്‍ഷക്കാലം പിന്നെ അവിടെയായിരുന്നു. അതിനുശേഷം നാട്ടില്‍ വരുമ്പോള്‍ ഇടയ്ക്കിടയ്ക്ക് എന്റെ അസിസ്റ്റന്റായി കൂടും. നീണ്ട നാല്‍പ്പത്തിയേഴുവര്‍ഷത്തെ സൗഹൃദമാണ് ഞാനും കുഞ്ഞുമോനുംതമ്മിലുള്ളത്. എല്ലാവരെയുംപോലെയല്ല കുഞ്ഞുമോന്‍. വളരെ കൃത്യനിഷ്ഠയുള്ള, വിശ്വസിക്കാന്‍കൊള്ളാവുന്ന എന്റെ എക്കാലത്തെയും അടുത്ത സുഹൃത്താണ്.
ശ്രീവിദ്യ കുളിക്കടവിലേക്കിറങ്ങി മുങ്ങിക്കുളിക്കുന്ന സീന്‍ എടുക്കാനായി പുഴയിലെ വെള്ളത്തിന്റെ ആഴവും പരപ്പുമൊക്കെ നോക്കിയശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. ആ സമയത്ത് പ്രൊഡക്ഷന്‍ യൂണിറ്റിലുള്ളവരല്ലാതെ പുറത്തുനിന്ന് മറ്റൊരാളും കടന്നുവരാതിരിക്കാന്‍ യൂണിറ്റിലുള്ള മൂന്നാല് പിള്ളേരെ പുറത്ത് നിര്‍ത്തിയിരുന്നു. വിപിന്‍ദാസായിരുന്നു ക്യാമറാമാന്‍. ശ്രീവിദ്യ പതുക്കെ നടന്നുവന്ന് പുഴക്കടവിലേക്കിറങ്ങി തെല്ല് മുന്നോട്ടുനടന്ന് മുങ്ങിക്കുളിക്കുന്നതും നീണ്ട ഒറ്റ ഷോട്ടിലെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് നിലയില്ലാകയത്തില്‍ അകപ്പെട്ടതുപോലെ ശ്രീവിദ്യ കൈയുംകാലുമിട്ടടിച്ച് താഴേക്ക് താഴ്ന്നുപോകുന്നത് എല്ലാവരും കണ്ടത്. അപകടം മനസ്സിലാക്കി ഉടനെത്തന്നെ ജേസി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
''എടാ നാരായണാ, സുരേന്ദ്രാ, വിദ്യാമ്മയെ പിടിച്ചുകയറ്റെടാ...''
എല്ലാവരുടെയും ശ്രദ്ധ വിദ്യാമ്മയിലേക്കായി. നാരായണനും കൂട്ടരും അപ്പോള്‍തന്നെ പുഴയിലേക്ക് എടുത്തുചാടി വിദ്യാമ്മയുടെ രണ്ടുകൈയും ഉയര്‍ത്തിപ്പിടിച്ച് കരയിലേക്ക് കയറ്റി. തെല്ലുനേരത്തേക്ക് എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷമായിരുന്നു അത്. ഭാഗ്യത്തിന് ശ്രീവിദ്യയ്ക്ക് ഒന്നും സംഭവിച്ചില്ല. പിന്നെ രണ്ടുദിവസം കഴിഞ്ഞാണ് ആ സീന്‍ ഷൂട്ട്‌ചെയ്തത്.
പിറ്റേദിവസം തന്നെ ഞാന്‍ ചിത്രപൗര്‍ണമിക്കുവേണ്ടി ശ്രീവിദ്യയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ചെന്നപ്പോള്‍ അവര്‍ പറഞ്ഞ ഒരു വാചകം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്.
''മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നു അത്. ഇവിടെയാണ് ദൈവം എന്ന ഒരു മഹാശക്തിയുണ്ടെന്ന് തോന്നിപ്പോകുന്നത്.''
ആ ഇന്റര്‍വ്യൂവില്‍ തുടങ്ങിയ സൗഹൃദത്തില്‍നിന്നാണ് ഞാനും ജോണ്‍പോളും ചേര്‍ന്ന് തിരക്കഥയെഴുതിയ 'സംഭവ'ത്തിലെ നായികാപ്രാധാന്യമുള്ള ശക്തമായ കഥാപാത്രമായി ശ്രീവിദ്യ വരുന്നത്. അതിനുപുറകേതന്നെ ജേസി സംവിധാനംചെയ്ത 'താറാവി'ലും ശ്രീവിദ്യതന്നെയായിരുന്നു നായിക. രണ്ടിലും മധുസാറായിരുന്നു നായകന്‍.
ഈ രണ്ട് ചിത്രങ്ങളും വന്‍വിജയമായതോടെ ശ്രീവിദ്യ നായികയായി വരുന്ന എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായി മാറുമെന്നുള്ള ഒരു വാഴ്ത്തുപാട്ടും ആ കാലത്തിറങ്ങിയിരുന്നു. തുടര്‍ന്ന് 1981-ല്‍ ഞാന്‍ തിരക്കഥയെഴുതിയ, മധു, നസീര്‍, സോമന്‍ തുടങ്ങിയവര്‍ അഭിനയിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'രക്ത'ത്തില്‍ നസീര്‍സാറിന്റെ നായികയായി വന്നതും ശ്രീവിദ്യയാണ്. ഞാനും ജോഷിയും ആദ്യമായി ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
രക്തത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടി ശ്രീവിദ്യയും മധുസാറുമൊക്കെ താമസിച്ചിരുന്നത് എറണാകുളത്തെ ഇന്റര്‍നാഷണല്‍ ഹോട്ടലിലായിരുന്നു. ഞാന്‍ മധുസാറിനെ കാണാന്‍ചെല്ലുമ്പോള്‍ ശ്രീവിദ്യയുടെ മുറിയിലും ഇടയ്ക്ക് കയറാറുണ്ട്. എന്നെ കണ്ടുകഴിഞ്ഞാല്‍ ഏതോ മുജ്ജന്മബന്ധംപോലെ ഓരോ വിശേഷങ്ങളില്‍ തുടങ്ങി സ്വന്തം സ്വകാര്യദുഃഖങ്ങളുടെ ചെപ്പുവരെ അവര്‍ തുറക്കാറുണ്ട്. ഞാന്‍ എല്ലാം കേട്ട് ഒന്നും പറയാനാവാതെ നിസ്സംഗതയോടെ അവരെ നോക്കുമ്പോള്‍ അവര്‍ വ്യര്‍ഥമായി ചിരിച്ചുകൊണ്ട് ഏതോ ലോകത്തെന്നപോലെ സ്വയം പറയും.
''സ്വയം ചോദിച്ചുവാങ്ങിയ സങ്കടങ്ങള്‍ക്ക് മനസ്സ് തുറന്ന് കരയാനാവില്ലല്ലോ.''
സംസാരത്തിനിടയില്‍ ഇതേപോലെയുള്ള തത്ത്വവചനങ്ങളൊക്കെ പറയുന്നത് കേട്ടാല്‍ ഇതൊക്കെ ഏത് ഗുരുമുഖത്തുനിന്ന് പഠിച്ചതാണെന്ന് തോന്നിപ്പോകും. അതിലുപരി അവരുടെ ആഢ്യത്വമുള്ള പെരുമാറ്റവും സംസാരവുമെല്ലാം കാണുമ്പോള്‍ ശ്രീവിദ്യയുടെ അമ്മയും സംഗീതജ്ഞയുമായ എം.എല്‍. വത്സലകുമാരിയില്‍നിന്ന് ലഭിച്ച ഒരു വരദാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഇതേപോലെതന്നെ മറ്റൊരുദിവസം അവരെ കാണാന്‍ ഞാന്‍ ഹോട്ടലില്‍ ചെല്ലുമ്പോള്‍ സംവിധായകന്‍ സന്ധ്യാമോഹന്‍ അവിടെയുണ്ടായിരുന്നു. അവന്‍ അവരുടെ ഒരു കോള്‍ഷീറ്റിനുവേണ്ടി വന്നിരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍തന്നെ ശ്രീവിദ്യ ജീവിതവും ഭക്തിയും എന്ന വിഷയത്തിലേക്ക് കടന്നു. ഈശ്വരനും ഭക്തിയുമൊക്കെ ചര്‍ച്ചചെയ്യുന്നതിനിടയില്‍ ശ്രീവിദ്യ മദര്‍ തെരേസയിലേക്ക് കടന്നു. മദര്‍ തെരേസയുടെ ത്യാഗത്തെക്കുറിച്ചും മഹത്ത്വത്തെക്കുറിച്ചുമൊക്കെ അവര്‍ വാചാലയാവുകയായിരുന്നു.
''ഒരു മനുഷ്യനിലുണ്ടാകേണ്ട ഏറ്റവും വലിയ ഗുണം സ്‌നേഹവും കരുണയുമാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആ ഗുണഗണങ്ങളുള്ള ഒരു മഹനീയ വ്യക്തിത്വമാണ് മദര്‍ തെരേസ.''
ഞാനും സന്ധ്യാമോഹനും കൂടി കുറേനേരം സംസാരിച്ചതിനുശേഷം എന്റെ ശുപാര്‍ശയില്‍ ശ്രീവിദ്യയുടെ ഒരു കോള്‍ഷീറ്റ് വാങ്ങിയാണ് അവന്‍ അവിടെനിന്നും ഇറങ്ങിയത്.
ഞാന്‍ തിരക്കഥ എഴുതിയ ക്ഷമിച്ചു എന്നൊരു വാക്ക്, ചക്കരയുമ്മ, കുടുംബസമേതം, ഉപഹാരം തുടങ്ങിയ പത്തോളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ ചിത്രങ്ങളും വന്‍ വിജയവുമായിരുന്നു.
(അടുത്തത്: അംബിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kaloor Dennis writes about the unforgettable Sreevidya and their timeless memories
Published: 06 Nov 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented