കവിയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ ഗ്വാളിയറിലാണ് പഠിച്ചതും വളർന്നതും. സിനിമയെന്ന സ്വപ്‌നവുമായാണ് അദ്ദേഹം മുംബൈയിലെത്തുന്നത്. തിരക്കഥാകൃത്തും നടനും നിർമാതാവുമായ സലിം ഖാനൊപ്പം ചേർന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സലീം-ജാവേദ് എന്ന പേരിൽ പല ഹിറ്റ് ചിത്രങ്ങൾക്കുമായി ഇരുവരും ചേർന്ന് തിരക്കഥയെഴുതി. ഹാഥി മേരെ സാഥി, അന്ദാസ്, സീതാ ഓർ ഗീതാ, യാദോം കി ബാരാത്, സഞ്ജീർ, ഷോലെ, ഡോൺ, ക്രാന്തി, ത്രിഷൂൽ, ദോസ്താനാ, മിസ്റ്റർ ഇന്ത്യ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് അവർക്ക് തിരക്കഥയൊരുക്കി.
24 ചിത്രങ്ങൾക്കായിട്ടാണ് അവർ തിരക്കഥയെഴുതിയത്. അതിൽ 20-ഉം ഹിറ്റായി. മികച്ച ഗാനരചനയ്ക്ക് അഞ്ചുതവണ ദേശീയപുരസ്‌കാരം നേടിയിട്ടുമുണ്ട് ജാവേദ്. അദ്ദേഹത്തിന്റെ തുടക്കകാലം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് ഓർക്കുകയാണ് നടിയും ഭാര്യയുമായ ഷബാന ആസ്മി. അദ്ദേഹം മുംബൈയിലെത്തിയിട്ട് 62 വർഷം തികഞ്ഞത് കഴിഞ്ഞദിവസമാണ്. അന്ന് വെറും 19 വയസ്സേയുള്ളൂ. ഉത്തർപ്രദേശിലെ തന്റെ വീട്ടിൽനിന്ന് തീവണ്ടി കയറി, അദ്ദേഹം മുംബൈ സെൻട്രൽ സ്റ്റേഷനിലാണിറങ്ങിയത്. 62-ാം വാർഷികം തികച്ചപ്പോൾ, ഇൻസ്റ്റഗ്രാമിലൂടെ സ്‌റ്റോറിയിട്ടാണ് ഷബാന പങ്കുവെച്ചത്.
''1964 ഒക്ടോബർ 4. പോക്കറ്റിൽ വെറും 27 പൈസയുമായി, എന്നാൽ കണ്ണുകളിൽ വലിയ സ്വപ്നങ്ങളുമായി ഒരു യുവാവ് ബോംബെ സെൻട്രൽ സ്റ്റേഷനിൽ വന്നിറങ്ങി'', ജാവേദ് അക്തറിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഷബാന എഴുതി. ''ജീവിതം അദ്ദേഹത്തിന് കടുത്ത പ്രതിസന്ധികൾ സമ്മാനിച്ചു. നടപ്പാതകളിലും റെയിൽവേ സ്റ്റേഷനുകളിലും പല സ്റ്റുഡിയോകളുടെ വളപ്പിലുമൊക്കെയായി അദ്ദേഹം അന്തിയുറങ്ങി. മൂന്ന് ദിവസത്തോളം ഒന്നും കഴിക്കാനില്ലാത്ത, ശരീരത്തിലുണ്ടായിരുന്ന കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ മാത്രം കൈവശമുള്ള ഒരു അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്'', ഷബാന കൂട്ടിച്ചേർത്തു.
ആ പ്രതിസന്ധികൾക്കിടയിലും തളരാതിരുന്ന ജാവേദിന്റെ മനക്കരുത്തിനെ അനുസ്മരിച്ചുകൊണ്ട് ഷബാന തുടർന്നു, ''നിരാശയുടെ വക്കിലെത്തി, എല്ലാം ഉപേക്ഷിക്കാമായിരുന്ന ആ നിമിഷത്തിൽ അദ്ദേഹം സ്വയം പറഞ്ഞു, 'വെറുതെ മരിച്ചുപോകാനല്ല ഞാൻ ജനിച്ചത്. ഈ അവസ്ഥ മാറും.' അദ്ദേഹം പറഞ്ഞതുപോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു. 1964 ഒക്ടോബർ 4: കൈയ്യിൽ പണമൊന്നുമില്ലാത്ത 19 വയസ്സുകാരൻ. പതിറ്റാണ്ടുകൾക്കിപ്പുറം 2026 ഒക്ടോബർ 4-ൽ എത്തുമ്പോൾ: ഇന്ത്യയ്ക്ക് അവിസ്മരണീയമായ ഒട്ടേറെ വരികൾ സമ്മാനിച്ച ഒരു ജീവിതം. ഇതാണ് ജാവേദ് അക്തറിന്റെ കഥ''. ചില യാത്രകൾ തുടങ്ങുന്നത് ഏതാണ്ട് ഒന്നുമില്ലായ്മയിൽനിന്നാണെന്നും ഷബാന കുറിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Javed Akhtar arrived in Mumbai on October 4, 1964, with only 27 paisa and big dreams at age 19., He faced extreme poverty, sleeping on footpaths and railway stations with no food for days., His partnership with Salim Khan (Salim-Javed) revolutionized Bollywood with blockbuster hits like Sholay and Don., Shabana Azmi shared his inspiring 62-year journey through an emotional Instagram post in October 2026
Published: 05 Oct 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented