2011-ൽ റിലീസായ ചിത്രമാണ് 'റോക്ക്‌സ്റ്റാർ'. റൺബീർ കപൂർ, നർഗീസ് ഫക്രി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. സംവിധാനവും തിരക്കഥയും നിർവഹിച്ചത് ഇംതിയാസ് അലിയാണ്. സുനിൽ ലല്ലയും ധിലിൻ മേത്തയുമായിരുന്നു നിർമാതാക്കൾ. 60 കോടിക്കാണ് ചിത്രം നിർമിച്ചത്. ബോക്‌സോഫീസിൽനിന്ന് സിനിമ കളക്ട് ചെയ്തത് 08 കോടിയും. ധികം വൈകാതെ ചിത്രത്തിനൊരു കൾട്ട് പരിവേഷവും ലഭിച്ചു. ചിത്രത്തിലെ പാട്ടുകൾ അതിന്റെ വിജയത്തിന് ഒരു പ്രധാനകാരണമായിരുന്നു.

To advertise here,

സംഗീതസംവിധാനം നിർവഹിച്ചത് എ.ആർ.റഹ്മാനാണ്. വരികളെഴുതിയത് ഇർഷാദ് കാമിലും. ഫിർ സേ ഉഡ് ചലാ, ജോ ഭി മേം, ഹവാ ഹവാ, തും കോ, നാദാൻ പരിന്ദെ, തും ഹോ, ഷെഹർ മേം...ഇങ്ങനെ എത്രയെത്ര പാട്ടുകൾ.

സംഗീതം ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചെങ്കിലും, തനിക്കുണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ലെന്ന് പറയുകയാണ് എ.ആർ.റഹ്മാൻ. ചിത്രത്തിന്റെ നിർമ്മാതാവിന് സംഗീതം ഇഷ്ടപ്പെട്ടില്ലെന്നും, അതിനാൽ സിനിമ റിലീസ് ചെയ്ത് എട്ടു മാസത്തോളം അദ്ദേഹം പ്രതിഫലം നൽകാൻ തയ്യാറായില്ലെന്നും റഹ്മാൻ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ കാലയളവിൽ, സംവിധായകൻ ഇംതിയാസ് അലിയെ ഇക്കാര്യം അറിയിക്കാതെ തന്നെ, സംഗീതജ്ഞർക്കുള്ള പ്രതിഫലവും യാത്രാച്ചെലവുകളും തന്റെ കൈയ്യിൽ നിന്ന് മുടങ്ങാതെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഡെറാഡൂൺ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് എ.ആർ. റഹ്മാൻ ഇത് പറഞ്ഞത്, ''റോക്ക്സ്റ്റാറിന്റെ മുഴുവൻ ജോലികൾക്കും നിർമ്മാതാവ് എനിക്ക് പ്രതിഫലം നൽകിയില്ല. 'എനിക്ക് ഈ സംഗീതം ഇഷ്ടപ്പെട്ടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ സമയത്ത് സംഗീതജ്ഞർക്കുള്ള പ്രതിഫലവും എന്റെ യാത്രാച്ചെലവുകളും ഞാൻ സ്വന്തം കൈയ്യിൽ നിന്ന് നൽകിക്കൊണ്ടിരുന്നു. എനിക്ക് ഒരു പൈസ പോലും ലഭിച്ചിട്ടില്ലെന്ന കാര്യം ഇംതിയാസ് അലിയോട് പോലും ഞാൻ പറഞ്ഞിരുന്നില്ല''. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത് എട്ടു മാസങ്ങൾക്ക് ശേഷമാണ് തനിക്ക് ഒരു ചെക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'റോക്ക്സ്റ്റാറി'ന്റെ നിർമ്മാണ വേളയിൽ, എ.ആർ. റഹ്മാനും ഇംതിയാസ് അലിയും തമ്മിൽ ആശയക്കുഴപ്പമുണ്ടായ ഒരു ഘട്ടവുമുണ്ടായിരുന്നു. പരസ്പരം സംസാരിക്കാതിരുന്നു ഇരുവരും. ഇംതിയാസ് അലി, സംഗീതസംവിധായകനിൽ നിന്ന് എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുമ്പോൾ, റഹ്മാൻ അദ്ദേഹത്തോട് പറയാതെ രണ്ട് ഗാനങ്ങൾ ഒരുക്കി.

റഹ്മാൻ ഒന്നും മിണ്ടാതായതോടെ, ഈ പ്രോജക്ട് നിരസിക്കാൻ മടിച്ച്, വെറും മര്യാദയുടെ പുറത്താണോ റഹ്മാൻ ഇതിന് സമ്മതിച്ചതെന്ന് ഇംതിയാസ് അലിക്ക് തോന്നി. ഒടുവിൽ, ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിൽ ലൊക്കേഷൻ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് അതിനുള്ള ഉത്തരം ലഭിച്ചത്. ദർഗയിലെ ഒരു ജീവനക്കാരനോട് സംസാരിച്ചപ്പോൾ, ആ സിനിമയിലെ ഒരു രംഗവുമായി ബന്ധപ്പെട്ട ഗാനം റഹ്മാൻ ചിട്ടപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംഗീതസംവിധായകൻ ആ സിനിമയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇംതിയാസിന് അങ്ങനെ ഉറപ്പായി.

തുടർന്ന് അദ്ദേഹം എ.ആർ. റഹ്മാനെ ബന്ധപ്പെട്ടപ്പോൾ, ''തീർച്ചയായും, നമ്മൾ ഈ സിനിമ ചെയ്യുന്നുണ്ട്. ഇതിനകം തന്നെ ഞാൻ മൂന്ന് പാട്ടുകൾ ഒരുക്കിക്കഴിഞ്ഞു'', എന്നായിരുന്നു റഹ്മാന്റെ മറുപടി. അതിനുശേഷം 'ഹൈവേ' എന്ന ചിത്രത്തിനുവേണ്ടിയും ഇരുവരും ഒരുമിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi