2003-ൽ റിലീസായ ചിത്രമാണ് 'മേം പ്രേം കി ദിവാനി ഹൂം'. 1976-ൽ റിലീസായ 'ചിറ്റ്‌ചോർ' എന്ന സിനിമയുടെ റീമേക്ക് ആയിരുന്നുവിത്. സൂരജ് ബർജാത്യ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഹൃത്വിക് റോഷൻ, കരീന കപൂർ, അഭിഷേക് ബച്ചൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. വലിയ താരങ്ങളുണ്ടായിട്ടും സിനിമ ബോക്‌സോഫീസിൽ വിജയിച്ചില്ല.

To advertise here,

വളരെ ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ടയാളാണ് സൂരജ് ബർജാത്യ. അദ്ദേഹത്തിന്റെ ആ പെരുമാറ്റത്തെക്കുറിച്ചും നൽകുന്ന പിന്തുണയെക്കുറിച്ചും പല താരങ്ങളും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ 'മേം പ്രേം കി ദിവാനി ഹൂം' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് തനിക്ക് ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോയെന്ന് പറയുകയാണ് സൂരജ്. സിദ്ധാർത്ഥ് കണ്ണനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സെറ്റിൽവെച്ച് എപ്പോഴെങ്കിലും ദേഷ്യം വന്നിട്ടുണ്ടോ എന്ന് സിദ്ധാർത്ഥ് ചോദിച്ചപ്പോഴാണ് സൂരജ് ഈ അനുഭവം ഓർത്തെടുത്തത്. ''അഭിഷേകും കരീനയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവർ വളരെ നല്ല മനുഷ്യരാണ്, എനിക്ക് അവരെ വലിയ ഇഷ്ടവുമാണ്. എന്നാൽ അവർ രണ്ടുപേരും വല്ലാത്ത കുസൃതികളായിരുന്നു. സെറ്റിൽ അവർ തമ്മിൽ കാണുമ്പോഴെല്ലാം, എനിക്ക് ഒരു തവണ പോലും റിഹേഴ്‌സൽ ചെയ്യാൻ കഴിയുമായിരുന്നില്ല''.

ആ പ്രത്യേക സാഹചര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ''അവർ തുടർച്ചയായി തമാശകൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അഭിഷേക് എത്രത്തോളം തമാശകൾ ഒപ്പിക്കുന്ന ആളാണെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണവൻ. ആ സമയത്ത് എനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല, മാത്രമല്ല സമയം തീരുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഞാൻ എന്റെ മൈക്കെടുത്ത് അവരുടെ നേർക്ക് എറിഞ്ഞു''.

മേനെ പ്യാർ കിയാ, ഹം ആപ്‌കെ ഹെ കോൻ, ഹം സാഥ് സാഥ് ഹേ, വിവാഹ്, ഏക് വിവാഹ്...ഏസാ ഭീ, പ്രേം രത്തൻ ധൻ പായോ, ഊഞ്ചായ് തുടങ്ങിയവയാണ് സൂരജ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഊഞ്ചായ് സംവിധാനം ചെയ്തതിന് മികച്ച സംവിധാനത്തിനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 'യേ പ്രേം മോൽ ലിയാ' ആണ് ഏറ്റവും ഒടുവിലായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi