തമിഴിൽ ശ്രുതി ഹാസൻ ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ '7ാം അറിവ്'. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രത്തിൽ സൂര്യയായിരുന്നു നായകൻ. 'ഗലാട്ട പ്ലസിന്' നൽകിയ പുതിയ അഭിമുഖത്തിൽ ചിത്രത്തിൽ ഭാഗമായതിൽ തന്റെ ഖേദം രേഖപ്പെടുത്തുകയാണ് ശ്രുതിയിപ്പോൾ. താൻ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളോട് നീതി പുലർത്താനായില്ല, അതുകൊണ്ട് ആ ചിത്രം ചെയ്യാതിരുന്നെങ്കിൽ എന്ന ചിന്തയിലാണ് താനെന്നും അവർ പറഞ്ഞു.

To advertise here,

കരിയറിൽ തിരിഞ്ഞുനോക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്ന് ശ്രുതിയുടെ മറുപടി. "ഞാനത് ചെയ്യാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഞാനിത് തുറന്നുപറയുകയാണ്, ചിത്രത്തിന്റെ കുഴപ്പം കൊണ്ടല്ല... മറിച്ച് ഞാൻ അത്രയൊന്നും തയ്യാറെടുപ്പില്ലാതെയും അച്ചടക്കമില്ലാതെയുമാണ് അഭിനയിച്ചത്. എന്റെ സമീപനം ശരിയായിരുന്നുവെന്ന് കരുതുന്നില്ല, എന്നെപ്പറ്റി എനിക്ക് തന്നെ വലിയ അസംതൃപ്തി തോന്നി. എനിക്കത് കൂടുതൽ നന്നായി ചെയ്യാമായിരുന്നു. ഞാനത് ഗൗരവമായി എടുക്കാൻ ശ്രമിച്ചു, പക്ഷേ എന്റെ തലച്ചോറിന് അത് ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നില്ല..."-ശ്രുതി പറഞ്ഞു.

ചിത്രത്തിൽ ജെനറ്റിക്സ് വിദ്യാർഥിനിയായ ശുഭാ ശ്രീനിവാസൻ എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. ഒരു ജൈവാക്രമണം (biological attack) തടയാൻ ബോധിധർമ്മന്റെ വേരുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കഥാപാത്രമാണിത്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണെത്തിയത്. ഈമാസം ആദ്യം തിയേറ്ററുകളിലെത്തിയ സൂര്യയുടെ 'സീൻ' എന്ന സിനിമയിൽ യാദൃശ്ചികമായി ഏഴാം അറിവിലെ ഒരു രംഗം പരാമർശിച്ചിരുന്നു. ഇതോടെയാണ് ചിത്രം വീണ്ടും ചർച്ചയായത്.

14-ാം വയസ്സിൽ ഹേയ് റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി ഹാസൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അതേസമയം, 23-ാം വയസ്സിൽ ബോളിവുഡിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi