സൂപ്പർതാരങ്ങൾ തങ്ങളുടെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്യണമെന്ന അഭിപ്രായങ്ങൾ ബോളിവുഡിൽ പല താരങ്ങളും പങ്കുവെക്കാറുണ്ട്. തന്നേക്കാൾ ഒരുപാട് പ്രായം കുറഞ്ഞ നടിമാരുടെ നായകനാവാൻ അവർ തയ്യാറാവരുതെന്നും അങ്ങനെ അഭിപ്രായപ്പെടുന്നവർ പറയാറുണ്ട്. സൽമാൻ ഖാൻ-രശ്മിക മന്ദാന എന്നിവരൊരുമിച്ച 'സിക്കന്ദർ' തിയേറ്ററിലെത്തിയപ്പോൾ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഷാരൂഖ് ഖാൻ.

To advertise here,

ഈയിടെ മുംബൈയിൽ നടന്ന മെറ്റ പരിപാടിയിൽ ഷാരൂഖ് ഖാനും കരൺ ജോഹറും പങ്കെടുത്തിരുന്നു. അവിടെ വെച്ച്, സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിനൊപ്പം സംസാരിക്കവെ, തന്റെ വരാനിരിക്കുന്ന 'കിങ്' എന്ന ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാൻ പരാമർശിച്ചു. ചിത്രത്തിൽ നരച്ച മുടിയുമായി, തന്റെ യഥാർത്ഥ പ്രായത്തിനനുസരിച്ചുള്ള വേഷം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിക്കവേ, താനും തന്നോടൊപ്പം അഭിനയിക്കുന്ന നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 61 വയസ്സുള്ള, 'കൂൾ' ആയ ഒരു നായകനായിരിക്കാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'കിങ്' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം ഷാരൂഖ് വെളിപ്പെടുത്തി. ''എനിക്ക് എപ്പോഴും ഒരു നായകനാകാൻ ആഗ്രഹമുണ്ടായിരുന്നു. സിനിമാരംഗത്തേക്ക് കടന്നുവന്ന തുടക്കത്തിൽ, അത്ര സുന്ദരനല്ലെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട്, എന്നെപ്പോലെ സാധാരണക്കാരനായ ഒരാൾക്ക് നായകനാകാൻ അവസരം ലഭിച്ചപ്പോൾ, ഞാനതിനെ വളരെ വിലപ്പെട്ട ഒന്നായി കാണുന്നു''.

ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവവും അദ്ദേഹം ഓർത്തെടുത്തു.

''പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഞാൻ. സംവിധായകന്റെയോ നായികയുടെയോ പേര് ഞാൻ പറയുന്നില്ല. ഞാൻ നായികയുടെ മുന്നിൽ നിന്ന്, എന്റെ ഏറ്റവും മികച്ച പ്രണയ സംഭാഷണങ്ങളിലൊന്ന് അവളോട് പറയുകയായിരുന്നു. 'എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; നിന്റെ കണ്ണുകളിൽ എനിക്ക് അലിഞ്ഞുചേരണം. നിന്നെ നോക്കുമ്പോൾ, ലോകം മുഴുവൻ കണ്ടതുപോലെ എനിക്ക് തോന്നുന്നു. പിന്നെ ഒരു കാര്യം കൂടി: നാളത്തേക്കുള്ള കണക്ക് ഗൃഹപാഠം നീ ചെയ്തുതീർത്തു കാണുമെന്ന് കരുതുന്നു, മോളേ'. ഇതുകഴിഞ്ഞപ്പോഴാണ് ഞാനും ഒപ്പം അഭിനയിക്കുന്ന പെൺകുട്ടികളും തമ്മിലുള്ള പ്രായവ്യത്യാസം മനസ്സിലായത്. അത് കണക്കിലെടുക്കുമ്പോൾ, എന്റെ യഥാർത്ഥ പ്രായത്തിനനുസരിച്ചുള്ള (61 വയസ്സ്) വേഷങ്ങൾ ചെയ്യേണ്ട സമയമായെന്ന് എനിക്ക് തോന്നി. 61 വയസ്സുകാരന് കഴിയുന്നത്ര 'കൂൾ' ആയിരിക്കാനും ഞാൻ തീരുമാനിച്ചു''.

'കിങ്' എന്ന ചിത്രത്തിലെ നരച്ചമുടിയുള്ള തന്റെ വ്യത്യസ്തമായ ലുക്കിലൂടെ ആളുകൾ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നതായി ഷാരൂഖ് പറഞ്ഞു. ''60-ാം വയസ്സിലും ഒരു നായകനായിരിക്കാനും, അതേസമയം എന്റെ യഥാർത്ഥ പ്രായത്തിന് അനുയോജ്യമായ വേഷം ചെയ്യാനുമാണ് ഞാൻ ആഗ്രഹിച്ചത്'', ഷാരൂഖ് പറഞ്ഞു.

ഡിസംബർ 20-നാണ് 'കിങ്' തിയേറ്ററുകളിലെത്തുക. ഷാരൂഖിനൊപ്പം സുഹാന ഖാൻ, അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, അനിൽ കപൂർ, റാണി മുഖർജി, ജാക്കി ഷ്‌റോഫ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. സിദ്ധാർഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi