മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് സ്വാസിക വിജയ്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരം 'വാസന്തി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'ചതുരം' 'കുമാരി' തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സ്വാസിക തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. മലയാള സിനിമയിൽ നിന്ന് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ലെന്ന നിരാശ തുറന്നുപറയുകയാണ് താരമിപ്പോൾ. മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്നാണ് അവസരങ്ങൾ ലഭിക്കാത്തതിൽനിന്ന് മനസ്സിലാക്കുന്നതെന്നും സ്വാസിക പറയുന്നു. തമിഴ്, തെലുങ്ക് സിനിമകൾക്ക് മലയാളത്തേക്കാൾ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാത്തതെന്ന പ്രചാരണവും സ്വാസിക തള്ളി. മലയാള സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കാൻ തനിക്ക് താത്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.

To advertise here,

“മലയാള സിനിമകൾ ചെയ്യാത്തതെന്താണെന്ന് എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്. എനിക്കും അതിന് ഉത്തരമില്ല. എനിക്ക് മനസ്സിലായ കാര്യം ഇതാണ്. മലയാള സിനിമയ്ക്ക് എന്നെ ആവശ്യമില്ല. അതാണ് സത്യം. മലയാള സിനിമയിൽ അഭിനയിക്കില്ലെന്നോ തമിഴ്, തെലുങ്ക് സിനിമകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ആരെയും പേടിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. എന്റെ അഭിപ്രായവും നിരാശയും സങ്കടവുമാണ് ഞാൻ പറഞ്ഞത്. ഞാൻ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ഇൻഡസ്ട്രിയിലുള്ളവർ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് അവസരങ്ങൾ നൽകാത്തതെന്ന് അവർക്കു മാത്രമേ അറിയൂ,” സ്വാസിക പറഞ്ഞു.

ടൊവിനോ തോമസിന്റെ അമ്മയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും സ്വാസിക മറുപടി നൽകിയിരുന്നു. ഇരുവരും ഏതാണ്ട് ഒരേ പ്രായക്കാരാണെന്നും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം. “ടൊവിനോ അത്ര ചെറുപ്പക്കാരനൊന്നുമല്ല. ഞങ്ങൾ ഒരുമിച്ച് 'പ്രഭുവിന്റെ മക്കൾ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഏതാണ്ട് ഒരേ പ്രായക്കാരാണ്. അതുകൊണ്ട് ടൊവിനോയുടെ അമ്മയായി അങ്ങനെയൊരു കഥാപാത്രം വന്നാൽ ഉടൻ തന്നെ നിരസിക്കും”, സ്വാസിക പറഞ്ഞു.

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലാണ് സ്വാസിക അടുത്തിടെ അഭിനയിച്ചത്. അതിൽ ദുൽഖറിന്റെ മൂത്ത സഹോദരിയുടെ വേഷമായിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സ്വാസികയുടെ പ്രകടനത്തെ ദുൽഖർ പ്രശംസിച്ചിരുന്നു. പ്രായത്തിൽ തന്നേക്കാൾ ഇളയതാണെങ്കിലും തന്റെ ചേച്ചിയായി അഭിനയിക്കാൻ സ്വാസിക മടികാണിച്ചില്ലെന്നും കഥാപാത്രത്തെ വളരെ സ്വാഭാവികമായാണ് അവതരിപ്പിച്ചതെന്നും ദുൽഖർ പറഞ്ഞു. ഇരുവരും തമ്മിലുള്ള സഹോദരബന്ധം പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നാൻ സ്വാസികയുടെ പ്രകടനം സഹായിച്ചെന്നും താരം കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi