ഐ. എ. എസ്. എന്നുപറഞ്ഞാല്‍ മലയാളസിനിമാപ്രേക്ഷകര്‍ക്കിപ്പോഴും ഇരുട്ട് അടി സര്‍വീസ് ആണ്. ഇരുട്ടിനെ മറയാക്കി രക്ഷയ്‌ക്കെത്തുന്ന കാവല്‍മാലാഖ, മായാവി. മഹി എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം. 2007-ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാവി മലയാള സിനിമയിലെ മിന്നുന്ന  ബോക്സോഫീസ് വിജയങ്ങളിലൊന്നാണ്.  മഹിയും കണ്ണന്‍ സ്രാങ്കും ആറാണിമുട്ടവും തോട്ടപ്പള്ളിയുമൊക്കെ നിറഞ്ഞ മായാവിയുടെ പിന്നണിക്കഥകള്‍ സംവിധായകന്‍ ഷാഫി ഓര്‍മിക്കുന്നു.

കാവല്‍മാലാഖ     
തൊമ്മനും മക്കളും എന്ന  സിനിമയുടെ തമിഴ് റീമേക്കായ മജ പൂര്‍ത്തിയാക്കിയ സമയം. പിന്നാലെ  ഒരു മലയാളസിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ തിരക്കഥാകൃത്ത് തിരക്കിലായതിനാല്‍ ആ പ്രോജക്ട് നീണ്ടുപോയി. അപ്പോള്‍ ഞാന്‍ റാഫിക്കയോട് പുതിയ എന്തെങ്കിലും പ്ലാന്‍ ചെയ്യണം എന്ന് പറഞ്ഞു. എന്റെ ആദ്യ സിനിമയായ വണ്‍മാന്‍ഷോയ്ക്ക് തിരക്കഥ എഴുതിയത് റാഫി മെക്കാര്‍ട്ടിനായിരുന്നു. അത് കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അവരോട് അടുത്തൊരു തിരക്കഥ ചോദിക്കുന്നത്. അപ്പോഴേക്കും കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. ആ ധൈര്യത്തിലാണ് അവരോട് വീണ്ടുമൊരു തിരക്കഥ ചോദിച്ചത്.

റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും ചേര്‍ന്ന് പുതിയ സിനിമയുടെ വണ്‍ലൈനുണ്ടാക്കി. വൈശാഖ് രാജനായിരുന്നു നിര്‍മാണം. ആന്റോ ജോസഫാണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് കഥ ഒന്ന് സൂചിപ്പിച്ചുനോക്കാം എന്ന്. അങ്ങനെ മമ്മൂക്കയെ ചെന്നുകണ്ട് വണ്‍ലൈന്‍ പറഞ്ഞു. 'ഇരുട്ട് അടി സര്‍വീസ്, ഐ.എ.എസ്.' എന്നൊക്കെ പറഞ്ഞ് പുതിയരീതിയിലുള്ള അവതരണമാണ് നടത്തിയത്.

മമ്മൂക്കയുടെ അടുത്തുചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്. പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അയാളൊരു ഹീറോയാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലീംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചുനിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതംമൂളി. 

placeholder
മമ്മൂട്ടിയും സംവിധായകന്‍ ഷാഫിയും

മഹി ഐ.എ.എസ്..
മമ്മൂക്കയുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയതോടെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാക്കി. ഗോപി ചെട്ടിപാളയത്തെ മമ്മൂക്കയുടെ സിനിമ ലൊക്കേഷനിലേക്ക് ഞാനും റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും തിരക്കഥയുമായി പുറപ്പെട്ടു. അപ്പോള്‍ സിനിമയുടെ പേര് മഹി ഐ.എ.എസ്. എന്നായിരുന്നു.

കാറില്‍വെച്ച് റാഫിക്കയാണ് പറഞ്ഞത് നമുക്ക് പേര് മായാവി എന്നാക്കിയാലോ എന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ആ പേര് വലിയ ആകര്‍ഷകമായി തോന്നിയില്ല. ലൊക്കേഷനിലെത്തി രാത്രി മമ്മൂക്കയുടെ മുറിയില്‍ പോയി മുഴുവന്‍ കഥ പറഞ്ഞ് ഷൂട്ടിങ്ങിന്റെ ഡേറ്റ് ഫിക്സ് ചെയ്തു. പിറ്റേന്ന് മമ്മൂക്കയോട് യാത്രപറയാന്‍ ലൊക്കേഷനിലേക്ക് ചെന്നു. അപ്പോള്‍ മമ്മൂക്ക ഞങ്ങളോട് ചോദിച്ചു: ''ഈ സിനിമയ്ക്ക് മായാവി എന്ന പേര് നന്നായിരിക്കില്ലേ എന്ന്! '' പിന്നെ ഒന്നും ആലോചിച്ചില്ല. മായാവി എന്ന ടൈറ്റില്‍ ഉറപ്പിച്ചു.

ആശാന്‍ ആശാന്‍
എല്ലാ സിനിമകളിലും സലീം (സലീംകുമാര്‍) വേണമെന്നൊരു നിര്‍ബന്ധം എനിക്ക്  ഉണ്ടായിരുന്നു. സലീമിന് പറ്റിയ സ്രാങ്ക് എന്ന കഥാപാത്രം ആദ്യ ചര്‍ച്ചയില്‍ തന്നെ രൂപപ്പെട്ടിരുന്നു. ഷൂട്ടിങ് ഞങ്ങള്‍ ആദ്യം  പ്ലാന്‍ ചെയ്ത ഡേറ്റില്‍നിന്ന് മൂന്നുമാസത്തേക്ക് നീട്ടിവെക്കേണ്ടിവന്നു. ഞാനായിരുന്നെങ്കില്‍ 2006-ല്‍ ഒരു പടവും ചെയ്തിട്ടില്ല. ആ വര്‍ഷം ക്രിസ്മസിനായിരുന്നു മായാവി റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. 

ഷൂട്ട് നീണ്ടുപോയതോടെ  റാഫിക്ക തിരക്കഥ വീണ്ടും ഒന്നു മിനുക്കി. ആ മിനുക്കലിലാണ് സ്രാങ്ക് ആശാനായത്.  മായാവിയുടെ വിജയത്തില്‍ ആ മിനുക്കല്‍ വളരെ ഗുണം ചെയ്തു. സലീമിന് ഏറെ പ്രശംസയും കിട്ടി.

വെള്ളം മറിഞ്ഞ മറിയല്‍
ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് മായാവിയുടെത്. ഫ്രെയ്മില്‍ നഗരത്തിന്റെ ഒരു അടയാളപ്പെടുത്തലും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സിനിമ ഷൂട്ട് ചെയ്തത് എറണാകുളം നഗരത്തിലാണ് എന്നതാണ് കൗതുകം. എറണാകുളത്തെ കായലും അതുപോലെ പനങ്ങാട്, കുമ്പളം തുടങ്ങി നഗരത്തിനടുത്ത സ്ഥലങ്ങളുമാണ് ലൊക്കേഷനായത്. ആറാണിമുട്ടം തറവാട് ചാലക്കുടിയിലും വില്ലന്‍മാരുടെ തോട്ടപ്പള്ളി തറവാട് വൈക്കത്തും വെച്ച് ഷൂട്ട് ചെയ്തു. 

തിരക്കഥ ചര്‍ച്ചനടക്കുന്ന ഒരുദിവസം രാവിലെ ഞാന്‍ ചെന്നപ്പോള്‍ നിര്‍ണായകമായ വള്ളംമറിയുന്ന  സീന്‍ വെട്ടികളഞ്ഞിരിക്കുന്നു. അയ്യോ ഇത് എന്താണ് വെട്ടിക്കളഞ്ഞതെന്ന് ഞാന്‍ റാഫി മെക്കാര്‍ട്ടിനോട് ചോദിച്ചു. അത് വേണ്ടെടാ, എടുക്കാന്‍ ഭയങ്കര പാടായിരിക്കും എന്നായിരുന്നു മറുപടി. അയ്യോ, എനിക്ക് അങ്ങനെത്തെ രംഗങ്ങള്‍ എടുക്കാനാണ് ത്രില്ല്. എന്റെ മറുപടി കേട്ടതോടെ ആ സീന്‍ വീണ്ടും ഉള്‍പ്പെടുത്തി. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. കൊച്ചി കായലില്‍വെച്ചായിരുന്നു വെള്ളം മറിയുന്ന സീന്‍ ചിത്രീകരിച്ചത്. വള്ളം മറിഞ്ഞ് മഹി എല്ലാവരെയും രക്ഷിക്കുന്ന രംഗമാണ്. 

ഗോപികയ്ക്ക് കായലില്‍ ഇറങ്ങാന്‍ ഭയങ്കര പേടിയായിരുന്നു. പൂളില്‍ ഇറങ്ങാന്‍ വരെ പേടിയാണ് അവള്‍ക്ക്. മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കില്‍ കായല്‍ കടലെങ്കില്‍ കടല്‍ എന്നേയുള്ളൂ. കാരണം അമരത്തിലൊക്കെ നമ്മള്‍ കണ്ടതാണ്. ഗോപികയുടെയും മറ്റും പേടി മാറ്റാന്‍ സംവിധായകനും യൂണിറ്റും ആദ്യ കായലിലിറങ്ങി. അതോടെ എല്ലാവര്‍ക്കും ധൈര്യമായി. കായലിന്റെ നടുക്ക് ചങ്ങാടം സെറ്റ് ചെയ്താണ് ആ രംഗം ചിത്രീകരിച്ചത്. പടത്തിലെ ചെറിയൊരു രംഗമാണെങ്കിലും മൂന്നുദിവസമെടുത്തു  ചിത്രീകരിക്കാന്‍. 

placeholder
ഗോപികയും കെ.പി.എസി.ലളിതയും 

ജോഗി എന്ന നൊമ്പരം
മായാവിയിലെ വളരെ പ്രധാനപ്പെട്ട കാസ്റ്റിങ്ങായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റേത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഒരു അപ്കമിങ് കൊമേഡിയനായി സുരാജ് വരുന്ന കാലമാണത്. മായാവിയിലെ ആദ്യാവസാനം നിറഞ്ഞുനിന്ന ഗിരി എന്ന കഥാപാത്രം സുരാജിന് കരിയര്‍ ബ്രേക്കായി മാറി.  അതുപോലെ സായ് ചേട്ടന്‍ (സായ്കുമാര്‍) ആദ്യമായി എന്റെ സിനിമയില്‍ അഭിനയിക്കുന്നത് മായാവിയിലൂടെയാണ്. സുരാജിനെ കൂടാതെ ഞങ്ങളുടെ മറ്റൊരു പരീക്ഷണം സന്തോഷ് ജോഗിയായിരുന്നു. അവനും ഗംഭീര പ്രകടനം നടത്തിയതിനാല്‍ മായാവിക്ക് പിന്നാലെ കുറേ അവസരങ്ങള്‍ തേടിയെത്തി. മായാവിയില്‍ കൂടെ ഉണ്ടായിരുന്ന ഹനീഫിക്കയും (കൊച്ചിന്‍ ഹനീഫ), സന്തോഷ് ജോഗിയും കെ.പി.എ.സി ലളിതചേച്ചിയും ഇന്ന് നമ്മുടെ കൂടെ ഇല്ല.

 ഒന്നാംക്ലാസ് തൊട്ട് ഹനീഫിക്കയെ പരിചയമുണ്ട്. എന്നാല്‍ എന്റെ മൂന്ന് സിനിമകളില്‍ മാത്രമേ അദ്ദേഹമുള്ളൂ. അതിലൊന്ന് മായാവിയാണ്. ജയില്‍ വാര്‍ഡന്റെ റോള്‍ കുറച്ചേ ഉള്ളുവെങ്കിലും മനസ്സില്‍ നില്‍ക്കുന്ന ഒന്നായിരുന്നു. മായാവിയുടെ ഷൂട്ടിന്റെ രണ്ടുദിവസം മുന്‍പ് വിളിച്ചാണ് ഇങ്ങനെയൊരു കഥാപാത്രമുണ്ട്, ചെയ്യണം എന്ന ഹനീഫിക്കയോട് പറയുന്നത്. ഒരു മടിയും കൂടാതെ ഓടിവന്ന് ചെയ്തുതന്നു.

സന്തോഷ് ജോഗി നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. മായാവി കഴിഞ്ഞ് ഒരു ദിവസം വന്ന് ഒരു കഥ സന്തോഷ് എന്നോട് പറഞ്ഞു. അഭിനയമല്ല സന്തോഷിന്റെ മേഖല എഴുത്താണെന്ന് അന്ന് ഞാന്‍ അവനോട് പറഞ്ഞു. നമുക്ക് ഒരുദിവസം ചര്‍ച്ചയ്ക്ക് ഇരിക്കാം എന്നുപറഞ്ഞാണ്  പിരിഞ്ഞത്. പിന്നീടവന്റെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. ശരിക്കും ഒരു ഷോക്കായിരുന്നു അത്. 

കുറച്ചുനാള്‍ കഴിഞ്ഞ് മേരിക്കുണ്ടൊരു കുഞ്ഞാട് തിയേറ്ററില്‍ തകര്‍ത്തോടുന്ന സമയം. രാത്രി ഒരുമണിക്ക് എന്റെ ഫോണ്‍ റിങ് ചെയ്യുകയാണ്. നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പറാണ്. കുറേ ബെല്ലടിച്ചപ്പോള്‍ ഞാന്‍ എടുത്തു. ഒരു സ്ത്രീശബ്ദം. '' ഞാന്‍ സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയാണ്.'' ''അയ്യോ എന്താ ഈ സമയത്ത് പറയൂ'' - ഞാന്‍ പറഞ്ഞു. ''ഷാഫിക്ക, ഞാന്‍ നമ്പര്‍ തപ്പിയെടുത്ത് ഒരുകാര്യം പറയാന്‍ വിളിച്ചതാണ്. വേറൊന്നുമല്ല ഞങ്ങളുടെ കുട്ടി, സന്തോഷിന്റെ മരണശേഷം ഇതുവരെ ചിരിച്ചിട്ടില്ല. പ്രസരിപ്പൊക്കെ പോയി ആകെ അസ്വസ്ഥയായാണ് എപ്പോഴും ഇരിപ്പ്.  ഇന്ന് സെക്കന്‍ഡ് ഷോയ്ക്ക് ഞങ്ങള്‍ കുഞ്ഞാട് കണ്ടു. സിനിമ കണ്ട് അവള്‍ കൈകൊട്ടി ആര്‍ത്തുല്ലസിച്ച് ചിരിച്ചു. അവളുടെ ചിരി കണ്ട് ഞങ്ങള്‍ കരയുകയായിരുന്നു. സന്തോഷം അറിയിക്കാന്‍ വിളിച്ചതാണ്''  അവര്‍ പറഞ്ഞു. എന്റേയും കണ്ണുനിറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്‍ ഇതിനപ്പുറം എന്തുവേണം.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല..
മായാവിയുടെ സംഗീതം അലക്‌സ് പോളായിരുന്നു. ഞാനും അലക്‌സും ലാലേട്ടനും ഹനീഫിക്കയും എല്ലാം പുല്ലേപ്പടിക്കാരാണ്. മായാവിയിലെ രണ്ട് പാട്ടുകളും ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. 'മുറ്റത്തെ മുല്ലേ ചൊല്ല്...' എന്ന പാട്ട് എല്ലാവരും വേണ്ട എന്ന് പറഞ്ഞതാണ്. പടത്തിന് ഗുണം ചെയ്യില്ലെന്ന് പറഞ്ഞ് എല്ലാവരും എഴുതിത്തള്ളിയ പാട്ട് എന്നുപറയാം. എനിക്കെന്തോ ആ പാട്ടിനോട് വല്ലാത്ത അടുപ്പം തോന്നി. സംവിധായകന്റെ നിര്‍ബന്ധപ്രകാരം മാത്രം അങ്ങനെ മുറ്റത്തെ മുല്ലയെ സിനിമയില്‍ ഉള്‍പ്പെടുത്തി. ഒന്നരദിവസംകൊണ്ട് ആ പാട്ട് ഷൂട്ട് ചെയ്തു. സിനിമ ഇറങ്ങിയപ്പോള്‍ 'മുറ്റത്തെ മുല്ലേ ചൊല്ല്...' സിനിമയ്ക്ക് വലിയൊരു പ്ലസ് ആയി മാറി. എവിടെ നോക്കിയാലും മായാവിയിലെ പാട്ട് മാത്രം.

placeholder
മനോജ്.കെ.ജയനും മമ്മൂട്ടിയും ​​​ഫോട്ടോ: വി.പി.പ്രവീണ്‍ കുമാര്‍
 

മായാവി മാജിക്
2007 ജനുവരി 26-നാണ് റിലീസ് ഡേറ്റ് വെച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഫെബ്രുവരി മൂന്നിലേക്ക് റിലീസ് മാറ്റി. ഷൂട്ട് കഴിഞ്ഞ് 18-ാം ദിവസം പടത്തിന്റെ റിലീസ് ചാര്‍ട്ട് ചെയ്തു. രാവും പകലും ചെന്നൈയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക്. 
എഡിറ്റിങിനിടെ ഒരുദിവസം ഞാന്‍ തലകറങ്ങിവീണു.  ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രഷര്‍ വളരെ ഉയര്‍ന്നിരിക്കുകയാണ് അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞു. ഡോക്ടര്‍മാരുടെ വാക്ക് കേള്‍ക്കാതെ ഉടന്‍ ഡിസ്ചാര്‍ജും ഗുളികയും മേടിച്ച് ഞാന്‍ എഡിറ്റിങ് സ്റ്റുഡിയോയിലേക്ക് ഓടി. മായാവിയുടെ റിലീസിന് മുന്നില്‍ എന്ത് പ്രഷര്‍.  

നിര്‍മാതാവായ വൈശാഖ് രാജന്റെ പുതിയ തിയേറ്റര്‍ ആറ്റിങ്ങലില്‍  ഉദ്ഘാടനമായിരുന്നു. അവിടെ വെച്ചാണ് മമ്മൂക്കയും ഞാനും ഗോപികയുമടക്കം മായാവി റിലീസ് ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ പടം കേറി കൊളുത്തി എന്ന് മനസ്സിലായി. എന്റെ ഒരു സിനിമ കണ്ട് സംവിധായകന്‍ രഞ്ജിത്തേട്ടന്‍ ആദ്യമായി വിളിച്ചത് മായാവിക്കാണ്.  

2007-ലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായി മായാവി മാറി. ഈയിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപിക വിളിച്ചു. ''ഷാഫി, എനിക്ക് നിന്നോട് ഭയങ്കര ദേഷ്യമാണ്.'' ''എന്താ ടീച്ചറെ എന്തുപറ്റി?'' എന്ന് ചോദിച്ചു. ''നിങ്ങളുടെ മായാവി കാരണം എനിക്ക് ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കൊരു കൊച്ചുമകനുണ്ട്. അവന് ഭക്ഷണം കഴിക്കണമെങ്കില്‍ മായാവിയുടെ ഡി.വി.ഡി. ഇട്ടുകൊടുക്കണം!'' 

ഹലോ-മായാവി...
ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു.