''നിങ്ങളുടെ വിജയത്തിനുള്ള ക്രെഡിറ്റ് ആമിര്‍ ഖാന് കൊടുക്കുമോ'', കരീന കപൂറിന്റെ ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സംവിധായികയും നിര്‍മാതാവും തിരക്കഥാകൃത്തുമായ കിരണ്‍ റാവു നേരിട്ട ചോദ്യമിതാണ്. 'ബിഗ് നോ' ആയിരുന്നു അവരുടെ ഉത്തരം. മാത്രമല്ല, തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുന്‍പങ്കാളിയായ ആമിര്‍ ഖാന് കൊടുക്കുന്നത് വളരെ മോശമാണെന്നും കിരണ്‍ പറഞ്ഞു. എന്നാല്‍, തന്റെ ജീവിതത്തിലെ വിജയത്തിനൊരു കാരണം ആമിര്‍ തന്നെയാണെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
കിരണ്‍ സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ആണ് ഇത്തവണ ഇന്ത്യയില്‍നിന്നുള്ള ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. കിരണ്‍ റാവു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം മാത്രമാണിത്. പീപ്ലി ലൈവ്, ദംഗല്‍, തലാശ്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയവയാണ് കിരണ്‍ നിര്‍മിച്ച സിനിമകളിലേറ്റവും ശ്രദ്ധേമായിട്ടുള്ളത്. ദംഗലും സീക്രട്ട് സൂപ്പര്‍സ്റ്റാറും ഹിറ്റ് സിനിമകളായി മാറുകയും ചെയ്തു.
Also Read
അശുതോഷ് ഗൗരീകര്‍ സംവിധാനം ചെയ്ത 'ലഗാന്‍' എന്ന സിനിമയില്‍ സഹസംവിധായികയായാണ് കിരണ്‍ കരിയര്‍ തുടങ്ങുന്നത്. ആ സിനിമയില്‍ ആമിര്‍ ആയിരുന്നു കേന്ദ്രകഥാപാത്രം. നിര്‍മിച്ചതും ആമിര്‍ തന്നെ. ആ സെറ്റില്‍വെച്ചാണ് ആമിറും കിരണും പരിചയപ്പെടുന്നത്. അതിനുശേഷവും ചില സിനിമകളില്‍ കിരണ്‍ സഹസംവിധായികയായി. അന്നൊക്കെ സാമ്പത്തികമായി ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് കിരണ്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് സ്ഥിരതാമസമാക്കുകയെന്നത് എളുപ്പമായിരുന്നു. പക്ഷേ മുംബൈയിലെ ജീവിതം ആദ്യകാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ''സിനിമയില്‍ സഹസംവിധായികയായാല്‍ നല്ല പ്രതിഫലം ലഭിക്കുമെന്നാണ് പലരുടെയും വിശ്വാസം. പക്ഷേ അതല്ല സത്യം. അന്ന് ജീവിക്കാനായി ഒരുപാട് ജോലികള്‍ ചെയ്തു. വാടക കൊടുക്കാന്‍ കഴിയുമോ, ഭക്ഷണത്തിനുള്ള പണം കിട്ടുമോ അതായിരുന്നു അന്നെന്നെ അലട്ടിയിരുന്നത്,''. ഒടുവില്‍ പരസ്യമേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയശേഷമാണ് സാമ്പത്തികമായി മെച്ചപ്പെട്ടതെന്നും കിരണ്‍ പറയുന്നു.
പത്തുവര്‍ഷത്തിനുശേഷം 'ധോബി ഘാട്ട്' എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് കടക്കുന്നത്. അത് നിര്‍മിച്ചത് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും. 2024-ലാണ് 'ലാപതാ ലേഡീസ്' റിലീസാവുന്നത്. അതിനും മുമ്പ് 2023-ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. വിവാഹശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നവവധുക്കള്‍ മാറിപ്പോകുന്നു, അതാണ് സിനിമയുടെ കഥ. സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നല്ല പ്രതികരണങ്ങള്‍ക്കൊടുവില്‍ ഓസ്‌കര്‍ എന്‍ട്രിയും. സിനിമ ആമിര്‍ ഖാനും കിരണ്‍ റാവുവും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചത്.

പ്രണയം വിവാഹത്തിലേക്ക്...
'ലഗാനി'ലൂടെ പരിചയപ്പെട്ടെങ്കിലും കൂടുതല്‍ അടുപ്പത്തിലാവുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. അശുതോഷ് ഗൗരികര്‍ സംവിധാനം ചെയ്ത കുറേ പരസ്യങ്ങള്‍ക്കുവേണ്ടി ആമിറും കിരണും ഒരുമിച്ച് ജോലിചെയ്തിരുന്നു. അതിനിടയില്‍ ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയത്തിലെത്താന്‍ അധികം താമസമുണ്ടായില്ല. പിന്നെ ഒരുമിച്ച് താമസവും തുടങ്ങി. തന്റെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു വിവാഹത്തിന് പിന്നിലെന്നും കിരണ്‍ പറയുന്നു. ''ഒരുവര്‍ഷം ലിവ് ഇന്‍ റിലേഷനായിരുന്നു. പക്ഷേ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. വിവാഹമെന്നും പറഞ്ഞ് അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വിവാഹത്തിലെത്തുന്നത്'', കിരണ്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. 2005-ലായിരുന്നു വിവാഹം. ആറുവര്‍ഷത്തിനുശേഷം വാടകഗര്‍ഭപാത്രത്തിലൂടെ ഒരു മകന്‍ ജനിച്ചു, അബുള്‍ കലാം ആസാദ് എന്നാണ് പേര്.
പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമായ ദമ്പതികളാണ് കിരണും ആമിറും. കിരണിന്റെ കരിയറില്‍ പിന്തുണ നല്‍കി ആമിറും, ആമിറിനൊപ്പം നിന്നു കിരണും. കിരണ്‍ സസ്യാഹാരം മാത്രം കഴിക്കുന്നയാളായിരുന്നു. അധികം താമസിയാതെ ആമിറും അതിലേക്ക് മാറി. പക്ഷേ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല.
2021-ല്‍ ഇരുവരും വിവാഹമോചിതരായി. അവിടെയും ഇരുവരും വ്യത്യസ്തത പുലര്‍ത്തി. വിവാഹമോചനത്തോടെ പരസ്പരം ചെളിവാരിയെറിയുന്ന ദമ്പതികളില്‍നിന്ന് കിരണും ആമിറും വേറിട്ടുനിന്നു. അതിനുശേഷവും പരസ്പരബഹുമാനവും സ്‌നേഹവും അവര്‍ നിലനിര്‍ത്തി. ''എനിക്ക് എന്റേതായ സ്‌പേസ് വേണമെന്ന് തോന്നി. എനിക്ക് സ്വതന്ത്രമായി വളരാനും ജീവിക്കാനും അതാവശ്യമായിരുന്നു. അങ്ങനെയാണ് വിവാഹമോചനമെന്ന തീരുമാനത്തിലെത്തുന്നത്. അതെല്ലാം ആമിര്‍ അംഗീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. ഞങ്ങള്‍ പരസ്പരം ഒരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. വിവാഹമോചിതരായെന്ന് കരുതി അതൊന്നും മാറില്ലല്ലോ'', തങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വിവാഹമോചനത്തിലേക്ക് കടക്കുമ്പോഴും അതുകൊണ്ട് പേടിയുണ്ടായിരുന്നില്ലെന്നും കിരണ്‍ പറയുന്നു.
Content Highlights: bollywood director kiran rao turns 51
Published: 07 Nov 2024, 04:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented