
നൃത്തത്തെ ഭ്രാന്തമായി പ്രണയിച്ച വാണി ഗണപതിയും, സിനിമയെ തന്റെ ആത്മാവായി കണ്ട നടി സരികയും...ഉലകനായകന്‍ കമല്‍ഹാസന്റെ ഭാര്യമാര്‍. കമലിനോടുള്ള ഭ്രാന്തമായ പ്രണയത്താല്‍ സിനിമയെ ഉപേക്ഷിച്ച ഇരുവരും, വിവാഹത്തോടെ കുടുംബത്തിലേക്ക് ഒതുങ്ങുകയായിരുന്നു. എന്നാല്‍, ആ പ്രണയവും ജീവിതവും വിട്ടകന്നപ്പോള്‍, നൃത്തത്തിലും അഭിനയത്തിലും വീണ്ടും സ്വന്തം സന്തോഷത്തെ കണ്ടെത്തി ഇരുവരും.
ഏഴാം വയസ്സില്‍ ചിലങ്കയണിഞ്ഞ വാണി, പിന്നീട് നൃത്തവുമായി ലോകം മുഴുവന്‍ സഞ്ചരിച്ചു. 'പ്യാസി നദി' എന്ന ഹിന്ദിചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് 'അന്ധേര' എന്ന ബോളിവുഡ് സിനിമയിലും 'മേല്‍നാട്ട് മരുമഗള്‍' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. അതോടെ അവര്‍ അഭിനയത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു. കാരണം അപ്പോഴേക്കും അവര്‍ തന്റെ പ്രണയത്തെ കണ്ടുമുട്ടിയിരുന്നു, കമല്‍ഹാസന്‍. 'മേല്‍നാട്ട് മരുമഗളി'ല്‍ കമലായിരുന്നു വാണിയുടെ നായകനായത്.
ആ അടുപ്പം അധികം വൈകാതെ പ്രണയത്തിലെത്തി. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ വാണിക്ക് വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനോട് അത്ര താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. 1978-ലായിരുന്നു വിവാഹം. കമലിന് താത്പര്യമില്ലാത്തതിനാല്‍, സിനിമയില്‍നിന്ന് അകലുകയും ചെയ്തു വാണി.
നാളുകള്‍ കഴിയുമ്പോഴേക്കും അവര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. കമലിന് മറ്റ് പലരുമായുള്ള ബന്ധത്തിന്റെ കഥകള്‍ വാണിയുടെ ചെവിയിലുമെത്തി. എന്നിട്ടും കമലിനെ അവര്‍ ഭീകരമായി പ്രണയിച്ചു. 1985 ആയപ്പോഴേക്കും പ്രശ്‌നങ്ങള്‍ ഗുരുതരമായി. ഏകദേശം അതേ സമയത്തുതന്നെയാണ് കമല്‍ നടി സരികയുമായി അടുപ്പത്തിലാവുന്നത്. അധികം വൈകാതെ ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് ജനിച്ചു, ശ്രുതി ഹാസന്‍.

ഒരിക്കല്‍ കമല്‍ അന്നത്തെ സംഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു, ''ഒട്ടും സുഖകരമല്ലാത്ത ബന്ധമായിരുന്നു വാണിയുമായിട്ടുള്ളത്. എനിക്ക് സന്തോഷമായിരുന്നു വേണ്ടിയിരുന്നത്. ആ ബന്ധത്തില്‍ കിട്ടാതെ പോയതും അതുതന്നെ''. ആ ബന്ധത്തോടെ വിവാഹബന്ധങ്ങളിലുള്ള വിശ്വാസവും തനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് കമല്‍ പറഞ്ഞു. സന്തോഷം തേടിയുള്ള യാത്രയിലാണ് താന്‍ സരികയുമായി അടുത്തതെന്ന് കമല്‍ പലപ്പോഴും പറഞ്ഞു. എന്നാല്‍, വിവാഹിതനായതിനാല്‍ സരികയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ശ്രമിച്ചിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കമലിന്റെ പുതിയ കഥകള്‍ കേട്ട് മടുത്ത വാണി ഒടുവില്‍ വിവാഹമോചനമെന്ന തീരുമാനത്തിലെത്തി. അങ്ങനെ 1988-ല്‍ ഇരുവരും പിരിഞ്ഞു. വിവാഹമോചിതരായശേഷം രണ്ടുപേരും തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി. കമല്‍ അതേവര്‍ഷം തന്നെ സരികയെ വിവാഹം കഴിച്ചു. വാണിയുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് പലരും പലതും പറഞ്ഞു. അതൊന്നും ഇരുവരെയും ബാധിച്ചതേയില്ല, അതിനെക്കുറിച്ചൊന്നും മിണ്ടിയതുമില്ല.
2015-ല്‍ ഒരഭിമുഖത്തിലാണ് വാണിയുമായുള്ള ബന്ധത്തെക്കുറിച്ച് കമല്‍ ആദ്യമായി സംസാരിക്കുന്നത്. ''മകള്‍ ശ്രുതി ജനിക്കുമ്പോള്‍ എന്റെ കൈയില്‍ തീരെ പണമില്ലാത്ത അവസ്ഥയായിരുന്നു. ഉടമ്പടികള്‍ പ്രകാരം സമ്പാദ്യമെല്ലാം വാണിക്ക് കൊടുക്കേണ്ടി വന്നു. സീറോ ബാലന്‍സ് അക്കൗണ്ടായി മാറി. എനിക്ക് പിന്നീട് ഒന്നില്‍നിന്ന് തുടങ്ങേണ്ടിവന്നു''.

''ഞങ്ങളൊരുമിച്ച് താമസിച്ച ഫ്‌ളാറ്റില്‍നിന്ന് ഒന്നുമില്ലാതെയാണ് ഞാനിറങ്ങിപ്പോന്നത്. ഉപയോഗിച്ചുകൊണ്ടിരുന്ന ഉപകരണങ്ങള്‍ പോലും എടുക്കാന്‍ കമല്‍ സമ്മതിച്ചില്ല'', കമലിന്റെ ആ വെളിപ്പെടുത്തലിന് വാണി മറുപടി പറഞ്ഞതിങ്ങനെ. മറ്റുള്ളവരില്‍നിന്ന് സഹാനുഭൂതി കിട്ടാനാണ് കമല്‍ ഇങ്ങനെ പറയുന്നതെന്ന് വാണി ആരോപിച്ചു. ഒട്ടും താത്പര്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും ആത്മാര്‍ത്ഥതയില്ലാതെ പുഞ്ചിരിക്കാനും പെരുമാറാനും കമലിന് നന്നായറിയാമെന്നും വാണി കൂട്ടിച്ചേര്‍ത്തു.
ഹിന്ദി-തമിഴ് സിനിമകളില്‍ സജീവമായിരുന്ന കാലത്താണ് സരിക, കമലിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം അവര്‍ അഭിനയത്തില്‍നിന്ന് അകന്നു. 'ഹേ റാം' എന്ന സിനിമയില്‍ കമലിന്റെ കോസ്റ്റിയൂം ഡിസൈനര്‍ സരികയായിരുന്നു. അതിനവര്‍ക്ക് ദേശീയപുരസ്‌കാരവും ലഭിച്ചു. അധികം വൈകാതെ ഈ വിവാഹബന്ധവും തകര്‍ച്ചയിലേക്ക് പോയി. നടി ഗൗതമിയുമായുള്ള അടുപ്പത്തിന്റെ പേരിലാണെന്ന് അന്ന് വാര്‍ത്തകള്‍ വന്നു. എന്താണെങ്കിലും 2002-ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷനല്‍കി, 2004-ല്‍ വിവാഹമോചനം അനുവദിച്ചുകിട്ടുകയും ചെയ്തു.

കമല്‍ ഗൗതമിയുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെങ്കിലും, സരികയെ സംബന്ധിച്ചിടത്തോളം വേദനകളുടെ കാലമായിരുന്നുവത്. സാമ്പത്തികമായുള്ള പ്രശ്‌നങ്ങള്‍ വേറെ. ''പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ല ആ വിവാഹമോചനം. ഒരുപാട് അനുഭവിച്ചശേഷമാണ് അതിലെത്തിയത്. പക്ഷേ അവിടുന്നിറങ്ങുമ്പോള്‍ എന്റെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. ആകെ 60 രൂപയും കാറും മാത്രം. എവിടുന്നാണ് കുറച്ച് ഭക്ഷണം കിട്ടുക എന്ന് മാത്രമാണ് അന്നൊക്കെ ഞാന്‍ ചിന്തിച്ചത്. കൂട്ടുകാരുടെ വീട്ടില്‍ പോയി കുളിച്ച്, രാത്രി എന്റെ കാറില്‍ കിടന്നുറങ്ങി''. എന്നിട്ടും സരിക തളര്‍ന്നില്ല. അവര്‍ സിനിമയില്‍ പതുക്കെ സജീവമായി. 2005-ല്‍ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും സരികയ്ക്ക് ലഭിച്ചു.
എന്നാല്‍, സരികയുടെ സാമ്പത്തികബുദ്ധിമുട്ടുകളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കമല്‍ പിന്നീട് പറഞ്ഞത്. ആരുടെയും സഹതാപം ആവശ്യമില്ലാത്ത കരുത്തയായ സ്ത്രീയെന്നാണ് കമല്‍ സരികയെ വിശേഷിപ്പിച്ചത്. സാമ്പത്തികസഹായങ്ങള്‍ സ്വീകരിക്കാന്‍ അവരൊരിക്കലും തയ്യാറാവുമായിരുന്നില്ലെന്നും കമല്‍ അന്ന് പറഞ്ഞു.
Content Highlights: actor kamal haasan's married life with vani ganapathy and sarika
Published: 07 Nov 2024, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented