
ജിയാക്കോമോ കാസനോവ. പ്രണയത്തിനും രതിക്കും ലോകം കല്‍പ്പിച്ച പര്യായം. അങ്ങേയറ്റം സാഹസികമായിരുന്നു ആ ജീവിതം. കാസനോവ അഭിനേതാവായിരുന്നു, സ്വാതന്ത്ര്യവാദിയും. എഴുത്തുകാരനെ എന്ന നിലയ്ക്കും അദ്ദേഹം പ്രതിഭാശാലിയായിരുന്നു. പക്ഷെ കാലം അദ്ദേഹത്തെ ഓര്‍ത്തുവെക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ കാമുകന്‍ എന്ന നിലയ്ക്കാണ്.
സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് കാസനോവ, അതും പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശ്രമം. പല ജോലികള്‍ ചെയ്തു. വയലിനിസ്റ്റായി മായാജാലക്കാരനും പട്ടാളക്കാരനുമായി. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ വിനോദങ്ങളെ ബാധിച്ചില്ല. ചൂതാട്ടം തുടര്‍ന്നുപോയി. നിരവധി സ്ത്രീകളുമായി ഒരേ സമയം ബന്ധങ്ങള്‍. പതിനാല്, പതിനാറ് വയസ്സുള്ള രണ്ടു സഹോദരിമാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അതേപ്പറ്റിയുള്ള ചൂടന്‍വാര്‍ത്തകള്‍ പ്രചരിച്ചതോടെ കാസനോവ എന്ന കാമുകന്‍ ശ്രദ്ധിക്കപ്പെട്ടു.

സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളില്‍ മുന്നാക്കക്കാരനായിരുന്നില്ല കാസനോവ. വലിയ അഴക് അവകാശപ്പെടാനില്ലാത്ത മുഖം. ശരാശരി ശരീരം. എന്നിട്ടും സ്ത്രീകള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായി. കന്യാസ്ത്രീകളും പ്രഭ്വികളും പാവപ്പെട്ടവരും ഒരുപോലെ അദ്ദേഹത്തോടടുത്തു. പ്രായവും ഒരു ഘടകമായില്ല. മുന്‍പ് തനിക്ക് ബന്ധമുണ്ടായിരുന്ന സഹോദരിമാരില്‍ ഒരുവളുമായി വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും ബന്ധം സ്ഥാപിച്ചു. അതും ഇത്തവണ അവളുടെ മകള്‍ക്കൊപ്പം. യുവതികളും വിധവകളും വൃദ്ധകളും കാസനോവയുടെ കാമുകിമാരായി. അമ്മമാരും പെണ്മക്കളുമായി പോലും കാസനോവ പ്രണയം ആഘോഷിച്ചു. പ്രണയക്കുതിപ്പുകളും രതിസാഹസികതകളും നിറഞ്ഞ ദിനരാത്രങ്ങള്‍.
1755-ല്‍ അദ്ദേഹം തടവിലാക്കപ്പെട്ടു. വെനീസിലെ കുപ്രസിദ്ധമായ പിയൂംബി ജയിലിലായിരുന്നു അദ്ദേഹം. ശക്തമായിരുന്നു അവിടുത്തെ സുരക്ഷാസംവിധാനം. എന്നിട്ടും 13 മാസങ്ങള്‍ക്ക് ശേഷം അത്ഭുതകരമായി അദ്ദേഹം ജയില്‍ ചാടി. പാരീസ് ആയിരുന്നു ആദ്യ ഇടത്താവളം. അവിടെ അദ്ദേഹം ലോട്ടറി ആവിഷ്‌കരിച്ചു. പ്രഭുക്കന്മാരുടെ പ്രിയപ്പെട്ടവനായി. ആഡംബര സഭകളില്‍ അംഗമായി. ഒടുവില്‍ കടക്കാരില്‍ നിന്ന് രക്ഷപ്പെടാനായി പാരീസ് വിട്ടു.
ഷെവലിയര്‍ ഡി സെന്‍ഗാള്‍ട്ട് എന്ന പുതിയ പേര് സ്വീകരിച്ചു. ജര്‍മനി, ലണ്ടന്‍, സ്പെയിന്‍... യൂറോപ്പിലെ പല നാടുകളിലൂടെ കാസനോവ കടന്നുപോയി. പോയിടത്തെല്ലാം ചൂതാട്ടം തുടര്‍ന്നു. ചില നേരങ്ങളില്‍ ജീവിതം സമ്പന്നം. മറ്റു ചിലപ്പോള്‍ അങ്ങേയറ്റം കടക്കെണിയും ദാരിദ്ര്യവും. കാലുകുത്തിയ നാടുകളിലെല്ലാം കാസനോവയ്ക്ക് കാമുകിമാരുണ്ടായി.
രാഷ്ട്രീയ ചാരന്റെ വേഷവും അദ്ദേഹം എടുത്തണിഞ്ഞു. ഇടയ്‌ക്കെപ്പോഴോ കാസനോവ എഴുത്തിലേക്ക് തിരിഞ്ഞു. ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഐതിഹാസികമായ പ്രണയസാഹസികത പുറംലോകമറിയുന്നത്. 18-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയവും കിറുകൃത്യമായി കാസനോവ അടയാളപ്പെടുത്തി.

നിശബ്ദമായിരുന്നു അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങള്‍. ബൊഹീമിയയില്‍ ഒരു ലൈബ്രെറിയന്‍ ആയി കാസനോവ. അവിടെയിരുന്നും എഴുത്ത് തുടര്‍ന്നു. വാര്‍ദ്ധക്യകാലത്തും പ്രണയിനികള്‍ ചുറ്റിലുമുണ്ടായിരുന്നു. കാമുകിമാരെപ്പറ്റിയും തുടരുന്ന രതിമേളങ്ങളെപ്പറ്റിയും അവസാനകാലത്തും കാസനോവ എഴുതി.
12 വോള്യങ്ങളായി എഴുതിയ ഓര്‍മക്കുറിപ്പ്. അതിലദ്ദേഹം വിവരിക്കുന്ന സാഹസികതകള്‍ പലതും അതിശയോക്തി ആണെന്നും പറയപ്പെടുന്നു. സത്യമെന്തായാലും കാസനോവ എന്ന പേര് ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു.
Content Highlights: casanova and his escapades
Published: 07 Nov 2024, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented