മലയാള സിനിമ ഉള്ളിടത്തോളം നിലനില്‍ക്കുന്ന കള്‍ട്ട് സംവിധാന കൂട്ടുകെട്ടിന്റെ പേരാണ് സിദ്ദിഖ്-ലാല്‍. റാംജിറാവ് സ്പീക്കിങ് എന്ന തങ്ങളുടെ ആദ്യ സിനിമ മുതല്‍ വിജയ സിനിമയുടെ പുതിയ ഫോര്‍മുല മലയാളിക്ക് കാണിച്ചുകൊടുത്തവര്‍. റാംജിറാവുവും, ഹരിഹര്‍ നഗറും, ഗോഡ്ഫാദറും, വിയറ്റ്‌നാം കോളനിയും കാബൂളിവാലയുമെല്ലാം വ്യത്യസ്ത തരത്തിലുള്ള സിദ്ദിഖ്-ലാല്‍ പരീക്ഷണങ്ങളായിരുന്നു. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞു. സിദ്ദിഖ് സംവിധാനരംഗത്തേക്ക് കൂടുതല്‍ കാലുറപ്പിച്ചപ്പോള്‍ അഭിനയത്തിലും നിര്‍മാണത്തിലും വിതരണത്തിലുമാണ് ലാല്‍ നിറഞ്ഞുനിന്നത്. 2009 ലാണ് ലാല്‍ പിന്നീട് സംവിധാന രംഗത്തേക്ക് തിരിച്ചുവന്നത്. പിരിഞ്ഞതിന് ശേഷം സിദ്ദിഖിന്റെ സിനിമകള്‍ ലാല്‍ നിര്‍മിക്കുകയും അഭിനയിക്കുമൊക്കെ ചെയ്ത് ആ സൗഹൃദം അവര്‍ തുടര്‍ന്നു. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിനെ കുറിച്ച് പലരും പലകഥകളും പ്രചരിപ്പിക്കാന്‍ നോക്കിയെങ്കിലും സിദ്ദിഖും ലാലും അത്തരം പ്രചാരണങ്ങള്‍ക്ക് നിന്നുകൊടുത്തില്ല. രണ്ടുപേരും തങ്ങളുടെ ഇഷ്ടവഴികളില്‍ തുടര്‍ സഞ്ചാരം നടത്തി എന്നാണ് ഇരുവരും പറഞ്ഞതും. ലാലുമായി നടത്തിയ ഒരുസംഭാഷണത്തിനിടെ ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയതും ആ മറുപടികള്‍ തന്നെയായിരുന്നു. തങ്ങളുടെ കുട്ടൂകെട്ടിന്റെ പേര് മലയാള സിനിമ ഉള്ളിടത്തോളം നിലനില്‍ക്കുമെന്നും ലാല്‍ അന്ന് പറഞ്ഞ്. ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിതാ...

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞ ശേഷം 2009 വരെ ലാല്‍ സംവിധാനത്തില്‍ നിന്ന് മാറി നിന്നു. എന്തായിരുന്നു കാരണം. ?

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അഭിനയിക്കാന്‍ ഒരുപാട് സിനിമകളുണ്ടായിരുന്നു. അഭിനയം നന്നായി ആസ്വദിക്കുകയായിരുന്നു. സാമ്പത്തികപരമായും ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. നിര്‍മാണ കമ്പനി കൂടി തുടങ്ങിയതോടെ അതിന്റെ തിരക്കുകളുമായി. അങ്ങനെ വര്‍ഷങ്ങളോളം സംവിധാനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സംവിധാനം ചെയ്യുമ്പോള്‍ സ്വന്തമായി എഴുതണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. എഴുതുന്നയാള്‍ തന്നെ സംവിധാനം ചെയ്യണമെന്ന പക്ഷക്കാരനാണ് ഞാന്‍. കാരണം അയാളുടെ മനസിലാണ് പൂര്‍ണമായ സിനിമ ഇരിക്കുന്നത്. അതിന് 2009 ല്‍ ടു ഹരിഹര്‍നഗര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 

placeholder
കാബൂളിവാലയുടെ ചിത്രീകരണത്തിനിടെ

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന് കുറിച്ച് പലരും പല കഥകളും പ്രചരിപ്പിച്ചിരുന്നു, അത്തരം പ്രചാരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ..? 

പലരും സ്വന്തം ഇഷ്ടപ്രകാരം എഴുതുവിടുന്നതാണ് ഭൂരിഭാഗവും. ചിലര്‍ നമ്മള്‍ നല്ല ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങളിലെ ഒരുവാക്ക് മാത്രം മുറിച്ചെടുത്ത് മോശമായ രീതിയില്‍ അതിനെ അവതരിപ്പിക്കും. 
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് ഒത്തുപോകില്ലെന്ന് ഞങ്ങള്‍ക്ക് പരസ്പരം തോന്നിയപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്ലരീതിയില്‍ വേര്‍പിരിഞ്ഞത്. സിദ്ദിഖും ഞാനും പിന്നീട് സിനിമയില്‍ വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്. ഞാന്‍ വര്‍ഷങ്ങളായി പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനും സിദ്ദിഖ് സംവിധാനത്തിനുമാണ്.

ഞങ്ങള്‍ കാണുന്ന ആള്‍ക്കാര്‍,  കാഴ്ചകള്‍ എല്ലാം വ്യത്യസ്തമാണ്. ഒന്നിച്ച് സിനിമ ചെയ്യുന്ന കാലത്ത് ഞങ്ങള്‍ ഭൂരിഭാഗം സമയവും ഒന്നിച്ചായിരുന്നു. അതുകൊണ്ട് തന്നെ സമാനതകള്‍ ഏറെയുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍, സുഹൃത്തുക്കള്‍, കാണുന്ന കാര്യങ്ങള്‍ എല്ലാം ഒന്നായിരുന്നു.  ' സിദ്ദിഖേ, ഈ സീന്‍ ഇങ്ങനെയാക്കിയലോ' എന്ന് ചോദിച്ചാല്‍ ഏത് സീനെന്നും അത് എങ്ങനെയാക്കനാണ് ഞാന്‍ ഉദ്ദേശിച്ചതൊന്നും സിദ്ദിഖിന് മനസിലാകുമായിരുന്നു. 'അത് കൊള്ളാമെടാ' എന്ന് പറയും. അല്ലെങ്കില്‍ ഒന്നുകൂടി മാറ്റിപിടിക്കെന്ന് പറയും. റാംജിറാവ് ചെയ്ത് കഴിഞ്ഞ് ഒന്നരവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ 'ഇന്‍ ഹരിഹര്‍ നഗര്‍' ചെയ്തത്. ആ ഒന്നരവര്‍ഷം മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചകള്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയും കാബൂളിവാലയും എല്ലാം അങ്ങനെയായിരുന്നു. 
എന്നാല്‍ ഇപ്പോള്‍ രണ്ടുപേരുടെ ഇടയിലും നിലനില്‍ക്കുന്നത് പരസ്പര ബഹുമാനമാണ്. ഞാനൊരു കാര്യം പറഞ്ഞാല്‍ അത് കൊള്ളില്ലെന്ന് പറയാന്‍ സിദ്ദിഖിനേ മറിച്ച് എനിക്കേ സാധിക്കുന്നില്ല.

ആ ബഹുമാനത്തിനിടയില്‍ സിദ്ദിഖ്-ലാല്‍ കെമിസ്ട്രി വര്‍ക്ക് ആവില്ല. കുറേകാലം ഒരുമിച്ചിരുന്ന് പഴയത് പോലെ ഒരു സിനിമ ചെയ്യാനുള്ള സാഹചര്യം രണ്ടുപേര്‍ക്കുമിടയിലില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് പിന്നീട് സംവിധാനം ചെയ്യാതിരുന്നത്. 

സിദ്ദിഖ്-ലാല്‍ എന്ന കള്‍ട്ടിന് ഇപ്പോഴും ആരാധകരേറെയുണ്ട്. അത് ശ്രദ്ധിച്ചിട്ടുണ്ടോ ?

സിദ്ദിഖ്-ലാല്‍ എന്ന കള്‍ട്ട് മലയാള സിനിമ ഉള്ള കാലത്തോളം നിലനില്‍ക്കും. ഇന്നും ഓരോ പുതിയ സംവിധായകനെയും പരിചയപ്പെടുമ്പോള്‍ അവര്‍ ആദ്യ പറയുന്നത് ഗോഡ്ഫാദറിനെയും ഹരിഹര്‍നഗറിനെയും കുറിച്ചാണ്. തമിഴിലും തെലുഗിലുമെല്ലാം പോകുമ്പോള്‍ ആ ബഹുമാനം ഇപ്പോഴും ലഭിക്കുന്നുണ്ട്. തമിഴന്മാരും തെലുഗരുമെല്ലാം എല്ലാ മലയാള പടങ്ങളും കാണും. കാരണം അവര്‍ക്ക് പുതിയ ചിന്തകള്‍ ആവശ്യമാണ്. മലയാളത്തിലെ നല്ല ആശയങ്ങള്‍ അവര്‍ അവിടെ പരീക്ഷിച്ചുനോക്കുന്നു. 

റാംജിറാവ് ഇറങ്ങിയിട്ട് 35 ാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുകയാണ്. അത്  പറയുമ്പോള്‍ അഭിമാനമുണ്ട്. ആ പടം ഇറങ്ങുന്നകാലത്ത് ജനിക്കാന്‍ പോലും ആലോചിച്ചിട്ടില്ലാത്തവര്‍ പോലും ഇന്ന് ആ പടം ആസ്വദിക്കുന്നു. അന്ന് ഞങ്ങള്‍ ആ പടം സംവിധാനം ചെയ്യുമ്പോള്‍ ഇവരെകൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പടം ഹിറ്റായതോടെ മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു തരം സിനിമായി അത് മാറി.

ന്യൂവേവ് എന്നൊക്കെ പറയാം. എല്ലാകാലത്ത് ഇത്തരം പുതിയ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ഐ വി ശശിസാറാണ് എന്റെ ഓര്‍മയിലെ ആദ്യ ന്യൂവേവ് സംവിധായകന്‍. ഉമ്മറിന് ഒരു സ്റ്റാര്‍ പരിവേഷവും ഇല്ലാത്ത കാലത്താണ് 'ഉത്സവം' എന്ന സിനിമയില്‍ അദ്ദേഹത്തെ നായകനാക്കി ആ പടം ഹിറ്റാക്കുന്നത്. ഉത്സവം കണ്ടത് മുതലാണ് സംവിധായകന്റെ പേര് നോക്കി ഞാന്‍ സിനിമയ്ക്ക് പോകാന്‍ തുടങ്ങിയത്.