''എനിക്കും ഭര്‍ത്താവ് അനൂപിനും ഗുരുതുല്യനാണ് സിദ്ദിഖ് സാര്‍. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ ഷൂട്ടിങ്ങായതുകൊണ്ട് അദ്ദേഹത്തിനെ അവസാനമായെന്ന് കാണാന്‍ പറ്റില്ലെന്ന സങ്കടവുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണിത്,'' അഭിനേത്രിയായ പ്രിയങ്ക അനൂപ് തിരുവനന്തപുരത്തെ ഷൂട്ടിങ് സെറ്റിലിരുന്ന് സംസാരിച്ചുതുടങ്ങി. സംവിധായകന്‍ സിദ്ദിഖിനെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും അവരുടെ വാക്കുകള്‍ മുറിഞ്ഞു, ശബ്ദം ഇടറി. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനി എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ഈ മേഖലയിലേക്ക്‌ കടന്നുവരുന്നത്. ആ കോളനിയിലെ ഒരു അന്തേവാസിയായിട്ടുള്ള റോള്‍.

''ഞാന്‍ ജീവിതത്തില്‍ ഇങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍, ഈ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പുറകില്‍ സിദ്ദിഖ് സാര്‍ തന്നെയാണ്. ഞാനെപ്പോഴും പറയാറുണ്ട്, വിയറ്റ്‌നാം കോളനീല് ആ ചെറിയ സീന്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും സിനിമയില്‍ വരില്ലായിരുന്നുവെന്ന്. ആ സിനിമ കഴിഞ്ഞപ്പോഴേക്കും ആളുകളെന്നെ ചെറുതായി തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. അതുകഴിഞ്ഞ് വെങ്കലത്തിലും അഭിനയിച്ചശേഷമാണ് മാന്നാര്‍ മത്തായിയിലെ ശകുന്തള എന്ന നാടകനടിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആ ലേബലില്‍ ഒരുപാട് പടങ്ങള്‍ കിട്ടി. അതുകൊണ്ടാവാം ശകുന്തള എന്റെ ഹൃദയത്തോട് അത്രയും ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ്. 

placeholder
ഫോട്ടോ: പി.ജയേഷ്‌


ശകുന്തള വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും സിദ്ദിഖ് സാറിനുള്ളതാണ്. അതിലെ പാട്ടും ഡാന്‍സുമൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ശരിക്കും പേടിയുണ്ടായിരുന്നു. പാട്ടിന്റെ വരികളൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു പാടാന്‍. അതിനൊപ്പം കുറേ ടേക്ക് പോയാല്‍ ക്യാമറേടെ ഫിലിം തീരുമല്ലോയെന്ന ടെന്‍ഷനും. അത്രയും ഫിലിം റോള്‍ പോയാല്‍ നമുക്കൊരു പേരുദോഷമല്ലേ. അതൊക്കെയോര്‍ത്ത് ക്യാമറ ഓണ്‍ ചെയ്യുന്ന ശബ്ദം കേള്‍ക്കുമ്പോഴേ എനിക്ക് മുട്ടിടിക്കാന്‍ തുടങ്ങും. ഇത് മനസ്സിലായപ്പോള്‍ സിദ്ദിഖ് സാര്‍ പറഞ്ഞു, ഫിലിം റോള്‍ എത്ര പോയാലും സാരമില്ല, പ്രിയങ്ക അത് ഭംഗിയായി ചെയ്താലേ നമ്മളടുത്ത സീന്‍ ഷൂട്ട് ചെയ്യുകയുള്ളൂ. അതുകൊണ്ട് ടെന്‍ഷന്‍ വേണ്ട. ഞാന്‍ പുതിയൊരു ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് രണ്ടുമൂന്ന് ടേക്ക് ഓകെയായില്ലെങ്കില്‍ നിസ്സാരമായിട്ട് അദ്ദേഹത്തിന് എന്നെ മാറ്റാമായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല. എല്ലാം ക്ഷമയോടെ പറഞ്ഞുതന്നു. സാര്‍ അന്നാ റിസ്‌ക് എടുത്തിരുന്നില്ലെങ്കില്‍ പ്രിയങ്ക എന്ന അഭിനേത്രി ഉണ്ടാവില്ലായിരുന്നു, അതുറപ്പാണ്.

ഞാനൊരിക്കല്‍ തമാശയ്ക്ക് സാറിനോട് പറഞ്ഞിരുന്നു, സാറേ, ഈ സല്‍മാന്‍ ഖാനെയൊക്കെ വെച്ച് ഹിന്ദിയില്‍ പടമെടുക്കുന്നില്ലേ. ഞാന്‍ വേണമെങ്കില്‍ കുറച്ച് മെലിയാം സാറേ, എനിക്കും ഹിന്ദിയില്‍ ചാന്‍സ് തരണം. സാറപ്പോള്‍ പറഞ്ഞു, ഇതൊന്നുമല്ല പ്രിയങ്ക. നല്ലൊരു വേഷം വന്നിട്ട് പ്രിയങ്ക മുന്നോട്ടുവരും. ഇനിയും പ്രിയങ്കേടെ സമയമായിട്ടില്ല. ഏതോ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഒറ്റടേക്കില്‍ ഓക്കെയാക്കുന്ന ആര്‍ട്ടിസ്റ്റാണ് പ്രിയങ്കയെന്ന്. അതൊക്കെ എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ്. എന്റെ ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. സാര്‍ മരിച്ചിട്ടില്ലെന്നാണ് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്.