
സിദ്ദിഖ്-ലാല്‍ വേര്‍പിരിയുന്നു, കേട്ടവരെല്ലാം ഒന്നു ഞെട്ടി, കാരണം മലയാള സിനിമാ ചരിത്രത്തില്‍ അന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഹിറ്റ് സംവിധാന കൂട്ടുകെട്ട്, തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റ്. അവരുടെ വേര്‍പിരിയല്‍ വാര്‍ത്ത മലയാള സിനിമാലോകത്തെ തൊല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്. കാരണമന്വേഷിച്ചിറങ്ങിയവര്‍ നിരവധി. എന്നാല്‍ വേര്‍പിരിയാനുള്ള കാരണം സിദ്ദിഖും ലാലും ഇന്നോളം പരസ്യപ്പെടുത്തിയില്ല. അതുതന്നെയാണ് ആ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ വിജയം. വേര്‍പിരിഞ്ഞിട്ടും അവര്‍ ഒന്നായിരുന്നു, സിദ്ദിഖ് സ്വതന്ത്ര സംവിധായകനായ ' ഹിറ്റ്‌ലര്‍' എന്ന ചിത്രത്തില്‍ നിര്‍മാതാവിന്റെ റോള്‍ ലാല്‍ ഏറ്റെടുത്തു. സംവിധാനം സിദ്ദിഖ്. നിര്‍മാണം ലാൽ. അന്നുവരെയുണ്ടായ ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിക്കുന്ന വിജയമായിരുന്നു ഹിറ്റ്‌ലര്‍ നേടിയത്. സിദ്ദിഖ് എന്ന സ്വതന്ത്ര സംവിധായകന്റെ യാത്ര ആ മെഗാഹിറ്റ് വിജയത്തിലാണ് ആരംഭിച്ചത്. സ്ത്രീകള്‍ക്കിടയില്‍ മമ്മൂട്ടിയെ കൂടുതല്‍ സ്വീകാര്യനാക്കുന്നതിലും ചിത്രം നിര്‍ണായക പങ്കുവഹിച്ചു. ഹിറ്റ്‌ലറിന് 25 വയസ്സ് പൂര്‍ത്തിയായപ്പോള്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനായി സിദ്ദിഖ് ആ ഓര്‍മകള്‍ വീട്ടിലിരുന്ന് പങ്കുവച്ചിരുന്നു. ഹിറ്റ്‌ലറിന്റെ പിന്നിലെ ആ അറിയാക്കഥകളിതാ...
പുതുവര്‍ഷത്തിലെ പിറവി
Also Read
2021 ജനുവരി ഒന്ന് എത്തിയപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്ത കാര്യം 1996 ലെ പുതുവര്‍ഷ ദിനത്തെപ്പറ്റിയായിരുന്നു. 25 വര്‍ഷം മുമ്പ്, അന്നായിരുന്നു ഞങ്ങള്‍ ഹിറ്റ്‌ലറിന്റെ ഷൂട്ട് ആരംഭിച്ചത്. പൊള്ളാച്ചിയിലെ ശക്തി ഹോട്ടലിന്റെ താഴെ സെറ്റിട്ട ഫോണ്‍ ബൂത്തിലായിരുന്നു ആദ്യ സീന്‍. സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. മോഹന്‍ലാല്‍-ശിവാജി ഗണേശന്‍ ചിത്രം 'ഒരു യാത്രമൊഴി'യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പ്രിയന്‍ അന്ന് പൊള്ളാച്ചിയിലെത്തിയത്. വാണി വിശ്വനാഥിന്റെ കഥാപാത്രം മുകേഷിന്റെ ഓഫീസിലേക്ക് ഫോണ്‍ വിളിക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഞാന്‍ സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രം, മമ്മൂക്ക നായകന്‍, ലാല്‍ നിര്‍മാതാവിന്റെ റോളില്‍.

പുല്ലേപ്പടിയിലെ ഹിറ്റ്‌ലര്‍
ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ കണ്ടെടുത്തത് ഞങ്ങളുടെ നാടായ പുല്ലേപ്പടിയില്‍ നിന്ന് തന്നെയാണ്. പുല്ലേപ്പടിയില്‍ മൂന്ന് തരം ആള്‍ക്കാരാണ് അന്നുതാമസിച്ചിരുന്നത്. അപ്പര്‍മിഡില്‍ ക്ലാസ്, മിഡില്‍ക്ലാസ്, ലോവര്‍ മിഡില്‍ക്ലാസ്. അപ്പര്‍മിഡില്‍ ക്ലാസുകാരായ ഭൂരിഭാഗം പേരും പുറത്തുനിന്ന് വന്ന് താമസിക്കുന്നവരായിരുന്നു. അവരാരും ഞങ്ങളുമായി കൂട്ടുകൂടാറില്ല. മിഡില്‍ക്ലാസിലും ലോവര്‍ മിഡില്‍ക്ലാസിലുംപ്പെട്ട കൗമാരക്കാരുടെ കൂട്ടമായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ഗ്യാങ്ങിനെ ആരും വലിയ പരിഗണന നല്‍കാറില്ല. കാരണം ചുമ്മാ സൊറ പറയുന്ന തല്ലിപ്പൊളി ടീമായിട്ടാണ് പലരും കണ്ടിരുന്നത്. അതിനിടയ്ക്കാണ് പുതിയ വാടകവീട്ടുക്കാരായി അവിടേക്ക് ഒരു സഹോദരനും സഹോദരിയും താമസിക്കാനെത്തുന്നത്. ചേട്ടന്‍ അല്‍പം പ്രായമുള്ള ആളും സഹോദരി വളരെ സുന്ദരിയായ യുവതിയുമായിരുന്നു.
ആ പെണ്‍കുട്ടിയെ പരിചയപ്പെടണം എന്നതായി പിന്നെ ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. പുല്ലേപ്പടിയിലെ പ്രധാനറോഡിനോട് ചേര്‍ന്നുള്ള വീടായിരുന്നു അവരുടേത്. പെണ്‍കുട്ടി വീടിന്റെ ടെറസ്സില്‍ ഇരുന്നു നടന്നുമൊക്കെയാണ് പഠിക്കാറുള്ളത്. ഇത് കൃത്യമായി മനസ്സിലാക്കിയ ഞങ്ങള്‍ പെണ്‍കുട്ടി പഠിക്കാനിറങ്ങുന്ന കൃത്യസമയം ആ റോഡിന്റെ സമീപത്തെത്തി പരസ്പരം സംസാരിക്കാനും ഗോഷ്ഠികള്‍ കാണിക്കാനുമൊക്കെ തുടങ്ങും. പെണ്‍കുട്ടി ഇടയ്ക്ക് ഇതൊക്കെ ശ്രദ്ധിച്ച ഒരു ചെറുചിരി സമ്മാനിക്കുകയും ചെയ്യും. ഈ സംഭവം നടക്കുന്ന സമയം സഹോദരന്‍ താഴേ മുറിയിലിരുന്ന് ജനലിലൂടെ ഈ പൂവലന്‍മാരെ വളരെ ആശങ്കയോടെ വീക്ഷിക്കുന്നുണ്ടാകും. ഈ സഹോദരന്റെ ആശങ്ക അന്നുതൊട്ടേ എന്റെ മനസ്സില്‍ കിടന്നിരുന്നു. അയാളാണ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ പ്രചോദനം. ഒരു സഹോദരിയുണ്ടായിട്ട് ഒരാള്‍ ഇത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അഞ്ച് പേരായാലോ എന്ന ചിന്തയാണ് പിന്നീട് കഥയായി മാറുന്നത്.
ഔസേപ്പച്ചന്റെ കസിന്‍
ഈ കഥയുമായി ഞങ്ങള്‍ ആദ്യം പോയത് നിര്‍മാതാവ് ഔസേപ്പച്ചന്റെ അടുത്തായിരുന്നു. കഥ മുഴുവന്‍ കേട്ടശേഷം അദ്ദേഹം പറഞ്ഞു ' ആ യുവാവ് എന്റെ കസിനാണ്'. അത് പറഞ്ഞത് എല്ലാവരും കൂടി ചിരിച്ചു. ഞാനും ലാലും ഒന്നിച്ചുണ്ടായിരുന്ന സമയത്ത് തന്നെ മമ്മൂക്കയെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. കാരണം മമ്മൂക്കയെ ഞങ്ങള്‍ മിമിക്രി ചെയ്ത് നടക്കുന്ന കാലം തൊട്ട് പരിചയമുണ്ട്. അദ്ദേഹം ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. ഒന്നിച്ചുള്ള സിനിമയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സമ്മതം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഞാനും ലാലും പിരിഞ്ഞതോടെ ആ പ്രോജക്ട് ഇല്ലാതായി. അത് കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞാണ് ഹിറ്റ്‌ലറിന്റെ കഥ തയ്യാറാകുന്നത്. ലാല്‍ നിര്‍മാതാവും ഞാനും സംവിധായകനുമായി മമ്മൂക്ക നായകനാകുന്ന ചിത്രം, അദ്ദേഹം കഥ കേള്‍ക്കാതെ തന്നെ സമ്മതമറിയിച്ചു. ഔസേപ്പച്ചന്‍ ചേട്ടനും അസീസും കൂടി നിര്‍മാതാക്കളായി ഹിറ്റ്‌ലറിന്റെ ഭാഗമായെത്തി.
പിന്നീട് മമ്മൂക്കയെ കഥ കേള്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് പലവട്ടം കറങ്ങേണ്ടി വന്നു. മദ്രാസില്‍ പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത്, ലൊക്കേഷനില്‍ അങ്ങനെ ഓരോസ്ഥലത്ത് ചെല്ലുമ്പോഴും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പടം എപ്പോള്‍ തുടങ്ങും എന്ന് മാത്രം അറിഞ്ഞാല്‍ മതി എന്നാണ് പറയുന്നത്. അവസാനം ഷൂട്ടിങിന്റെ തലേദിവസം എല്ലാവരും കൂടി നിര്‍ബന്ധിച്ചാണ് അദ്ദേഹം കഥ കേള്‍ക്കുന്നത്. അന്ന് മമ്മൂക്ക കഥ കേള്‍ക്കാതിരിക്കാനുള്ള കാരണമായി പറഞ്ഞത് ഇങ്ങനെയാണ് ' ഞാനൊരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ് വന്നിരിക്കുന്നത്. അത് സൂപ്പര്‍ഹിറ്റാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ കഥ കേള്‍ക്കേണ്ട ആവശ്യമില്ല.'

മമ്മൂക്ക, അവരെ സൂക്ഷിക്കണം
ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പേ മമ്മൂക്കയോട് പലരും സൂക്ഷിക്കണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ' സിദ്ദിഖ്-ലാല്‍ മാരുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം അവരുടെ സ്ഥിരം നടന്മാരായ മുകേഷിനും ജഗദീഷിനും ഇന്നസെന്റിനും ഇടയിലിട്ട് മമ്മൂക്കയെ ഞെരുക്കി കളയും. അവരുടെ കോമഡിക്കായിരിക്കും പ്രധാന്യം. മമ്മൂക്കയ്ക്ക് കാര്യമായിട്ടൊന്നും ഉണ്ടാകില്ല' ഈ ഉപദേശത്തിന് മമ്മൂക്ക നല്‍കിയ മറുപടിയും ഞങ്ങള്‍ പിന്നീടറിഞ്ഞു.
' എനിക്ക് അഭിനയിക്കാന്‍ അറിയാം എന്ന് തെളിയിക്കാന്‍ സിദ്ദിഖിന്റെ പടം വേണ്ട. എന്നെ പരമാവധി ഉപയോഗിക്കേണ്ടതും നല്ലൊരു കഥാപാത്രമുണ്ടാക്കി പടം ഹിറ്റാക്കേണ്ടതും അവന്റെ ഉത്തരവാദിത്തമാണ്. ' ഇതായിരുന്നു ആ ക്ലാസ് മറുപടി.
ഹിറ്റ്‌ലറിന്റെ നിര്‍മാണഘട്ടത്തില്‍ അഡ്വാന്‍സ്‌പോലും വാങ്ങാതെയാണ് മമ്മൂക്ക വന്ന് അഭിനയിച്ചത്. പടം മുഴുവന്‍ കഴിഞ്ഞിട്ടും അദ്ദേഹം പണം വാങ്ങിയില്ല. ഷൂട്ട് കഴിഞ്ഞ് ഒരുദിവസം മമ്മൂക്ക ലാലിനെ വിളിപ്പിച്ചു. എന്തെങ്കിലും പ്രശ്‌നമാണോ എന്നാണ് ഞാന്‍ കരുതിയത്. ലാല്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു ' എന്താടോ, പ്രശ്‌നമെന്തെങ്കിലും ഉണ്ടോ..?' ' ഇല്ലെടോ, കാശ് വല്ലതും ആവശ്യമുണ്ടോ എന്ന് ചോദിക്കാനാണ് മമ്മൂക്ക വിളിപ്പിച്ചത്' ലാല്‍ പറഞ്ഞപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നി. കാരണം മമ്മൂക്ക ഞങ്ങളെ അത്രമാത്രം സ്‌നേഹിച്ചിരുന്നെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിമിഷമായിരുന്നു അത്.

നിര്‍മാതാവ് ആ പണി നോക്കിയാല്‍ മതി
മുടി ചെരിച്ച് ഇടുന്നതായിരുന്നു അന്നത്തെ മമ്മൂക്കയുടെ സ്‌റ്റൈല്‍. മാധവന്‍കുട്ടിയാകുമ്പോള്‍ പിറകിലോട്ട് മുടി ചീകി വച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക സമ്മതിച്ചില്ല. ഈ കാര്യം ഞാന്‍ ലാലിനോട് പറഞ്ഞു. ആദ്യ ദിവസം ഷോട്ടിന് തൊട്ടുമുമ്പായി ലാല്‍ പിറകിലോട്ട് മുടി ചീകിവെക്കണമെന്ന് വീണ്ടും മമ്മൂക്കയോട് ആവശ്യപ്പെട്ടു. നിര്‍മാതാവ് ആ പണി നോക്കിയാല്‍ മതി എന്നായിരുന്നു അപ്പോള്‍ മമ്മൂക്കയുടെ മറുപടി. റിഹേഴ്‌സല്‍ സമയത്തെല്ലാം മമ്മൂക്ക മുടി ചെരിച്ചുതന്നെ ഇട്ടു. ഷോട്ടിന് റെഡിയായി വരുമ്പോഴും സമാനരീതിയിലായിരുന്നു. എന്നാല്‍ ഷോട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ജോര്‍ജിനെ വിളിച്ചു, മുടി ഞങ്ങള്‍ ആവശ്യപ്പെട്ട രീതിയില്‍ പിറകിലേക്ക് ചീകിയൊതുക്കി. ലാലിനെ നോക്കി 'മതിയല്ലോ' എന്നൊരു ചോദ്യവും. ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.
ഇത് ഞാന്‍ ചെയ്യും

ഞങ്ങളുടെ ആദ്യ സിനിമ തൊട്ട് നായിക റോളിലേക്ക് ആദ്യം പരിഗണിക്കാറുള്ളത് ശോഭനയെയാണ്. റാംജിറാവുവില്‍ ഓക്കെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നമായി മറ്റൊരു നായികയെ കാസ്റ്റ് ചെയ്യേണ്ടി വന്നു. ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലുമൊക്കെ സമാനമായിരുന്നു അവസ്ഥ. ഹിറ്റ്‌ലറിന്റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്ത് ചെന്നു. ' ഞങ്ങളുടെ എല്ലാ പടത്തിലേക്കും ശോഭനയെ വിളിക്കാറുണ്ട്. അവസാനനിമിഷം തിരക്കുകള്‍ കാരണം ശോഭന പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാകുകയും ചെയ്യാറാണ് പതിവ്. അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും സന്തോഷം വന്നില്ലെങ്കിലും സന്തോഷം' എന്ന് ഞാന്‍ പറഞ്ഞു. 'ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍വരും. എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട' എന്നായിരുന്നു ശോഭനയുടെ മറുപടി. സഹോദരി റോളുകളിലേക്ക് നായികമാരെ കിട്ടാനായിരുന്നു ബുദ്ധിമുട്ടിയത്. ആദ്യം സമീപിച്ച പലരും മടിച്ച് പിന്മാറി. വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത, ഇളവരശി എന്നിവരെല്ലാം പിന്നീട് വന്നു. ഇളവരശി ചെയ്ത മൂത്ത സഹോദരി റോളിലേക്കുള്ള കാസ്റ്റിങ്ങായിരുന്നു ഏറെ ബുദ്ധിമുട്ടിയത്. ഒരുപാട് പേരെ കണ്ടെങ്കിലും ആരും സമ്മതിച്ച്. അവസാനം ഏറെ അന്വേഷിച്ച് ഇളവരശിയിലേക്ക് എത്തുകയായിരുന്നു. അവര്‍ അത് നന്നായി ചെയ്യുകയും ചെയ്തു.
അതുപോലെ സൈനുദ്ദീന്‍ ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ആദ്യമായി തിരക്കഥയെഴുതിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ സൈനുദ്ദീന്‍ ഉണ്ടായിരുന്നു. അതിന് ശേഷം സൈനുദ്ദീന്‍ ഞങ്ങളുടെ സിനിമയില്‍ അഭിനയിച്ചത് ഹിറ്റ്‌ലറിലാണ്. അതുപോലെ ഭവാനിചേച്ചിയുടെ റോളും ക്ലിക്കായി.
അച്ഛന്‍ കഥാപാത്രമായ ചട്ടമ്പി പിള്ളേച്ചന്‍ ഇന്നസെന്റേട്ടന്‍ ചെയ്യണമെന്ന് ഞാനും ലാലും ആദ്യമേ തീരുമാനിച്ചിരുന്നു. പലരും ആ റോള്‍ തിലകന്‍ ചേട്ടന് നല്‍കണമെന്ന പറഞ്ഞപ്പോഴും ഇന്നസെന്റേട്ടന്‍ ചെയ്താല്‍ മാത്രമേ അതിനൊരു ഫ്രഷ്‌നെസ് വരികയുള്ളൂ എന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്നസെന്റേട്ടന്റെ അടുത്തേക്ക് ഞങ്ങള്‍ സംഭവം പറയാനെത്തി. മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും ആദ്യം ഒന്നുസംശയിച്ചു. കാരണം ഞങ്ങളുടെ മുമ്പുള്ള സിനിമകളിലെല്ലാം ഫുള്‍ടൈം കോമഡിറോളുകളായിരുന്നു അദ്ദേഹത്തിന്. അതെല്ലാം എവര്‍ഗ്രീന്‍ കഥാപാത്രങ്ങളുമാണ്. ചേട്ടന്‍ ചെയ്താലോ ശരിയാകൂ എന്ന് ഞങ്ങള്‍ ഉറപ്പ് പറഞ്ഞതോടെ അദ്ദേഹം ഓക്കെ പറഞ്ഞു.

ലാസ്റ്റ് ലാപ്പിലെ സമരം
വിഷുവിന് സിനിമ റിലീസ് പ്ലാന്‍ ചെയ്ത് അവസാന ഘട്ടചിത്രീകരണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ സിനിമ സമരം വന്നു. പൊള്ളാച്ചിയിലായതിനാല്‍ സംഘടനക്കാര്‍ വന്ന് ഞങ്ങളുടെ ഷൂട്ടിങ്ങും നിര്‍ത്തിച്ചു. അത് വലിയ ടെന്‍ഷനായി. കാരണം ഷൂട്ടിങ് ഉടന്‍ നടന്നില്ലെങ്കില്‍ വിഷുവിന് റിലീസ് ചെയ്യാന്‍ പറ്റില്ല. ക്ലൈമാക്‌സ് സെറ്റിന്റെ പണി പൂര്‍ത്തിയായിരിക്കുകയാണ്. ക്ലൈമാക്‌സില്‍ കെട്ടിടത്തിന് തീപിടിക്കുന്ന സീന്‍ ഞങ്ങള്‍ ആദ്യം സെറ്റ് പണി തുടങ്ങിയ ഉടന്‍ ഷൂട്ട് ചെയ്തു വച്ചു. അതിനിടെ ഗള്‍ഫില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയ സായ്കുമാറും വന്നില്ല. എത്ര ശ്രമിച്ചിട്ടും സായ്കുമാര്‍ തിരികെ വരാന്‍ തയ്യാറായില്ല. ഏറെ പണിപ്പെട്ടാണ് എന്ന് സായ്കുമാറിനെ തിരിച്ചെത്തിച്ചത്. അധികം വൈകാതെ സമരം തീര്‍ന്നു, ഉടന്‍ ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.
ആഘോഷമായ വിഷുക്കാലം
വിഷുക്കാലത്തായിരുന്നു ഹിറ്റ്‌ലര്‍ റിലീസ് ചെയ്തത്. കാലാപാനി, സല്ലാപം തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസില്‍ ഒന്നിച്ച് മത്സരിക്കാനുണ്ടായിരുന്നു. പക്ഷേ റിലീസ് കേന്ദ്രങ്ങളിലെല്ലാം കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഹിറ്റ്‌ലര്‍ അതിവേഗം മുന്നിലെത്തി.
മലയാളത്തിലെ അന്നുവരെയുള്ള ഏറ്റവും വലിയ ബോക്‌സോഫീസ് വിജയമായി ഹിറ്റ്‌ലര്‍മാറി. കലക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പരസ്യങ്ങള്‍ ചെയ്തു. അന്ന് അതൊരു പുതിയൊരു തരം വിപണനതന്ത്രമായിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ ഞങ്ങള്‍ക്ക് ആദായനികുതി വകുപ്പ് റെയ്ഡ് പോലും വന്നു.
Content Highlights: director sidhiq tells the story behind his film hitler
Published: 09 Aug 2023, 11:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented