
കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ അവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുള്ള, അവ നേടിയെടുക്കാന്‍ തക്ക പ്രാപ്തിയും ആര്‍ജ്ജവവും കാട്ടുന്ന മുതിര്‍ന്ന വ്യക്തികളാണ്. എന്നാല്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആര്‍ത്തവം മുഖ്യധാരയില്‍ വേണ്ടത്ര ചര്‍ച്ചയാവുന്നുണ്ടോ? ആദ്യകാല ആര്‍ത്തവത്തെ കുട്ടികള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് ? അവരെ ആര്‍ത്തവത്തിന് തയ്യാറെടുപ്പിക്കുന്നതില്‍ വീടിനും വിദ്യാലയത്തിനും പിഴവ് വരുന്നുണ്ടോ? സ്‌കൂളിലുണ്ടോ സൗകര്യങ്ങള്‍ ?
അവര്‍ക്ക് പറയാനുള്ളത്
Also Read
പത്തനംതിട്ടയിലെ ഒമ്പതാം ക്ലാസ്സുകാരിക്ക് പിരീഡ്സിനോട് കടുത്ത വെറുപ്പാണ്. സന്തോഷവും സമാധാനവും നശിപ്പിക്കാന്‍ എല്ലാ മാസവും മുടങ്ങാതെത്തുന്ന ഭീകരനാണ് അവള്‍ക്ക് ആര്‍ത്തവം. 'ചെറിയ ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ത്തന്നെ അമ്മ പീരീഡ്‌സിനെപ്പറ്റി പറഞ്ഞുതന്നിരുന്നു. പക്ഷേ, അത്തരം സംസാരങ്ങള്‍ അമ്മയും ഞാനും മാത്രമുള്ളപ്പോഴായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഇത് പറഞ്ഞാല്‍ എന്താ കുഴപ്പം എന്ന് തോന്നിയിട്ടുണ്ട്. അഞ്ച് വയസ്സിന് മൂത്ത ഒരു സഹോദരന്‍ എനിക്കുണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ തുറന്നുസംസാരിക്കും. എങ്കിലും ഈ വിഷയത്തെപ്പറ്റി ചേട്ടനോട് സംസാരിക്കാന്‍ മടിയാണ്. അമ്മയുടെ പെരുമാറ്റത്തില്‍ നിന്ന് ഇത് മറച്ചുവെക്കേണ്ട കാര്യമാണെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാകാം. ഏറെ ഏടുപ്പമുണ്ടെങ്കിലും അച്ഛനോടും ഇക്കാര്യം പറയാറില്ല. സ്‌കൂളില്‍ ഒരിക്കലും പരസ്യമായി ഇതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. പരീക്ഷാസമയത്ത് പീരീഡ്‌സ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വയറുവേദന കാരണം പരീക്ഷ എഴുതാന്‍ പറ്റാതായിട്ടുണ്ട്. നന്നായി പഠിച്ചിട്ട് പോയ വിഷയം ആയിരുന്നിട്ടും വേദന കാരണം എനിക്ക് എഴുതാനോ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനോ കഴിയാതെ വന്നിട്ടുണ്ട്. ആ വിഷയത്തിന് മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം ഇതാണെന്ന് പറഞ്ഞപ്പോള്‍ അമ്മപോലും എന്നെ കളിയാക്കി. ഇങ്ങനെയുള്ള സമയങ്ങളില്‍ വലിയ സങ്കടം തോന്നും. പരീക്ഷയ്ക്ക് മാത്രമല്ല, സ്‌കൂള്‍ ഡേയ്ക്കും ടൂറിനുമൊക്കെ പീരീഡ്‌സ് വില്ലനായിട്ടുണ്ട്. സ്‌കൂളിലെ ടോയ്‌ലറ്റില്‍ പാഡ് ഒഴിവാക്കാനുള്ള സൗകര്യമില്ല. കടലാസില്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുവരണം. ബാഗിനുള്ളില്‍ തിരുകിക്കയറ്റുമ്പോള്‍ ബുദ്ധിമുട്ട് തോന്നും. പക്ഷേ, വേറേ വഴിയില്ല. ടീച്ചര്‍മാരോട് ഈ പ്രശ്‌നം പറഞ്ഞിട്ടുണ്ട്. വേണ്ടത് ചെയ്യാം എന്ന വാക്ക് അവര്‍ തന്നിട്ടുമുണ്ട്.'
'എന്റെ ചേച്ചി ഒന്നും പറഞ്ഞു തന്നിരുന്നില്ല.' പാലക്കാട്ടുകാരി പ്ലസ് വണ്‍ വിദ്യാര്‍ഥിനി പരാതിയോടെ തുടങ്ങി. 'കൂട്ടുകാരി ചില സൂചനകള്‍ തന്നിരുന്നെങ്കിലും പതിമൂന്നാം വയസ്സില്‍ ആദ്യമായി പീരീഡ്‌സെത്തിയപ്പോള്‍ ചെറുതായി ഞെട്ടി. അമ്മയും ചെറിയമ്മയും ആര്‍ത്തവ ചക്രത്തെപ്പറ്റി പറഞ്ഞു തരുന്നതൊക്കെ പിന്നീടാണ്. സ്‌കൂളില്‍ വളരെ രഹസ്യമായി മാത്രമാണ് ആര്‍ത്തവം ചര്‍ച്ച ചെയ്തത്. നേരത്തെ ആര്‍ത്തവം വന്നെത്തിയ കൂട്ടുകാര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പറയും. എന്റെ മറ്റൊരു കൂട്ടുകാരിക്ക് പത്താം ക്ലാസ്സിന്റെ പകുതിക്കു വെച്ചാണ് ആര്‍ത്തവം ഉണ്ടാകുന്നത്. അതുവരെ അവളെ എല്ലാവരും കളിയാക്കുമായിരുന്നു. അടുത്തുള്ള സ്‌കൂളുകളിലൊക്കെ ചില ബോധവത്കരണ ക്ലാസ്സുകള്‍ നടന്നെന്നു കേട്ടു. ഞങ്ങള്‍ക്ക് ഒന്നുമുണ്ടായില്ല. ടൂറിന്റെ സമയത്ത് അധ്യാപികമാര്‍ പെണ്‍കുട്ടികളെ മാത്രം വിളിച്ചിരുത്തി പാഡ് കൊണ്ടുവരണമെന്ന് ഓര്‍മിപ്പിച്ചു. നിങ്ങളോടു മാത്രം എന്താ ഇത്ര രഹസ്യം എന്ന് ആണ്‍കുട്ടികള്‍ ചോദിച്ചു. സ്‌കൂളില്‍ പരസ്യമായി ഒരിക്കലും പീരീഡ്‌സിനെപ്പറ്റി സംസാരമുണ്ടായിട്ടില്ല. പറയരുതാത്ത സംഭവം ആയിട്ടാണ് ഞങ്ങള്‍ ആര്‍ത്തവത്തെ മനസ്സിലാക്കിയത്. അതുകൊണ്ട് അവര്‍ക്കുള്ള മറുപടി കൊടുത്തില്ല. സ്‌കൂളില്‍ വെച്ച് പാഡ് മാറുക എന്നതൊക്കെ ദുസ്വപ്നമാണ്. അതിനൊന്നും യാതൊരു സൗകര്യവുമില്ല. പരമാവധി ആ ദിവസങ്ങളില്‍ ലീവാക്കാന്‍ നോക്കും.'
തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ആര്‍ത്തവം ദുരിതമായി തോന്നിയിട്ടില്ല. 'പതിമൂന്നാം വയസ്സിലായിരുന്നു ആദ്യ പീരിയഡ്‌സ്. വീട്ടില്‍ അമ്മ നേരത്തെ ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആറിലും ഏഴിലും പഠിക്കുമ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അധ്യാപികമാര്‍ ബോധവത്കരണ ക്‌ളാസ് നടത്തി. അതിനു മുന്‍പേ ആര്‍ത്തവം പലര്‍ക്കും വന്നിട്ടുണ്ടായിരുന്നു. അതൊക്കെ പിന്നെയാണ് അറിഞ്ഞത്. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നത് എന്റെ ചേച്ചിയാണ്. പാഡിന്റെ ഉപയോഗവും മറ്റും പഠിപ്പിച്ചു തന്നതും അവളാണ്. സ്‌കൂളില്‍ കൂട്ടുകാര്‍ക്കും കാര്യങ്ങളൊക്കെ അറിയാമായിരുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വേദനയും അസ്വസ്ഥതകളും തുറന്നു പറയാന്‍ പറ്റി. ആണ്‍കുട്ടികള്‍ക്ക് ഒരു ക്ളാസും ഉണ്ടായിട്ടില്ല. അവര്‍ക്ക് ഇതേപ്പറ്റിയൊന്നും അറിയില്ലെന്ന് ബയോളജി ക്ലാസ്സില്‍ അവര്‍ ചോദിക്കുന്ന സംശയങ്ങള്‍ കേട്ടാലറിയാം. സ്‌കൂളില്‍ വെന്‍ഡിങ് മെഷീന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പക്ഷേ, ഇന്‍സിനറേറ്റര്‍ ഇല്ല. അതും കൂടെ കിട്ടണമെന്നുണ്ട് ഞങ്ങള്‍ക്ക്.'
നേരത്തേയെത്തുന്ന ആര്‍ത്തവം
മിക്ക വിദ്യാലയങ്ങളിലും ആര്‍ത്തവത്തെപ്പറ്റിയുള്ള ബോധവത്ക്കരണ ക്ളാസുകള്‍ നടത്തുന്നത് 12 -13 വയസ്സുള്ള വിദ്യാര്‍ഥിനികൾക്കാണ്. എന്നാല്‍ മാറുന്ന ജീവിത ശൈലി ആര്‍ത്തവത്തെ നേരത്തേയാക്കുന്നുണ്ട്. പല പെണ്‍കുട്ടികള്‍ക്കും 9 വയസ്സാവുമ്പോഴേക്കും ആദ്യ ആര്‍ത്തവം എത്തുന്നു. വീട്ടില്‍ നിന്നോ വിദ്യാലയങ്ങളില്‍ നിന്നോ അവര്‍ക്ക് വേണ്ട വിവരങ്ങള്‍ കിട്ടിയിട്ടുണ്ടാവില്ല. സ്വന്തം ശരീരത്തിനുണ്ടാകുന്ന മാറ്റത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ചു പോവുകയാണ് ഈ കുട്ടികള്‍. കൂട്ടുകാരില്‍ ഒറ്റപ്പെട്ടന്ന തോന്നലുണ്ടാവും. പങ്കുവെക്കാന്‍ ആരുമില്ലാത്ത വീര്‍പ്പുമുട്ടലാണ് ഈ കുഞ്ഞുങ്ങള്‍ക്ക് ആര്‍ത്തവകാലം.
കോഴിക്കോട് ജില്ലയിലെ ഒരു ഒമ്പതാം ക്ളാസുകാരിയ്ക്ക് പറയാനുള്ളത് ഒറ്റപ്പെടലിന്റെ ഓര്‍മകളാണ്- 'പത്തു വയസ്സിനു മുന്‍പ് ആര്‍ത്തവമെത്തി. അന്നത്തെ മൂന്നാം ക്ളാസുകാരിക്ക് ആര്‍ത്തവത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. ചേച്ചി്ക്ക് പതിനൊന്നാം വയസ്സിലാണ് ആര്‍ത്തവം വന്നത്. എനിക്ക് അതിലും നേരത്തെ ഉണ്ടാകുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഒന്നും പറഞ്ഞു തന്നിട്ടില്ലായിരുന്നു. ഞാനാകെ പേടിച്ചു പോയി. പിന്നെ ചേച്ചിയും അമ്മയും കാര്യങ്ങളെല്ലാം പറഞ്ഞു തന്നപ്പോഴാണ് ആശ്വസമായത്. കൂട്ടുകാര്‍ക്കിടയില്‍ ആദ്യം ആര്‍ത്തവം വന്നത് എനിക്ക്. അവരോട് ഇതേക്കുറിച്ചൊന്നും പറയാന്‍ പറ്റിയില്ല. എന്ത് പറയണമെന്ന് എനിക്കും വ്യക്തതയില്ലായിരുന്നു. അവര്‍ കളിയാക്കുമോ എന്ന് പേടിച്ച് ഒന്നും അറിയിച്ചില്ല. ആരോടും ഒന്നും പറയാനാവാതെ വേദന കടിച്ചമര്‍ത്തി ക്ളാസില്‍ ഇരുന്നിട്ടുണ്ട്.
പിന്നീട് കുറച്ചു കൂടി മുതിര്‍ന്ന ക്ലാസിലെത്തിയപ്പോള്‍ എല്ലാവരോടും പറയാമെന്നായി. ഇടയ്ക്ക് വയറു വേദനയും അസ്വസ്ഥതകളും വല്ലാതെ അധികമാകും. വയ്യെന്ന് തോന്നിയാല്‍ ആദ്യത്തെ രണ്ടു ദിവസം സ്‌കൂളില്‍ പോകേണ്ടെന്ന് വെക്കും. പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് കൊടുക്കുന്നതായി കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് യാതൊരു ക്ലാസ്സും കിട്ടിയിട്ടില്ല. ഈയടുത്ത് സ്‌കൂളില്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചു. പക്ഷേ, മെഷീന്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ കുറവാണ്. ഇന്‍സിനറേറ്റര്‍ ഉടനെ വരുമെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.'
സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി കൂടി ഒമ്പതാം ക്‌ളാസ്സുകാരി ബോധിപ്പിച്ചു. -'ഇപ്പോള്‍ ബയോളജിയില്‍ റീപ്രൊഡക്ഷന്‍ എന്ന അധ്യായം പഠിക്കാനുണ്ട്. തിരക്കിട്ട് പഠിപ്പിച്ചു തീര്‍ക്കുന്നതു പോലെയാണ് തോന്നുന്നത്. ഒന്നും വിശദീകരിക്കുന്നില്ല. എനിക്കൊരു ചേട്ടന്‍ കൂടിയുണ്ട്. ചേട്ടന് ആര്‍ത്തവത്തെപ്പറ്റി ഒട്ടും അറിയില്ലായിരുന്നു. സ്‌കൂളില്‍ നിന്ന് പറഞ്ഞു കൊടുത്തിട്ടുമില്ല. ചേച്ചിയാണ് ചേട്ടനെ ആര്‍ത്തവത്തെപ്പറ്റിയൊക്കെ പഠിപ്പിച്ചത്. ഇപ്പോള്‍ വയറുവേദന എന്നൊക്കെപ്പറഞ്ഞാല്‍ ചേട്ടനറിയാം. പാഡ് വേണോ എന്നൊക്കെ ചോദിച്ച് വാങ്ങിത്തരും. പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം കൊടുക്കുന്നത് പോലെ തന്നെ ആണ്‍കുട്ടികള്‍ക്കും കൊടുക്കണം. അവരും അറിയണമല്ലോ.'
മാതൃകകള്‍
ലൈംഗിക വിദ്യാഭ്യാസവും ആര്‍ത്തവ ശുചിത്വവും ഗൗരവമായി കൈകാര്യം ചെയ്യുന്ന മാതൃകാ കുടുംബങ്ങളും വിദ്യാലയങ്ങളുമുണ്ട്.
തിരുവനന്തപുരം നഗരമധ്യത്തെ പേരുകേട്ട സ്‌കൂളിലെ എട്ടാം ക്ളാസുകാരിയോട് സംസാരിച്ചു. 'പതിനൊന്നാം വയസ്സില്‍ ആദ്യ ആര്‍ത്തവമെത്തിയപ്പോഴേക്കും അധ്യാപകരും കുടുംബവും വേണ്ടത്ര കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു. വീട്ടില്‍ എന്നെയും ചേട്ടനെയും ഒരുമിച്ചിരുത്തിയാണ് അമ്മ സംസാരിച്ചത്. കൂട്ടുകാരില്‍ എല്ലാവര്‍ക്കും ഏതാണ്ട് ഇതേ പ്രായത്തില്‍ ആര്‍ത്തവം വന്നത് കൊണ്ട് മറ വേണ്ടിവന്നില്ല. മറ്റേതു വിഷയവും പോലെയാണ് ആര്‍ത്തവം ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സ്‌കൂളില്‍ അധ്യാപകരോട് ശാരീരിക അസ്വസ്ഥതകളെപ്പറ്റി തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവുമുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ തരാന്‍ അവര്‍ എപ്പോഴും റെഡി. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രത്യേക ക്‌ളാസ് നല്‍കിയിരുന്നു. ടോയ്‌ലറ്റ് സൗകര്യങ്ങളും മികച്ചതാണ്. വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററുമുണ്ട്. ആദ്യമൊക്കെ ഉപയോഗം അറിയാതെ പ്രയാസപ്പെട്ടു. അതും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.'
മലപ്പുറത്തെ ഏഴാം ക്‌ളാസ്സുകാരിക്കും ആര്‍ത്തവം ഒരു വിഷയമല്ല. 'പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു ഞാന്‍. ആദ്യ ആര്‍ത്തവം സംഭവിക്കുന്നത് അവിടെ വെച്ചാണ്. വീട്ടില്‍ പറഞ്ഞു തന്നും കൂട്ടുകാരുടെ ചര്‍ച്ചകളില്‍ നിന്നും കൃത്യമായ ധാരണ ആദ്യമേ കിട്ടിയത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. പെട്ടെന്ന് സ്‌കൂള്‍ മാറേണ്ടി വന്നു. അതും മിക്‌സഡ് സ്‌കൂളിലേക്ക്. ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്ലാസ്സുകള്‍ നടന്നു. ക്ലാസ്സില്‍ വിശദമായി ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞുതന്നു. യു.പി മാത്രമുള്ള സ്‌കൂളില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇതുവരെ ആര്‍ത്തവം എത്തിയിട്ടുള്ളൂ. അതുകൊണ്ട് ശുചിമുറികളില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ല. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഹെഡ്മാഷ് ഉറപ്പു തന്നു.'
Content Highlights: school kids and menstruation
Published: 01 Sept 2023, 10:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented