'രാവിലെ തന്നെ ഭര്‍ത്താവിനോടും മക്കളോടും മുഖം കറുപ്പിച്ചു സംസാരിക്കേണ്ടി വന്നു. ഓഫീസില്‍ വെച്ചു സഹപ്രവര്‍ത്തകരോടും കയര്‍ത്തു. വല്ലാത്തൊരു തലവേദന, ശരീരം നീര് വന്ന് ശ്വാസംമുട്ടുന്നതുപോലെ. എന്താണെന്നറിയില്ല, വല്ലാത്തൊരു ദിവസമായിരുന്നു ഇന്ന്' - ആര്‍ത്തവവുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ നമുക്കിടയില്‍ ഏറെയുണ്ട്. ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന മാറ്റമാണെന്ന് പറയാമെങ്കിലും പലപ്പോഴും ഇത് ജീവിതത്തെതന്നെ പ്രതികൂലമായി ബാധിക്കാം.
സാധാരണമായി നടക്കുന്ന ജീവശാസ്ത്രപ്രക്രിയയാണ് ആര്‍ത്തവം. രണ്ടു മുതല്‍ എട്ടുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. തലവേദന, നടുവേദന, സ്തനങ്ങളില്‍ വേദന, ശരീരത്തില്‍ നീര്‍ക്കെട്ട് എന്നീ പ്രയാസങ്ങളെല്ലാം ഈ സമയത്ത് നേരിടാം. സ്വഭാവമാറ്റങ്ങള്‍, ദേഷ്യം, വിഷാദം തുടങ്ങിയ മാനസികപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റക്കുറിച്ചിലുകളാണ് ഈ പ്രയാസങ്ങള്‍ക്ക് പിന്നില്‍. പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര ചെയ്യുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. അതിനാല്‍ ആര്‍ത്തവദിനത്തിലെ അസ്വസ്ഥതകള്‍ എളുപ്പം പരിഹരിക്കേണ്ടതുണ്ട്.
ഡോക്ടറെ കാണണോ?
ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രയാസങ്ങള്‍ക്ക് മരുന്ന് ആവശ്യമായിവരാറില്ല. എന്നാല്‍ ഛര്‍ദി, തലകറക്കം, നീര്‍ക്കെട്ട് എന്നിവ കഠിനമാണെങ്കില്‍ വൈദ്യസഹായം തേടാവുന്നതാണ്. ചില ആര്‍ത്തവവേദനകള്‍ ഗര്‍ഭപാത്രത്തിന്റെ അനുബന്ധ അവയവങ്ങളുടെ രോഗാവസ്ഥമൂലവും ഉണ്ടാകാം. അതിനാല്‍ ഗര്‍ഭപാത്രത്തിനും ചേര്‍ന്ന അവയവങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്കാനിങ് എന്നിവയിലൂടെ ഇവ തിരിച്ചറിയാം.
ദേഷ്യം, വിഷാദം എന്നീ മാനസികപ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന:ശാസ്ത്രവഴികള്‍ തേടാം. ഡൈയൂററ്റിക്, ഗര്‍ഭനിരോധന ഗുളികകള്‍, പ്രൊജസ്റ്റന് ഗുളികകള്‍, ആന്റി ഡിപ്രസന്റുകള്‍ എന്നിവ പ്രി മെന്‍സ്ട്രല്‍ സിന്‍ഡ്രോം ഉള്ളവരില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് ഫലം ഉള്ളതായി തെളിഞ്ഞിട്ടില്ല.
വേദനസംഹാരികളും ഹോര്‍മോണ്‍ ഗുളികകളും
ആര്‍ത്തവസമയത്തെ വേദനയ്ക്ക് വേദനസംഹാരികള്‍ സ്വയം ഉപയോഗിക്കുന്നത് നല്ലതല്ല. ഇത്തരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കും. മാത്രമല്ല കുടലില്‍ പുണ്ണ്, ആസ്ത്മ എന്നിവയ്ക്കും കാരണമായേക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വേദനസംഹാരികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
വേദന കുറയ്ക്കാനായി ഹോര്‍മോണ്‍ ഗുളികകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചിലരില്‍ ഇത്തരം ഗുളികകള്‍ പ്രയാസങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ.
- ഗര്‍ഭപാത്ര പേശികളുടെ സങ്കോചം കുറയ്ക്കാന്‍ സഹായിക്കുന്ന ചില മരുന്നുകള്‍ ആര്‍ത്തവവേദന കുറയ്ക്കാന്‍ ഉപകരിക്കും.
- ചിട്ടയായ ജീവിതശൈലി, പോഷകങ്ങള്‍ ഉള്‍പ്പെടുന്ന ആഹാരക്രമം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ആര്‍ത്തവസംബന്ധിയായ പ്രയാസങ്ങള്‍ മറികടക്കാം.
വ്യായാമം ചെയ്യാം
ശരിയായ വ്യായാമം ആര്‍ത്തവസമയത്തെ മാനസികസംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ ഒരുപരിധിവരെ സഹായിക്കും. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യാം. ശ്വസനസഹായ വ്യായാമങ്ങളാണ് (എയ്റോബിക്സ്) നല്ലത്. നടത്തം, നൃത്തം, നീന്തല്‍ എന്നിവയെല്ലാം മാനസികാരോഗ്യപരിപാലത്തിന് പറ്റിയ ഉപാധികളാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പെല്‍വിക് എക്സര്‍സൈസുകളും ചെയ്യാം.
ഡയറ്റില്‍ വേണം ശ്രദ്ധ
കൊഴുപ്പുകുറഞ്ഞ ആഹാരം, സസ്യാഹാരം എന്നിവയ്ക്ക് ഡയറ്റില്‍ പ്രാധാന്യം നല്‍കാം.
- ചീസ്, ബദാം, ഇലക്കറികള്‍ എന്നിങ്ങനെ കാല്‍സ്യം കൂടുതല്‍ അടങ്ങിയവ കഴിക്കുന്നത് ആര്‍ത്തവത്തിന് തൊട്ടുമുന്‍പുള്ള പ്രയാസങ്ങള്‍ കുറയ്ക്കും.
- ആര്‍ത്തവസമയത്ത് രക്തം നഷ്ടമാകുന്നതിനാല്‍ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയും. ഇത് പരിഹരിക്കാന്‍ മത്സ്യം, ഇലക്കറികള്‍, ഉണങ്ങിയപയര് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
- മത്സ്യം, ഇറച്ചി, മുട്ട, ചീസ് എന്നിവയില്ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ആ12 അടങ്ങിയിട്ടുണ്ട്.
- നാരുകള്‍ അടങ്ങിയ ഭക്ഷണം ആര്‍ത്തവപ്രശ്നങ്ങളെ പ്രതിരോധിക്കും.
- ധാരാളം വെള്ളം കുടിക്കാം. സോഡ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ വേണ്ട.
- ഐസ്ക്രീം, മധുരപലഹാരങ്ങള്‍, പഞ്ചസാര എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.
- ഡാര്‍ക് ചോക്ലേറ്റ്, അവക്കാഡോ, വാല്‍നട്ട് എന്നിവയും ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
വിവാഹമോ മറ്റെന്തെങ്കിലും ചടങ്ങുകള്‍ക്കോ വേണ്ടി ആര്‍ത്തവം നീട്ടുവയ്ക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഈസ്ട്രജന്, പ്രോജസ്ട്രോണ്‍ എന്നിവ ചേര്‍ന്ന ഗുളികകളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ വരുന്നവര്‍ക്കാണ് പൊതുവേ ഈ ഗുളികകള്‍ ഫലപ്രദമാവുക.
ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കുവേണ്ടി ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് ശീലമാക്കുന്നത് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. മരുന്നു നിര്‍ത്തി രണ്ടുദിവസം കഴിഞ്ഞിട്ടും ആര്ത്തവമായിട്ടില്ലെങ്കില് വൈദ്യനിര്‍ദേശം തേടണം.
പങ്കാളി ഒപ്പംനില്‍ക്കണം
ആര്‍ത്തവസമയത്ത് പങ്കാളി ഒപ്പം നില്‍ക്കുന്നത് മാനസികമായ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. ആ ദിവസങ്ങളില്‍ വീട്ടുജോലികള്‍ ഏറ്റെടുത്ത് അവരുടെ കൂടെനില്ക്കാം. പലപ്പോഴും ക്ഷീണിതരായിട്ടായിരിക്കും സ്ത്രീകള്‍ ജോലിസ്ഥലത്തുനിന്ന് വരാറുള്ളത്. അപ്പോള്‍ ഒരു ഗ്ലാസ് ചായയോ വെള്ളമോ നല്‍കാം. സാന്ത്വനമേറിയ വര്‍ത്തമാനങ്ങളിലൂടെ ആശ്വാസം നല്‍കാം. പ്രഭാതഭക്ഷണമോ മറ്റോ വൈകിയാല്‍ അവരോട് തട്ടിക്കയറാതിരിക്കാന് ശ്രദ്ധിക്കണം.
കടപ്പാട് : ഡോ. എസ്. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ്
(ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി), ആസ്റ്റര്‍മെഡ്സിറ്റി, കൊച്ചി
Content Highlights: periods delaying tablet periods cramps
Published: 29 Jul 2024, 12:33 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented