
ചെറുപ്രായക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളെ പറ്റിയുള്ള ആശങ്കയിലാണ് എല്ലാവരും. ഹൃദയ പരിശോധനയ്ക്കായി ആശുപത്രിയിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടിവരുന്നുണ്ട്. എന്താവാം ചെറുപ്രായത്തില്‍ തന്നെ ഹൃദയം പണിമുടക്കാനുള്ള കാരണം? ശരിക്കും യുവഹൃദയങ്ങള്‍ അത്ര ആരോഗ്യത്തിലല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല ആരോഗ്യത്തിനുമേലുള്ള അമിത ശ്രദ്ധയും ഈ മരണങ്ങള്‍ക്ക് പിന്നിലുണ്ട്.
ഹാര്‍ട്ട് അറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന അമ്പത് ശതമാനം ആളുകളിലും നേരത്തെ യാതൊരു ലക്ഷണവും കാണുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍. അല്ലെങ്കില്‍ ക്ഷീണം, തലകറക്കം, ചെറിയൊരു ശ്വാസംമുട്ടല്‍ തുടങ്ങി വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് അനുഭവപ്പെടുന്നത്. പുകവലി, അമിതവണ്ണം, മദ്യപാനം, കൊളസ്‌ട്രോള്‍, പ്രമേഹം, സ്‌ട്രെസ്സ്... തുടങ്ങി പലതരം ആപത്ഘടകങ്ങളാണ് ഹൃദയാരോഗ്യത്തെ പ്രധാനമായി ബാധിക്കുന്നത്. എന്നാല്‍ 40 മുതല്‍ 50 ശതമാനം ആളുകളില്‍ ഈ ആപത്ഘടകങ്ങളും ഇല്ല എന്നതാണ് മറ്റൊന്ന്.
കാരണങ്ങള്‍
നെഞ്ച് വേദനയില്ലാതെ വരുന്ന ഹൃദയാഘാതം സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്നാണ് അറിയപ്പെടുന്നത്. ഇത് പ്രമേഹരോഗികള്‍, പ്രായമായവര്‍, സ്ത്രീകള്‍ എന്നിവരിലാണ് പ്രധാനമായും കണ്ടുവരുന്നത്. മറ്റൊന്ന് കായികതാരങ്ങളാണ്. നന്നായി വ്യായാമം ചെയ്യുന്ന കായികതാരങ്ങള്‍ ഇത്തരം ചെറിയ വേദനകളെയും ക്ഷീണത്തെയും അവഗണിക്കുകയാണ് പതിവ്. ഇത് അപകടമുണ്ടാക്കും.
Also Read
1. ആറ് ശതമാനം ആളുകള്‍ക്ക് ബ്ലോക്ക് ഇല്ലാതെ ഹൃദയാഘാതം വരാം. MINOCA ( myocardial infarction with normal coronary arteries) എന്നതാണ് ഈ അവസ്ഥ. താല്‍ക്കാലികമായി ചെറിയ ബ്ലോക്കുകള്‍ ഉണ്ടാവുന്നതാണ് ഇതിന് കാരണം. മറ്റൊന്ന് കുറച്ച് സമയത്തേക്ക് ഹൃദയധമനികള്‍ ചുരുങ്ങുന്ന അവസ്ഥയാണ് (ടുമാെ). ചെറിയ ധമനികളെ ബാധിക്കുന്ന ബ്ലോക്കുകളായ മൈക്രോ വാസ്‌കുലാര്‍ ഡിസീസ് വേറൊരു കാരണമാണ്. വളരെ അപൂര്‍വമായി ടെന്‍ഷനുകളും മറ്റും അനുഭവിക്കുന്നവരില്‍ ഹൃദയത്തിലെ രക്തധമനികള്‍ വിണ്ടുകീറുന്ന അവസ്ഥയുണ്ടാവാറുണ്ട്. ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് രക്തക്കട്ടകള്‍ ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കാം.
2. ഹൃദയരോഗങ്ങള്‍ക്ക് പിന്നില്‍ ജനിതകപരമായും പാരമ്പര്യമായും ഘടകങ്ങളുണ്ട്. മാതാപിതാക്കള്‍ക്കോ രക്തബന്ധമുള്ള അടുത്ത ബന്ധുക്കളിലോ 55 വയസ്സിന് താഴെ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ മക്കള്‍ക്കും നേരത്തെ തന്നെ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയു്.
3. ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക്ക് അറസ്റ്റും (ഹൃദയാഘാതവും ഹൃദയ സ്തംഭനവും) തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഹൃദയാഘാതമെന്നാല്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാനാവശ്യമായ രക്തചക്രമണം കുറയുന്നതാണ്. ഇത് ഒറ്റയടിക്ക് സംഭവിക്കുന്നതല്ല. നെഞ്ചുവേദനയും കിതപ്പും അസ്വസ്ഥതകളും ലക്ഷണങ്ങളായി കാണിച്ച് ഇരുപത് മിനിറ്റിന് മുമ്പെങ്കിലും ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ബാക്കിവെച്ചാണ് ഹൃദയാഘാതം എത്തുക. ഹൃദയ സ്തംഭനത്തില്‍ ഹൃദയം പെട്ടന്ന് പ്രവര്‍ത്തനം നിലയ്ക്കുകയാണ് ചെയ്യുന്നത്. ജീവന്‍ തിരിച്ചു പിടിക്കാനുള്ള സമയമൊന്നും ഇവിടെ ലഭിക്കില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വാഗസ് നെര്‍വ് ഹൃദയത്തെ ഒറ്റയടിക്ക് ഷട്ട്ഡൗണ്‍ ചെയ്യും. അതുകൊണ്ട് ഹൃദയത്തെ കൊണ്ട് അത്യധ്വാനം ചെയ്യിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ചുരുക്കം.
4. അമിതവ്യായാമവും ഹൃദയത്തെ തളര്‍ത്തുന്ന മറ്റൊരു കാരണമാണ്. അത് നമ്മുടെ തന്നെ ആരോഗ്യത്തെ ബാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. രാവിലെ വേണം കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍. നമ്മുടെ ശരീരത്തിന് അധ്വാനിക്കാനുള്ള ഊര്‍ജമുള്ള സമയം രാവിലെയാണ്. എന്നാല്‍ പലരും വൈകുന്നേരം വരെയുള്ള ജോലിയും മറ്റും കഴിഞ്ഞാണ് ജിമ്മില്‍ പോകുന്നത്. ഇത് ക്ഷീണിച്ച് വിശ്രമം ആഗ്രഹിക്കുന്ന ശരീരത്തെ വീണ്ടും തളര്‍ത്തും.
5. ഹാര്‍ട്ട് റിഥം ഡിസോഡര്‍ എന്ന ഹൃദയമിടിപ്പിലെ വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. ഇതു പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം ആളുകളില്‍ താങ്ങാന്‍ കഴിയുന്നതിലും കൂടുതലായി ഹൃദയം പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഹൃദയ സ്തംഭനം ഉണ്ടാകും.
6. മയക്കുമരുന്ന്, മദ്യം, പുകവലി എന്നിവയുടെ ഉപയോഗവും ഹൃദയത്തെ ബാധിക്കും. ഇത്തരം ദുശ്ശീലങ്ങളുള്ളവരില്‍ വര്‍ക്ക് ഔട്ടുകള്‍കൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് മാത്രമല്ല ഹൃദയം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യും.
7. മറ്റൊന്നാണ് ഭാരം കൂട്ടാനും പേശികളുടെ കൂടുതലായുള്ള വളര്‍ച്ചക്കും ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും മരുന്നുകളും ഹോര്‍മോണ്‍ ടാബ്‌ലെറ്റുകളും. ഇവയുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം.
8. ഹൈപര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപതി എന്ന അവസ്ഥ. ജനിതകരോഗമാണ്. ഹൃദയ പേശികള്‍ക്ക് കനം കൂടുതലുണ്ടാകും. സാധാരണയായി ഒരാള്‍ ചെയ്യുന്ന വ്യായാമങ്ങളൊന്നും ഈ അവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. ഇത്തരം ആളുകള്‍ ജിമ്മിലും മറ്റും വലിയ വര്‍ക്ക് ഔട്ടുകള്‍ ചെയ്യുമ്പോഴോ കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുമ്പോഴോ ഹൃദയ സ്തംഭനത്തിലേക്ക് നയിക്കാം. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോഴാണ് ഇങ്ങനെയൊരു രോഗമുണ്ടായിരുന്നു എന്നു പോലും തിരിച്ചറിയുന്നത്.
കുറുക്കു വഴികള്‍ വേണ്ട
- വര്‍ക്കൗട്ടുകള്‍ എപ്പോഴും പരിശീലനം ലഭിച്ച അംഗീകൃത ട്രെയിനറുടെ കീഴില്‍ കൃത്യമായ പീരിഡില്‍ കൃത്യമായ അളവില്‍ മാത്രം ചെയ്യുക. അധ്വാനം ഏറെ വേണ്ട വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന് മുമ്പ് കഴിയുമെങ്കില്‍ ഒരു ഹൃദയപരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതാണ്. ഒരു എക്കോ കാര്‍ഡിയോഗ്രാഫി, ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവയ്ക്ക് വിധേയമായ ശേഷം ജിം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം.
- പെട്ടെന്ന് വണ്ണം കുറയ്ക്കാം ഫിറ്റാകാം എന്ന ആഗ്രഹത്തിന് പിന്നാലെയാണ് ചെറുപ്പക്കാരില്‍ അധികവും. ശരീരത്തിന് പെട്ടെന്ന് മാറ്റമുണ്ടാക്കാനായി ചെയ്യുന്ന കാര്യങ്ങള്‍ ഹൃദയത്തെ തകരാറിലാക്കാം.
- വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ചെറിയ അസ്വസ്ഥതകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാന്‍ മടിക്കേണ്ട. ചെറുതായി തലകറങ്ങുക, സാധാരണയിലും കൂടുതല്‍ തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുക, ഹൃദയമിടിപ്പ് സാധാരണ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നതിലും കൂടുതലായി തോന്നുക, കൂടുതല്‍ കിതപ്പ്, നെഞ്ചിലോ തോളിലോ, കഴുത്തിലോ അനുഭവപ്പെടുന്ന വേദനകള്‍... ഇവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
- വിദഗ്ധനിര്‍ദേശമില്ലാതെ ശീലമാക്കുന്ന ഡയറ്റ് പ്ലാനുകളും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. കീറ്റോ ഡയറ്റ് പോലുള്ളവ ഡയറ്റീഷ്യന്റെ നിര്‍ദേശമില്ലാതെ സ്വയം പരീക്ഷിക്കുന്നത് അപകടമാണ്.
- ലക്ഷണങ്ങളില്ലാത്ത ഹൃദയരോഗങ്ങള്‍ കണ്ടെത്താന്‍ പലതരത്തിലുള്ള പരിശോധനാ മാര്‍ഗങ്ങളുണ്ട്. ഇത്തരം പരിശോധനകള്‍ ഹൃദ്രോഗത്തിന് പാരമ്പര്യ സാധ്യതയുള്ള ആളുകള്‍ക്ക് നേരത്തെ ചെയ്ത് നോക്കാവുന്നവയാണ്.
മനസ്സിന് വേണം കരുതല്‍
- വിഷാദരോഗം, ഉല്‍ക്കണ്ഠ രോഗങ്ങള്‍, ഉറക്കക്കുറവ്, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്. അതുപോലെതന്നെ ഹൃദ്രോഗബാധിതരില്‍ വിഷാദരോഗവും ഉത്കണ്ഠാരോഗങ്ങളും അടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നതായും വിദഗ്ധര്‍ പറയുന്നു. ഹൃദ്രോഗ ബാധിതരില്‍ 31 തൊട്ട് 45 ശതമാനം വരെ ആളുകള്‍ക്ക് അനുബന്ധമായി വിഷാദരോഗം ഉണ്ടാകാം. പൊതുസമൂഹത്തില്‍ ഉള്ള വിഷാദരോഗ തോതിന്റെ മൂന്നിരട്ടിയാണ് ഇത്. മാത്രമല്ല ഹൃദ്രോഗികളില്‍ വിഷാദരോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാതിരുന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത നാല് മടങ്ങ് വരെ കൂടുതലാകാനും സാധ്യതയുണ്ട്. മാനസികാരോഗ്യം സംരക്ഷിക്കുക വഴി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സാധിക്കും.
- മനസ്സിനെ എപ്പോഴും സന്തോഷകരമായ കാര്യങ്ങളില്‍ വ്യാപകമാക്കി വയ്ക്കാന്‍ ശ്രമിക്കുക.
- വായനയോ മറ്റ് വിനോദ മാര്‍ഗങ്ങളോ ശീലമാക്കുക. യോഗ, ധ്യാനം തുടങ്ങിയവ മനസ്സ് ശാന്തമാക്കാന്‍ നല്ല വഴികളാണ്.
- ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സൂക്ഷിക്കുക.
- ദിവസവും രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി ഒരു ഡയറിയില്‍ അന്നേദിവസം സംഭവിച്ച മൂന്ന് സന്തോഷകരമായ കാര്യങ്ങള്‍ എഴുതുക. അത് വായിച്ച ശേഷം എന്റെ ജീവിതം ആഹ്ലാദകരമാണ് എന്ന് സ്വയം പറഞ്ഞ് ഉറങ്ങാന്‍ കിടക്കാം.
- സന്തോഷകരമായ ഏതെങ്കിലും ഒരു അനുഭവം മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഉറങ്ങാന്‍ ശ്രമിക്കുക.
- അതിവൈകാരികമായി പെരുമാറുന്നതിനുപകരം കാര്യങ്ങളുടെ യുക്തി മനസ്സിലാക്കി ആരോഗ്യകരമായി ആശയവിനിമയം നടത്തുക.
- മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടാം.
- ഹൃദ്രോഗ മരുന്നുകള്‍ക്കൊപ്പം സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകളും പെരുമാറ്റ ചികിത്സ, സമ്മര്‍ദ്ദ നിയന്ത്രണമാര്‍ഗങ്ങള്‍, ആക്‌സപ്റ്റ് ആന്‍ഡ് കമ്മിറ്റ്‌മെന്റ് തെറാപ്പി എന്നിവയും ഹൃദ്രോഗികളില്‍ വിഷാദരോഗം നിയന്ത്രണവിധേയമാക്കാന്‍ സഹായകമാണ്.
നല്ല ഹൃദയത്തിന് നല്ല ഉറക്കം
1. നിശ്ചിത സമയത്ത് തന്നെ എന്നും ഉറങ്ങാന്‍ കിടക്കുക. കൃത്യമായ സമയത്ത് തന്നെ ഉണരുക.
2. ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പ് ആയി 15 മിനിട്ട് തൊട്ട് അരമണിക്കൂര്‍ വരെ ശ്വസന വ്യായാമങ്ങള്‍ പോലെയുള്ള ലഘുവായ റിലാക്‌സേഷന്‍ രീതികള്‍ പരിശീലിക്കുക.
3. ഉച്ചയ്ക്ക് ശേഷം ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
4. വൈകുന്നേരം 30 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ട് ലഘു വ്യായാമം ചെയ്യാം. നടത്തം പോലെയുള്ളവ നല്ലതാണ്.
5. ഉറങ്ങാന്‍ കിടക്കുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കാന്‍ പോകുന്നത് ശീലമാക്കുക.
കടപ്പാട്
-ഡോ:അരുണ്‍ ബി നായര്‍
അസോസിയേറ്റ് പ്രൊഫസര്‍
സൈക്യാട്രി, മെഡിക്കല്‍
കോളേജ് തിരുവനന്തപുരം
-ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍, കൊച്ചി
-ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മൗലാന ഹോസ്പിറ്റല്‍,
പെരിന്തല്‍മണ്ണ
Content Highlights: causes sudden cardiac death in young people
Published: 11 Aug 2023, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented