വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനുപിന്നാലെ, അങ്ങനെ അവധി നൽകണോ എന്ന കാര്യത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങി. ആർത്തവസമയത്ത് ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക്, ഈ അവധി ഏറെ അനുഗ്രഹമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്തരം ചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോൾ, കൗമാരപ്രായത്തിലുള്ള കുട്ടികൾക്കുണ്ടാവുന്ന ആർത്തവകാലപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇപ്പോൾ പല കുട്ടികൾക്കും നേരത്തെ ആർത്തവം ആവാറുണ്ട്. അതിനുകാരണമെന്തായിരിക്കും?
പല കുട്ടികൾക്കും ചെറുപ്രായത്തിൽ തന്നെ ആർത്തവമുണ്ടാവുന്നുണ്ട്. പണ്ടൊക്കെ 12 വയസ്സിലൊക്കെയായിരിക്കും കുട്ടികൾക്ക് ആർത്തവം തുടങ്ങുന്നത്. ഇന്നത് മാറി, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുപോലും ആർത്തവമുണ്ടാവുന്നു. പല കാരണങ്ങളാണിതിനുള്ളത്. അതിലേറ്റവും പ്രധാനം അവരുടെ മോശം ഭക്ഷണശീലങ്ങൾ തന്നെ. അതിനൊപ്പം വ്യായാമമില്ലായ്മയും. ഭക്ഷണവും വ്യായാമവുമൊക്കെ ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഒരുപാട് ചോക്ലേറ്റ്, ബ്രോയിലർ ചിക്കൻ, ജങ്ക്ഫുഡ്‌സ്...ഇതൊക്കെയാണ് ഇപ്പോൾ പല കുട്ടികളും കൂടുതലായി കഴിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ എന്നിവയേക്കാളും കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ചിക്കൻ. ഹോർമോണുകൾ കുത്തിവെച്ച ചിക്കൻ ചെറുപ്രായത്തിലേ കഴിക്കുമ്പോൾ അതിനനുസരിച്ചുള്ള ഹോർമോൺ പ്രശ്‌നങ്ങൾ കുട്ടികൾക്കുണ്ടാവുന്നു.
ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും കുട്ടികളിൽ കുറവല്ല. സാധാരണയായുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
വയറുവേദനയാണ് ഏറ്റവും കൂടുതലായിട്ടുണ്ടാവുന്നത്. ഡിസ്‌മെനോറിയ എന്നാണതിന് പറയുന്നത്. അത് കുട്ടികൾക്ക് പല തീവ്രതയിലാണ് വരാറുള്ളത്. വയറുവേദന കാര്യമായി ബുദ്ധിമുട്ടിക്കാത്ത കുട്ടികളുണ്ട്. ചില കുട്ടികൾക്ക് ചെറിയ ചില പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവുക. അത് മരുന്നുകൾ കഴിച്ചാൽ മാറും. എന്നാൽ, തീവ്രതയേറിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമുണ്ട്. ഭയങ്കരമായ വയറുവേദന, അതിനൊപ്പം ഛർദി, നടുവേദന തുടങ്ങിയ ശാരീരികവിഷമതകളായിരിക്കും അവർക്കുണ്ടാവുക. ഇങ്ങനെയുള്ള അവസരങ്ങളിൽ എന്തായാലും ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
സാധാരണയായി ആർത്തവസമയത്ത് 80 മില്ലി മുതൽ പരമാവധി 100 മില്ലി വരെയൊക്കെയാണ് രക്തം പോവുന്നത്. എന്നാൽ, ചിലർക്ക് ആർത്തവകാലത്ത് രക്തസ്രാവം കൂടുതലായിരിക്കും. അതിനൊപ്പം കട്ടകളായിട്ടും പോവുന്നു. അങ്ങനെ വരുമ്പോൾ അവരുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയും. കുട്ടികളിൽ വിളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. കൃത്യമായ കാരണങ്ങൾ കണ്ടെത്തി മരുന്നുകഴിച്ചാൽ അത് മാറും.
കുട്ടികളിൽ ആർത്തവം തുടങ്ങി ആദ്യത്തെ രണ്ടുവർഷം ക്രമരഹിതമായിട്ടാണ് ഉണ്ടാവുക. അതുകഴിഞ്ഞും കൃത്യമായില്ലെങ്കിൽ, തീർച്ചയായും ഡോക്ടറെ കാണിക്കണം.
ഈ പ്രായത്തിൽ തന്നെ അത്തരം അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കണോ? പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
പൂർണമായും കിടന്നോ അല്ലാതെയോ വിശ്രമിക്കാതെ, ദൈനംദിനകാര്യങ്ങളും പതിവായുള്ള മറ്റു കാര്യങ്ങളും ചെയ്യുന്നതാണ് നല്ലത്. അപ്പോൾ അധികം തീവ്രതയില്ലാത്ത വേദനയും കുറയും. കഠിനമായ വേദനയ്ക്കും അസ്വസ്ഥതകൾക്കും കൃത്യമായ ചെക്കപ്പിലൂടെ രോഗകാരണങ്ങൾ തിരിച്ചറിഞ്ഞ്, ആവശ്യമായ മരുന്നുകളും കഴിക്കണം.
വ്യായാമത്തിലൂടെയോ അല്ലെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയോ ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ?
വ്യായാമവും നല്ല ഭക്ഷണശീലങ്ങളും വേണം. സമീകൃതാഹാരം ശീലമാക്കണം. ഒരുപാട് മധുരമുള്ള ഭക്ഷണം, ജങ്ക് ഫുഡ് തുടങ്ങിയവയെല്ലാം ഒഴിവാക്കുക. 'കീപ്പ് ആക്ടീവ്, ഈറ്റ് ഹെൽത്തി' എന്നാണ് ഇത്തരം പ്രശ്‌നങ്ങളുള്ളവരോട് പറയാറുള്ളത്.
(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് & ലാപ്രോസ്‌കോപ്പിക് സർജനാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Early menstruation is increasingly common due to poor dietary habits and lack of physical activity. Consumption of junk food and hormone-injected poultry significantly impacts hormonal balance.
Published: 20 Jun 2026, 11:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented