ക്രമം തെറ്റിയുള്ള ആര്‍ത്തവപ്രശ്‌നങ്ങള്‍ സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാനപ്രശ്‌നമാണ്. എന്നാല്‍ പതിനാറ് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ ആര്‍ത്തവമുണ്ടാകാത്ത അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ആര്‍ത്തവം ഉണ്ടാകാത്ത അവസ്ഥയാണ് അനാര്‍ത്തവം അഥവാ അമിനോറിയ. അതായത് ഏതെങ്കിലും രോഗം കാരണമോ, ശാരീരികമായ കാരണങ്ങള്‍ കൊണ്ടോ ആര്‍ത്തവം ഇല്ലാതെ വരാം. പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാറുണ്ട്. അനാര്‍ത്തവം രണ്ട് തരത്തിലുണ്ട്.

To advertise here,
  • പ്രാഥമിക അനാര്‍ത്തവം(primary amenorrhea):15 വയസ്സിനു ശേഷവും ആര്‍ത്തവം ഇല്ലാത്ത അവസ്ഥ
  • ദ്വിതീയ അനാര്‍ത്തവം(secondary amenorrhea): ആര്‍ത്തവം ഉണ്ടായി കുറച്ച് നാളുകള്‍ക്കുശേഷം നിന്നുപോകുന്ന അവസ്ഥ.

പ്രാഥമിക അനാര്‍ത്തവം
പാരമ്പര്യമായി ചില പെണ്‍കുട്ടികളില്‍ പതിനഞ്ച് അല്ലെങ്കില്‍ പതിനാറ് വയസ്സിലാണ് ആദ്യ ആര്‍ത്തവം കണ്ടുവരുന്നത്. പതിനാറ് വയസ്സിലും ആര്‍ത്തവം ആയില്ലെങ്കില്‍ വൈദ്യപരിശോധന അത്യാവശ്യമാണ്. ചില പെണ്‍കുട്ടികളില്‍ യോനീനാളം ഭാഗികമായോ മുഴുവനായോ അടഞ്ഞിരിക്കുന്നതുമൂലം രക്തം യോനീഭാഗത്തിന്റെ മുകള്‍ഭാഗത്തോ അല്ലെങ്കില്‍ ഗര്‍ഭപാത്രത്തിന്റെ അകത്തോ കെട്ടിനില്‍ക്കാനിടയുണ്ട്.
ഇങ്ങനെ ഉള്ളവരില്‍ മാസമുറ ഇല്ലെങ്കിലും ശക്തമായ വയറുവേദന അനുഭവപ്പെടാം.

ഗര്‍ഭപാത്രത്തില്‍ കൂടുതല്‍ രക്തം കെട്ടിനില്‍ക്കാന്‍ ഇടമില്ലാത്തതിനാല്‍ അണ്ഡനാളികളിലേക്ക് എത്തുകയും അണ്ഡനാളിയിൽ രക്തം കെട്ടിനിന്ന് വികസിച്ച് ഭാവിയില്‍ നശിച്ചുപോവുകയും ചെയ്യുന്നു. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു. ചില പെണ്‍കുട്ടികളില്‍ ജന്മനാ ഗര്‍ഭപാത്രത്തിന്റെ അഭാവത്തില്‍ ആര്‍ത്തവം ഇല്ലാതെ വരാം. മുല്ലേറിയന്‍ അജനസിസ് എന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയില്‍ ശരിയായി പ്രവര്‍ത്തിക്കുന്ന അണ്ഡാശയവും സ്ത്രീയാകുന്ന മറ്റു ശാരീരികസവിശേഷതകളും ഉണ്ടാകുമെങ്കിലും അവള്‍ക്ക് ഗര്‍ഭധാരണശേഷി ഇല്ലാതായിത്തീരുന്നു.

ദ്വിതീയ അനാര്‍ത്തവം
അന്തസ്രാവ ഗ്രന്ഥികളുടെ തകരാറുകള്‍കൊണ്ടാണ് ദ്വിതീയ അനാര്‍ത്തവം കൂടുതലും ഉണ്ടാവുന്നത്. അണ്ഡാശയത്തിലെ മുഴകള്‍, അര്‍ബുദബാധ, അണ്ഡാശയങ്ങള്‍ നീക്കംചെയ്യല്‍, പ്രമേഹം, വിളര്‍ച്ച, പോഷകാഹാരക്കുറവ് ഇവയെല്ലാം കാരണമാണ് പ്രസവസമയത്തോ അതിന് ശേഷമോ അമിതമായ രക്തസ്രാവം ഉണ്ടാവുക. അതോടൊപ്പം ബോധക്ഷയം, പിന്നീട് മുലപ്പാല്‍ ഉണ്ടാവാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ കാരണം ഗര്‍ഭാശയം ചുരുങ്ങി ആര്‍ത്തവം നിലച്ചുപോകാനുമിടയുണ്ട്.

ഭാരക്കുറവ്, മാനസികരോഗലക്ഷണങ്ങള്‍, ലൈംഗിക അവയവങ്ങള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതക്കുറവ് എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. നാല്‍പത് വയസ്സിലോ അതിന് മുമ്പോ ആര്‍ത്തവം ഉണ്ടാകാതെ വരുമ്പോള്‍ വിദഗ്ധപരിശോധനയും ചികിത്സയും തേടേണ്ടതാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഇരുമ്പും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കാനും ശ്രദ്ധിക്കണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi