രേണു സുധി ഗുരുതരമായ അസുഖത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് ആദ്യം വെളിപ്പെടുത്തിയത് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ് ആണ്. സുധിയുടെ പേരിലുള്ള വീടുവെച്ചുകൊടുക്കാൻ നേതൃത്വം നൽകിയ ആളുകൂടിയാണ് ഫിറോസ്. രേണു വലിയൊരു പോരാട്ടത്തിന്റെ നടുവിലാണെന്നും ഫിറോസ് പറഞ്ഞിരുന്നു. ''രേണു ഇന്നൊരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ'', ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചതിങ്ങനെ.

To advertise here,

രേണുവിന് അസുഖമാണെന്ന റിപ്പോർട്ടുകൾ കുറച്ചുമുമ്പേ തന്നെ പുറത്തുവന്നുതുടങ്ങിയിരുന്നു. ദുബായിൽവെച്ചാണ് രോഗം തിരിച്ചറിഞ്ഞതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, രേണുവോ മറ്റാരെങ്കിലുമോ അതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. അതിനിടെ ആസ്പത്രിയിൽ പോയതിന്റെ വീഡിയോയും രേണു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ഫിറോസിന്റെ കുറിപ്പിനുപിന്നാലെ തന്റെ രോഗം സ്ഥിരീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് രേണു.

മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. തനിക്ക് സ്തനാർബുദമാണെന്നും കക്ഷത്തിലേക്കും ശ്വാസകോശത്തിലേക്കുമെല്ലാം വ്യാപിച്ചുവെന്നും മൂന്നാമത്തെ സ്റ്റേജ് കഴിയാറായെന്നും അവർ വെളിപ്പെടുത്തി. 15-ാം വയസ്സിൽ തന്നെ ഒരു മുഴ കണ്ടിരുന്നുവെന്നും അന്നത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും രേണു പറയുന്നു.

''എനിക്ക് കാൻസറാണ്. എന്നാൽ ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽവെച്ചാണ് ഇത് സ്ഥിരീകരിച്ചതെന്നാണ്. എന്നാൽ സത്യം അതല്ല. 16 വർഷം മുമ്പാണ് സ്തനത്തിലൊരു മുഴ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്നതിന് നിറവ്യത്യാസം വന്നപ്പോഴും ശ്രദ്ധിച്ചില്ല, വീട്ടിലും പറഞ്ഞില്ല. പിന്നീട് ബയോപ്‌സി ചെയ്ത ഡോക്ടർ നിലവിൽ പ്രശ്‌നമില്ലെങ്കിലും, ഭാവിയിൽ കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അക്കാലത്ത് സർജറിയോടുള്ള ഭയംകൊണ്ട് അത് ഓപ്പറേഷൻ ചെയ്ത് നീക്കാൻ മടിച്ചു. വേദനയില്ലാത്ത മുഴയായതിനാൽ പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സുധി ചേട്ടന്റെ വേർപാടിനുശേഷം സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം തോന്നിയപ്പോഴാണ് വീണ്ടും ഡോക്ടറെ കാണുന്നത്. ഒറ്റയ്ക്കാണ് പോയത്. സ്‌കാനിങ്ങും മാമോഗ്രാമും ബയോപ്‌സിയും നടത്തിയശേഷം കാൻസറാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ, വീട്ടുകാർ വിഷമിക്കേണ്ടെന്ന് കരുതി ആരോടും പറഞ്ഞില്ല. പിന്നീട് എന്റെ മാനേജർ കരിഷ്മയാണ് എന്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ കണ്ട് കാര്യങ്ങൾ ചോദിക്കുന്നത്. കരിഷ്മയാണ് വീട്ടുകാരോട് കാര്യം പറയുന്നതും. നേരത്തെ ഡോക്ടറെ കാണിച്ചിരുന്നുവെങ്കിൽ, മുഴ എടുത്തുകളഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്''.

അതിനിടെ താൻ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയത് ഈ രോഗവിവരം അറിഞ്ഞശേഷമാണെന്നും അവർ പറയുന്നു. ''എത്രയൊക്കെ അനുഭവിച്ചിട്ടും ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയതും നമുക്ക് ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ്''. രേണുവിന്റെ അസുഖവിവരം പുറത്തുവന്നതോടെ ആരാധകരും സുഹൃത്തുക്കളും പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi