
പ്രതീകാത്മക ചിത്രം/ Freepik
ലോകമെങ്ങും സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം, പിങ്ക് ഒക്ടോബര്‍ ആയി ആചരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. എന്നാല്‍ വ്യാപകമായി നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ തിരിച്ചറിയുവാനും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കുവാനും അതിലൂടെ മരണ നിരക്ക് കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട്.
വലിയ വിഭാഗം ജനത സ്തനാര്‍ബുദത്തിന്റെ പൊതുവായ കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും കുറച്ച് പേര്‍ ഇപ്പോഴും തെറ്റായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്നവരായിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തിലുള്ള ചില മിഥ്യാധാരണകളെയും അവയുടെ യാഥാര്‍ഥ്യത്തെയും വിശദീകരിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
1) സ്ത്രീകള്‍ക്ക് മാത്രമേ സ്തനാര്‍ബുദം ബാധിക്കുകയുള്ളൂ.
സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് സ്ത്രീകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്നത് തെറ്റിദ്ധാരണയുമാണ്. 1ശതമാനം പുരുഷന്മാരെയും സ്തനാര്‍ബുദം ബാധിക്കാറുണ്ട്. തങ്ങളെ ബാധിക്കില്ല എന്ന അമിത ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്നതിനാല്‍ പുരുഷന്മാരിലെ സ്തനാര്‍ബുദം കൃത്യമായി തിരിച്ചറിയാന്‍ വൈകുന്നത് പതിവാണ്.
ഇത് രോഗത്തിന്റെ അവസ്ഥ സങ്കീര്‍ണ്ണമാക്കുവാന്‍ ഇടയാക്കുന്നു. അതിനാല്‍ തന്നെ സ്തനാര്‍ബുദത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍ (സ്തനത്തിന്റെ തൊലിയില്‍ ചുവന്ന നിറത്തിലോ മറ്റോ ഉള്ള മാറ്റം കാണപ്പെടുക, തടിപ്പ്, മുലക്കണ്ണിലെ സ്രവം മുതലായവ) ശ്രദ്ധയില്‍പെട്ടാല്‍ പുരുഷന്മാരും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് സ്തനാര്‍ബുദം അല്ല എന്ന് ഉറപ്പ് വരുത്തണം.
2) മുഴമാത്രമാണ് സ്തനാര്‍ബുദത്തിന്റെ ലക്ഷണം.
തെറ്റായ ധാരണയാണത്. സ്തനങ്ങളുടെ ആകൃതിയിലെ വ്യത്യാസം, വലുപ്പത്തിലെ വ്യത്യാസം, മുലക്കണ്ണില്‍ നിന്നുള്ള സ്രവം, തൊലി ചുളിയുക, ചുവന്ന നിറം കാണപ്പെടുക, വേദന അനുഭവപ്പെടുക തുടങ്ങിയവയെല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങളാണ്. മുഴയില്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ല എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് പതിവാണ്. മുകളില്‍ പറഞ്ഞ ഏത് ലക്ഷണം ശ്രദ്ധയില്‍പെട്ടാലും ഡോക്ടറെ സന്ദര്‍ശിച്ച് സ്തനാര്‍ബുദമല്ല എന്ന് ഉറപ്പ് വരുത്തണം.
3) സ്തനാര്‍ബുദം പാരമ്പര്യ രോഗം മാത്രമാണ്.
പ്രധാനപ്പെട്ട മിഥ്യാധാരണകളിലൊന്നാണ്, 'എന്റെ കുടുംബത്തിലാര്‍ക്കും സ്തനാര്‍ബുദമില്ലല്ലോ, പിന്നെന്തിന് ഞാന്‍ ജാഗ്രത പുലര്‍ത്തണം' എന്ന ചിന്ത. യഥാര്‍ഥത്തില്‍ പാരമ്പര്യത്തിന്റെ ഭാഗമായി സ്തനാര്‍ബുദം വരുന്നത് വളരെ ചെറിയ ഒരു ശതമാനം പേരില്‍ മാത്രമാണ് (ഏകദേശം 10 ശതമാനത്തില്‍ താഴെ).
ജീവിതശൈലി, ഹോര്‍മോണ്‍ സംബന്ധമായ വ്യതിയാനങ്ങള്‍, പാരിസ്ഥിതിക കാരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ മറ്റനേകം കാരണങ്ങള്‍ സ്തനാര്‍ബുദത്തിലേക്ക് നയിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.
4) ബ്രാ, ഡിയോഡ്രന്റ് മുതലായവയുടെ ഉപയോഗം സ്തനാര്‍ബുദത്തിന് കാരണമാകുന്നു.
ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത തെറ്റിദ്ധാരണയാണത്. ബ്രാ, പ്രത്യേകിച്ച് ഇറുകിയ അടിവസ്ത്രം ധരിക്കുന്നതാണ് സ്തനാര്‍ബുദത്തിന് കാരണമെന്ന് വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. ഈ കാരണം കൊണ്ട് സ്തനാര്‍ബുദം സൃഷ്ടിക്കപ്പെടുന്നു എന്ന് ഒരു പഠനത്തിലും തെളിയിക്കപ്പെട്ടിട്ടില്ല. ഡിയോഡ്രന്റ് പോലുള്ള ദുര്‍ഗന്ധനാശിനികളുടെ ഉപയോഗവും സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
5) മാമ്മോഗ്രാം സ്തനാര്‍ബുദത്തിന് കാരണമാകും.
ഈ തെറ്റിദ്ധാരണമൂലം മാമ്മോഗ്രാം ചെയ്യാന്‍ മടിക്കുന്ന അനേകം ആളുകളുണ്ട്. യഥാര്‍ത്ഥത്തില്‍ മാമ്മോഗ്രാമില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് വളരെ കുറവാണ്. മാത്രമല്ല ഇത് സുരക്ഷിതവുമാണ് എന്ന് തെളിയിക്കപ്പെടിട്ടിട്ടുണ്ട്.
മാമ്മോഗ്രാം ഒരു തരത്തിലും സ്തനാര്‍ബുദത്തിന് കാരണമാകുന്നില്ല. സ്തനാര്‍ബുദം നിര്‍ണ്ണയിക്കുവാന്‍ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച രോഗനിര്‍ണ്ണയ ഉപാധികൂടിയാണ് മാമ്മോഗ്രാം. അകാരണമായ ഈ ഭയംമൂലം മാമ്മോഗ്രാമിനോട് മുഖം തിരിച്ച് നില്‍ക്കരുത്.
6) ചെറുപ്പക്കാരികള്‍ക്ക് സ്തനാര്‍ബുദം വരില്ല.
പൊതുവെ 40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ യുവതികളില്‍ സ്തനാര്‍ബുദം പ്രത്യക്ഷപ്പെടുന്നത് വിരളമല്ല. (ജീവിതശൈലി, അമിതവണ്ണം, ലഹരിയുടെ ഉപയോഗം തുടങ്ങിയവയാണ് പൊതുവെ ചെറിയ പ്രായത്തില്‍ സ്തനാര്‍ബുദം പ്രത്യക്ഷപ്പെടുന്നതിന് കാരണമായി കണക്കാക്കാവുന്നത്.) നേരത്തെയുള്ള രോഗനിര്‍ണ്ണയം യുവാക്കളില്‍ ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും.
7) മാസ്റ്റക്ടമി ചെയ്താല്‍ പിന്നീടൊരിക്കലും സ്തനാര്‍ബുദം വരില്ല.
മാസ്റ്റക്ടമി ചെയ്തുകഴിഞ്ഞല്ലോ, ഇനി ഒരിക്കലും സ്തനാര്‍ബുദം വരില്ല, അതുകൊണ്ട് മുന്‍കരുതലുകളോ തുടര്‍ ചെക്കപ്പുകളോ സ്വീകരിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്.
ശസ്ത്രക്രിയയിലൂടെ സ്തനാര്‍ബുദത്തെ ഏറെക്കുറെ വിജയകരമായി തന്നെ തരണം ചെയ്യാന്‍ സാധിക്കും. എന്നിരുന്നാലും ചികിത്സയും മരുന്നും തുടര്‍പരിശോധനകളും കൃത്യമായി തന്നെ നിര്‍വ്വഹിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ രോഗത്തിന്റെ തിരിച്ചുവരവ് നടക്കുകയാണെങ്കില്‍ അത് നേരത്തെ കണ്ട് പ്രതിരോധിക്കാന്‍ ഇത് സഹായകരമാകും.
8) സ്തനാര്‍ബുദം വന്നാല്‍ സ്തനങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റേണ്ടി വരും.
മുന്‍കാലങ്ങളില്‍ സ്തനാര്‍ബുദത്തിനുള്ള പ്രധാന ചികിത്സ സ്തനങ്ങള്‍ മുറിച്ച് മാറ്റുന്ന ശസ്ത്രക്രിയയായിരുന്നു. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി സ്തനങ്ങള്‍ മുറിച്ചുമാറ്റാതെ തന്നെ വിജയകരമായി ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കില്‍ മുഴകള്‍ മാത്രമായി നീക്കം ചെയ്യുന്നതും, സ്തനങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതുമായ രീതികള്‍ ലഭ്യമാണ്. സ്തനങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യേണ്ടി വരികയാണെങ്കില്‍ സ്തന പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയാ രീതികളും ഇന്ന് നിലവിലുണ്ട്.
9) ഒറ്റമൂലികളാണ് ആധുനികവൈദ്യശാസ്ത്രത്തെക്കാള്‍ ഫലപ്രദം.
അശാസ്ത്രീയമായ ചികിത്സകള്‍ സ്വീകരിക്കുന്നതിലൂടെ രോഗത്തിന്റെ മുക്തി നേടുന്നില്ല എന്ന് മാത്രമല്ല രോഗം സങ്കീര്‍ണ്ണമാക്കിമാറ്റുവാന്‍ ഇടയാക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍, ടാര്‍ജറ്റഡ് തെറാപ്പി തുടങ്ങിയ അനേകം ചികിത്സാ രീതികള്‍ നിലവിലുള്ളപ്പോഴാണ് ഇപ്പോഴും ആളുകള്‍ അശാസ്ത്രീയമായ ചികിത്സാരീതികളുടെ പിന്നാലെ യാത്രയാകുന്നത്.
10) സ്തനാര്‍ബുദകാരണമാകുന്ന മുഴകള്‍ വേദനയുള്ളവയായിരിക്കും.
ഏറ്റവും കൂടുതല്‍ വ്യാപകമായി കാണപ്പെടുന്ന തെറ്റിദ്ധാരണയാണിത്. അതുകൊണ്ട് തന്നെ വേദനയില്ലാത്ത മുഴകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അര്‍ബുദത്തിന് സാധ്യതയില്ല എന്ന മുന്‍ധാരണയില്‍ സ്ത്രീകള്‍ പുറത്ത് പറയാന്‍ മടിക്കും. പ്രത്യേകിച്ച് സ്വകാര്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നതിനാല്‍ പുറത്ത് പറയാനുള്ള മടി വര്‍ദ്ധിക്കുകയും ചെയ്യും.
സ്തനാര്‍ബുദത്തിന് കാരണമാകുന്ന എല്ലാ മുഴകള്‍ക്കും വേദനയുണ്ടാകണമെന്നില്ല. അതിനാല്‍ സ്തനത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏത് മുഴയും ഉടനടിതന്നെ ഡോക്ടറെ കാണിച്ച് അര്‍ബുദമല്ലെന്ന് ഉറപ്പ് വരുത്തണം. ഓര്‍ക്കുക വേദന എന്നത് ഒരു ലക്ഷണം മാത്രമാണ്. വേദനയുള്ളതും ഇല്ലാത്തതുമായ സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്.
(ആസ്റ്റർ മദർ അരീക്കോടിലെ ജനറൽ & ലാപ്പറോസ്കോപ്പിക് സർജനാണ് ലേഖിക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Uncover and debunk common breast cancer myths,and learn the facts about early detection, treatment, and prevention for both men and women.
Published: 21 Oct 2025, 11:27 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented