ബോളിവുഡ് നടി മഹിമ ചൗധരിക്ക് 2022-ലാണ് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സ്തനാർബുദത്തിന്റേതായ യാതൊരു ലക്ഷണങ്ങളും തനിക്കുണ്ടായിരുന്നില്ലെന്ന് പറയുകയാണ് മഹിമ ചൗധരി.

To advertise here,

പരിശോധനകളില്ലാതെ പലപ്പോഴും സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയില്ലെന്നും മഹിമ ചൂണ്ടിക്കാട്ടി. ''എനിക്ക് യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. സ്തനാർബുദമുണ്ടോ എന്ന് പരിശോധിക്കാൻ പോയതുമല്ല. വർഷാവർഷം ഹെൽത്ത് ചെക്കപ്പ് നടത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ആസ്പത്രിയിലെത്തിയത്. അതിലാണ് അസുഖം തിരിച്ചറിഞ്ഞതും. കാൻസർ ലക്ഷണങ്ങൾ വെച്ചോ അല്ലാതെയോ നമുക്ക് സ്വയം കണ്ടെത്താൻ കഴിയണമെന്നില്ല. ടെസ്റ്റുകളിലൂടെയേ അത് തിരിച്ചറിയാൻ കഴിയൂ. അതുകൊണ്ട് ഇടയ്ക്കിടെ പരിശോധനകൾ നടത്തിയാൽ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ തുടങ്ങാനും സാധിക്കും''. യങ് വിമൻ ബ്രെസ്റ്റ് കാൻസർ കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് മഹിമ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. മഹിമയുടെ വാർഷിക പരിശോധനയ്ക്കിടെ സംശയാസ്പദമായ ഒരു മുഴ ഓങ്കോളജിസ്റ്റ് കണ്ടെത്തി. കൂടുതൽ പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനകളിൽ അർബുദത്തിന് മുമ്പുള്ള കോശങ്ങൾ കണ്ടെത്തിയെങ്കിലും, തുടർന്നുള്ള ബയോപ്‌സിയിൽ കാൻസറാണെന്ന് ഉറപ്പിച്ചു.

രാജ്യത്ത് ഇന്ന് കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മഹിമ പറയുന്നു. ''എനിക്ക് രോഗനിർണയം നടത്തിയ സമയത്തെ പോലെയല്ല ഇപ്പോൾ. കാൻസർ ചികിത്സയിൽ വലിയ വ്യത്യാസവും മുന്നേറ്റവുമുണ്ട്. പല ജനറിക് മരുന്നുകൾക്കും ഇപ്പോൾ വളരെ വിലക്കുറവാണ്. കൂടാതെ കാൻസറിനെക്കുറിച്ച് ആളുകൾക്കിടയിൽ കൂടുതൽ അവബോധവുമുണ്ട്''.

ലോക്ഡൗൺ സമയത്താണ് മഹിമയുടെ രോഗം സ്ഥിരീകരിക്കുന്നത്. മാതാപിതാക്കളിൽനിന്ന് മഹിമ ഇത് മറച്ചുവെച്ചു. അവരെ തളർത്തേണ്ടെന്നതായിരുന്നു ആ തീരുമാനമെടുക്കാൻ കാരണം. ''അച്ഛൻ ഇടയ്ക്കിടെ തലമുടി വടിച്ചുകളയുമായിരുന്നു. അങ്ങനെ ഞാൻ അച്ഛനോട് പറഞ്ഞു, 'ലോക്ഡൗൺ അല്ലേ, എന്റെ മുടിയും വെട്ടിക്കളയുകയാണ്'. കീമോതെറാപ്പിയുടെ ഭാഗമായി എന്റെ മുടി കൊഴിയുന്നുണ്ടായിരുന്നു. അത് മാതാപിതാക്കൾ അറിയാതിരിക്കാനായിരുന്നു എന്റെ മുടി കളഞ്ഞത്. എന്നാലും അധികകാലം മറച്ചുവെയ്ക്കാൻ കഴിഞ്ഞില്ല'', മഹിമ ഓർക്കുന്നു.

2016-ൽ സിനിമയിൽനിന്ന് വിട്ടുനിന്ന മഹിമ, 2024-ലാണ് തിരിച്ചുവരവ് നടത്തിയത്. 'ദ സിഗ്നേച്ചർ' എന്ന സിനിമയിൽ പ്രധാനകഥാപാത്രമായാണ് അവർ അഭിനയിച്ചത്. അതുകഴിഞ്ഞ് എമർജൻസി, നദാനിയാം എന്നീ സിനിമകളിലും അഭിനയിച്ചു. 'ദുർലഭ് പ്രസാദ് കി ദൂസ്രി ശാദി'യാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi