ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലൂടെയാണ് താന്യ മിത്തലിനെക്കുറിച്ച് ആളുകൾ കേൾക്കുന്നത്. ആ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മത്സരാർഥിയും താന്യ തന്നെ. സ്പിരിച്വൽ ഇൻഫ്‌ളുവൻസർ, സംരംഭക എന്നീ നിലകളിലും അവർ ആളുകൾക്ക് സുപരിചിതയാണ്. ബിഗ് ബോസിലെ പല തുറന്നുപറച്ചിലുകളിലൂടെയുമാണ് താന്യ ശ്രദ്ധിക്കപ്പെടുന്നത്. താൻ 800 സാരികളുമായാണ് ബിഗ് ബോസിലെത്തിയതെന്നാണ് അന്ന് താന്യ പറഞ്ഞത്. പിന്നാലെ തന്നെ എല്ലാവരും 'മാഡം' എന്നോ 'ബോസ്' എന്നോ വിളിക്കണമെന്നും താന്യ മത്സരാർഥികളോട് ആവശ്യപ്പെട്ടു.

To advertise here,

150 ബോഡിഗാർഡുകളുണ്ടെന്ന് താന്യ പറഞ്ഞതായും വാർത്തകൾ പുറത്തുവന്നു. അതോടെ അവർക്കെതിരെ രൂക്ഷമായ ട്രോളുകളും വന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം തുറന്നുസംസാരിക്കുകയാണ് താന്യ. വിവാഹം എന്ന ആശയം എത്രത്തോളം തനിക്ക് പ്രധാനമാണെന്നും താന്യ വെളിപ്പെടുത്തി.

''വിവാഹം കഴിക്കാൻ എനിക്ക് വളരെ ആവേശമുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചുറ്റിപ്പറ്റിയാണ് എന്റെ ജീവിതം. എന്റെ ഭർത്താവിനെ ഞാൻ സന്തോഷത്തോടെ നിർത്തും. അദ്ദേഹത്തിനുവേണ്ടി ജോലി ചെയ്യുകയും ചെയ്യും. അദ്ദേഹം ഒരു ജോലിയും ചെയ്യേണ്ടിവരില്ല''.

പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിഭർത്താവിനെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെ, ''ഞാൻ സ്‌നേഹിക്കുന്ന അല്ലെങ്കിൽ കൂടെയുള്ള വ്യക്തിക്ക് വേണ്ടി എന്റെ എല്ലാം നൽകാൻ ഞാൻ എപ്പോഴും തയ്യാറാണ്. ഞാൻ സ്‌നേഹിക്കുന്നയാൾക്കായി ഇത് മുമ്പ് ചെയ്തിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ചെയ്യും. എനിക്ക് ഒരു സമ്പന്നനായ ഭർത്താവിനെ വേണ്ട. എന്റെ ഭർത്താവിന് ഒന്നുമില്ലെങ്കിൽ പോലും, അത് എനിക്ക് ഒരു വ്യത്യാസവും വരുത്തില്ല. ഞാൻ എന്റെ എക്‌സ് ബോയ്ഫ്രണ്ടിന് ഒരു കാർ സമ്മാനമായി നൽകിയിട്ടുണ്ട്. ഞങ്ങൾ പിരിഞ്ഞശേഷവും ഞാനാ വണ്ടി തിരിച്ചെടുത്തിട്ടില്ല. ഇപ്പോഴും എന്റെ എക്‌സ് ബോയ്ഫ്രണ്ട്‌സുമായി സൗഹൃദത്തിലാണ് ഞാൻ''.

തന്നോട് പണം ചോദിക്കുന്നയാളാകണം തന്റെ ഭർത്താവെന്നും അവർ പറയുന്നു. ''എന്റെ ഭർത്താവ് എല്ലാ ദിവസവും രാവിലെ ഉണർന്ന് എന്നോട് 10-15 ലക്ഷം ചോദിക്കണം. അവന് എല്ലാ ദിവസവും 10-15 ലക്ഷം നൽകാൻ എനിക്ക് കഴിവുണ്ടാകണം. അതായത്, എനിക്ക് അത്തരത്തിലുള്ള ഒരു കാമുകിയോ ഭാര്യയോ ആകണം''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi