മുഖക്കുരു മാറിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാകും വീണ്ടും അതേ സ്ഥലത്ത് മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നത്. പലരെയും അലട്ടുന്ന വലിയ പ്രശ്നംതന്നെയാണിത്. ഒരേ ഭാഗത്ത് വീണ്ടും വീണ്ടും മുഖക്കുരു വരുന്നതിന് പിന്നിൽ ചില വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ചർമ്മരോഗ വിദഗ്ധർ പറയുന്നത്. കാരണം മനസ്സിലാക്കിയാൽ ഒരു പരിധിവരെ ഇത് തടയാനും സാധിക്കും.
സിസ്റ്റിക് മുഖക്കുരു
ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിൽ രൂപപ്പെടുന്ന വലിയതും വേദനയുള്ളതുമായ മുഖക്കുരുവിനെയാണ് സിസ്റ്റിക് പിമ്പിൾ (cystic pimple) എന്ന് വിളിക്കുന്നത്. പുറമേയുള്ള വീക്കം കുറഞ്ഞാലും അതിന്റെ ഉള്ളിലെ സിസ്റ്റ് ചർമ്മത്തിനടിയിൽ തുടരാം. അതിനാൽ പിന്നീട് അതേ സ്ഥലത്ത് വീണ്ടും വീക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം മുഖക്കുരു മാറാൻ കൂടുതൽ സമയം എടുക്കുകയും ചിലപ്പോൾ പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യും. ആൻഡ്രജൻ ഹോർമോണിലെ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള ഹോർമോൺ മാറ്റങ്ങളാണ് പലപ്പോഴും ഇതിന് പിന്നിലെ കാരണം.
Also Read
മുഖക്കുരു കുത്തിപ്പൊട്ടിക്കുകയോ അമർത്തുകയോ ചെയ്യുന്നത് എണ്ണഗ്രന്ഥികളിലെ സ്രവം പൂർണമായി പുറത്തുപോകുന്നത് തടസ്സപ്പെടുത്തും. ഇതുമൂലം അതേ ഭാഗത്ത് വീണ്ടും തടസ്സവും മുഖക്കുരുവും രൂപപ്പെടാം. മാത്രമല്ല, ബാക്ടീരിയ സമീപ പ്രദേശങ്ങളിലേക്കും പടരാൻ ഇത് കാരണമാകും.
അടഞ്ഞുപോകുന്ന സുഷിരങ്ങൾ
മുഖത്തെ ചർമ്മത്തിലെ സുഷിരങ്ങൾ (പോർസ്) സ്വാഭാവികമായി സെബം എന്ന എണ്ണ ഉൽപാദിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് നെറ്റി, മൂക്ക്, താടി എന്നിവ ഉൾപ്പെടുന്ന ടി-സോണിൽ എണ്ണയുടെ അളവ് കൂടുതലായിരിക്കും. ഈ എണ്ണയും അഴുക്കും നിർജീവ കോശങ്ങളും ചേർന്ന് ബ്ലാക്ക്‌ഹെഡുകളും വൈറ്റ്‌ഹെഡുകളും അടഞ്ഞ സുഷിരങ്ങളും ഉണ്ടാക്കാം.
കൃത്യമായ എക്‌സ്‌ഫോളിയേഷനും സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകളോ ചികിത്സാ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നതും സുഷിരങ്ങൾ വൃത്തിയായി നിലനിർത്താൻ സഹായിക്കും. മുഖക്കുരു സ്വയം പൊട്ടിക്കാൻ ശ്രമിക്കുന്നതിനുപകരം വിദഗ്ധരുടെ സഹായത്തോടെ ചികിത്സ തേടുന്നതാണ് ഉചിതം.
ആർത്തവവുമായി ബന്ധപ്പെട്ട മുഖക്കുരു
ആർത്തവത്തിന് മുൻപോ ആർത്തവ സമയത്തോ ചില സ്ത്രീകൾക്ക് താടിയുടെയും കവിളുകളുടെയും ഭാഗത്ത് മുഖക്കുരു പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. ഇത് എല്ലാ മാസവും ആവർത്തിക്കുന്നുണ്ടെങ്കിൽ ചർമ്മരോഗ വിദഗ്ധനെ കാണണം. ആവശ്യമെങ്കിൽ ക്രയോതെറാപ്പി, ബ്ലൂ ലൈറ്റ് തെറാപ്പി, കോർട്ടിസോൺ ഇൻജക്ഷൻ തുടങ്ങിയ ചികിത്സാരീതികൾ ഡോക്ടർ നിർദേശിച്ചേക്കാം.
അറിയാതെ മുഖത്ത് കൈവയ്ക്കുക, മുടി ഇടയ്ക്കിടെ മുഖത്തേക്ക് വലിച്ചിടുക, വിയർപ്പ് കൈകൊണ്ട് തുടയ്ക്കുക തുടങ്ങിയ ശീലങ്ങൾ ബാക്ടീരിയയും എണ്ണയും ചർമ്മത്തിലേക്ക് എത്തിക്കാൻ ഇടയാക്കും. ഇത് മുഖക്കുരു വീണ്ടും വീണ്ടും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. മുഖത്ത് ആവർത്തിച്ച് സ്പർശിക്കുന്നത് ആ ഭാഗത്തെ രക്തയോട്ടവും വർധിപ്പിക്കും. ഇതുമൂലം വീക്കവും എണ്ണ ഉൽപാദനവും കൂടുകയും സുഷിരങ്ങൾ അടയുകയും ചെയ്യാം.
വൃത്തിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗം
ദിവസത്തിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന വസ്തുക്കളിലൊന്നാണ് മൊബൈൽ ഫോൺ. സ്‌ക്രീനിൽ എണ്ണ, വിയർപ്പ്, മേക്കപ്പ് അവശിഷ്ടങ്ങൾ, ബാക്ടീരിയ എന്നിവ എളുപ്പത്തിൽ അടിഞ്ഞുകൂടും. ഫോൺ മുഖത്തോട് ചേർത്ത് സംസാരിക്കുമ്പോൾ ഇവ നേരിട്ട് ചർമ്മത്തിലേക്ക് പകരുകയും സുഷിരങ്ങൾ അടയാനും മുഖക്കുരു വരാനും കാരണമാകുകയും ചെയ്യും. അതിനാൽ ഫോൺ സ്‌ക്രീൻ ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് ചർമ്മസംരക്ഷണത്തിന്റെ ഭാഗമാക്കാം.
തലയണ ഉറകൾ സമയത്ത് മാറ്റുന്നില്ലേ?
രാത്രിയിൽ ഉറങ്ങുമ്പോൾ തലയണ ഉറയിൽ എണ്ണയും വിയർപ്പും നിർജീവ ചർമ്മകോശങ്ങളും ബാക്ടീരിയയും അടിഞ്ഞുകൂടും. ദിവസങ്ങളോളം അതേ ഉറ ഉപയോഗിക്കുന്നത് ഈ അഴുക്കുകൾ വീണ്ടും വീണ്ടും മുഖവുമായി സമ്പർക്കത്തിലാകാൻ ഇടയാക്കും. പ്രത്യേകിച്ച് മുഖക്കുരുവിന് സാധ്യതയുള്ളവർക്ക് ഇത് പ്രശ്‌നം രൂക്ഷമാക്കാം.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും തലയണ ഉറ മാറ്റുക. സിൽക്ക് തലയണ ഉറകൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന ഉരസൽ കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഇടയ്ക്കിടെ മുഖക്കുരു വരുന്നവർക്ക് ഇത് ഗുണകരമായേക്കാം.
ഒരേ സ്ഥലത്ത് വീണ്ടും വീണ്ടും മുഖക്കുരു വരുന്നത് പലപ്പോഴും ചർമ്മം നൽകുന്ന ഒരു സൂചനയാണ്. അത് അവഗണിക്കാതെ യഥാർഥ കാരണം കണ്ടെത്തി ശരിയായ ചികിത്സയും ചർമ്മപരിചരണവും സ്വീകരിച്ചാൽ ഈ ആവർത്തനത്തെ ഗണ്യമായി കുറയ്ക്കാൻ കഴിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: reasons-for-recurring-acne-same-spot
Published: 28 Jul 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented