മുഖം വൃത്തിയാക്കുക എന്നത് ചർമസംരക്ഷണ റൂട്ടീനിലെ ഏറ്റവും ലളിതമായ ഘട്ടമെന്ന് തോന്നാം. എന്നാൽ ക്ലെൻസർ തിരഞ്ഞെടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. ഓയിൽ ക്ലെൻസർ വേണോ? ക്ലെൻസിങ് ബാം ഉപയോഗിക്കാമോ? ഫോമിങ് ഫേസ് വാഷ് ചർമം വരണ്ടതാക്കുമോ? രാവിലെയും രാത്രിയും മുഖം കഴുകേണ്ടതുണ്ടോ? എന്നിങ്ങനെ സംശയങ്ങൾ ഒരുപാടാണ്…
ഓയിൽ, ബാം, മിൽക്കി ക്ലെൻസർ, ജെൽ, ഫോം, ക്രീം തുടങ്ങി പല ടെക്‌സ്ചറുകളിലും ക്ലെൻസറുകൾ ഇന്ന് ലഭ്യമാണ്. സെറാമൈഡുകൾ, നിയാസിനമൈഡ്, വിവിധ ആസിഡുകൾ തുടങ്ങി ചർമത്തിന് ഗുണകരമായ പല ഘടകങ്ങളും പല ക്ലെൻസറുകളിലും ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ, ക്ലെൻസർ എത്ര നല്ലതായാലും അതിന്റെ പ്രധാന ജോലി ചർമം വൃത്തിയാക്കുക എന്നതുതന്നെയാണ്.
Also Read
ഡെർമറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, നല്ലൊരു ക്ലെൻസർ ചർമത്തിലെ അഴുക്ക്, അധിക എണ്ണ, സൺസ്‌ക്രീൻ, മേക്കപ്പ്, അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുന്നതാവണം. അതിനൊപ്പംതന്നെ ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ കവചമായ സ്‌കിൻ ബാരിയറിനെ (ചർമത്തിന്റെ സംരക്ഷണപാളി) തകരാറിലാക്കാതിരിക്കുകയും വേണം.
ക്ലെൻസർ മുഖത്ത് പുരട്ടി അൽപസമയത്തിനകം കഴുകിക്കളയുന്നതിനാൽ സെറം, ക്രീം എന്നീ ഉൽപ്പന്നങ്ങളെപ്പോലെ പെട്ടെന്ന് ഫലപ്രദമായി തോന്നില്ല. അതുകൊണ്ടുതന്നെ ക്ലെൻസർ മുഖക്കുരു, പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പ്രധാന ചികിത്സയായി കണക്കാക്കേണ്ടതില്ല. എന്നാൽ ശരിയായ ക്ലെൻസർ തിരഞ്ഞെടുക്കുന്നത് ചർമസംരക്ഷണത്തിന്റെ ബാക്കി ഘട്ടങ്ങൾക്ക് നല്ലൊരു അടിത്തറ നൽകും.
ചർമത്തിന്റെ സ്വഭാവമനുസരിച്ച് തിരഞ്ഞെടുക്കാം
എണ്ണമയമുള്ള ചർമം: എണ്ണമയമുള്ള ചർമമുള്ളവർ ഓയിൽ ക്ലെൻസറുകൾ പൂർണമായും ഒഴിവാക്കണമെന്നില്ല. ചർമത്തിലെ എണ്ണയും ഓയിൽ ക്ലെൻസറിന് ലയിപ്പിച്ച് നീക്കം ചെയ്യാൻ കഴിയും. സൺസ്‌ക്രീനും മേക്കപ്പും നീക്കം ചെയ്യാനും ഇവ സഹായിക്കും. ഫോമിങ് ക്ലെൻസറുകളും എണ്ണമയമുള്ളതോ കോമ്പിനേഷൻ ചർമമുള്ളതോ ആയവർക്ക് അനുയോജ്യമാകാം. അധിക എണ്ണ, വിയർപ്പ്, ദിവസേന അടിഞ്ഞുകൂടുന്ന അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഇവ ഫലപ്രദമാണ്.
എന്നാൽ ചർമത്തിലെ സ്വാഭാവിക എണ്ണ മുഴുവൻ നീക്കം ചെയ്യുന്ന തരത്തിലുള്ള ശക്തമായ ക്ലെൻസറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിയാസിനമൈഡ്, സെറാമൈഡുകൾ പോലുള്ള ബാരിയർ-സപ്പോർട്ടിങ് ഘടകങ്ങൾ അടങ്ങിയ ഫോർമുലകൾ പരിഗണിക്കാം.
മുഖക്കുരു വരാൻ സാധ്യതയുള്ള ചർമം: മുഖക്കുരു വരാൻ സാധ്യതയുള്ള ചർമത്തിന് സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകൾ സഹായകരമാകാം. സാലിസിലിക് ആസിഡ് അധിക എണ്ണയും അടഞ്ഞുപോയ ചർമസുഷിരങ്ങളും നിയന്ത്രിക്കാൻ സഹായിക്കും. ഓയിൽ ക്ലെൻസർ ഉപയോഗിക്കുന്നവർ സക്വാലെയ്ൻ പോലുള്ള താരതമ്യേന കുറഞ്ഞ കോമഡോജെനിക് ഓയിലുകൾ അടങ്ങിയ ഫോർമുലകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
വരണ്ടതും സെൻസിറ്റീവുമായ ചർമം: ചർമം വരണ്ടതോ സെൻസിറ്റീവായതോ ആണെങ്കിൽ ശക്തമായി ഫോം ചെയ്യുന്ന ക്ലെൻസറുകൾ ചിലപ്പോൾ അസ്വസ്ഥതയും വരൾച്ചയും ഉണ്ടാക്കാം. ചർമപാളിയെ സംരക്ഷിക്കുന്ന സെറാമൈഡുകൾ പോലുള്ള ഘടകങ്ങൾ അടങ്ങിയ മൃദുവായ ക്ലെൻസറുകൾ തിരഞ്ഞെടുക്കാം. കഴുകിയ ശേഷം ചർമം വലിഞ്ഞുമുറുകുന്നതുപോലെ തോന്നുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്ന ക്ലെൻസർ മാറ്റേണ്ടതിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക.
മങ്ങിയ ചർമവും പിഗ്മെന്റേഷനും: ഗ്ലൈക്കോളിക് ആസിഡ്, ലാക്ടിക് ആസിഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ക്ലെൻസറുകൾ മങ്ങിയ ചർമത്തിന് സഹായകരമാകാം. മാൻഡെലിക് ആസിഡ് ചർമത്തിന്റെ ടെക്‌സ്ചർ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നാൽ ആക്ടീവ് ഇൻഗ്രിഡിയന്റുകൾ അടങ്ങിയ ക്ലെൻസർ മാത്രം ഉപയോഗിച്ചാൽ പിഗ്മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നില്ല. ചർമത്തിൽ കൂടുതൽ സമയം തങ്ങിനിൽക്കുന്ന സെറം, ക്രീം തുടങ്ങിയവയ്ക്കാണ് ഇത്തരം പ്രശ്‌നങ്ങളെ കൂടുതൽ പരിഹരിക്കാനാവുക.
മേക്കപ്പ് ഉപയോഗിക്കുന്നവർ ഡബിൾ ക്ലെൻസിങ് ചെയ്യണോ?
മേക്കപ്പ്, സൺസ്‌ക്രീൻ എന്നിവ പതിവായി ഉപയോഗിക്കുന്നവർക്ക് ഡബിൾ ക്ലെൻസിങ് സഹായകമാണ്. സാധാരണയായി ആദ്യം ഓയിൽ അല്ലെങ്കിൽ ബാം ഉപയോഗിച്ച് മേക്കപ്പും സൺസ്‌ക്രീനും തുടച്ചുമാറ്റിയതിനുശേഷം, പിന്നീട് മറ്റൊരു ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് രീതി. എന്നാൽ എല്ലാവർക്കും ദിവസവും ഡബിൾ ക്ലെൻസിങ് നിർബന്ധമാണെന്ന് പറയാനാകില്ല. അമിതമായി ക്ലെൻസിങ് ചെയ്യുന്നത് ചർമത്തിന്റെ സ്വാഭാവിക സംരക്ഷണപാളിയെ ബാധിച്ചേക്കാം. ബാം ഉപയോഗിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ ചർമത്തിന്റെ സ്വഭാവത്തെയും ഉപയോഗിക്കുന്ന ഉൽപ്പന്നത്തിന്റെ ഫോർമുലയെയും ആശ്രയിച്ചിരിക്കും.
മേക്കപ്പ് വൈപ്പുകൾ നല്ലൊരു ഓപ്ഷനാണോ?
വേഗത്തിൽ മേക്കപ്പ് നീക്കം ചെയ്യാൻ മേക്കപ്പ് വൈപ്പുകൾ സൗകര്യപ്രദമാണ്. എന്നാൽ ഡെർമറ്റോളജിസ്റ്റുകൾ ഇവയെ സ്ഥിരമായ ക്ലെൻസിങ് രീതിയായി കാണുന്നില്ല. ചില വൈപ്പുകളിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും ചർമത്തിൽ ഉണ്ടാകുന്ന ഉരസലും പ്രശ്‌നങ്ങൾക്ക് കാരണമാകാം.
മൈസലർ വാട്ടർ ഉപയോഗിക്കണമെങ്കിൽ സുഗന്ധരഹിതമായ ഫോർമുല തിരഞ്ഞെടുക്കാം. എന്നാൽ അതിനുശേഷം അനുയോജ്യമായ രീതിയിൽ മുഖം കഴുകുന്നതും പ്രധാനമാണ്.
രാവിലെ എഴുന്നേറ്റ ഉടൻ വെള്ളംകൊണ്ട് മാത്രം മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ എല്ലാവർക്കും ഇത് മതിയാകണമെന്നില്ല. രാത്രിയിൽ ചർമത്തിൽ എണ്ണ, വിയർപ്പ്, സ്‌കിൻകെയർ ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ, നിർജീവ ചർമകോശങ്ങൾ എന്നിവ അടിഞ്ഞുകൂടാം. അതിനാൽ ചർമത്തിന്റെ സ്വഭാവമനുസരിച്ച് രാവിലെ മൃദുവായ ക്ലെൻസർ ഉപയോഗിക്കുന്നത് ഗുണകരമാണ്.
ദിവസത്തിൽ എത്ര തവണ മുഖം കഴുകണം?
പൊതുവേ രാവിലെയും രാത്രിയും മുഖം വൃത്തിയാക്കുന്നതാണ് നല്ലത്. അതിലധികം തവണ ക്ലെൻസർ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമത്തിൽ അമിതവരൾച്ചയ്ക്കും ചർമപാളിയുടെ തകരാറിനും കാരണമായേക്കാം.
കഴിവതും ചർമത്തിന്റെ സ്വഭാവത്തിന് യോജിച്ച, ചർമത്തെ വൃത്തിയാക്കുന്നതിനൊപ്പം അതിന്റെ സ്വാഭാവിക സംരക്ഷണപാളികളെ സംരക്ഷിക്കുന്ന ക്ലെൻസർ തിരഞ്ഞെടുക്കുക. മുഖം വൃത്തിയാക്കുന്നത് ചർമസംരക്ഷണത്തിലെ പ്രധാനപ്പെട്ട ആദ്യപടിതന്നെയാണ്. എന്നാൽ അതിനുശേഷം ഉപയോഗിക്കുന്ന സെറം, മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how-to-choose-the-right-face-cleanser-skin-type-guide
Published: 08 Aug 2026, 03:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented