2004-ൽ പുറത്തിറങ്ങിയ 'വീർ-സാറ' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും പ്രീതി സിന്റയും നരച്ച മുടിയും ചുളിഞ്ഞ ചർമ്മവുമുള്ള വൃദ്ധരായി അഭിനയിച്ചിരുന്നു. എന്നാൽ ജീവിതത്തിൽ ഇപ്പോഴും അവർ യൗവ്വനങ്ങളിലാണെന്നേ തോന്നൂ.

To advertise here,

രണ്ട് കുട്ടികളുടെ അമ്മയും 51 വയസ്സുകാരിയുമായ പ്രീതി സിന്റയുടെ ചർമ്മത്തിന്റെ രഹസ്യം അറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയാണ്. ഒരു ആരാധകന്റെ അഭ്യർത്ഥന പ്രകാരം തന്റെ ചർമ്മ സംരക്ഷണ രീതികൾ പ്രീതി പങ്കുവെച്ചിരുന്നു.

താൻ വലിയ ആഡംബര ഉൽപ്പന്നങ്ങളോ രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളോ ഉപയോഗിക്കാറില്ലെന്ന് പ്രീതി വെളിപ്പെടുത്തി. വളരെ ലളിതവും പ്രകൃതിദത്തവുമായ രീതികളാണ് അവർ പിന്തുടരുന്നത്. ചർമ്മ സംരക്ഷണത്തിൽ നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ.

രാസവസ്തുക്കൾ ഇല്ലാത്ത ഉൽപ്പന്നങ്ങൾ മാത്രമാണ് ചർമ്മത്തിൽ ഉപയോഗിക്കുന്നത്. മിക്ക ചർമ്മരോഗ വിദഗ്ധരും നിർദ്ദേശിക്കുന്ന 'റെറ്റിനോൾ' (Retinol) പ്രീതി പൂർണ്ണമായും ഒഴിവാക്കുന്നു. ചർമ്മത്തിന് ശ്വസിക്കാൻ കഴിയുന്ന തരത്തിൽ വളരെ കുറച്ച് മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണ് പ്രീതി.

ജീവിതശൈലിയിലെ മാറ്റങ്ങൾ
ചർമ്മം നന്നാകാൻ മുഖത്ത് തേക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമാണെന്ന് താരം വിശ്വസിക്കുന്നു. ഇതിനെ 'ഗെയിം ചേഞ്ചറുകൾ' എന്നാണ് പ്രീതി വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, ചർമ്മത്തിന്റെ പുതുമ നിലനിർത്താൻ ശരിയായ വിശ്രമം എന്നിവ അത്യാവശ്യമാണ്. മാനസികസമ്മർദ്ദം ഒഴിവാക്കി മനസ്സിന് സന്തോഷം നൽകുന്നതും ഏറെ പ്രധാനമാണ്.

ചർമ്മത്തിന് പ്രായം തോന്നിക്കാൻ കാരണമാകുന്ന ചില കാര്യങ്ങൾ ഒഴിവാക്കാൻ താരം നിർദ്ദേശിക്കുന്നുണ്ട്. പുകവലി, മദ്യപാനം എന്നീ ശീലങ്ങളാണവ. ശരീരത്തിന് വീക്കം (Inflammation) ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അവർ പറയുന്നു.

"ധാരാളം വെള്ളം കുടിക്കുക, സന്തോഷമായിരിക്കുക, വ്യായാമം ചെയ്യുക. അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യുക-ഫലം താനേ വന്നുകൊള്ളും," എന്നും പ്രീതി കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ പ്രതികരണം
പ്രീതി സിന്റ റെറ്റിനോൾ ഉപയോഗിക്കുന്നില്ലെന്നും ബോട്ടോക്സ് (Botox) ചെയ്തിട്ടില്ലെന്നും കേട്ട ആരാധകർ ഞെട്ടലിലാണ്. "നിങ്ങളുടെ ചർമ്മം ഒരു മാന്ത്രികതയാണ്" എന്നാണ് പലരും കുറിച്ചത്. സ്പോഞ്ച് ബോബ് (SpongeBob) കാർട്ടൂണിലെ പാട്രിക്, നോട്ടുകൾ എഴുതിയെടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ആരാധകർ പ്രതികരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi