
സ്ത്രീകളോടൊത്ത് ദീർഘകാലം സഞ്ചരിക്കുന്ന ഒന്നാണ് ആർത്തവം. ചിലർ ആർത്തവം വരുന്നതോ പോകുന്നതോ അറിയാറേയില്ല. എന്നാൽ മറ്റു ചില സ്ത്രീകൾക്ക് അതൊരു പേടിസ്വപ്നമാണ്. ഒന്നോ രണ്ടോ ദിവസം ശാരീരികവും മാനസികവുമായ അതികഠിനമായ ബുദ്ധിമുട്ടുകളിലൂടെയാണ് അവർ കടന്നുപോകുന്നത്. ആർത്തവസമയത്തുണ്ടാകുന്ന വയറുവേദന, പേശികളുടെ കടച്ചിൽ, മലബന്ധം, ഉറക്കക്കുറവ്, മനംപുരട്ടൽ എന്നിവയെയെല്ലാം ചേർത്ത് നമുക്ക് ഒറ്റപ്പേരിൽ വിളിക്കാം 'ഡിസ്മനോറിയ'.
എന്താണ് 'ഡിസ്മനോറിയ'
വേദനാജനകമായ ആർത്തവത്തെയോ ആർത്തവവേദനയെയോ സൂചിപ്പിക്കുന്ന ഒരു മെഡിക്കൽ പദമാണ് ഡിസ്മനോറിയ. വേദനയ്ക്ക് പുറമേ ഓക്കാനം, ക്ഷീണം, വയറിളക്കം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടായേക്കാം. സാധാരണയായി ആർത്തവത്തിന് മുമ്പോ ആർത്തവം ആരംഭിക്കുന്ന ദിവസമോ ആണ് ആർത്തവവേദന ഉണ്ടാകുന്നത്. മിക്ക ആളുകൾക്കും രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ലക്ഷണങ്ങൾ കുറയുന്നു.
എപ്പോൾ വേണം കരുതൽ
നേരിയതോ മിതമായതോ ആയ ആർത്തവവേദന സാധാരണമാണ്. എന്നാൽ ചിലർക്ക് ആർത്തവസമയത്ത് വളരെ കഠിനമായ വേദന അനുഭവപ്പെടുന്നതിനാൽ, അത് അവരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു. മരുന്നുകളും മറ്റ് ചികിത്സകളും വേദനാജനകമായ ആർത്തവത്തിന് ആശ്വാസം നൽകും.
Also Read
രണ്ടുതരം
ഡിസ്മനോറിയ പ്രധാനമായും രണ്ടുതരത്തിലുണ്ട്: പ്രൈമറി ഡിസ്മനോറിയ, സെക്കൻഡറി ഡിസ്മനോറിയ.
പ്രൈമറി ഡിസ്മനോറിയ : ആർത്തവം ഉണ്ടാകുമ്പോഴൊക്കെ വരികയും ചെറിയ തോതിൽ മെൻസ്ട്രുവൽ ക്രാംപ്‌സ് ഉണ്ടാക്കുകയും ചെയ്യുന്ന സ്വാഭാവികമായ ഒരു പ്രക്രിയയാണിത്. ബാഹ്യഘടകങ്ങളോ മരുന്നുകളോ ഒന്നും ഇതിന് കാരണമാകുന്നില്ല. സാധാരണയായി ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പോ രക്തസ്രാവം ആരംഭിക്കുമ്പോഴോ ആണ് വേദന തുടങ്ങുന്നത്. അടിവയറ്റിലോ പുറകിലോ തുടയിലോ നേരിയതോ കഠിനമോ ആയ വേദന അനുഭവപ്പെടാം. സാധാരണയായി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വേദന കുറയും.
സെക്കൻഡറി ഡിസ്മനോറിയ: പ്രത്യുത്പാദന അവയവങ്ങളിലെ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ മൂലമോ അണുബാധ മൂലമോ ഉണ്ടാകുന്ന വേദനാജനകമായ ആർത്തവം. ഇതുമൂലമുള്ള വേദന സാധാരണയായി ആർത്തവചക്രത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുകയും സാധാരണ ആർത്തവവേദനയേക്കാൾ കൂടുതൽ സമയം നീണ്ടുനിൽക്കുകയും ചെയ്യും. ഉദാഹരണത്തിന്, ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വയറുവേദനയോ പേശിവലിവോ അനുഭവപ്പെടാം. രക്തസ്രാവം പൂർണ്ണമായും നിലയ്ക്കുന്നത് വരെ നീണ്ടുനിൽക്കുകയും ചെയ്യാം. പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്. അവ താഴെ പറയുന്നവയാണ്:
എൻഡോമെട്രിയോസിസ് : ഗർഭാശയത്തിലെ ടിഷ്യു (എൻഡോമെട്രിയം) ഗർഭാശയത്തിന് പുറത്ത് വളരുന്ന അവസ്ഥയാണിത്. ആർത്തവസമയത്ത് ഈ ടിഷ്യൂകളിൽ രക്തസ്രാവം ഉണ്ടാകുന്നതിനാൽ, അവ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു.
അഡിനോമിയോസിസ് : ഗർഭാശയത്തിന്റെ ആവരണം ഗർഭാശയ പേശികളിലേക്ക് വളരുന്ന അവസ്ഥ. ഇത് ഗർഭാശയം അസാധാരണമായി വലുതാകുന്നതിനും കഠിനമായ രക്തസ്രാവത്തിനും വേദനയ്ക്കും കാരണമാകുന്നു.
ഫൈബ്രോയിഡുകൾ : ഗർഭാശയത്തിന്റെ അകത്തോ പുറത്തോ ഭിത്തികളിലോ കാണപ്പെടുന്ന അർബുദരഹിതമായ വളർച്ചകൾ (Benign tumors).
പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് (PID): ഗർഭാശയത്തിൽ ആരംഭിച്ച് മറ്റ് പ്രത്യുത്പാദന അവയവങ്ങളിലേക്ക് പടരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ. PID വയറ്റിലെ വേദനയ്ക്കും ലൈംഗികബന്ധത്തിനിടയിൽ കഠിനമായ വേദനയ്ക്കും കാരണമാകാം.
സെർവിക്കൽ സ്റ്റെനോസിസ് : ശസ്ത്രക്രിയ, ചികിത്സകൾ അല്ലെങ്കിൽ മറ്റ് അവസ്ഥകൾ കാരണം ഗർഭാശയഗളം (Cervix) ചുരുങ്ങിപ്പോകുന്ന അവസ്ഥ.
മറ്റ് കാരണങ്ങൾ: ഗർഭാശയത്തിന്റെ ക്രമരഹിതമായ ആകൃതിയും അണ്ഡാശയങ്ങളെയോ ഫാലോപ്യൻ ട്യൂബുകളെയോ ബാധിക്കുന്ന മറ്റ് വൈകല്യങ്ങളും ഒക്കെ കഠിനമായ ആർത്തവവേദനയ്ക്ക് കാരണമാകാം.
സാധാരണമോ?
ആർത്തവസമയത്ത് വേദനയുണ്ടാകുന്നത് സാധാരണമാണ്. ഗർഭാശയമുള്ള ഏകദേശം 60% ആളുകൾക്കും ആർത്തവസമയത്ത് നേരിയ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ 5 മുതൽ 15% വരെ ആളുകളിൽ ആർത്തവവേദന വളരെ കഠിനമായതിനാൽ അത് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. മിക്കവരിലും പ്രായമാകുന്തോറും അല്ലെങ്കിൽ പ്രസവത്തിന് ശേഷം വേദനാജനകമായ ആർത്തവചക്രത്തിന്റെ തീവ്രത കുറയാറുണ്ട്.
കാരണങ്ങൾ
'പ്രോസ്റ്റാഗ്ലാൻഡിൻ' എന്ന രാസവസ്തു ഗർഭാശയത്തെ സങ്കോചിപ്പിക്കുമ്പോഴാണ് ആർത്തവവേദന ഉണ്ടാകുന്നത്. ആർത്തവസമയത്ത് പ്രോസ്റ്റാഗ്ലാൻഡിന്റെ അളവ് കൂടുതലായിരിക്കും; അതുകൊണ്ട് ഗർഭാശയം ശക്തമായി സങ്കോചിക്കുന്നു. ഇതാണ് വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണം. ഈ സങ്കോചങ്ങളാണ് ഗർഭാശയ പാളിയെ (രക്തവും ടിഷ്യൂകളും) യോനിയിലൂടെ പുറന്തള്ളാൻ സഹായിക്കുന്നത്. ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രോസ്റ്റാഗ്ലാൻഡിന്റെ അളവ് ഉയരുകയും ആർത്തവം ആരംഭിച്ചുകഴിഞ്ഞാൽ കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുറച്ചുദിവസങ്ങൾക്ക് ശേഷം വേദന സ്വയം കുറയുന്നത്.
ആയുർവേദ പരിഹാരം
ആർത്തവസമയത്ത് മാനസികവും ശാരീരികവുമായി കരുത്ത് വർധിപ്പിക്കാൻ ദിവസവും യോഗാസനങ്ങളും പ്രാണായാമവും ശീലമാക്കുക.
ഭക്ഷണക്രമത്തിലെ നിയന്ത്രണം: വൻപയർ, കടല, പരിപ്പ്, ഗ്രീൻപീസ്, അമിതമായി എരിവുള്ള ആഹാരപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.
ജീവിതശൈലീ മാറ്റങ്ങൾ: ഭക്ഷണത്തിലും ദിനചര്യകളിലും വരുത്തുന്ന വ്യക്തമായ മാറ്റങ്ങൾ ശരീരത്തിന് ആശ്വാസം നൽകും.
ആയുർവേദ ഔഷധങ്ങൾ: സുകുമാരം കഷായം, നയോപായം കഷായം, കണാശതാഹ്വാദി കഷായം, ഹിങ്കുവചാദി ഗുളിക/ചൂർണ്ണം, ധന്വന്തരം ഗുളിക എന്നിവ വയറ്റിലെ ഗ്യാസ് ഒഴിവാക്കാനും വേദന കുറയ്ക്കാനും കൃത്യമായ ആർത്തവസ്രാവത്തിനും നല്ലതാണ്. (കുറിപ്പ്: വൈദ്യനിർദ്ദേശപ്രകാരം മാത്രം കഴിക്കുക).
ആശാളി ധാന്യം: ആശാളി ധാന്യം പാലിൽ ചേർത്ത് കാച്ചിക്കുടിക്കുന്നത് ഉത്തമമാണ്.
ആർത്തവത്തിന് മുൻപുള്ള ഭക്ഷണം: ആർത്തവം അടുക്കുമ്പോൾ ഇഞ്ചി, ഉലുവ, കരിഞ്ചീരകം, നെല്ലിക്ക എന്നിവ ചേർത്ത് തയ്യാറാക്കുന്ന അരിയുരുള കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ (Iron content) അളവ് കൂട്ടാനും ആർത്തവവേദനയും ഗ്യാസും ഒഴിവാക്കാനും സഹായിക്കും.
ശുചിത്വം: ആർത്തവത്തിന് മുൻപും ശേഷവും ശാരീരിക ശുചിത്വം കൃത്യമായി പാലിക്കുക. ഇത് അണുബാധകൾ തടയാൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Period pain, medically known as dysmenorrhea, is categorized into primary and secondary types., Prostaglandin chemicals cause the uterus to contract, leading to abdominal cramps., Secondary dysmenorrhea can be linked to conditions like endometriosis, fibroids, and PID., Ayurvedic remedies, yoga, dietary adjustments, and lifestyle changes offer significant relief.
Published: 12 Aug 2026, 02:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented