വൈകുന്നേരത്തെ ചായയ്ക്കൊപ്പം കൊറിക്കാൻ മാത്രമല്ല, പ്രായമാകുമ്പോൾ തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും കാത്തുസൂക്ഷിക്കാനും നിലക്കടല സഹായിക്കുമെന്നാണ് പുതിയ പഠനം. ദിവസവും 60 ഗ്രാം ഉപ്പുചേർക്കാത്ത, തൊലിയോടുകൂടിയ വറുത്ത നിലക്കടല കഴിക്കുന്നത് മുതിർന്നവരിൽ തലച്ചോറിന്റെ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ.

To advertise here,

നെതർലാൻഡ്‌സിലെ മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. 'ഫുഡ് ആൻഡ് ഫങ്ഷൻ' എന്ന ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

60-നും 75-നും ഇടയിൽ പ്രായമുള്ള 31 ആരോഗ്യവാന്മാരിലാണ് 16 ആഴ്ച നീണ്ട പഠനം നടത്തിയത്. ഇവർ ദിവസവും 60 ഗ്രാം വീതം തൊലിയോടുകൂടിയ, ഉപ്പില്ലാത്ത വറുത്ത നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തി. പഠനത്തിനൊടുവിൽ ഇവരുടെ തലച്ചോറിലെ ഓർമ്മശക്തിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ (പ്രത്യേകിച്ച് ഹിപ്പോകാമ്പസ് ഉൾപ്പെടുന്ന മേഖലകളിൽ) ഇൻസുലിനോടുള്ള പ്രതികരണശേഷി (Insulin responsiveness) മെച്ചപ്പെട്ടതായി ബ്രെയിൻ ഇമേജിങ് പരിശോധനകളിലൂടെ വ്യക്തമായി.

തലച്ചോറും ഇൻസുലിനും തമ്മിലുള്ള ബന്ധം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഇൻസുലിൻ അത്യന്താപേക്ഷിതമാണ്. നാഡീകോശങ്ങളുടെ വളർച്ചയ്ക്കും അവ തമ്മിലുള്ള ആശയവിനിമയത്തിനും പഠനത്തിനും ഓർമ്മശക്തിക്കും ഇൻസുലിൻ പ്രധാന പങ്കുവഹിക്കുന്നു. പ്രായമാകുമ്പോൾ തലച്ചോറിന് ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുന്നത് ഓർമ്മക്കുറവിനും മറ്റ് ബൗദ്ധിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. നിലക്കടല പതിവാക്കുന്നത് ഈ അവസ്ഥയെ ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പീറ്റർ ജോറിസ് വ്യക്തമാക്കുന്നത്.

പോഷകങ്ങൾ

ഏതെങ്കിലും ഒരു പ്രത്യേക ഘടകമല്ല, മറിച്ച് നിലക്കടലയിലടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങളുടെ സംയോജിത പ്രവർത്തനമാണ് തലച്ചോറിന് ഗുണകരമാകുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ (Unsaturated fats), നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, ബയോ ആക്ടീവ് ഫൈറ്റോകെമിക്കലുകൾ എന്നിവ തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന എൽ-അർജിനൈൻ (L-arginine) എന്ന അമിനോ ആസിഡ് ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കാനും ഓർമ്മശക്തിയും പഠനശേഷിയും മെച്ചപ്പെടുത്താനും നൈട്രിക് ഓക്സൈഡ് ഏറെ സഹായകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

മുൻപഠനങ്ങൾ

ഇതേ ഗവേഷക സംഘം 2025-ൽ 'ക്ലിനിക്കൽ ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും സമാനമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. 16 ആഴ്ച തുടർച്ചയായി നിലക്കടല കഴിച്ച മുതിർന്നവരിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം 3.6 ശതമാനവും, Verbal memory 5.8 ശതമാനവും വർദ്ധിച്ചതായി അന്ന് കണ്ടെത്തിയിരുന്നു.

പ്രായമാകുമ്പോൾ തലച്ചോറിന്റെ ആരോഗ്യം കാക്കാൻ വലിയ ചെലവില്ലാത്ത, എന്നാൽ ഏറെ ഫലപ്രദമായ ഒരു ഭക്ഷണശീലമാണ് ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത്. എന്നാൽ മികച്ച ഗുണം ലഭിക്കാൻ ഉപ്പ് ചേർക്കാത്തതും, തൊലി കളയാതെ വറുത്തതുമായ നിലക്കടല തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi