മുഖസൗന്ദര്യത്തിനും കുടലിന്റെ ആരോഗ്യത്തിനുമെല്ലാം നമ്മൾ ഒരുപാട് പ്രാധാന്യം നൽകാറുണ്ട്. എന്നാൽ ശരീരത്തിന്റെ ചലനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഇടുപ്പിന്റെ ആരോഗ്യത്തെക്കുറിച്ച് പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. പ്രായമാകുമ്പോൾ മാത്രം കണ്ടുവരുന്ന പ്രശ്നമായാണ് പലരും ഇടുപ്പിലെ വേദനയെയും മുറുക്കത്തെയും കാണുന്നത്. എന്നാൽ ദീർഘനേരം ഇരുന്നുള്ള ജീവിതശൈലി ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകാം.
ദിവസവും മണിക്കൂറുകളോളം കസേരയിലിരുന്ന് ജോലി ചെയ്യുക, ദീർഘനേരം വാഹനമോടിക്കുക, ശാരീരിക അധ്വാനം കുറഞ്ഞ ജീവിതരീതി പിന്തുടരുക തുടങ്ങിയവയെല്ലാം ഇടുപ്പിന്റെ ചലനശേഷിയെ ബാധിക്കാനിടയുണ്ട്. 2018-ൽ അമേരിക്കൻ അക്കാദമി ഓഫ് ഓർത്തോപീഡിക് സർജൻസിന്റെ (AAOS) വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഗവേഷണപ്രകാരം, 45 മുതൽ 64 വയസ്സുവരെയുള്ളവരിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 123 ശതമാനം വർധനയുണ്ടായി.
Also Read
ഇടുപ്പിന്റെ ചലനശേഷി നിലനിർത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ പതിവാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം കണക്കുകൾ വിരൽചൂണ്ടുന്നത്. ശരിയായ രീതിയിലുള്ള വ്യായാമങ്ങൾ ഇടുപ്പിന്റെ വഴക്കം മെച്ചപ്പെടുത്താനും ശരീരത്തിന്റെ നില മെച്ചപ്പെടുത്താനും നടുവിനുണ്ടാകുന്ന അമിത സമ്മർദം കുറയ്ക്കാനും സഹായിക്കും. കാൽമുട്ടുകളുടെയും കണങ്കാലുകളുടെയും ചലനശേഷി, ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്താനും ഇവ ഉപകരിക്കും.
ഇടുപ്പിന്റെ ആരോഗ്യം നേരത്തേ മോശമാകുന്നതെന്തുകൊണ്ട്?
ശരീരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഇടുപ്പ് സന്ധികൾക്ക് ശരീരഭാരം താങ്ങുന്നതിലും ചലനങ്ങൾ സാധ്യമാക്കുന്നതിലും വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ദിവസം മുഴുവൻ ഇവയ്ക്ക് പലതരത്തിലുള്ള സമ്മർദങ്ങൾ നേരിടേണ്ടിവരുന്നു. ദീർഘനേരം ഇരിക്കുമ്പോൾ ഇടുപ്പിന് മുന്നിലുള്ള പേശികൾ ചുരുങ്ങിയ അവസ്ഥയിലായിരിക്കും. ഇത് തുടർന്നാൽ പേശികളിൽ മുറുക്കവും സന്ധികളുടെ ചലനശേഷിയിൽ കുറവും അനുഭവപ്പെടാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
ഇടുപ്പിന്റെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് പ്രകടമാകണമെന്നില്ല. ചെറിയ അസ്വസ്ഥതകളിലൂടെയും ചലനങ്ങളിലെ ബുദ്ധിമുട്ടുകളിലൂടെയുമാണ് പലപ്പോഴും തുടക്കം.
- ഏറെ നേരം ഇരുന്നശേഷം എഴുന്നേൽക്കുമ്പോൾ ഇടുപ്പിൽ മുറുക്കം അനുഭവപ്പെടുക.
- ഇടുപ്പ് തിരിക്കുന്നതിനും കാലുകൾ വശങ്ങളിലേക്ക് ചലിപ്പിക്കുന്നതിനും ബുദ്ധിമുട്ട്.
- നടക്കുമ്പോൾ കാലടികളുടെ നീളം കുറയുക.
- ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ പ്രയാസം അനുഭവപ്പെടുക.
- ചലനങ്ങൾക്കിടെ ഇടുപ്പിലെ പേശികൾക്ക് പകരം നടുവിനെയും കാൽമുട്ടുകളെയും കൂടുതൽ ആശ്രയിക്കേണ്ടിവരുക.
- നിതംബത്തിലെ പേശികളുടെ പ്രവർത്തനശേഷി കുറയുക.
ഇടുപ്പിന്റെ ചലനശേഷി കുറയുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ആ കുറവ് പരിഹരിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ഇത് നട്ടെല്ലിനും മറ്റ് സന്ധികൾക്കും അധിക സമ്മർദമുണ്ടാക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജിമ്മിൽ പതിവായി വ്യായാമം ചെയ്യുന്നവർക്കുപോലും ഇടുപ്പിന്റെ ആരോഗ്യം അവഗണിക്കപ്പെടാറുണ്ട്. ഇടുപ്പിന്റെ വിവിധ ദിശകളിലുള്ള ചലനങ്ങൾ, ഒരു കാലിൽ ശരീരഭാരം താങ്ങാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ പലപ്പോഴും വ്യായാമമുറകളിൽ ഉൾപ്പെടാറില്ല. അതിനാൽ പേശികളുടെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം സന്ധികളുടെ ചലനശേഷിക്കും പ്രാധാന്യം നൽകണം.
പരിശീലിക്കാം ഏഴ് വ്യായാമങ്ങൾ
പേശികളുടെ വഴക്കം വർധിപ്പിക്കാനും ഇടുപ്പിന്റെ ചലനശേഷി നിലനിർത്താനും ചില വ്യായാമങ്ങളുണ്ട്. ദിവസവും 15 മിനിറ്റ് മാറ്റിവെച്ചാൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളാണിവ.
ഡീപ് സ്ക്വാട്ട് ഹോൾഡ് (Deep Squat Hold): കാലുകൾ അകറ്റിവെച്ച് നിൽക്കുക. കാൽപ്പാദങ്ങൾ തറയിൽ ഉറപ്പിച്ചുകൊണ്ട് പതുക്കെ കുനിഞ്ഞ് സ്ക്വാട്ട് പൊസിഷനിലെത്തുക. ബാലൻസ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉറപ്പുള്ള മറ്റൊരു പ്രതലത്തിൽ പിടിക്കാം. കുറച്ചുനേരം ഈ നിലയിൽ തുടരുക.
ഗ്ലൂട്ട് ബ്രിഡ്ജ് (Glute Bridge): നിലത്ത് മലർന്നുകിടന്ന് കാൽമുട്ടുകൾ മടക്കിവെക്കുക. കാൽപ്പാദങ്ങൾ തറയിൽ ഉറപ്പിച്ചശേഷം നിതംബം പതുക്കെ മുകളിലേക്ക് ഉയർത്തുക. നിതംബത്തിലെ പേശികൾ മുറുക്കിപ്പിടിച്ച് അൽപ്പനേരം തുടരുക. പിന്നീട് പഴയ നിലയിലേക്ക് മടങ്ങാം.
നീലിങ് ഹിപ് ഫ്ലെക്സർ സ്ട്രെച്ച് (Kneeling Hip Flexor Stretch): ഒരു കാൽമുട്ട് തറയിൽ കുത്തിയും മറ്റേ കാൽ മുന്നിൽ ഉറപ്പിച്ചും മുട്ടുകുത്തിയ നിലയിൽ നിൽക്കുക. ഇടുപ്പ് മുന്നിലേക്ക് പതുക്കെ നീക്കുക. വയറിലെ പേശികൾ മുറുക്കി അരക്കെട്ട് നേരെയാക്കി നിലനിർത്തണം. ഇടുപ്പിന്റെ മുൻഭാഗത്ത് നേരിയ വലിച്ചിൽ അനുഭവപ്പെടും. ഇരുവശത്തും ഇതാവർത്തിക്കാം.
90/90 ഹിപ് സ്വിച്ച് (90/90 Hip Switch): നിലത്തിരുന്ന് രണ്ടു കാൽമുട്ടുകളും 90 ഡിഗ്രി കോണിൽ മടക്കിവെക്കുക. ഒരു കാൽ മുന്നിലും മറ്റേ കാൽ വശത്തുമായിരിക്കും. കൈകളുടെ സഹായമില്ലാതെ രണ്ടു കാലുകളുടെയും സ്ഥാനം പതുക്കെ മറുവശത്തേക്ക് മാറ്റുക. ഇടുപ്പിന്റെ ചലനശേഷി മെച്ചപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും.
സിംഗിൾ ലെഗ് ബാലൻസ് (Single Leg Balance): നിവർന്നുനിന്ന് ഒരു കാൽ നിലത്തുറപ്പിക്കുക. മറ്റേ കാൽ പതുക്കെ ഉയർത്തി ഒരു കാലിൽ ശരീരഭാരം താങ്ങിനിൽക്കുക. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ശ്രമിക്കുക. പല്ലുതേക്കുമ്പോഴോ കാപ്പി തയ്യാറാകാൻ കാത്തുനിൽക്കുമ്പോഴോ ഒക്കെ ചെയ്യാവുന്ന ലളിതമായ വ്യായാമമാണിത്. ആവശ്യമെങ്കിൽ സമീപത്തുള്ള ഉറപ്പുള്ള പ്രതലത്തിൽ പിടിക്കാം.
പിജിയൺ പോസ് (Pigeon Pose): യോഗയിലെ ഡൗൺവേഡ് ഫേസിങ് ഡോഗ് പൊസിഷനിൽ തുടങ്ങുക. ഒരു കാൽമുട്ട് മുന്നിലേക്ക് കൊണ്ടുവന്ന് കൈത്തണ്ടയ്ക്കടുത്തായി വയ്ക്കുക. മറ്റേ കാൽ പിന്നിലേക്ക് നീട്ടി നിവർത്തിവെക്കുക. ശരീരം മുന്നിലേക്ക് പതുക്കെ താഴ്ത്തി കുറച്ചുനേരം തുടരുക. മറുവശത്തും ആവർത്തിക്കാം. ഇടുപ്പിന് ചുറ്റുമുള്ള പേശികൾക്ക് നല്ല സ്ട്രെച്ച് ലഭിക്കാൻ ഈ വ്യായാമം സഹായിക്കും.
ഹിപ് എയർപ്ലെയിൻസ് (Hip Airplanes): ഒരു കാലിൽ നിവർന്നുനിൽക്കുക. നിൽക്കുന്ന കാൽമുട്ട് ചെറുതായി വളയ്ക്കാം. മറ്റേ കാൽ പിന്നിലേക്ക് നീട്ടിവെച്ച് ശരീരം മുന്നിലേക്ക് പതുക്കെ കുനിക്കുക. ശരീരത്തിന്റെ ബാലൻസ് നിലനിർത്തിക്കൊണ്ട് ഇടുപ്പും ശരീരഭാഗവും പതുക്കെ അകത്തേക്കും പുറത്തേക്കും തിരിക്കുക. ആവശ്യമെങ്കിൽ കൈയുടെ സഹായം തേടാം. ഇടുപ്പിന്റെ നിയന്ത്രണവും ശരീരത്തിന്റെ സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും.
ദിവസേനയുള്ള തിരക്കുകൾക്കിടയിൽ ഇത്തരം ചെറിയ വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ഇടുപ്പിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ദീർഘനേരം ഒരേ ഇരിപ്പിൽ തുടരാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നതും പ്രധാനമാണ്. ശരീരത്തിന്റെ ചലനശേഷി നിലനിർത്തുക എന്നത് ഭാവിയിലെ അസ്വസ്ഥതകൾ ഒഴിവാക്കുന്നതിന് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ ചലനങ്ങൾ കൂടുതൽ അനായാസമാക്കുന്നതിനും സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Nov 2026, 01:57 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented