ആർത്തവ സമയത്തെ വയറുവേദന പല സ്ത്രീകളും നേരിടുന്ന  പ്രശ്നമാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയുമാണ് ഡിസ്മെനോറിയ. സാധാരണയായി അടിവയറ്റിലും പുറത്തും തുടകളിലും അനുഭവപ്പെടുന്ന ഈ വേദന ചില സമയങ്ങളിൽ അസഹനീയമാകും. ഒപ്പം മാനസികാവസ്ഥയിലെ മാറ്റങ്ങൾ, തലവേദന, വയറുവീർപ്പ്, ക്ഷീണം, മുഖക്കുരു, കാലുവേദന തുടങ്ങിയവയും ആർത്തവകാലത്തെ കൂടുതൽ ദുഷ്കരമാക്കും.

To advertise here,

പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ആർത്തവ വേദന നിയന്ത്രിക്കാനാവും. വേദന കുറയ്ക്കുന്നതിനായി സ്ത്രീകൾ പലപ്പോഴും വയറ്റിൽ ചൂട് പിടിക്കാറുണ്ട്. എന്നാൽ ആർത്തവത്തിന് ഒരാഴ്ച മുൻപ് ധാരാളം പെെനാപ്പിൾ കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിളിൽ വിറ്റാമിൻ സി, മാംഗനീസ് തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആർത്തവ സമയത്തെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണ്, ആർത്തവ വേദന നിയന്ത്രിക്കുന്നതിന് എല്ലാവർക്കും ഒരേ രീതി ഫലപ്രദമാകണമെന്നില്ല. എങ്കിലും കൂടുതൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുകയാണെങ്കിൽ, പൈനാപ്പിൾ  ഒരു നല്ല ഓപ്ഷനാണ്. ലളിതവും വൈവിധ്യപൂർണ്ണവുമായ പല വഴികളിലൂടെ നിങ്ങൾക്ക് ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പൈനാപ്പിൾ ജ്യൂസ്: ആർത്തവ വേദനയ്ക്ക്, ഫ്രഷ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ഒരു ലളിതമായ പ്രകൃതിദത്ത പരിഹാരമാണ്. അധിക പഞ്ചസാരയോ പ്രിസർവേറ്റീവുകളോ ഒഴിവാക്കാൻ, അപ്പപ്പോൾ പിഴിഞ്ഞെടുത്ത പൈനാപ്പിൾ ജ്യൂസ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിറ്റാമിൻ സി ലഭിക്കുന്നതിനായി ഇതിൽ കുറച്ച് നാരങ്ങാനീരും ചേർക്കാം.

പൈനാപ്പിൾ കഷ്ണങ്ങൾ: ഫ്രഷ് പൈനാപ്പിൾ കഷ്ണങ്ങളായി മുറിച്ച് ആർത്തവ സമയത്ത് കഴിക്കാം 

പൈനാപ്പിൾ സ്മൂത്തി: പൈനാപ്പിൾ ഉപയോഗിച്ച് സ്മൂത്തിയുണ്ടാക്കിക്കഴിക്കാം. കൂടുതൽ പോഷണത്തിനായി, പൈനാപ്പിളിനൊപ്പം വാഴപ്പഴം, ബെറി, മാമ്പഴം തുടങ്ങിയ മറ്റ് പഴങ്ങളും ചീര പോലുള്ള ഇലക്കറികളും ചേർക്കാം. ആർത്തവ വേദന കുറയ്ക്കുന്നതിനോടൊപ്പം ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.

പൈനാപ്പിൾ ചായ: ആർത്തവ സമയത്ത്  ആശ്വാസം നൽകുന്ന പാനീയമാണ് പൈനാപ്പിൾ ചായ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും അസ്വസ്ഥതകളും വേദനയും ലഘൂകരിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിൽ കുറച്ച് ഫ്രഷ് പൈനാപ്പിൾ കഷ്ണങ്ങൾ ചേർക്കുക. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം ചായ കുടിക്കുക. രുചി കൂട്ടാന്‍ ഇതിലേക്ക് തേനോ കറുവപ്പട്ടയോ ചേർക്കാം.

(പൊതുവായ നിർദേശങ്ങളാണിവ. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi