വർഷങ്ങളുടെ പ്രണയത്തിനുശേഷം ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും (Cristiano Ronaldo-Georgina Rodriguez Marriage) വിവാഹിതരായി. വിവാഹമോതിരങ്ങളിട്ട തങ്ങളുടെ കൈകളുടെ ചിത്രം പങ്കുവെച്ചാണ് വിവാഹിതരായെന്ന വാർത്ത അവർ പുറത്തുവിട്ടത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിനടുത്തുള്ള തീരദേശ വിനോദസഞ്ചാരനഗരമായ കഷ്‌കിസെയിൽ (Cascais) വെച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ചടങ്ങിൽ അവരുടെ അഞ്ച് മക്കളും സന്നിഹിതരായിരുന്നു.

ഇരുവരും വിവാഹിതരാവുകയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായുണ്ടായിരുന്നു. ഓഗസ്റ്റ് 8-ന് വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

കഴിഞ്ഞവർഷം ഓഗസ്റ്റ് 11-നായിരുന്നു ഇരുവരുടെയും എൻഗേജ്‌മെന്റ്. അത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും, വജ്രമോതിരമിട്ട ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതായുള്ള സൂചനകൾ തന്നത്. ഏകദേശം 42 കോടി വരെ വിലവരുന്ന വജ്രമോതിരമാണ് അന്ന് റൊണാൾഡോ ജോർജിനയുടെ വിരലിൽ അണിയിച്ചത്.

വിവാഹത്തെക്കുറിച്ച് മുമ്പ് ചോദിച്ചപ്പോഴെല്ലാം ''വിവാഹിതരാകുമെന്ന് ആയിരം ശതമാനം ഉറപ്പാണ്, പക്ഷേ എന്നാണെന്നറിയില്ല'' എന്നാണ് റൊണാൾഡോ മുമ്പ് പറഞ്ഞിരുന്നത്. ''അനുയോജ്യമായ സമയം കാത്തിരിക്കുന്നു''വെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ, ഇവ, മാരിയോ, മാറ്റിയോ, അലാന മാർട്ടിന, ബെല്ല എന്നിങ്ങനെ അഞ്ചുമക്കളാണ് റൊണാൾഡോയ്ക്കുള്ളത്.

ജോർജിനയ്ക്കുമുമ്പ് പാരിസ് ഹിൽട്ടൺ ഉൾപ്പെടെ നാലുപേർ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. റൊണാൾഡോയുടെ ആദ്യകാല പ്രണയബന്ധങ്ങളിലൊന്ന്, ബ്രസീലിയൻ മോഡലായ ജോർഡാന ജാർഡലുമായിട്ടായിരുന്നു. സ്‌പോർട്ടിങ് ലിസ്ബണിലെ സഹതാരമായിരുന്ന മരിയോ ജാർഡലിന്റെ സഹോദരി കൂടിയാണ് ജോർഡാന. 2000-ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഇവരുടെ ബന്ധം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നില്ലെങ്കിലും, റൊണാൾഡോ ജോർഡാനയെയും തന്റെ അമ്മയെയും ചേർത്തുപിടിച്ചുനിൽക്കുന്ന അന്നത്തെ ചിത്രങ്ങൾ ഇപ്പോഴും പലയിടങ്ങളിലും കാണാം. അന്ന് റൊണാൾഡോയുടെ മാച്ചുകളിലെല്ലാം ജോർഡാനയുടെ സാന്നിധ്യമുണ്ടായിരുന്നു. എങ്കിലും ഇവരുടെ പ്രണയം അധികകാലം നീണ്ടുനിന്നില്ല. പ്രശസ്തിയിലേക്ക് ഉയരുന്നതിന് മുമ്പുള്ള റൊണാൾഡോയുടെ ശാന്തമായ പ്രണയകാലമായി ഇന്നും ആരാധകർ അതോർക്കുന്നു.

നടിയും സംരംഭകയും മോഡലുമെല്ലാമായ പാരിസ് ഹിൽട്ടണുമായി അദ്ദേഹം പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു. 2009-ലാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. റെക്കോർഡ് തുകയ്ക്ക് റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ കൂടുമാറിയ കാലം. അതിനു തൊട്ടുപിന്നാലെ ലോസ് ഏഞ്ചൽസിൽവെച്ച് പാരിസ് ഹിൽട്ടന്റെയും റൊണാൾഡോയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

ഹിൽട്ടണിന്റെ സഹോദരി നിക്കിക്കൊപ്പം നൈറ്റ്ക്ലബ്ബ് പാർട്ടിയിൽ പങ്കെടുത്ത ഇവർ പിന്നീട് വെസ്റ്റ് ഹോളിവുഡിലുള്ള നിക്കിയുടെ വീട്ടിലേക്ക് പോയി. ഇരുവരും തമ്മിൽ ക്ലബിൽവെച്ചുനടന്ന സ്‌നേഹപ്രകടനങ്ങളും ചുംബനങ്ങളും അവരുടെ പ്രണയത്തിന്റെ നേർസാക്ഷ്യമായി അന്ന് ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടി. എന്നാൽ റൊണാൾഡോയ 'വളരെ നല്ല സുഹൃത്ത്' എന്നാണ് ഹിൽട്ടൺ വിശേഷിപ്പിച്ചത്. മാത്രമല്ല, ഒരു കായികതാരത്തിന്റെ പങ്കാളി മാത്രമായി ഒതുങ്ങിക്കൂടാൻ തനിക്ക് ആഗ്രഹമില്ലെന്നും അവർ വ്യക്തമാക്കി. പക്ഷേ വളരെ കുറച്ചുകാലം ഇരുവരും പ്രണയത്തിലായിരുന്നുവെന്നുതന്നെയാണ് പറയപ്പെടുന്നത്.

തൊട്ടുടത്തവർഷം ബോളിവുഡ് നടി ബിപാഷ ബസുവിനൊപ്പം ലിസ്ബണിലെ നൈറ്റ് ക്ലബിൽവെച്ച് നൃത്തം ചെയ്യുന്ന റൊണാൾഡോയുടെ ചിത്രവും വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. 'ദ സെവൻ ന്യൂ വണ്ടേഴ്‌സ് ഓഫ് ദ വേൾഡ്' എന്ന ഇവന്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അതിനുശേഷമുള്ള പാർട്ടിയിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തു. അവരുടെ ഒരു ചുംബനചിത്രവും വൈറലായിരുന്നു. റൊണാൾഡോയ്‌ക്കൊപ്പം നൃത്തം ചെയ്ത ആ രാത്രിയെ 'അതിശയകരം' എന്നാണ് ബിപാഷ വിശേഷിപ്പിച്ചത്. റൊണാൾഡോയെക്കുറിച്ച് പറഞ്ഞത് 'ദ സ്വീറ്റസ്റ്റ് ഗൈ' എന്നും. അതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായി. എന്നാൽ, ആ സമയത്ത് താൻ മറ്റൊരു ബന്ധത്തിലാണെന്ന് ചൂണ്ടിക്കാട്ടി, ബിപാഷ അത് നിഷേധിച്ചു.

റൊണാൾഡോയുടെ ജീവിതത്തിലെ മറ്റൊരു 'സീരിയസ്' ബന്ധമായിരുന്നു റഷ്യൻ സൂപ്പർമോഡൽ ഐറിന ഷെയ്ക്കുമായുള്ളത്. 2010-ൽ ഒരു ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. താമസിയാതെ കായിക-ഫാഷൻരംഗങ്ങളിലെ ഏറ്റവും ആകർഷകമായ ജോഡികളിലൊന്നായി അവർ മാറി. റെഡ് കാർപെറ്റ് പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട അവർ, 2014-ൽ 'വോഗ് സ്‌പെയിൻ' മാസികയുടെ കവർ പേജിനായി ശ്രദ്ധേയമായൊരു ഫോട്ടോഷൂട്ടിലും പങ്കുചേർന്നു. എന്നാൽ അഞ്ച് വർഷത്തെ ബന്ധത്തിന് ശേഷം അവർ പിരിഞ്ഞു. മറ്റ് സ്ത്രീകളുമായി റൊണാൾഡോ മെസേജുകൾ അയക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയായിരുന്നുവത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വേർപിരിയലായിരുന്നു ഇത്.

2010-ൽ സംരംഭകയും സൂപ്പർമോഡലുമായ കിം കർദാഷിയാനും തമ്മിൽ റൊണാൾഡോ ബന്ധത്തിലാണെന്ന് പറയപ്പെട്ടു. മാഡ്രിഡിൽവെച്ച് ഇരുവരും ഫോട്ടോയ്ക്ക് ഒരുമിച്ച് പോസ് ചെയ്തത് ഗോസിപ്പുകൾക്ക് ഊർജമേകി. സ്‌പെയിനിലെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ ഇരുവരും പലപ്പോഴും ഒരുമിച്ച് ഡിന്നർ കഴിക്കുകയും റൊമാന്റിക്കായി ഇടപഴകുകയും ചെയ്തു. കൂടാതെ, കിം റൊണാൾഡോയുടെ വീട്ടിൽ സന്ദർശനം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായില്ല, അതിനാൽ ആ വാർത്ത പെട്ടെന്നുതന്നെ കെട്ടടങ്ങുകയും ചെയ്തു.

റൊണാൾഡോയുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു സ്പാനിഷ് മോഡലായ ഡെസിറേ കോർഡെറോ. എന്നാൽ ആ ബന്ധം ഹ്രസ്വകാലത്തേക്കു മാത്രമായിരുന്നു. മുൻ 'മിസ് സ്‌പെയിൻ' ആയ അവർ അന്താരാഷ്ട്ര മോഡലിങ് രംഗത്ത് സജീവമായിരുന്നു. 2016-ൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ മറ്റ് പ്രണയബന്ധങ്ങളെപ്പോലെ ഈ ബന്ധം വലിയ തോതിൽ പൊതുശ്രദ്ധ നേടിയിരുന്നില്ല. അധികം വൈകാതെ റൊണാൾഡോ ജോർജിനയെ കണ്ടുമുട്ടി. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട ആ ബന്ധം വിവാഹത്തിലുമെത്തിയിരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi