അഞ്ചാമത് ദേശീയ കുടുംബാേരാഗ്യസർവേയിലെ ആർത്തവാരോഗ്യത്തെക്കുറിച്ചുള്ള ഡേറ്റ ആശങ്കെപ്പടുത്തുന്നതായിരുന്നു. 15-24 പ്രായപരിധിയിലുള്ള സ്ത്രീകളിൽ 57.6% പേർ മാത്രമാണ് ആർത്തവസമയത്ത് ശുചിത്വത്തോടെയുള്ള സംരക്ഷണമാർഗങ്ങൾ ഉപേയാഗിക്കുന്നത്. എന്താണ് ആർത്തവെമന്നും ആർത്തവകാലെത്ത വ്യക്തിശുചിത്വം എത്രത്തോളം അനിവാര്യമാണെന്നുമുള്ള അറിവില്ലായ്മയാണ് ഇതിനുകാരണം. ഇന്നും ഇന്ത്യയിലെ പലഭാഗങ്ങളിലും ആർത്തവത്തെ സംബന്ധിച്ചുള്ള മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. ആർത്തവകാലശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാെമന്നറിയാം.

വ്യക്തിശുചിത്വം പോലെ പ്രധാനമാണ് ആർത്തവശുചിത്വവും.
വൃത്തിയുള്ളതും ഹാനികരമല്ലാത്തതുമായ ആർത്തവസംരക്ഷണമാർഗങ്ങൾ ഉപയോഗിച്ച് ആർത്തവം ആരോഗ്യകരമാക്കണം. സാധാരണ,
ആർത്തവമാരംഭിക്കുന്നത് ഏകദേശം 11-12 വയസ്സിലാണ്. എന്നാൽ എട്ട്-ഒൻപത് വയസ്സിൽത്തന്നെ ആർത്തവമാരംഭിക്കുന്നവരും 15 വയസ്സിനുശേഷം ആരംഭിക്കുന്നവരുമുണ്ട്.

ആർത്തവാരംഭം നേരത്തേയാകുമ്പോൾ, അതിനുമുൻപുതന്നെ കുട്ടികൾക്ക് ശാരീരികമാറ്റങ്ങൾ, ആർത്തവം, ആർത്തവശുചിത്വം എന്നിവയെക്കുറിച്ച് അറിവുപകരേണ്ടതുണ്ട്. വീടുകളിലും സ്‌കൂളിലുമായി രക്ഷിതാക്കളും അധ്യാപകരും ബോധവത്കരണം നടത്തണം. കൃത്യവും ശാസ്ത്രീയവുമായ രീതിയിലും തെറ്റിദ്ധാരണകളുണ്ടാക്കാതെയും വേണം ബോധവത്കരണം നടത്താൻ. കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും വേണം.

ഇതൊരു അസുഖമല്ലെന്നും അശുദ്ധിയല്ലെന്നും പറയാം. ഒളിച്ചുവയ്‌ക്കേണ്ടതും നാണിക്കേണ്ടതും അല്ലെന്ന് പറയാം. നമ്മൾ വളരുന്നതിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റമാണ് ആർത്തവം. കൈകാലുകൾ വളരുന്നതുപോലെതന്നെ പ്രത്യുത്പാദനാവയവങ്ങൾ വളരുന്നതുകൊണ്ട് യോനിയിൽനിന്ന് മാസംതോറും രക്തം പുറത്തുവരികയാണെന്ന് പറയാം.

ആർത്തവരക്തം വസ്ത്രത്തിലും മറ്റും പുരളാതിരിക്കാനാണ് ആർത്തവ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. ആർത്തവത്തെ സുരക്ഷിതവും ആരോഗ്യകരവും ആക്കുന്നതിന് സാനിറ്ററി നാപ്കിൻ, മെൻസ്ട്രൽ കപ്പ്, ടാംപൂണുകൾ എന്നിങ്ങനെ വ്യത്യസ്തമാർഗങ്ങളുണ്ട്.

ഏത് ഉത്പന്നമാണ് ഉപയോഗിക്കേണ്ടതെന്ന സംശയം തോന്നിയേക്കാം. ആരോഗ്യം, സ്വസ്ഥത, പരിസ്ഥിതിസൗഹൃദത്വം എന്നിവയെക്കുറിച്ചു ചിന്തിച്ച്, യോജിച്ച സാനിറ്ററി ഉത്പന്നമാണ് തിരഞ്ഞെടുക്കേണ്ടത്. ഫ്‌ളോ ലെവൽ, കംഫർട്ട്, സെൻസിറ്റിവിറ്റി എന്നിവയ്ക്കനുസരിച്ചുവേണം യോജിച്ചവ തിരഞ്ഞെടുക്കാൻ. നീങ്ങിപ്പോകാത്തതും കൂടുതൽ സംരക്ഷണം നൽകുന്നതും അലർജിയുണ്ടാക്കാത്തതുമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം.

എല്ലാവർക്കും എല്ലാ ഉത്പന്നങ്ങളും യോജിക്കണമെന്നില്ല. സംശയമുണ്ടെ ങ്കിൽ വിദഗ്ധാഭിപ്രായം തേടി യോജിച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
ഇത്തരം ഉത്പന്നങ്ങളെക്കുറിച്ച് പറയുമ്പോൾ അവ ശരിയായരീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്നും പറയാം.

ഒരു ആർത്തവ ഉത്പന്നവും ദീർഘനേരം ഉപയോഗിക്കുന്നത് നല്ലതല്ല. പാഡുകൾ, മെൻസ്ട്രൽ കപ്പ് തുടങ്ങി ഉത്പന്നങ്ങളെല്ലാം നാലുമണിക്കൂർ ഇടവിട്ട് മാറ്റിധരിക്കണം. ഹെവി ബ്ലീഡിങ് ഉണ്ടാകുന്നവർ അതിലും കുറഞ്ഞ ദൈർഘ്യത്തിൽ ഉത്പന്നം മാറ്റണം.

വൃത്തിയില്ലാത്ത ആർത്തവ ഉത്പന്നങ്ങളുടെ ദീർഘകാല ഉപയോഗം അണുബാധയുണ്ടാക്കും. ഉത്പന്നങ്ങളെടുക്കുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. മെൻസ്ട്രൽ കപ്പുകളാണെങ്കിൽ അണുവിമുക്തമാക്കണം.

സ്വകാര്യഭാഗങ്ങളിൽ ഈർപ്പം നിൽക്കുന്നതിനാൽ പെട്ടെന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. നന്നായി ഉണങ്ങിയ, അല്പം അയവുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക. സ്വകാര്യഭാഗങ്ങളിലെ രോമങ്ങൾ വെട്ടി വൃത്തിയാക്കണം.

ബോധവത്കരണം പുരുഷൻമാർക്കും വേണം. ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെയാണ് ആർത്തവസമയത്ത് സ്ത്രീ കടന്നുപോകുന്നത്. കൂടെയുള്ളവരുടെ പിന്തുണ ആവശ്യമാണെന്ന് പറഞ്ഞുകൊടുക്കണം.

ആർത്തവമാലിന്യം സുരക്ഷിതമായി സംസ്‌കരിക്കേണ്ടത് പ്രധാനമാണ്. ഉപയോഗിച്ച ആർത്തവ ഉത്പന്നങ്ങളിൽ രക്തവും സ്രവങ്ങളും മറ്റും അടങ്ങിയിട്ടുണ്ട്. ഇത് അപകടകാരികളായ രോഗാണുക്കളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

ജൈവികമായി ജീർണിക്കാത്ത പാഡുകളും മറ്റ് ഉത്പന്നങ്ങളും വേണ്ടരീതിയിൽ സംസ്‌കരിക്കാത്തത് പ്രകൃതിക്ക് വലിയ ഭീഷണിയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. സാനിറ്ററി പാഡുകളിലെ ജൈവികമായി ജീർണിക്കാത്ത മാലിന്യം വേർതിരിച്ച് സാനിറ്ററി ലാൻഡ്ഫിൽ സൈറ്റുകളിൽ എത്തിച്ചുവേണം സംസ്‌കരിക്കാൻ.

ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും സമൂഹത്തിൽനിന്നുള്ള വിലക്കുകളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമ്പോൾ ചികിത്സതേടുന്നതിൽനിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുന്നതിനും കൂടുതൽ വഷളാവുന്നതിനും വഴിവയ്ക്കുന്നു.

അൾട്രാ തിൻ പാഡ്
കനംകുറഞ്ഞ ലൈറ്റ് വെയ്റ്റ് പാഡുകളാണ് അൾട്രാ തിൻ പാഡ്. ഇവയ്ക്ക് സാധാരണ സാനിറ്ററി പാഡുകളെക്കാൾ കട്ടി കുറവായിരിക്കും. എങ്കിലും ദ്രാവകം കൂടുതൽ ആഗിരണം ചെയ്യുകയും ഒപ്പം ലീക്ക് പ്രൊട്ടക്ഷനും നൽകുന്നു. അഡ്വാൻസ്ഡ് ജെൽ ലോക്കിങ് ടെക്നോളജിയിലുള്ള പാഡുകളും വിപണികളിൽ ലഭ്യമാണ്. റെഗുലർ, ലാർജ്, എക്‌സ്ട്രാ ലാർജ്, തതഘ എന്നിങ്ങനെ വിവിധ വലുപ്പത്തിലുള്ള പാഡുകളുണ്ട്.

റീയൂസബിൾ പാഡുകൾ
പരിസ്ഥിതിസൗഹൃദവും പുനരുപയോഗിക്കാൻ പറ്റുന്നതുമായ സാനിറ്ററി പാഡുകളാണ് റീയൂസബിൾ പാഡുകൾ. ഒരുപാട് ലെയറുകളായി ഫാബ്രിക് നിരത്തിവെച്ചാണ് ഇത്തരം ക്ലോത്ത് പാഡുകൾ നിർമിക്കുന്നത്.

രക്തത്തെ അബ്സോർബ് ചെയ്യുന്ന ഒട്ടേറെ ഫാബ്രിക് ലെയറുകളുള്ളതിനാൽ ഹെവി ബ്ലഡ് ഫ്‌ളോ ഉള്ളപ്പോഴും ക്ലോത്ത് പാഡുകൾ ഉപയോഗിക്കാം. ലീക്കിങ് തടയാനായി വാട്ടർ പ്രൂഫ് ലെയറും ഇതിനുണ്ട്. ക്ലോത്ത് പാഡുകൾ 60 തവണവരെ കഴുകി ഉപയോഗിക്കാനാവുമെന്ന് കമ്പനികൾ അവകാശപ്പെടുന്നു.

ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കി ഉപയോഗിക്കുകയാണെങ്കിൽ രണ്ട് മുതൽ അഞ്ച് വർഷംവരെ ഉപയോഗിക്കാവുന്ന ക്ലോത്ത് പാഡുകളും വിപണിയിലുണ്ട്.

ക്ലോത്ത് പാഡുകളുടെ വിങ്സിന്റെ സ്ഥാനത്ത് ബട്ടണുകൾ പിടിപ്പിച്ചിട്ടുണ്ട്. സാധാരണ പാഡ് പോലെ ക്ലോത്ത് പാഡ് അടിവസ്ത്രത്തിൽ വെച്ചശേഷം വിങ്സ് അടിവസ്ത്രത്തിന് പുറകിലായി ബട്ടണിടുക.

വൃത്തിയാക്കേണ്ട വിധം: കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഉപയോഗശേഷം തണുത്ത വെള്ളത്തിൽ കഴുകി രക്തക്കറ കളയുക. ഇനി ചൂടുവെള്ളവും മൈൽഡ് ഡിറ്റർജന്റും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. മണം നൽകുന്ന ഫാബ്രിക് കണ്ടീഷണറുകൾ ഉപയോഗിക്കരുത്. വെയിലത്ത് ഉണക്കുക. നന്നായി ഉണങ്ങിയശേഷം വീണ്ടും ഉപയോഗിക്കാം. പാഡ് കഴുകിയശേഷവും കൈകൾ കഴുകി വൃത്തിയാക്കണം.

പാന്റി ലൈനർ
പാഡിന്റെ ചെറിയ രൂപമാണ് പാന്റി ലൈനറുകൾ. സാധാരണ പാഡിനേക്കാളും നീളം, വീതി, കനം എന്നിവ കുറവായിരിക്കും. നേരിയ ബ്ലഡ് ഫ്‌ളോ, സ്‌പോട്ടിങ്, വെള്ളപോക്ക് എന്നിവയെ ആഗിരണം ചെയ്യുന്നു. ഇവ സാധാരണ പാഡുകൾപോലെ അടിവസ്ത്രത്തിൽ ഒട്ടിച്ചുവെക്കാം. ആർത്തവ ചക്രത്തിന്റെ അവസാനത്തിൽ ബ്ലഡ് ഫ്‌ളോ കുറവാണെങ്കിൽ പാന്റി ലൈനറുകൾ ഉപയോഗിക്കാം. അപ്രതീക്ഷിതമായുണ്ടാകുന്ന സ്‌പോട്ടിങ്ങിനും പാന്റി ലൈനറുകൾ ഉപയോഗിക്കാം.

മെൻസ്ട്രൽ കപ്പുകൾ
പരിസ്ഥിതിസൗഹൃദവും പാഡ്, ടാംപൂൺ എന്നിവയെക്കാൾ ഏറെ ഉപകാരപ്രദവുമാണ് മെൻസ്ട്രൽ കപ്പുകൾ. പാഡ്, ടാംപൂൺ എന്നിവയെപ്പോലെ നശിപ്പിച്ചുകളയുന്നതിൽ ബുദ്ധിമുട്ടില്ല എന്നതാണ് സിലിക്കോൺ നിർമിതമായ മെൻസ്ട്രൽ കപ്പിന്റെ പ്രത്യേകത. ഇവ വൃത്തിയാക്കിയശേഷം വീണ്ടും ഉപയോഗിക്കാം. ഇപ്രകാരം അഞ്ചുവർഷംവരെ ഉപയോഗിക്കാമെന്ന് പല കമ്പനികളും അവകാശപ്പെടുന്നു. ദീർഘകാലത്തേക്കുള്ള പരിഹാരമായതിനാൽ ഇവ കോസ്റ്റ് എഫക്ടീവുമാണ്. സ്‌മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ മൂന്ന് വലുപ്പത്തിൽ കപ്പുകളുണ്ട്.

Small: 18 വയസ്സിന് താഴെയുള്ളവർ, വജൈനൽ ബർത്ത് നടക്കാത്തവർ, നേരിയതോ മിതമോ ആയ ബ്ലഡ് ഫ്‌ളോ (Light to moderate flow) ഉള്ളവർ, അഞ്ച് സെന്റീമീറ്ററിൽ കുറവുള്ള സെർവിക്‌സ് ഉള്ളവർ എന്നിവർക്ക്.

Medium: ഹെവി ബ്ലഡ് ഫ്‌ളോ കൂടുതലുള്ളവർ, 18 മുതൽ 30 വയസ്സുവരെയുള്ളവർ എന്നിവർക്ക്.

Large: 30 വയസ്സിന് മുകളിലുള്ളവർ, വജൈനൽ ബർത്ത് കഴിഞ്ഞവർ, അഞ്ച് സെന്റീമീറ്ററിന് മുകളിൽ സെർവിക്‌സ് ഉള്ളവർ, ഹെവി ഫ്‌ളോ ഉള്ളവർ എന്നിവർക്ക്.

ഇൻസേർട്ട് ചെയ്യുന്നവിധം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. മെൻസ്ട്രൽ കപ്പ് കഴുകുക.

പഞ്ച് ഡൗൺ, 7, ഡയമണ്ട്, ഒറിഗമി എന്നിങ്ങനെ വ്യത്യസ്ത ഫോൾഡിങ് രീതികളിൽ മെൻസ്ട്രൽ കപ്പ് ഇൻസേർട്ട് ചെയ്യാം. ഉദാഹരണമായി, കപ്പിന്റെ വായ്ഭാഗം പകുതിയായി മടക്കി ഇ ആകൃതിയിൽ ഫോൾഡ് ചെയ്യുക. ശേഷം യോനിയിൽ കയറ്റുക. കപ്പിന്റെ വായ്ഭാഗം (Rim) മുകളിൽവരുന്ന രീതിയിൽ സെർവിക്‌സിന് താഴെയായി വേണം ഇൻസേർട്ട് ചെയ്യാൻ. അതിനായി സ്‌ക്വാട്ട് പൊസിഷനിലോ ടോയ്ലെറ്റ് സീറ്റിലിരുന്നുകൊണ്ടോ ഒരു കാൽ ഉയരത്തിൽ പൊക്കിവെച്ചോ ഇൻസേർട്ട് ചെയ്യാം. ശേഷം കപ്പ് റിലീസ് ചെയ്യുക. കപ്പ് യോനീഭിത്തിയിൽ എയർടൈറ്റായിവേണം ഇരിക്കാൻ. ഇതാണ് ലീക്കിങ് തടയുന്നത്. അതിനായി കപ്പിന്റെ സ്റ്റെമ്മിൽ പിടിച്ച് ചെറുതായി തിരിക്കുക.

പുറത്തെടുക്കുന്നവിധം: കൈകൾ കഴുകി വൃത്തിയാക്കുക. യോനിയിൽനിന്ന് എയർടൈറ്റായി ഇരിക്കുന്ന മെൻസ്ട്രൽ കപ്പിന്റെ തണ്ടിന് മുകളിലായി ചെറുതായി അമർത്തുക. ശേഷം പുറത്തേക്ക് പതിയെ വലിക്കുക. പുറത്തെടുത്ത് രക്തം ടോയ്ലെറ്റിൽ കളഞ്ഞ് കഴുകി വൃത്തിയാക്കി വീണ്ടും ഇൻസേർട്ട് ചെയ്യാം.

ആർത്തവസമയത്ത് പൈപ്പിന് ചുവട്ടിൽ (റണ്ണിങ് വാട്ടർ) വെച്ച് കഴുകിവൃത്തിയാക്കാം. ആർത്തവചക്രം അവസാനിക്കുന്ന ദിവസം തിളപ്പിച്ച വെള്ളത്തിൽ അല്പനേരം ഇട്ടുവെച്ച് അണുവിമുക്തമാക്കണം. ഉണങ്ങിയ കോട്ടൺ തുണിയിൽ തുടച്ച് ഈർപ്പമില്ലാത്ത വൃത്തിയുള്ള ഇടത്ത് സൂക്ഷിക്കണം.

മെൻസ്ട്രൽ കപ്പ് സ്റ്റെറിലൈസർ
മെൻസ്ട്രൽ കപ്പുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്റ്റെറിലൈസറാണിത്. മെൻസ്ട്രൽ കപ്പ് അണുവിമുക്തമാക്കാനായി സ്റ്റെറിലൈസറിന്റെ ക്യാപ് തുറന്ന് വാട്ടർ ഹോൾഡിങ് ഏരിയയിൽ അല്പം വെള്ളം ഒഴിക്കുക. ശേഷം മെൻസ്ട്രൽ കപ്പിന്റെ സ്റ്റെം മുകളിൽ വരത്തക്കവിധം അതിലേക്ക് ഇറക്കിവെക്കുക. ക്യാപ് ഇട്ടതിനുശേഷം പ്ലഗ്-ഇൻ ചെയ്ത് പവർ ബട്ടൺ അമർത്തി അണുവിമുക്തമാക്കുക.

മെൻസ്ട്രൽ ഡിസ്‌കുകൾ
മെൻസ്ട്രൽ കപ്പ് പോലെ യോനിയിലേക്ക് ഇൻസേർട്ട് ചെയ്യുന്ന പീരിയഡ് കെയർ ഉത്പന്നമാണ് മെൻസ്ട്രൽ ഡിസ്‌കുകൾ. യോനീനാളത്തിൽ ഗർഭാശയമുഖത്തിന് തൊട്ടുതാഴേക്കാണ് മെൻസ്ട്രൽ ഡിസ്‌കുകൾ ഇൻസേർട്ട് ചെയ്യേണ്ടത്. മിതമായ ബ്ലഡ് ഫ്‌ളോ മുതൽ ഹെവി ബ്ലഡ് ഫ്‌ളോകൾക്കുവരെ ഉപയോഗിക്കാം. സ്മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സൈസുകളിൽ ലഭ്യമാണ്. ആരോഗ്യകരമായ രീതിയിലാണെങ്കിൽ ഇവ അഞ്ച് വർഷംവരെ ഉപയോഗിക്കാനാവും. സ്പോർട്സ്, ഡാൻസ്പോലുള്ള കായികപരിശീലനങ്ങൾ ചെയ്യുന്നവർക്ക് മെൻസ്ട്രൽ കപ്പുകൾ ഏറെ സൗകര്യപ്രദമായിരിക്കും. കൂടാതെ ആർത്തവസമയത്ത് സുഗമമായ ലൈംഗികബന്ധത്തിലേർപ്പെടാനും മെൻസ്ട്രൽ ഡിസ്‌കുകൾ സഹായിക്കുന്നു.

ഇൻസേർട്ട് ചെയ്യുന്നവിധം: കൈകളും മെൻസ്ട്രൽ ഡിസ്‌കും നന്നായി കഴുകുക. സ്‌ക്വാട്ട് പൊസിഷനിലോ, ടോയ്ലെറ്റ് സീറ്റിലിരുന്നുകൊണ്ടോ, എഴുന്നേറ്റുനിന്ന് ഒരു കാൽ ഉയരത്തിൽ പൊക്കിവെച്ചോ ഇൻസേർട്ട് ചെയ്യാം. ഡിസ്‌ക് എട്ട് (8) ആകൃതിയിൽ ഫോൾഡ് ചെയ്യുക. ഇനി ഗർഭാശയമുഖത്തിന് താഴെ വരത്തക്കവിധത്തിൽ യോനീ നാളത്തിലേക്ക് ഡിസ്‌ക് കയറ്റിവെക്കാം. ശേഷം ഡിസ്‌കിന്റെ വായ്ഭാഗം പ്യൂബിക് ബോണിന് മുകളിലായി പ്രസ് ചെയ്ത് എയർ ടൈറ്റ്‌ചെയ്ത് വെക്കാം.

പുറത്തെടുക്കുന്നവിധം: കൈകൾ കഴുകി വൃത്തിയാക്കുക. സ്‌ക്വാട്ട് പൊസിഷനിൽ ഇരുന്നുകൊണ്ട് ഡിസ്‌ക് പുറത്തെടുക്കാം. യോനിയിൽനിന്നും എയർടൈറ്റായി ഇരിക്കുന്ന മെൻസ്ട്രൽ ഡിസ്‌കിന്റെ റിമ്മിൽ വിരൽ അമർത്തി പ്യൂബിക് ബോണിൽനിന്നും വിടുവിച്ച് പുറത്തേക്ക് വലിക്കുക. രക്തം കളഞ്ഞശേഷം കഴുകി വീണ്ടും ഇൻസേർട്ട് ചെയ്യാം. ആർത്തവചക്രം അവസാനിക്കുന്ന ദിവസം തിളപ്പിച്ച വെള്ളത്തിൽ അല്പനേരം ഇട്ടുവെച്ച് അണുവിമുക്തമാക്കണം. ഉണങ്ങിയ കോട്ടൺ തുണിയിൽ തുടച്ച് ഈർപ്പമില്ലാത്ത വൃത്തിയുള്ള ഇടത്ത് സൂക്ഷിക്കണം.

ബയോ ഡീഗ്രേഡബിൾ പാഡുകൾ
പ്രകൃതിക്കും നമ്മുടെ ആരോഗ്യത്തിനും ഒരുപോലെ സുരക്ഷിതമാണ് ബയോ ഡീഗ്രേഡബിൾ പാഡുകൾ. മണ്ണിൽ ജീർണിക്കുന്ന ജൈവമാലിന്യമാണെന്ന് കമ്പനികൾ അവകാശപ്പെടുന്നു. മുള, വാഴപ്പിണ്ടി, മരം, കരിമ്പ്, ചോളം എന്നിവയുടെ പൾപ്പ്, കോട്ടൺപോലുള്ള പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണിവ നിർമിക്കുന്നത്. കെമിക്കലുകൾ അടങ്ങിയിട്ടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. ഒരു പാഡ് ഒറ്റത്തവണയാണ് ഉപയോഗിക്കേണ്ടത്.

ടാംപൂൺസ്
യോനിയിൽ ഇൻസേർട്ട് ചെയ്യുന്ന മറ്റൊരു ഉത്പന്നമാണ് ടാംപൂൺസ്. രക്തത്തെ കൂടുതൽ വലിച്ചെടുക്കുന്ന വിധത്തിൽ സോഫ്റ്റ് കോട്ടൺ, റയോൺ എന്നിവകൊണ്ടാണ് ടാംപൂൺസ് നിർമിച്ചിരിക്കുന്നത്. ആപ്ലിക്കേറ്റർ ഉള്ളതും ഇല്ലാത്തതുമായ ടാംപൂണുകളുണ്ട്. കൂടാതെ രക്തത്തെ ആഗിരണം ചെയ്യുന്നതിന്റെ തോത് അനുസരിച്ച് ലൈറ്റ്, റെഗുലർ, സൂപ്പർ, സൂപ്പർ പ്ലസ്, അൾട്രാ എന്നിങ്ങനെ ഭാരം, വലിപ്പം എന്നിവയിൽ വ്യത്യാസമുള്ള ടാംപൂണുകളുണ്ട്. ഇവ ബ്ലഡ് ഫ്‌ളോയ്ക്ക് അനുസരിച്ച് ഉപയോഗിക്കാം. ബയോഡീഗ്രേഡബിളും അല്ലാത്തതുമായ ടാംപൂണുകളുണ്ട്.

ഇൻസേർട്ട് ചെയ്യുന്നവിധം: കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിത്തുടയ്ക്കുക. ആപ്ലിക്കേറ്റർ ഇല്ലാത്ത ടാംപൂണുകൾ ഇൻസേർട്ട് ചെയ്യാൻ ടാംപൂണിനെ ചുറ്റിയുള്ള നിറത്തിലുള്ള ടേപ് കീറിമാറ്റുക. താഴ്ഭാഗത്തുനിന്നും കെട്ടഴിച്ച് അതിനെ ചുറ്റിയുള്ള ത്രെഡ് നിവർത്തുക. ഏറ്റവും സുരക്ഷിതമായ പൊസിഷനിൽ ഇരുന്നുകൊണ്ടുവേണം ടാംപൂൺ ഇൻസേർട്ട് ചെയ്യാൻ. യോനിയിലേക്ക് ഇൻസേർട്ട് ചെയ്യാം. പരമാവധി യോനീനാളത്തിലേക്ക് തള്ളുക. ആപ്ലിക്കേറ്റർ ഉള്ള ടാംപൂണുകളിൽ ഒരു ട്യൂബിന്റെ രൂപത്തിലുള്ള ആപ്ലിക്കേറ്റർ ഉപയോഗിച്ച് എളുപ്പത്തിൽ യോനിയിലേക്ക് ഇൻസേർട്ട് ചെയ്യാനാവും.

പുറത്തെടുക്കുന്നവിധം: കൈകൾ നന്നായി കഴുകുക. കംഫർട്ടബിളായ പൊസിഷനിൽ ഇരിക്കുക. ടാംപൂണിന്റെ അഗ്രഭാഗത്തുള്ള ത്രെഡ് ഉപയോഗിച്ച് പുറത്തേക്ക് വലിക്കുക.

പീരിയഡ് പാന്റി
രക്തം മുഴുവൻ വലിച്ചെടുക്കുന്ന അടിവസ്ത്രംപോലുള്ള പീരിയഡ് കെയർ ഉത്പന്നമാണ് പീരിയഡ് പാന്റി. ഇവ സാധാരണ അടിവസ്ത്രംപോലെ ധരിക്കാം. രക്തത്തെ ആഗിരണം ചെയ്യാനുള്ള ധാരാളം ഫാബ്രിക് ലെയറുകൾ ഇതിലുണ്ട്. അതിനാൽ ഈർപ്പം അനുഭവപ്പെടുകയില്ല. ഫുൾ കവറേജ് തരുന്നതിനാൽ ഹെവി ഫ്‌ളോയുള്ള സമയത്തും സുഖമായി ഉപയോഗിക്കാം. ലീക്കേജിനെ പേടിക്കേണ്ട. സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് എന്നിങ്ങനെ വിവിധ സൈസുകളിൽ വിപണികളിൽ ലഭ്യമാണ്. പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള പീരിയഡ് പാന്റികളുമുണ്ട്. ഇവ സുസ്ഥിരവും വലിച്ചുനീട്ടാവുന്നതും മൃദുലവും സ്‌കിൻ റാഷസ് വരുത്താത്തതുമാണ്.

അസഹനീയമായ വയറുവേദന, നടുവേദന, ക്ഷീണം എന്നിവയ്ക്ക് പരിഹാരമായി ക്രാംപ് റിലീഫ് ഉത്പന്നങ്ങളും വിപണിയിലുണ്ട്. സെൽഫ് ഹീറ്റിങ് ക്രാംപ് റിലീഫ് പാച്ച് ഇവ വേദനയുള്ളിടത്ത് ഒട്ടിച്ച് ആർത്തവസംബന്ധമായ വേദനകൾ കുറയ്ക്കാം. വേദനയുള്ള ഇടത്ത് പുരട്ടാവുന്ന ക്രാംപ് റിലീഫ് റോൾ ഓണും വിപണിയിലുണ്ട്.

കടപ്പാട്: ഡോ. ജിജി സംഷീർ
(കൊച്ചി വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi