'സർവം മായ'യുടെ വിജയത്തിന് പിന്നാലെ നിവിൻപോളിയുടെ ഓണച്ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും ജീവിതം മാറ്റിമറിച്ച തീരുമാനങ്ങളെപ്പറ്റിയും താരം പങ്കുവയ്ക്കുകയുണ്ടായി. പെൺകുട്ടികളോട് സമൂഹവും കുടുംബവും ചുമത്തുന്ന നിയന്ത്രണങ്ങളെ മറികടന്ന് സ്വപ്നങ്ങൾ പിന്തുടരാൻ പറയുകയായിരുന്നു അദ്ദേഹം.
അഭിനയജീവിതം തുടങ്ങുന്നതിന് മുമ്പ് വലിയ ആത്മസംശയങ്ങളിലൂടെ കടന്നുപോയ സമയത്തെക്കുറിച്ചാണ് നിവിൻ ആദ്യം സംസാരിച്ചത്. പൗലോ കൊയ്‌ലോയുടെ 'ദി ആൽക്കെമിസ്റ്റ്' വായിച്ചതാണ് ഓഡിഷനിൽ പങ്കെടുക്കാനുള്ള ധൈര്യം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
Also Read
“സിനിമയിൽ ആരെയും പരിചയമില്ല, ഓഡിഷന് പോയിട്ട് എന്ത് കാര്യമെന്നൊക്കെ ആലോചിച്ച് ഞാൻ തന്നെ എന്നെ സംശയിച്ചിരുന്ന സമയമായിരുന്നു അത്. അപ്പോഴാണ് 'ദി ആൽക്കെമിസ്റ്റ്' വായിച്ചത്. ആ പുസ്തകം എനിക്ക് ആദ്യചുവടുവെപ്പിന് ധൈര്യം തന്നു. ഓഡിഷനിൽ ആത്മവിശ്വാസത്തോടെ പങ്കെടുത്തു. അവിടെവെച്ചാണ് ആദ്യമായി വിനീതിനെ കാണുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതും ആദ്യമായിരുന്നു. അന്ന് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. ആ തീരുമാനം കൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്,” എന്നാണ് മുമ്പൊരു അഭിമുഖത്തിൽ നിവിൻ പറഞ്ഞത്.
ഓഡിഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചതാണ് തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു. 'ദി ആൽക്കെമിസ്റ്റി'ലെ നായകന്റെ യാത്രയുമായി സ്വന്തം അനുഭവത്തെ നിവിൻ താരതമ്യം ചെയ്തു. “സ്റ്റേജിൽ കയറാൻ പോലും പേടിയുള്ള ഞാൻ എന്തിനാണ് ഓഡിഷനിൽ പോയതെന്ന് വീട്ടിലെത്തിയപ്പോൾ ചിന്തിച്ചു. 'ദി ആൽക്കെമിസ്റ്റി'ൽ നായകന്റെ ജീവിതം മാറുന്നത് ഒരു യാത്ര തുടങ്ങാൻ തീരുമാനിക്കുന്ന നിമിഷത്തിലാണ്. ആ യാത്ര എവിടെയെത്തുമെന്ന് അയാൾക്കറിയില്ല. അതുപോലെ അന്ന് ഓഡിഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്ന് നിങ്ങൾ നൽകുന്ന ഈ സ്‌നേഹം എനിക്ക് ലഭിക്കുന്നത്.”
പരാജയപ്പെടുമെന്ന ഭയം, മറ്റുള്ളവരുടെ പരിഹാസം, ട്രോളുകൾ എന്നിവ പലരെയും അവസരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്നും നിവിൻ വിദ്യാർഥികളോട് പറഞ്ഞു.
“ജീവിതത്തിൽ പല സാഹചര്യങ്ങളും വരും. നമ്മൾ തന്നെ നമ്മളെ സംശയിക്കും. 'പങ്കെടുത്താൽ ആളുകൾ കളിയാക്കുമോ, ട്രോൾ ചെയ്യുമോ' എന്നൊക്കെ തോന്നും. അങ്ങനെ സംശയം വന്നാൽ ഒരു തീരുമാനം എടുക്കണം. അത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അത് എന്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠമാണ്.
ക്ലാസിലെ ടോപ്പ് വിദ്യാർഥിക്ക് നല്ല അധ്യാപകനാകുന്നതിനൊപ്പം, ഓരോ വിദ്യാർഥിയുടെയും നല്ല മെന്ററാകാൻ അധ്യാപകർക്ക് കഴിയണം. മുന്നോട്ട് വരാനുള്ള ധൈര്യമില്ലാത്തവർക്ക് പിന്തുണയും പ്രചോദനവും നൽകേണ്ടത് അധ്യാപകരാണ്.” നിവിൻ കൂട്ടിച്ചേർത്തു.
സംവാദത്തിനിടെ പെൺകുട്ടികളോടും നിവിൻ പ്രത്യേകം സംസാരിച്ചു. സമയപരിധി, വസ്ത്രധാരണം, ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള നിയന്ത്രണം തുടങ്ങിയ സാമൂഹിക-കുടുംബപരമായ വിലക്കുകൾ സ്വപ്നങ്ങൾക്ക് തടസ്സമാകാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ആഗ്രഹങ്ങളെയും സാധ്യതകളെയും മറ്റുള്ളവരുടെ പ്രതീക്ഷകൾ നിർവചിക്കാൻ അനുവദിക്കരുത്. നിയന്ത്രണങ്ങൾ ഭേദിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറണം,” നിവിൻ വ്യക്തമാക്കി.
മമിത ബൈജുവും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിനൊപ്പം 'ഐ ആം ഗെയിം', 'ഖലീഫ' എന്നീ ഓണച്ചിത്രങ്ങളും റിലീസിനൊരുങ്ങുന്നുണ്ട്. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ രണ്ടാമത്തെ ഗാനം 'ഇല്ലേയ് ഇല്ലാ' ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 'മാന്ത്രികം' എന്ന ആദ്യ ഗാനത്തിന് പിന്നാലെയാണ് പുതിയ ട്രാക്ക് എത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: nivin-pauly-st-teresas-college-speech-bethlehem-kudumba-unit
Published: 12 Aug 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented