ഈ കൂട്ടുകുടുംബത്തില്‍ എന്നും ഓണമാണ്. ഏതാണ്ടെല്ലാ ദിവസവും ഇവിടെ ഓണമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശോക്തിയില്ല. ജീവിതത്തിന്റെ ദുരിതപര്‍വങ്ങളില്‍ നിന്നും മോചനം കാംക്ഷിച്ച് ഇവിടെയെത്തിയ അന്തേവാസികള്‍ക്ക് എന്നും നല്ല ഭക്ഷണമുണ്ട്. സ്നേഹം നിറഞ്ഞ പെരുമാറ്റമുണ്ട്.

To advertise here,

സ്നേഹസ്പര്‍ശവുമായി അജ്ഞാതരായ ആരൊക്കെയോ വരുന്നു. സ്‌നേഹപൂർവം ഇവരെ കേള്‍ക്കുന്നു. ഇത് പത്തനാപുരം ഗാന്ധിഭവന്‍. ആശ്രയമറ്റവര്‍ക്കൊരു ആലയം. സ്നേഹം നഷ്ടപ്പെട്ടവര്‍ക്കായി പടുത്തുയര്‍ത്തിയ സ്നേഹരാജ്യം.

കുടത്തിപെണ്ണേ...കുടത്തിപെണ്ണേ
നിന്റെ കുടത്തിന്റെ വിലയെന്തെടി പെണ്ണേ...

കുടമൂത്തിന്റെ ഓര്‍മകളിലാണ് രാജമ്മചേച്ചി. “ഓണം ഞങ്ങള്‍ക്ക് കളികളുടെയും സദ്യയുടെയും ഓര്‍മകളാണ്. പണ്ട് നഴ്സായി അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന കാലത്തും ഓണത്തിന് വീട്ടിലെല്ലാവരും ഒത്തുകൂടും. ആഘോഷങ്ങളും സദ്യയുമെല്ലാമായി. ഇപ്പോ വയ്യാതായി. എന്നാലും ഓര്‍മകളില്‍ അതെല്ലാമുണ്ട്".

ഇവിടെയാണ് യഥാര്‍ഥ മാവേലി. എല്ലാവരേയും ഒരേപോലെ കാണുന്നവര്‍. ഉത്തമമായ ജീവിതമാണിപ്പോള്‍. ബന്ധുക്കളില്ലെങ്കിലും ഇവിടെയുള്ളവരെല്ലാം ബന്ധുക്കളാണ്. തുല്യദുഃഖിതരാണ്. “ഇവിടുത്തെ കൂട്ടായ്മയില്‍ ഞങ്ങളെല്ലാം മറക്കുന്നു”, ചെങ്ങന്നൂര്‍ സ്വദേശിയായ രാജമ്മ പറഞ്ഞു.

“ഇപ്പഴാ മക്കളെ ഞാന്‍ ചിരിക്കാന്‍ തുടങ്ങിയെ”, കശുവണ്ടിത്തൊഴിലാളിയായ ലളിതാഭായിയമ്മ പറഞ്ഞു. “ഭര്‍ത്താവ് കരള്‍രോഗം വന്നു മരിച്ചു. മക്കളില്ല. അനിയത്തിയുടെ മക്കള്‍ക്ക് നോക്കാന്‍ ബുദ്ധിമുട്ടാണ്. അതാ ഞാനിങ്ങ് പോന്നത്. പണ്ട് ഞാനും ഭര്‍ത്താവും കഞ്ഞിയും വെച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരിക്കുമായിരുന്നു. ഇവിടെയിപ്പോ കുറേ പേരുണ്ട്. സംസാരിക്കാനും കഥപറയാനുമെല്ലാമായി”.

കട്ടപ്പനസ്വദേശിയായ പങ്കജാക്ഷിയമ്മയും കറുകച്ചാല്‍കാരി ചിന്നമ്മയും പിന്നെ അറുനൂറോളം അന്തേവാസികളും ഓണമായാലും ക്രിസ്മസ് ആയാലും പെരുന്നാളായാലും ജാതിമതഭേദമന്യേ എല്ലാം ആഘോഷിക്കുന്ന ഇവിടമാണ് ഈശ്വരസന്നിധാനം. കഥപറഞ്ഞും പാട്ടുപാടിയും, കൂട്ടത്തില്‍ ഉഷാറായവര്‍ പൂന്തോട്ടത്തിലേക്ക് നടന്നു. അടുത്ത ദിവസത്തേക്ക് തയ്യാറാക്കാനുള്ള പൂക്കളത്തിലേക്ക് പൂവിറുക്കാന്‍. പൂവേ പൊലി പാടി അവര്‍ വലിയ കുട്ട നിറയെ പൂ ശേഖരിച്ചു.

ഉച്ചയ്ക്ക് ഞങ്ങളും ഭക്ഷണം കഴിക്കാനിരുന്നു. നാലുകൂട്ടം തൊടുകറികളും പരിപ്പും പപ്പടവും പായസവുമെല്ലാമുണ്ടായിരുന്നു. “ദിവസവും രണ്ടരചാക്ക് അരിയെങ്കിലും വേണം ഇവിടെ. ഓണത്തിന് മൂന്നു ചാക്ക് വേണ്ടിവരും. അന്നേ ദിവസം ഇവിടുത്തെ അന്തേവാസികള്‍ക്കൊപ്പം ഊണുകഴിക്കാന്‍ വരുന്നവരുണ്ട്”. ഗാന്ധിഭവന്‍ ഭാരവാഹിയായ പി.എസ്.അമല്‍രാജ് പറഞ്ഞു.

പാറുക്കുട്ടിയമ്മയില്‍ നിന്നും തുടങ്ങി
പുനലൂര്‍ സോമരാജന്‍ വെറും സോമരാജനായിരുന്ന ഒരു കാലമുണ്ടായിരുന്നു. പാരലല്‍കോളേജ് അധ്യാപകനായും ഹോട്ടല്‍ നടത്തിപ്പുകാരനായും കഴിഞ്ഞുകൂടിയ സാധാരണ ഗൃഹനാഥന്‍. കൊട്ടാരക്കരയില്‍ നിന്നും കോക്കാടേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ അദ്ദേഹം പാറുക്കുട്ടിയമ്മ എന്ന വൃദ്ധയെ കണ്ടുമുട്ടുന്നു. തകര്‍ന്നു വീഴാറായ കുടിലില്‍ ഒറ്റയ്ക്ക് കഴിയുന്ന പാറുക്കുട്ടിയമ്മയെ കണ്ടുമുട്ടിയതാണ് ആ ജീവിതത്തെ വഴിതിരിച്ചുവിട്ടത്.

12-ാം വയസില്‍ അമ്മ നഷ്ടപ്പെട്ട സോമരാജന്‍ പാറുക്കുട്ടിയമ്മയോട് ചോദിച്ചു എന്റ കൂടെ പോരുന്നോ ഞാനമ്മയെ നോക്കികൊള്ളാം. അതൊരു തുടക്കമായിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ 1300-ഓളം അന്തേവാസികളുള്ള വലിയൊരു പ്രസ്ഥാനമായി ഗാന്ധിഭവന്‍ മാറിയതും. കേരളസര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരമടക്കം വിവിധ ആദരവുകള്‍ തേടിയെത്തിയതും.

ഇതിനിടയില്‍ പ്രതിസന്ധിയില്‍ പതറി മരണം വരിച്ചാലോയെന്നാലോചിച്ച ഘട്ടം പോലും ആ ജീവിതത്തിലും ഉണ്ടായിരുന്നു. എന്നാല്‍ അതിജീവനത്തിന്റെ പാതയില്‍ ആയിരങ്ങളുടെ സഹായങ്ങളെത്തി. യൂസഫലിയെ പോലുള്ള മനുഷ്യസ്നേഹികളുടെ കയ്യയച്ചുള്ള സഹായം കൂടി ആയപ്പോള്‍ ഗാന്ധിഭവന്‍ നിന്ദിതരുടെയും പീഡിതരുടെയും അതിജീവനപാതയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പ്രസ്ഥാനമായി മാറി. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയൊരു കൂട്ടുകുടുംബമായി മാറിയിരിക്കുകയാണിവിടം.

ഈ ഓണത്തിന് കാട്ടുകുതിരയിലെ മങ്കയുമുണ്ടിവിടെ
’കാട്ടുകുതിര’യിലെ മങ്കയെ മലയാളം ഒരിക്കലും മറക്കില്ല. എസ്.എല്‍.പുരം സദാനന്ദന്‍ സൃഷ്ടിച്ച കൊച്ചുവാവയുടെ ഭാര്യ. എല്ലാം പിടിച്ചടക്കാനായി കടിഞ്ഞാണില്ലാതെ കുതിക്കുന്ന കാട്ടുകുതിരയുടെ കാല്‍ചവിട്ടടിയില്‍ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന കഥാപാത്രം. മങ്കയെ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ കുടിയേറിയ ലൗലിബാബുവും ഇപ്പോള്‍ ഗാന്ധിഭവന്‍ അന്തേവാസിയാണ്. ലൗലി ഗാന്ധിഭവനിലെത്തിയത് സ്വന്തം അമ്മയ്ക്ക് ഒരഭയസ്ഥാനം അന്വേഷിച്ചാണ്.

“അമ്മ പ്രത്യേക സ്വഭാവക്കാരിയാണ്. ആര്‍ക്കും അങ്ങനെ സഹിക്കാനും ക്ഷമിക്കാനും പറ്റുന്ന ഒരാളല്ല. ജോലി മാത്രമായിരുന്നു ശ്രദ്ധ. പുല്ലരിഞ്ഞും പശുവിനെ പോറ്റിയും അരിച്ചുണ്ടാക്കിയതാണ് ഞങ്ങളുടെ സ്വത്തും ജീവിതവുമെല്ലാം. എല്ലാവരും അമ്മയെ പോലെ തന്നെ ജോലി ചെയ്തോണ്ടിരിക്കണമെന്നും അമ്മ കരുതും. എല്ലാവരേയും ചീത്തപറയും. അതുകൊണ്ട് തന്നെ മറ്റാര്‍ക്കും അമ്മയെ സഹിക്കാന്‍ പ്രയാസമാണ്.

ഞാന്‍ കേട്ട ചീത്തയ്ക്കും കണക്കില്ല. എല്ലാ ജോലിയും കഴിഞ്ഞ് വേണമായിരുന്നു എനിക്കും നാടകത്തിന് പോവാന്‍. ഒടുക്കം വയ്യാതായപ്പോള്‍ എവിടെയെങ്കിലും കൊണ്ടു കളയാന്‍ എല്ലാവരും പറയാന്‍ തുടങ്ങി. എനിക്കങ്ങനെ കളയാന്‍ പറ്റില്ലല്ലോ. ഞാന്‍ ഒറ്റമോളാണ്. എനിക്കും കുടുംബത്തിനും വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ നാടകത്തിന് പോവുമ്പോ മക്കളെ നോക്കുന്നതെല്ലാം അമ്മയായിരുന്നു. എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും എന്നെ വേണം. പക്ഷെ അമ്മയെ സഹിക്കാന്‍ പറ്റില്ല എന്നായി. അങ്ങനെയാണ് ഞാന്‍ അമ്മയേയും കൊണ്ട് ഇങ്ങ് പോന്നത്.

ഇപ്പോള്‍ ഇവിടെ നിന്ന് സീരിയലിലും സിനിമയില്‍ അവസരം കിട്ടുമ്പോഴും പോവും. പോവുമ്പോള്‍ ഇവിടെയുള്ളവര്‍ നോക്കിക്കൊള്ളും. അല്ലാത്തപ്പോള്‍ ഞാന്‍ തന്നെ എല്ലാകാര്യങ്ങളും നോക്കി അമ്മയ്ക്കൊപ്പം ഇവിടെ കഴിയും. എന്നെയിപ്പോ അമ്മേന്നാണ് അമ്മ വിളിക്കുന്നത്. 93 വയസായി അവശയായി കഴിയുമ്പോള്‍ കുട്ടിക്കാലത്തേക്ക് ആ മനസ് മടങ്ങിപ്പോയതാവാം. എന്തായാലും ജനിച്ചുവീണ ഒരു കുട്ടിയെ പോലെ അമ്മയിപ്പോള്‍ എന്റെ മകളായി ഇവിടെ കഴിയുന്നു. ഇനി എന്റെ ഓണവും എല്ലാ ആഘോഷവും ഇവിടെ തന്നെ. ഗാന്ധിഭവനില്‍”. ലൗലി ബാബു പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi