ജിമ്മിലോ അല്ലെങ്കിൽ മറ്റ് വ്യായാമങ്ങളിലോ ഏർപ്പെടുമ്പോൾ ഇടയ്ക്ക് ദാഹം തോന്നുന്നത് സ്വാഭാവികമാണ്. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനായി വിയർപ്പുണ്ടാകുകയും ജലവും ധാതുക്കളും നഷ്ടപ്പെടുകയുംചെയ്യും. അപ്പോൾ ദാഹം തോന്നാം. എന്നാൽ വ്യായാമത്തിനിടെ വെള്ളം കുടിക്കണോ, അതോ അത് അസ്വസ്ഥതയുണ്ടാക്കുമോ എന്ന ആശങ്കയാണ് പലർക്കും. വ്യായാമം പൂർത്തിയാകുന്നതുവരെ വെള്ളം കുടിക്കാതെ ഇരിക്കുന്നവരുമുണ്ട്.
വ്യായാമത്തിനിടയിൽ വെള്ളം കുടിച്ചാൽ വയറിന് ഭാരവും അസ്വസ്ഥതയും തോന്നുമെന്നത് തെറ്റിദ്ധാരണയാണ്. പ്രശ്നം വെള്ളം കുടിക്കുന്നതിലല്ല, ഒരേസമയം അമിതമായി വെള്ളം കുടിക്കുന്നതിലാണെന്നാണ് വിദഗ്ധർ പറയുന്നത്. വളരെ വേഗത്തിൽ വലിയ അളവിൽ വെള്ളം കുടിച്ചാൽ വയറിന് ഭാരം തോന്നാം. ചെറിയ അളവുകളായി ഇടവിട്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
Also Read
വ്യായാമം ചെയ്യുമ്പോൾ ശരീരം തണുപ്പിക്കാനാണ് വിയർക്കുന്നത്. ഇതിലൂടെ ശരീരത്തിൽനിന്ന് ദ്രാവകങ്ങൾ നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. തുടർന്ന് ശരീരത്തിന്റെ സഹിഷ്ണുത, ശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പേശികളുടെ പ്രവർത്തനക്ഷമത എന്നിവ കുറയുമെന്ന് വിദഗ്ധർ പറയുന്നു. ചെറിയ തോതിലുള്ള നിർജലീകരണം പോലും വ്യായാമത്തെ പ്രതികൂലമായി ബാധിക്കാം.
നിർജലീകരണം പരിക്കുകളുടെ സാധ്യത കൂട്ടാനിടയുണ്ട്. പേശികൾ വേഗത്തിൽ ക്ഷീണിക്കും. സന്ധികൾക്ക് ആവശ്യമായ സപ്പോർട്ട് നൽകാൻ പേശികൾക്ക് കഴിയാതെ വരും. ഇത് ശരീരത്തിന്റെ ബാലൻസിനെയും ചലനത്തെയും ബാധിക്കാം. വെയിറ്റ് ലിഫ്റ്റിങ്, ഓട്ടം, ഹൈ-ഇന്റൻസിറ്റി വ്യായാമങ്ങൾ എന്നിവ ചെയ്യുമ്പോൾ ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പേശികൾ, ലിഗമെന്റുകൾ, സന്ധികൾ എന്നിവയിൽ അധിക സമ്മർദം ഉണ്ടാകുകയും പരിക്കുകളുടെ സാധ്യത വർധിക്കുകയും ചെയ്യും.
വ്യായാമത്തിനിടെയുണ്ടാകുന്ന നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
അമിത ക്ഷീണം
തലകറക്കം
തലവേദന
പേശിവലിവ് (Muscle Cramps)
ശ്രദ്ധക്കുറവ്
ഇന്ന് അയോണൈസ്ഡ് വാട്ടർ, ആൽക്കലൈൻ വാട്ടർ തുടങ്ങി നിരവധി ഹൈഡ്രേഷൻ പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ സാധാരണ വ്യായാമങ്ങൾക്കായി വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം നികത്താൻ ശുദ്ധജലം തന്നെ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു മണിക്കൂറിലധികം നീളുന്ന വ്യായാമം, അമിതമായി വിയർക്കുന്ന സാഹചര്യം, അല്ലെങ്കിൽ പുറത്ത് ചൂടിൽ നടത്തുന്ന പരിശീലനം എന്നിവയാണെങ്കിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ സഹായകരമായേക്കാം.
വ്യായാമത്തിനിടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ട കാര്യമല്ല. മറിച്ച് ശരിയായ അളവിൽ, ഇടവിട്ട് വെള്ളം കുടിക്കുന്നത് മികച്ച പ്രകടനത്തിനും സുരക്ഷിതമായ വ്യായാമത്തിനും അത്യാവശ്യമാണ്. ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നത് ക്ഷീണം കുറയ്ക്കാനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: drinking-water-during-workouts-hydration-guide
Published: 05 Jun 2026, 02:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented