
സന്ധിവേദനയാണോ? വേദനയുള്ള ഭാഗം അനക്കാതിരുന്നാൽ മതി വേദന താനേ കുറഞ്ഞോളും എന്നാണ് ഭൂരിഭാഗം ആളുകളുടേയും ചിന്ത. കുറേ കാലം ഇവർ ഈ രീതി പിന്തുടരും, വേദന കുറയാതാവുകയും ആരോഗ്യകരമായ ജീവിതത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ട് തുടങ്ങുകയും ചെയ്യുമ്പോഴാണ് ചിലരെങ്കിലും ഡോക്ടറെ കാണുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. മറ്റു ചിലരാകട്ടെ വീണ്ടും കാത്തിരിക്കും. ഒരു രക്ഷയുമില്ലാതാകുമ്പോൾ ഡോക്ടറെയോ മറ്റേതെങ്കിലും ചികിത്സാ രീതികളെയോ ആശ്രയിക്കും. ആ ഘട്ടമെത്തുമ്പോഴേക്കും മിക്കവരിലും ചികിത്സ ഫലപ്രദമായി മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.
സന്ധിവേദന വന്നാൽ…
പ്രായമായവരിൽ മാത്രം കണ്ടുവരുന്ന രോഗാവസ്ഥയല്ല സന്ധിവേദന. ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലുമെല്ലാം പല തരത്തിലുള്ള സന്ധിവേദനകൾ കണ്ടുവരാറുണ്ട്. കായിക മേഖലയിലെ പരിക്കുകൾ, നൃത്തം പോലുള്ള കലാരംഗങ്ങളിൽ നിന്നുള്ള പരിക്കുകൾ, ജിമ്മിൽ ഇടപെടുമ്പോഴുള്ള പരിക്കുകൾ, അശാസ്ത്രീയമായ ഫിസിക്കൽ ആക്റ്റിവിറ്റി, ദീർഘനേരം ഒരേ ഇരിപ്പിലുള്ള ജോലി, വ്യായാമക്കുറവ്, അമിതവണ്ണം, സന്ധികളിലെ പരിക്കുകൾ, വിവിധ തരം വാതരോഗങ്ങൾ എന്നിവയെല്ലാം സന്ധിവേദനയ്ക്ക് കാരണമാകാം. തുടക്കത്തിൽ ചെറിയ അസ്വസ്ഥതകൾ മാത്രമായിരിക്കും പലരിലും കാണപ്പെടുക. അത് ക്രമേണ അധികരിച്ച് നടക്കാനും പടികൾ കയറാനും ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാനും ദൈനംദിന ജോലികൾ നിർവ്വഹിക്കാനുമൊക്കെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിൽ എത്തിച്ചേർന്നേക്കാം.
Also Read
കാരണങ്ങൾ കണ്ടെത്താം
ശരീരത്തിലെ രണ്ട് അസ്ഥികൾ സംഗമിക്കുന്ന ഭാഗത്തെയാണ് സന്ധി എന്ന് പറയുന്നത്. നടക്കുക, ഓടുക, കൈകൾ ഉയർത്തുക, വസ്തുക്കൾ പിടിക്കുക, ശരീരം തിരിക്കുക തുടങ്ങിയ ചലനങ്ങൾ സുഗമമായി നടക്കുന്നതിൽ സന്ധികൾക്ക് വലിയ പ്രാധാന്യമുണ്ട്. സന്ധികളിലെ തരുണാസ്ഥി (Cartilage), സന്ധിക്ക് ചുറ്റുമുള്ള പേശികൾ, ലിഗമെന്റുകൾ, ടെൻഡണുകൾ, ദ്രാവകം എന്നിവയെല്ലാം സന്ധിയുടെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന് തകരാർ സംഭവിച്ചാൽ സന്ധിവേദന അനുഭവപ്പെടാം. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ്, ഗൗട്ട്, പരിക്കുകൾ, പേശികളുടേയും നാഡികളുടേയും പ്രശ്നങ്ങൾ തുടങ്ങിയവയും സന്ധിവേദനയുടെ കാരണങ്ങളാണ്.
വിശ്രമിച്ചാൽ വേദന മാറുമോ?
ചില സന്ധിവേദനകൾ വിശ്രമംകൊണ്ട് ഭേദമായേക്കാം. എന്നാൽ അവ അത്ര തീവ്രതയുള്ള ഗണത്തിൽ ഉൾപ്പെടുന്നവയായിരിക്കില്ല. രോഗം മാറുക എന്നത് മാത്രമല്ല രോഗിയുടെ ജീവിതത്തിന്റെ നിലവാരം തിരിച്ച് പിടിക്കുക എന്നതും ചികിത്സയുടെ ലക്ഷ്യമാകണം. ഓരോ രോഗിയുടെയും ആവശ്യകതകൾ വ്യത്യസ്തമാണ്. ചിലർക്ക് മുട്ടുവേദന മൂലം നടക്കാനുള്ള ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക, ചിലരിൽ തോളിലെ വേദന കാരണം വസ്ത്രം ധരിക്കാനും മുടി ചീകാനും സാധിക്കാതെ വരാം, നട്ടെല്ലിലെ പ്രശ്നം കാരണം ദീർഘനേരം ഇരിക്കാനോ നിൽക്കാനോ സാധിക്കാത്തവരുമുണ്ട്. അങ്ങനെ രോഗികൾ അനുഭവിക്കുന്ന വേദനയും അവരുടെ ആവശ്യകതകളും പലതായിരിക്കാം. അതിനാൽ തന്നെ ഓരോ കേസുകളേയും വ്യക്തമായി പഠിക്കുകയും കാരണം എന്താണെന്ന് തിരിച്ചറിയുകയും ചെയ്ത ശേഷമാണ് ചികിത്സ നിശ്ചയിക്കേണ്ടത്. ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിലാണ് ചികിത്സ തേടുന്നതെങ്കിൽ ഇതിനായി രക്ത പരിശോധന, എക്സ്-റെ, സ്‌കാനിംഗ് തുടങ്ങിയവയെ ആശ്രയിക്കേണ്ടതായി വരും. ഈ രീതിയിലൂടെ കാരണം കണ്ടെത്തുന്നതിൽ പെയിൻ മാനേജ്മെന്റ് ചികിത്സാരീതിക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിൽ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്...
1) വ്യായാമപരമായ ചികിത്സാ രീതികൾ
വേദന നിവാരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് വ്യായാമം. മുകളിൽ പറഞ്ഞതുപോലെ വേദനയുള്ള സന്ധികൾ ദീർഘകാലം അനക്കാതിരുന്നാൽ അത് പേശികളുടെ ബലക്കുറവിനും സന്ധികളുടെ വഴക്കം നഷ്ടപ്പെടുന്നതിനും ചലനശേഷി കുറയുന്നതിനും കാരണമാകും. അതിനാൽ ഉചിതമായ വ്യായാമമുറകൾ സ്വീകരിച്ച് സന്ധിയുടെ ചലനാത്മകതയും ബലവും വർദ്ധിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.
കാൽമുട്ട് സന്ധിയിലെ വേദനയുള്ളവർക്ക് തുടയിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഇടുപ്പിലെ പേശികളുടെ ബലം മെച്ചപ്പെടുത്തുന്ന വ്യായാമങ്ങളും സഹായകരമാണ്. തോളിലെ വേദനയ്ക്ക് അനുയോജ്യമായ ചലന വ്യായാമവും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശരീരത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്ന വ്യായാമങ്ങളും നിർദ്ദേശിക്കാം. നീന്തൽ, സൈക്ലിംഗ്, നടത്തം തുടങ്ങിയ വ്യായാമങ്ങളും രോഗിയുടെ ശേഷിക്കനുസരിച്ച് ഫലപ്രദമായേക്കാം. ഇവയൊന്നും സ്വയം തീരുമാനിക്കരുത്. പി.എം.ആർ സ്പെഷ്യലിസ്റ്റിന്റെയോ വിദഗ്ധനായ ഡോക്ടറുടേയോ ഉപദേശം തേടിയതിനുശേഷം മാത്രമേ ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ.
2) ഫിസിക്കൽ തെറാപ്പി
ചൂട്, തണുപ്പ്, ചില പ്രത്യേക ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ രീതികൾ തുടങ്ങിയവ ചില രോഗികളിൽ വേദന നിയന്ത്രിക്കാനും ചലനം സുഗമമാക്കാനും സഹായിച്ചേക്കാം. എന്നാൽ ഇവ എല്ലാ രോഗങ്ങൾക്കും ഒരുപോലെ ഫലപ്രദമായെന്നുവരില്ല. രോഗാവസ്ഥയും രോഗിയുടെ ആരോഗ്യവും ചികിത്സയുടെ ലക്ഷ്യവും അനുസരിച്ചാണ് ഡോക്ടർ ഇവ നിർദ്ദേശിക്കുന്നത്.
3) മരുന്ന്
രോഗിയുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, വേദനയുടെ തീവ്രത തുടങ്ങിയവ പരിഗണിച്ചാണ് മരുന്നുകൾ നിർദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളിൽ പുറമെ പുരട്ടുന്ന വേദന സംഹാരികൾ, മറ്റ് വേദന നിയന്ത്രണ മരുന്നുകൾ, വീക്കം കുറയ്ക്കുന്ന മരുന്നുകൾ എന്നിവ പ്രയോജനപ്പെട്ടേക്കാം. ഇത്തരം മരുന്നുകളുടെ ഉപയോഗം രോഗിയുടെ ആരോഗ്യാവസ്ഥയെ എങ്ങനെ സ്വാധീനിക്കും പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടോ എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് പി.എം. ആറിൽ വിദഗ്ധനായ ഡോക്ടർ തീരുമാനമെടുക്കുക.
4) ഇഞ്ചക്ഷനും ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റും
ഡോക്ടറെ വേദന സഹിക്കാൻ വയ്യ, ഇഞ്ചക്ഷൻ തരൂ എന്ന് പറഞ്ഞ് വരുന്ന ധാരാളം രോഗികളുണ്ട്. രോഗി ആവശ്യപ്പെട്ടു എന്നതുകൊണ്ട് മാത്രം ഇഞ്ചക്ഷൻ നിർദ്ദേശിക്കാൻ സാധിക്കില്ല. എന്നാൽ ചിലരിൽ അത് ഫലപ്രദമാവുകയും ചെയ്യും. ഉദാഹരണത്തിന് ഓസ്റ്റിയോ ആർത്രൈറ്റിസിൽ കോർട്ടിക്കോസ്റ്റീറോയ്ഡ് ഇഞ്ചക്ഷനുകൾ കുറച്ച് കാലത്തേക്ക് ആശ്വാസം നൽകിയേക്കാം. എന്നാൽ എല്ലാ ഇഞ്ചക്ഷനുകളും എല്ലാ രോഗികൾക്കും അനുയോജ്യമല്ല. അവയുടെ ഗുണങ്ങളും പരിമിതികളും അപകട സാധ്യതകളും വിലയിരുത്തിയ ശേഷം മാത്രമേ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. പി.ആർ.പി (പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ) പോലുള്ള ചില ഇഞ്ചക്ഷനുകൾ അനുയോജ്യമായ സാഹചര്യങ്ങളിൽ രോഗികൾക്ക് നിർദ്ദേശിക്കാറുണ്ട്.
5) ശരീരഭാരം നിയന്ത്രിക്കൽ
അമിതവണ്ണം കാൽമുട്ട്, ഇടുപ്പ് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിൽ അമിത സമ്മർദ്ദമുണ്ടാക്കുന്നു. ശരീരഭാരം ക്രമേണ കുറയ്ക്കുന്നത് വേദന കുറയാനും ചലനശേഷി മെച്ചപ്പെടുത്താനും സഹായിക്കും. സമീകൃതാഹാരം, ക്രത്യമായ വ്യായാമം, ആവശ്യമായ ജീവിതശൈലീ മാറ്റങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്.
6) ദൈനംദിന ശീലങ്ങൾ നിലനിർത്തുക
ദീർഘനേരം ഒരേ നിലയിൽ ഇരിക്കുന്നത് ഒഴിവാക്കുക, ജോലിക്കിടയിൽ ഇടവേളകൾ എടുക്കുക, ഭാരമുള്ള വസ്തുക്കൾ ശരിയായ രീതിയിൽ ഉയർത്തുക, അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിക്കുക തുടങ്ങിയ ലളിതമായ മാറ്റങ്ങൾ ചിലരിൽ വേദന നിയന്ത്രിക്കാൻ സഹായിക്കും. ജോലിസ്ഥലത്തെ ഇരിപ്പിടവും, മേശയുടെ ഉയരവും ശരീരത്തിന് അനുയോജ്യമായി ക്രമീകരിക്കുന്നതും പ്രധാനമാണ്.
7) സഹായ ഉപകരണങ്ങൾ
നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യാനുസരണം വാക്കർ, വാക്കിങ്ങ് സ്റ്റിക്ക്, സപ്പോർട്ട് ബ്രേസ് തുടങ്ങിയ ഉപകരണങ്ങൾ സഹരായകരമാകാം. എന്നാൽ ഇവ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്. കൈകൾ ഉപയോഗിച്ച് എഴുന്നേൽക്കുന്നതും പടികൾ കയറുന്നതും ദൈനംദിന ജോലികൾ ചെയ്യുന്നതും സുരക്ഷിതമായി പരിശീലിപ്പിക്കുന്നതിലൂടെ രോഗിയുടെ ദൈനംദിന ജീവിത നിലവാരം ഉയർത്താൻ സാധിക്കും.
വേദനയുടെ തീവ്രത മാത്രമല്ല അത് ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതും പ്രധാനമാണ്. പെയിൻ മാനേജ്മെന്റിന്റെ ലക്ഷ്യം വേദനയുടെ തോത് കുറയ്ക്കുക എന്നത് മാത്രമല്ല. വേദന കാരണം ഒരാൾക്ക് നഷ്ടപ്പെട്ടുപോകുന്ന ജീവിതത്തിന്റെ സ്വാഭാവികത തിരികെ നൽകുക എന്നതും കൂടിയാണ്. രോഗിക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ സാധിക്കുന്നുണ്ടോ? കുടുംബത്തോടൊപ്പം സാധാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നുണ്ടോ? ഉറക്കവും മാനസികാരോഗ്യവും മെച്ചപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വേദന നിവാരണ ചികിത്സയുടെ വിജയം വിലയിരുത്തുന്നതിൽ പ്രധാനമാണ്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
സന്ധിവേദന തുടർച്ചയായി നിലനിൽക്കുകയോ, ക്രമേണ വർധിക്കുകയോ, ചലനങ്ങളെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. സന്ധിയിൽ പെട്ടെന്ന് കടുത്ത വേദനയും വീക്കവും ചൂടും അനുഭവപ്പെടുകയോ, സന്ധിവേദനയോടൊപ്പം പനി അനുഭവപ്പെടുകയോ ചെയ്താൽ അടിയന്തര പരിശോധന ആവശ്യമാണ്. പരിക്കുകൾക്ക് ശേഷം സന്ധിയിൽ ഭാരം താങ്ങാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ ഉടൻതന്നെ ഡോക്ടറെ കാണണം. സ്വയം ചികിത്സ നടത്തുന്നത് അപകടമായേക്കാമെന്ന് ഓർക്കുകയും വേണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 22 Oct 2026, 12:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented