നിങ്ങളുടെയോ നിങ്ങളുടെ കുട്ടികളുടെയോ ചോറ്റുപാത്രത്തിന്റെയോ വാട്ടർ ബോട്ടിലിന്റെയോ ഒക്കെ അടപ്പിനുള്ളിൽ കറുത്ത പാടുകൾ കണ്ടിട്ടുണ്ടോ? ‘ഓ, ഇതൊക്കെ എന്ത് ചെയ്യാൻ!’ എന്ന് കരുതി പലപ്പോഴും നമ്മളത് അവഗണിക്കാറാണ് പതിവ്. എന്നാൽ, കാഴ്ചയിൽ നിസ്സാരമെന്ന് തോന്നുന്ന ഈ കറുത്ത പാടുകൾ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ദുബായിൽ മൈക്രോബയോളജിസ്റ്റായ നീതു സുരേഷ്കുമാർ. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നീതു ഈ വിവരങ്ങൾ പങ്കുവെച്ചത്.
എന്താണ് ഈ കറുത്ത പാടുകൾ?
Also Read
ചില ചോറ്റുപാത്രത്തിന്റെ അടപ്പിലെ (പ്രത്യേകിച്ച് പ്ലാസ്റ്റിക്ക്) റബ്ബർ വാഷറുകൾക്ക് (Rubber Gaskets) അടിയിൽ കാണുന്ന കറുത്ത പാടുകൾ യഥാർത്ഥത്തിൽ പൂപ്പൽ (Mould/Fungus) ആണ്. ഭക്ഷണ അവശിഷ്ടങ്ങളും ഈർപ്പവും ഒത്തുചേരുന്ന ചൂടുള്ള അന്തരീക്ഷത്തിലാണ് ഇവ വളരുന്നത്. വായുസഞ്ചാരമില്ലാത്ത ഇത്തരം ഇടങ്ങൾ പൂപ്പലുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
"ഒരു മൈക്രോബയോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ഇവ നിങ്ങളുടെ ഭക്ഷണത്തെ വിഷലിപ്തമാക്കാം എന്നാണ്. കൃത്യമായി വൃത്തിയാക്കാതെ വീണ്ടും വീണ്ടും ഈ പാത്രം ഉപയോഗിക്കുമ്പോൾ, പൂപ്പലിന്റെ വിത്തുകൾ (Spores) ഭക്ഷണത്തിലേക്ക് പടരും," അവർ പറയുന്നു.
ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
തുടർച്ചയായി ഇത്തരം പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ശ്വാസതടസ്സം, തുമ്മൽ, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ എന്നിവയ്ക്കും കാരണമാകാം.
എങ്ങനെ വൃത്തിയാക്കാം?
റബ്ബർ വാഷർ മാറ്റുക: അടപ്പിലെ റബ്ബർ ഭാഗം (Rubber Seal) കൃത്യമായ ഇടവേളകളിൽ ഊരിയെടുക്കുക.
ചൂടുവെള്ളത്തിൽ കഴുകുക: സോപ്പുപയോഗിച്ച് ഇത് ചൂടുള്ള വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക.
പൂർണ്ണമായും ഉണക്കുക: കഴുകിയ ശേഷം ഈ ഭാഗം പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം തിരികെ ഘടിപ്പിക്കുക.
തുറന്നുവെച്ച് സൂക്ഷിക്കുക: കഴുകി ഉണക്കിയ പാത്രങ്ങൾ അടച്ചുവെക്കാതെ, അല്പം തുറന്നുവെച്ച് സൂക്ഷിക്കുന്നത് ഉള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നത് തടയും. നന്നായി തേച്ചുരച്ച് കഴുകിയിട്ടും ഈ കറുത്ത പാടുകൾ മാറുന്നില്ലെങ്കിൽ, ആ റബ്ബർ വാഷറോ അല്ലെങ്കിൽ ആ ചോറ്റുപാത്രം തന്നെയോ മാറ്റി പുതിയത് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Black spots in lunch box gaskets are often toxic mold/fungus., Mold spores can contaminate food, causing digestive issues and allergies., Rubber gaskets must be removed, washed in hot water, and dried thoroughly., Replace the gasket or the lunch box if mold stains persist.
Published: 12 Jul 2026, 12:29 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented