എപ്പോഴെങ്കിലും വെള്ളമിറക്കുമ്പോഴോ ഉമിനീരിറക്കുമ്പോഴോ തൊണ്ടയിൽ പെട്ടെന്നൊരു പോറലോ അസ്വസ്ഥതയോ തോന്നിയിട്ടുണ്ടോ? അത് എല്ലാവർക്കും സംഭവിക്കാവുന്ന ഒന്നാണ്. പെട്ടെന്നുണ്ടാകുന്ന ഇത്തരം തൊണ്ടവേദനകൾ എന്തോ വലിയ രോഗത്തിന്റെ തുടക്കമാണെന്ന് കരുതി പലരും ഉത്കണ്ഠപ്പെടാറുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും ഇതിന് പിന്നിലെ കാരണങ്ങൾ പലപ്പോഴും നമ്മൾ വിചാരിക്കുന്നതിലും വളരെ ലളിതമാണെന്നും വ്യക്തമാക്കുകയാണ് യു.എസിലെ അനസ്തേഷ്യോളജി ആൻഡ് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ വിദഗ്ദ്ധനായ ഡോ. കുനാൽ സൂദ്.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തൊണ്ടവേദനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. "പെട്ടെന്നൊരു തൊണ്ടവേദന വരുമ്പോൾ എന്തോ ഗുരുതരമായ രോഗം ബാധിച്ചെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ, സാധാരണയായി കണ്ടുവരുന്ന ചില നിസാര കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്," ഡോക്ടർ പറയുന്നു. അനാവശ്യമായി പരിഭ്രാന്തരാകുന്നതിന് പകരം, ഈ അസ്വസ്ഥതയ്ക്ക് പിന്നിലെ ശാസ്ത്രം മനസ്സിലാക്കുന്നത്, അതിനെ ഫലപ്രദമായി നേരിടാൻ സഹായിക്കും. പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്.

ഇൻഫെക്ഷന്റെ പ്രാരംഭ ഘട്ടം

ശരീരത്തിൽ പ്രവേശിച്ച ഏതെങ്കിലും ചെറിയ വൈറസിനോടോ ബാക്ടീരിയയോടോ നമ്മുടെ പ്രതിരോധ സംവിധാനം പോരാടാൻ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇത്. പനി, മൂക്കടപ്പ്, അല്ലെങ്കിൽ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ശരീരം നൽകുന്ന മുന്നറിയിപ്പാണ് തൊണ്ടയിലെ ഈ അസ്വസ്ഥതയും.

പോസ്റ്റ്നാസൽ ഡ്രിപ്പും അസിഡിറ്റിയും (Acid Reflux)

നിങ്ങൾക്ക് ജലദോഷമോ മറ്റ് അണുബാധകളോ ഇല്ലെങ്കിൽ പോലും മൂക്കിൽ നിന്നോ വയറ്റിൽ നിന്നോ ഉള്ള പ്രശ്നങ്ങൾ തൊണ്ടയെ ബാധിക്കാം. അലർജിയോ സൈനസ് പ്രശ്നങ്ങളോ ഉള്ളവരിൽ, മൂക്കിൽ നിന്നുള്ള ദ്രാവകം തൊണ്ടയുടെ പിൻഭാഗത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട് (Postnasal drip). പ്രത്യേകിച്ച് രാത്രി ഇത് സംഭവിക്കുകയും, രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ കടുത്ത അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം.

മറ്റൊരു പ്രധാന കാരണം അസിഡിറ്റിയാണ്. നെഞ്ചെരിച്ചിൽ അനുഭവപ്പെടാത്തവരിൽ പോലും 'സൈലന്റ് റിഫ്ലക്സ്' (Silent Reflux) ഉണ്ടാകാം. വയറ്റിലെ ആസിഡിന്റെ ചെറിയ അംശം തൊണ്ടയിലെ കോശങ്ങളിലേക്ക് എത്തുമ്പോൾ അവിടെ വീക്കമുണ്ടാക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

അന്തരീക്ഷത്തിലെ മാറ്റങ്ങൾ

ചിലപ്പോൾ വരണ്ട വായു ശ്വസിക്കുന്നത്, ഉച്ചത്തിൽ സംസാരിക്കുന്നത്, പുക, പൊടിപടലങ്ങൾ, എന്നിവയുമായുള്ള സമ്പർക്കം തുടങ്ങിയ ലളിതമായ കാരണങ്ങൾ കൊണ്ട് തൊണ്ട വരളാനും വേദന ഉണ്ടാകാനും സാധ്യതയുണ്ട്.

ഈ കാരണങ്ങളിൽ ഭൂരിഭാഗവും താൽക്കാലികവും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമാണ്. കൃത്യമായ പരിചരണം നൽകിയാൽ ഇത് വേഗത്തിൽ ഭേദമാകും. എന്നാൽ, തൊണ്ടവേദനയുടെ കൃത്യമായ കാരണം വ്യക്തമാവുന്നില്ലെങ്കിലോ, വേദന ദിവസങ്ങളോളം നീണ്ടുനിൽക്കുന്നുണ്ടെങ്കിലോ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുന്നതാണ് ഉചിതം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi