‘നല്ല തമാശയാണെങ്കിൽ മാത്രം പറയുക, അല്ലെങ്കിൽ തമാശ പറയാതിരിക്കുക.’ ദേശീയ അവാർഡ് ജേതാവ് സലിം കുമാറിന്റെ വാക്കുകളാണിത്. എന്റെ ആദ്യ ടെലിവിഷൻ പരിപാടി അദ്ദേഹത്തോടൊപ്പം ആയിരുന്നു. യാദൃശ്ചികമായി അതിന്റെ സ്‌ക്രിപ്റ്റ് എഴുത്തിലും ഭാഗമായി. തിരുവനന്തപുരം തമ്പുരു ടൂറിസ്റ്റ് ഹോമിൽ വെച്ച് അന്നു പറഞ്ഞ വാക്കുകൾ പരമാവധി പാലിക്കാനും ശ്രമിക്കാറുണ്ട്. മറ്റൊരാൾ നമുക്ക് വേണ്ടി എഴുതുന്ന തിരക്കഥയിൽ ഈ തത്ത്വങ്ങളൊന്നും പ്രയോഗികവും അല്ല... അന്നു മുതൽ നല്ലൊരു തമാശകേട്ടാൽ അത് സലീമേട്ടനോട് പങ്കുവയ്ക്കാറുമുണ്ട്.
സിനിമയിൽ ഒരു നായികയുടെ കല്യാണം മുടങ്ങിയിരിക്കുമ്പോൾ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’, എന്നും നായകൻ ആശുപത്രിയിൽ കിടക്കുമ്പോൾ ‘അദ്ദേഹം അത്യാഗ്രഹ വാർഡിൽ കിടക്കുകയാണ്’ എന്നൊക്കെ സലീമേട്ടൻ വെച്ചു കാച്ചുന്നത് കേട്ടിട്ടില്ലേ? ജീവിതത്തിലും അദ്ദേഹം അങ്ങനെയാണ്. ഏറ്റവും ഗൗരവതരമായ സാഹചര്യങ്ങളിലും ഒരു തമാശ കൈയിൽ കിട്ടിയാൽ അത് പാഴാക്കാറില്ല.
Also Read
ഞാനുൾപ്പെടുന്ന പുതുമുഖങ്ങളെ വെച്ച് അദ്ദേഹം ആരംഭിച്ച ട്രൂപ്പിന്റെ ഓഫീസ് സലീമേട്ടന്റെ വീട് തന്നെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചെത്തിയാൽ ബസ്സുകൾ ഓടിത്തുടങ്ങുന്ന സമയം വരെ എത്രയോ തവണ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങിയിട്ടുണ്ട്. പിന്നീട് മിമിക്‌സ് പരേഡ് ട്രൂപ്പ് നിർത്തി നാടക ട്രൂപ്പ് തുടങ്ങി… ഇത് രണ്ടും തുടങ്ങിയശേഷമാണ് അദ്ദേഹം ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്നു ചിന്തിച്ച് തുടങ്ങിയത്. സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി സലീമേട്ടൻ മാറി.
നോർത്ത് പറവൂരിൽ നിന്നും എറണാകുളത്തേക്ക് താമസം മാറാൻ സിനിമയിലുള്ള പല സുഹൃത്തുക്കളും അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ പുതിയ ഒരു വീട് സ്വന്തം നാട്ടിൽ തന്നെ നിർമിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരിക്കൽ സലീമേട്ടൻ പറഞ്ഞു,
“ഞാൻ നന്നാവണം എന്നാഗ്രഹിച്ച ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ട്. നല്ല കാലം വരുമ്പോൾ ഞാൻ മറ്റൊരിടത്തേക്ക് മാറുന്നത് ശരിയല്ല. അവർ കാണട്ടെ. സന്തോഷിക്കട്ടെ! ഞാൻ നശിച്ചു പോണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. അവരും കാണട്ടെ, ദുഃഖിക്കട്ടെ”.
സ്ഥലം വാങ്ങി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം കണക്കാക്കി ഒരു പ്ലാൻ വരച്ചു. സമാന്യം നല്ല രണ്ടുനില വീട്... പണിതുടങ്ങി പകുതിയായപ്പോൾ സലീമേട്ടന്റെ ബാല്യകാല സുഹൃത്തും അഭ്യുദയകാംക്ഷിയും ആയ ഒരാൾ വലിയ ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടി. പുതിയ വീടിന് അൽപം അടുത്തായി ഒരു അമ്പലമുണ്ട്. സാധാരണ ഗതിയിൽ അമ്പലങ്ങളുടെ തൊട്ടടുത്തായി ആരും രണ്ടുനില വീട് വയ്ക്കാറില്ല. കാരണം അമ്പലത്തേക്കാൾ പൊക്കം വീടിനു വന്നാൽ അത് ദൈവത്തിന് ഇഷ്ടപ്പെടില്ലത്രേ.
ഇങ്ങനെയൊരു നിയമം തുടക്കത്തിലേ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാം. ഇതിപ്പോൾ പണി പകുതിയായി. അഭ്യുദയകാംക്ഷി എല്ലാ ദിവസവും വന്ന് രണ്ടാം നില പൊട്ടിക്കുന്നതിനെ പറ്റി ക്രിയാത്മകമായ ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യും.
“നമുക്ക് ഈ വീട് വല്ല അന്ന്യ മതസ്ഥനും മറിച്ചു വിറ്റാലോ? അന്യ മതസ്ഥരെ ശിക്ഷിക്കാൻ നമ്മുടെ ദൈവങ്ങൾക്ക് അധികാരമില്ല. അഥവാ അങ്ങനെ സംഭവിച്ചാലും അവരെ രക്ഷിക്കാൻ അവരുടെ ദൈവമുണ്ട്. നിന്നെ രക്ഷിക്കാൻ ആരുണ്ട് ഒന്നുകൂടെ ആലോചിച്ച് നോക്കൂ.” കൂട്ടുകാരന്റെ ഈ വാക്കുകൾ കേട്ട് സലീമേട്ടൻ പറഞ്ഞു.
“എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അത് മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ദൈവത്തിന് ഒരു പാവം സലിംകുമാർ അധ്വാനിച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് രണ്ടു നില വീട് വയ്ക്കുന്നതിന് ഈഗോ വരേണ്ട ആവശ്യവുമില്ല. ദൈവത്തിന് എന്നെ അറിയാം.”
ഈ ഉത്തരം കേട്ട് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന അഭ്യുദയകാംക്ഷി തൃപ്തനല്ലാതെ മടങ്ങി. പുതിയ വീട്ടിൽ താമസം തുടങ്ങി അധികം താമസിയാതെ സലീമേട്ടന് ദേശീയ അവാർഡ് ലഭിച്ചു. ഓസ്‌കാർ നോമിനേഷന്റെ പടിവാതിലിലെത്തി.
പിന്നീട് ഒരു ദുരന്തമുണ്ടായി, 2018ലെ വെള്ളപ്പൊക്കം. പറവൂർ പ്രദേശങ്ങളിൽ ഒരു നില പൊക്കത്തിൽ കിലോമീറ്ററുകളോളം വെള്ളം കയറി. കൂട്ടത്തിൽ സലീമേട്ടന്റെ വീട്ടിലെയും ഗൃഹോപകരണങ്ങളും മറ്റും വെള്ളത്തിനടിയിലായി. രണ്ടാം നിലയിൽ ഒരു പാട് പേർ അഭയം പ്രാപിച്ചു. പൊളിക്കാൻ പറഞ്ഞ സലീമേട്ടന്റെ വീട്ടിലെ അതേ രണ്ടാം നിലയിൽ നിന്ന് അഭ്യുദയകാംക്ഷി പ്രാർത്ഥിച്ചു. “ദൈവമേ ഒരു ബോട്ടോ ഹെലിക്കോപ്റ്ററോ എത്രയും പെട്ടെന്നയക്കണേ...”
(പുനപ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: salim-kumar-life-lessons-humor-resilience
Published: 07 Jun 2026, 10:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented