തിരക്കേറിയ ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരു ദിവസം മാറി, ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നത് പലര്‍ക്കും കുറ്റബോധം ഉണ്ടാക്കാറുണ്ട്. 'വെറുതെയിരിക്കുക' എന്നു കേള്‍ക്കുമ്പോള്‍ പോലും അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പലരും കരുതും. പക്ഷേ, ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത് ഇടക്കിടെ ഒരു മടിപിടിച്ച ദിവസം (Lazy Day) സ്വയം വിശ്രമം നല്‍കുന്നത് ശരീരത്തിനും മനസ്സിനും നഷ്ടമായ ഊര്‍ജം വീണ്ടെടുക്കാന്‍ നമ്മളെ സഹായിക്കും എന്നാണ്. അത് കൂടുതല്‍ ഊര്‍ജസ്വലരാവാന്‍ പ്രചോദനം നല്‍കും.

To advertise here,

എന്താണ് ലേസി ഡേ?

ഒരു ദിവസം ചെയ്ത് തീര്‍ക്കാനുളള കാര്യങ്ങളുടെ ലിസ്റ്റുമായി ജീവിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. എന്നും ഒരേ കാര്യങ്ങള്‍ ചെയ്ത് ജീവിക്കുമ്പോള്‍ പലര്‍ക്കും മടുപ്പു തോന്നാം, ക്ഷീണിതരാവാം. എന്നാല്‍ അങ്ങനെ തോന്നുന്ന ദിവസങ്ങില്‍ ഈ കാര്യങ്ങളൊന്നും ചെയ്യാതെ, മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി മാറ്റിവെക്കാം. നിത്യജീവിതത്തില്‍റെ ഭാരങ്ങള്‍ മാറ്റിവച്ച് പറക്കാന്‍ ലേസി ഡേ നിങ്ങളെ സഹായിക്കും.

വീട്ടുജോലികള്‍, ഓഫീസ് ജോലികള്‍, എന്നിവ ഒന്നുമില്ല. പകരം, ഉറങ്ങുക, പുസ്തകം വായിക്കുക, സിനിമ കാണുക, ഗെയിം കളിക്കുക, അങ്ങനെ ഇഷ്ടമുളള വിനോദങ്ങള്‍ ആസ്വദിക്കുക. അത് ചിലപ്പോള്‍ ഒരു യാത്രയാവാം അല്ലെങ്കില്‍ ഉറ്റ ചങ്ങാതിമാരെ കണ്ടു സംസാരിക്കുന്നതാകാം. കുറ്റബോധമോ മാനസിക സമ്മര്‍ദ്ദമോ ഇല്ലാതെ വിശ്രമിക്കാനുള്ള സമയം. .

ഗുണങ്ങള്‍

  • ഇടയ്ക്കിടെ ഒരു 'ലേസി ഡേ' എടുക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. സ്ഥിരമായി ചെയ്യുന്ന ജോലി മനംമടുപ്പിക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. അത് പല രോഗങ്ങള്‍ക്കും കാരണം ആകുമ്പോള്‍, വിശ്രമിക്കാനുളള ദിവസം ഒരനുഗ്രഹമായി തോന്നാം.
  • ശരീരത്തിന് നഷ്ടമായ ഊര്‍ജം വീണ്ടെടുക്കാനും കൂടുതല്‍ നന്നായി കര്‍മനിരതരാകാനും അത് നിങ്ങളെ സഹായിക്കും. മസ്തിഷ്‌കം മുതല്‍ പേശികള്‍ വരെ, വിശ്രമം വഴി ഊര്‍ജ്ജം കണ്ടെത്തുന്നു.
  • സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വര്‍ധിപ്പിക്കാൻ ലേസി ഡേ സഹായിക്കും. മാനസികമായി 'റീസെറ്റ്' ചെയ്യുന്ന ദിവസമാണത്.

എല്ലാ ദിവസവും കൂടുതല്‍ പ്രൊഡക്ടീവ് ആകാന്‍ ശ്രമിക്കുമ്പോള്‍, ശരീരം ക്ഷീണിക്കുകയും മനസ്സ് തളരുകയും ചെയ്യും. അതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും ലേസി ഡേ എടുത്താല്‍ അത് അലസതയല്ല, സ്വന്തം ശരീരത്തിന് നല്‍കുന്ന വിശ്രമമാണ്. അടുത്ത ദിവസം കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനുളള പ്രചോദനവുമാണ്.

ഒരു ദിവസം മുഴുവന്‍ ഒന്നും ചെയ്യാതെ സമയം ചെലവഴിക്കുന്നതിന് ഇനി ആരെയും കുറ്റം പറയല്ലേ. ആരോഗ്യത്തിനും മനസ്സിനും ആവശ്യമായ സമയമാണത്. ആഴ്ചയിലൊരിക്കലെങ്കിലും ഇങ്ങനെ ശീലിക്കുന്നത് മുന്നോട്ടുളള ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi