മഴയുടെ തണുപ്പിൽ ചൂടോടെ ഒരു കപ്പ് സൂപ്പ് കുടിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. രുചികരം മാത്രമല്ല, ശരീരത്തിന് ഏറെ പോഷകങ്ങൾ നൽകുന്ന ആഹാരം കൂടിയാണിത്.

യൂറോപ്യൻ, ഫ്രഞ്ച് പാചകരീതികളിലാണ് ക്രീമി മഷ്‌റൂം സൂപ്പുകൾ കൂടുതൽ ജനപ്രിയമായത്. എന്നാൽ ഇന്ന് ലോകമെമ്പാടും ഏറെ ആരാധകരുള്ള വിഭവമായിത് മാറി. കൂൺ (mushroom), വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഈ സൂപ്പ് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ

ഫ്രഷ് ബട്ടൺ മഷ്‌റൂം: 250 ഗ്രാം (അരിഞ്ഞത്)

സവാള: ഒന്ന് (പൊടിയായി അരിഞ്ഞത്)

വെളുത്തുള്ളി: നാലല്ലി (അരിഞ്ഞത്)

ഒലിവ് എണ്ണ: ഒരു ടീസ്പൂൺ

പച്ചക്കറി വേവിച്ച വെള്ളം: മൂന്ന് കപ്പ്

കൊഴുപ്പ് കുറഞ്ഞ പാൽ : അരക്കപ്പ്

ഒറിഗാനോ : ഒരു ടീസ്പൂൺ

കുരുമുളകുപൊടി: അര ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

മല്ലിയില അല്ലെങ്കിൽ പാഴ്സ്ലി: പൊടിയായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

മഷ്‌റൂം നന്നായി കഴുകി വൃത്തിയാക്കി ഒരേ വലിപ്പത്തിൽ അരിയുക. ഒരു പാത്രത്തിൽ ഒലിവ് എണ്ണ ചൂടാക്കി, സവാളയും വെളുത്തുള്ളിയും ചേർത്ത് 2-3 മിനിറ്റ് വഴറ്റുക. ശേഷം മഷ്‌റൂം ചേർത്ത് വെള്ളം വറ്റുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചക്കറി വേവിച്ച വെള്ളം (കാരറ്റ്, സവാള, കാബേജ്, സെലറി തുടങ്ങിയവ വെള്ളത്തിൽ വേവിക്കുക), ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. ചെറിയ തീയിൽ 10-12 മിനിറ്റ് തിളപ്പിച്ച്, തണുത്ത ശേഷം ആവശ്യമെങ്കിൽ സൂപ്പ് മിക്സിയിൽ അടിച്ച് സ്മൂത്താക്കാം. ഇതിലേക്ക് പാൽ ചേർത്ത് വീണ്ടും 2-3 മിനിറ്റ് ചെറുതായി ചൂടാക്കുക (അധികം തിളക്കരുത്). മീതെ മല്ലിയിലയോ പാഴ്സ്ലിയോ വിതറി ചൂടോടെ വിളമ്പാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi