'ബദാം കഴിച്ചാൽ തടി കൂടും' എന്ന ധാരണ പലർക്കുമുണ്ട്. കലോറിയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണമെന്ന പേരിൽ ഡയറ്റ് തുടങ്ങുമ്പോൾ ആദ്യം ഒഴിവാക്കുന്ന പട്ടികയിൽ ബദാമും ഇടംപിടിക്കാറുണ്ട്. എന്നാൽ പോഷകശാസ്ത്രത്തിലെ പുതിയ പഠനങ്ങൾ പറയുന്നത് മറ്റൊന്നാണ്. സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ശരിയായ അളവിൽ ബദാം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒരു ഭക്ഷണത്തിന്റെ ഗുണം കലോറി മാത്രം നോക്കി വിലയിരുത്താനാകില്ല. എത്രനേരം വയറുനിറഞ്ഞ തോന്നൽ നൽകുന്നു, വിശപ്പ് എങ്ങനെ നിയന്ത്രിക്കുന്നു, ആകെ ഭക്ഷണത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. ഈ കാര്യങ്ങളിലാണ് ബദാം ശ്രദ്ധേയമാകുന്നത്.
Also Read
പോഷകങ്ങളുടെ കൂട്ടുകെട്ട്
ബദാമിൽ പ്രോട്ടീൻ, നാരുകൾ (ഫൈബർ), ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളമുണ്ട്. ഈ മൂന്ന് പോഷകങ്ങളും ചേർന്ന് ദീർഘനേരം വയറുനിറഞ്ഞ അനുഭവം നൽകുകയും ഇടയ്ക്കിടെയുള്ള അനാവശ്യ വിശപ്പും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, വൈകുന്നേരത്തെ വിശപ്പിൽ ഒരു പാക്കറ്റ് ചിപ്‌സിന് പകരം ഒരു പിടി ബദാം കഴിച്ചാൽ വിശപ്പ് കൂടുതൽ നേരം നിയന്ത്രിക്കാനാകും. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള പല സ്‌നാക്കുകളും വളരെ വേഗം വീണ്ടും വിശപ്പുണ്ടാക്കുമ്പോൾ, ബദാം കൂടുതൽ നേരം സംതൃപ്തി നൽകുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നത് ഒരു ഭക്ഷണത്തെ മാത്രം ആശ്രയിച്ചല്ല. ദിവസേന തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളാണ് മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ബദാം പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുകയും പോഷകമൂല്യം കുറഞ്ഞ ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഒരു ഭക്ഷണത്തിനും ഒറ്റയ്ക്ക് ശരീരഭാരം കുറയ്ക്കാനോ കൂടുന്നത് തടയാനോ കഴിയില്ല. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സമീകൃത ഭക്ഷണക്രമം, പതിവ് വ്യായാമം, മതിയായ ഉറക്കം, നല്ല ജീവിതശൈലി എന്നിവയെല്ലാം ഒരുപോലെ പ്രധാനമാണ്. ബദാം ഇതിന്റെ ഭാഗമായിരിക്കുമ്പോഴാണ് മികച്ച ഗുണം ലഭിക്കുക.
ഒരു ദിവസം ഏകദേശം 20-25 ബദാം (ഏകദേശം 28-30 ഗ്രാം) കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വറുത്തതോ ഉപ്പും പഞ്ചസാരയുമൊക്കെ ചേർത്തതോ ആയ ബദാം ഒഴിവാക്കാം. പകരം പ്ലെയിൻ ബദാം അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. ഓട്‌സ്, തൈര്, സലാഡ്, സ്മൂത്തി എന്നിവയിലും ബദാം ചേർക്കാം.
നട്ട് അലർജിയുള്ളവർ ബദാം ഒഴിവാക്കുകയോ ഡോക്ടറുടെ നിർദേശം തേടുകയോ വേണം. ബദാം കഴിക്കുന്നത് മാത്രമല്ല, മൊത്തത്തിലുള്ള ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമാക്കുന്നതിലാവണം കൂടുതൽ ശ്രദ്ധ. അതിലൂടെ ശരീരഭാരവും നിയന്ത്രണത്തിലാകും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: does-eating-almonds-help-with-weight-loss-2026
Published: 18 Jul 2026, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented