
ചെറിയകുട്ടികളിലെ വാശി നിസ്സാരമല്ല. ഒരു കാരണവുമില്ലാതെ കരഞ്ഞുവിളിച്ച് വാശികാണിക്കുകയാണെന്ന് പറഞ്ഞ് അതിനെ നിസ്സാരവത്ക്കരിക്കാനും പാടില്ല. കുട്ടികള്‍ അവരുടെ ആവശ്യങ്ങളെയാണ് ദുശാഠ്യങ്ങളായി പുറത്തുകാണിക്കുന്നത്. ഒരു കളിപ്പാട്ടത്തിനുവേണ്ടിയാവാം, അല്ലെങ്കില്‍ ഏതെങ്കിലും ഭക്ഷണത്തോടുള്ള ഇഷ്ടമില്ലായ്മയാവാം, അതുമല്ലെങ്കില്‍ ഏതെങ്കിലും ആളുകളോടോ സാഹചര്യങ്ങളോടോ ഉള്ള മടുപ്പായിരിക്കാം... ഓരോന്നും സാഹചര്യമനുസരിച്ച് സമാധാനപരമായി കൈകാര്യം ചെയ്യുന്നതിലാണ് കാര്യം.
കാരണങ്ങള്‍ തിരയണം
എന്ത് വാശികള്‍ക്കുപിന്നിലും ഒരു കാരണമുണ്ടാകും. എബിസി എന്നാണ് ഇതിനെ വിശേഷിപ്പിക്കുക, ABC (Antecedent-Behavior-Consequence). ഉദാഹരണത്തിന് വിശക്കുമ്പോള്‍ കുട്ടി കരയുന്നു. ആന്റിസെഡന്റ് വിശപ്പാണ്, കുട്ടി കരയുന്നത് ബിഹേവിയര്‍. ഇതിന് പരിഹാരമായി ' കരയുമ്പോള്‍ പാവയെ നല്‍കുന്നു' എന്നതാണ് കോണ്‍സിക്വന്‍സ്. എപ്പോഴും ഈ പരിഹാരത്തെ ആശ്രയിച്ചാണ് കുട്ടിയുടെ വാശി ദുര്‍വാശിയാണോ ശരിയായ കാര്യത്തിനായുള്ള വാശിയാണോ എന്ന് തീരുമാനിക്കാനാവുക.
കുട്ടി വിശന്നു കരയുമ്പോള്‍ ഭക്ഷണം നല്‍കുന്നു. അല്ലെങ്കില്‍ ഉറക്കം വരുമ്പോള്‍ അവര്‍ കരയുന്നു. അവരെ ഉറങ്ങാന്‍ അനുവദിക്കുന്നു. ചില കുട്ടികള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പോകുമ്പോഴെല്ലാം കരഞ്ഞാവും തങ്ങളുടെ ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കുക. കാലാവസ്ഥയിലെ മാറ്റങ്ങള്‍ പോലും കുട്ടികളുടെ കരച്ചിലിന് കാരണമാകും. കുട്ടിയുടെ ആവശ്യങ്ങൾ സാധിച്ചുനൽകലാണ് ഇവിടെയെല്ലാം പരിഹാരം.
എന്നാല്‍, ദുര്‍വാശികള്‍ പലപ്പോഴും അവര്‍ ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളും മാതാപിതാക്കള്‍ സാധിച്ചുകൊടുക്കുമെന്ന ബോധത്തില്‍ നിന്നാണ് വരുന്നത്. കരഞ്ഞാല്‍ കാര്യങ്ങള്‍ നടക്കുമെന്ന തോന്നല്‍ ദുര്‍വാശിയുടെ ആദ്യപടിയാണ്. ഉദാഹരണത്തിന് രാവിലെ അപ്പവും കടലയും ഭക്ഷണമായി നല്‍കുമ്പോള്‍ നൂഡില്‍സിന് വേണ്ടി കുട്ടികരഞ്ഞാല്‍ ലഹള ഒഴിവാക്കാനായി സമയമില്ലെങ്കിലും അത് ഉണ്ടാക്കി നല്‍കുന്നവരുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും കളിപ്പാട്ടത്തിനായി കരഞ്ഞാല്‍ അതുടനെ വാങ്ങി നല്‍കുന്നതൊക്കെ കരഞ്ഞാല്‍ കാര്യം നേടാനാവും എന്ന കുട്ടിയുടെ തോന്നലിനെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കരഞ്ഞും കാര്യം നേടുന്നവയെ ദുര്‍വാശികളുടെ ഗണത്തില്‍ പെടുത്താം. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് നോ എന്ന വാക്ക് ഒരിക്കലും സ്വീകാര്യമാവില്ല. മുതിര്‍ന്നാലും ഇങ്ങനെയുള്ള ശീലങ്ങള്‍ അവര്‍ കൈവിടുകയുമില്ല.
കുട്ടികള്‍ കണ്ടുപഠിക്കുന്ന വാശികളുണ്ട്. വീട്ടില്‍ ഏതെങ്കിലും അടുത്ത വ്യക്തിയുടെ പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ എന്നും കാര്‍ട്ടൂണ്‍ കാണുമ്പോള്‍ അതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ ദുശാഠ്യ സ്വഭാവമൊക്കെ കുട്ടികള്‍ പകര്‍ത്താറുണ്ട്. ഓഫീസിലെയോ ജോലിയുടെയോ ടെന്‍ഷനുകളുടെ പേരില്‍ കാര്യമറിയാത്ത കുട്ടികള്‍ക്കുനേരെ ദേഷ്യപ്പെടുന്ന മാതാപിതാക്കള്‍ ഇത്തരത്തില്‍ മോശം മാതൃകകളാണ്.
പരിഹാരം പലരീതിയില്‍
ഓരോ പ്രായത്തിനനുസരിച്ച ചിട്ടവട്ടങ്ങളാണോ നമ്മള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം. മൂന്നോ നാലോ വയസ്സുള്ള കുഞ്ഞ് ഒന്നിനും വാശിപിടിക്കരുതെന്നും അടങ്ങിയിരിക്കണമെന്നുമൊക്കെ കരുതുന്നത് ഒരിക്കലും ശരിയല്ല. അതിനുവേണ്ടി നിര്‍ബന്ധിക്കുന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ ദേഷ്യക്കാരാക്കുകയാണ് ചെയ്യുന്നത്. കൗമാരക്കാരുടെ ദേഷ്യം കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ വേണം. അവരുടെ ഇമോഷണല്‍ ഡെവലപ്പ്‌മെന്റ് അഥവാ വൈകാരിക വളര്‍ച്ച പൂര്‍ണതയിലേക്കെത്തുന്ന കാലമാണിത്. എന്തിനോടും ഏതിനോടും ചാടിക്കയറി പ്രതികരിക്കുന്ന സ്വഭാവമാണ് ഈ പ്രായത്തിലുള്ളവര്‍ക്ക്. വളരെ ക്ഷമയോടെ മാത്രമേ ഇക്കാലത്ത് അവരെ കൈകാര്യം ചെയ്യാവൂ. അവരുടെ ദേഷ്യത്തെ സമാധാനത്തില്‍ കൈകാര്യം ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പുകള്‍ മാതാപിതാക്കളും നടത്തണം.
സോഷ്യല്‍ സ്‌കില്‍സും ലൈഫ് സ്‌കില്‍സും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലൈഫ് സ്‌കില്‍സില്‍ പ്രധാനമാണ് ഇമോഷണല്‍ മാനേജ്‌മെന്റ്. എന്ത് കാര്യം വന്നാലും അതിനോട് ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതിന് പകരം assertive communication എന്ന രീതി സ്വീകരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. മറ്റുള്ളവരോട് ഇടപെടുമ്പോള്‍, സംസാരിക്കുമ്പോള്‍ പ്രതിപക്ഷ ബഹുമാനം പാലിക്കുക എന്നതാണ് ഈ ആശയവിനിമയ രീതിയുടെ പ്രത്യേകത. പറയാനുള്ള കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ വളച്ചുകെട്ടില്ലാതെ എന്നാല്‍ കേള്‍ക്കുന്നയാളെ മുറിവേല്‍പ്പിക്കാതെ പറയുക എന്നതാണ് ഇത്. മാതാപിതാക്കള്‍ കുട്ടികളെ കൈകാര്യം ചെയ്യുമ്പോഴും അവരോട് സംസാരിക്കുമ്പോഴും ഈ രീതി പിന്തുടര്‍ന്നാല്‍ കുട്ടികളും ആ ശീലത്തിലേക്ക് എത്തും.
ചിലകുട്ടികള്‍ ഭയങ്കര വാശിക്കാരാവാം. എത്രയൊക്കെ സമാധാനപരമായി ഇടപെട്ടിട്ടും നിയന്ത്രിക്കാനാവാത്ത വാശിയും ദേഷ്യവും അക്രമസ്വഭാവവും കാണിക്കുന്നുവെങ്കില്‍ എ.ഡി. എച്ച്.ഡി (Attention-deficit/hyperactivity disorder (ADHD)), ഒ.ഡി.ഡി (Oppositional Defiant Disorder (ODD)), കോണ്‍ഡക്ട് ഡിസോര്‍ഡര്‍, പഠനവൈകല്യങ്ങള്‍, പോലുള്ള പ്രശ്ങ്ങള്‍ കുട്ടികള്‍ക്കുണ്ടോ എന്ന് പരിശോധിച്ചറിയണം, പരിഹരിക്കണം. തൈറോയിഡ് പ്രശ്‌നങ്ങള്‍ കുട്ടികളിലും ദേഷ്യവും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്.
ഇപ്പോഴുള്ള കുട്ടികള്‍ക്ക് എന്ത് കാര്യവും അപ്പോള്‍ തന്നെ നടക്കണമെന്ന വാശി കാണാറുണ്ട്. എന്നാല്‍ അങ്ങനെയല്ല, ചിലകാര്യങ്ങള്‍ അല്പം താമസിച്ച് മാത്രമേ സാധിക്കൂ എന്നൊരു ബോധം കുട്ടികളെ ശീലിപ്പിക്കണം.
മുതിര്‍ന്നവര്‍ക്ക് ദേഷ്യപ്പെടാം കുട്ടികള്‍ പാടില്ല എന്നൊരു മോശം സന്ദേശം കുട്ടികള്‍ക്ക് നല്‍കരുത്. എല്ലാവര്‍ക്കും ദേഷ്യം വരാം. എന്നാല്‍ ആ ദേഷ്യത്തെ മാന്യമായി കൈകാര്യം ചെയ്യുന്നതിലാണ് കാര്യമെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ തങ്ങളുടെ പെരുമാറ്റത്തിലൂടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കണമെന്ന് മാത്രം.
കുട്ടികള്‍ക്ക് ബോറടിക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണന്ന് തിരിച്ചറിഞ്ഞ് അതിനെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പഠിപ്പിക്കണം.
കടപ്പാട് - ഡോ. ഗംഗാ കൈലാസ്, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ആലപ്പുഴ
Content Highlights: how to handle child tantrums
Published: 30 Oct 2024, 04:05 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented