
സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ 'ദേശീയ പോഷകാഹാര വാരമായി' ആചരിക്കുന്നു. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പോഷകാഹാരം എത്രത്തോളം അനിവാര്യമാണെന്ന് ബോധവാന്മാരാക്കുക എന്നതാണ് ഈ വാരത്തിന്റെ പ്രസക്തി. എന്നാൽ 'കുട്ടിക്ക് ഭക്ഷണം കഴിക്കാൻ തീരെ താല്പര്യമില്ല', 'കുറെ നിർബന്ധിച്ചാൽ മാത്രമേ ഭക്ഷണം വായിൽ നിന്ന് ഇറക്കാറുളളൂ', 'ചോറ് പേസ്റ്റ് രൂപത്തിൽ കൊടുത്താൽ മാത്രമേ കഴിക്കൂ'... പല മാതാപിതാക്കളുടെയും ആശങ്കകൾ ഇങ്ങനെ നീളുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ കുട്ടികൾ വിമുഖത കാണിക്കുന്നത് വാശികൊണ്ടോ മടികൊണ്ടോ മാത്രമാണോ? ഭക്ഷണസമയത്തെ കുറുമ്പുകൾക്ക് പിന്നിൽ ശാസ്ത്രീയ കാരണങ്ങളുണ്ട്.
കുട്ടി മനഃപൂർവ്വം ഭക്ഷണം ഒഴിവാക്കുകയാണോ, അതോ വായിലെ പേശികളുടെ പ്രവർത്തനക്ഷമതക്കുറവ് കാരണം ചവച്ചരയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുകയാണോ (ഓറൽ-മോട്ടോർ ബുദ്ധിമുട്ടുകൾ) എന്ന് തിരിച്ചറിയണം.
ഓറൽ-മോട്ടോർ സ്‌കില്ലുകൾ
മുതിർന്ന ആളുകൾക്ക് ഭക്ഷണം ചവച്ചരച്ച് കഴിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം ചവച്ചരച്ച് കഴിച്ച് വിഴുങ്ങുക എന്നത് സങ്കീർണ്ണമായ പല പ്രക്രിയകളുടെ ഏകോപനം വഴിയാണ് നടക്കുന്നത്.
ചുണ്ട്: സ്പൂണിൽ നിന്നോ പാത്രത്തിൽ നിന്നോ ഭക്ഷണം കൃത്യമായി വായ്ക്കുള്ളിലാക്കാനും ഭക്ഷണം പുറത്തേക്ക് പോകാതെ അടച്ചുപിടിക്കാനും.
നാക്ക്: ഭക്ഷണത്തെ വായുടെ ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് തള്ളാനും, ചവച്ചരച്ച ശേഷം തൊണ്ടയിലേക്ക് കടത്തിവിടാനും.
താടിയെല്ലുകൾ: കട്ടിയുള്ള ഭക്ഷണം വശങ്ങളിലെ പല്ലുകൾ കൊണ്ട് നന്നായി ചവച്ചരച്ച് കഴിക്കാനുള്ള ബലം നൽകുന്നു.
ഈ പേശികളുടെ ഏകോപനത്തിൽ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും കുട്ടികളിൽ ഭക്ഷണത്തോട് വിരക്തിയുണ്ടാക്കാം.
തിരിച്ചറിയുന്നതിങ്ങനെ
- കുട്ടി വെറുതെ വാശി കാണിക്കുകയല്ല, മറിച്ച് ശാരീരിക ബുദ്ധിമുട്ടുകളുണ്ട് എന്ന് മനസ്സിലാക്കാൻ താഴെ പറയുന്ന സൂചനകൾ ശ്രദ്ധിക്കുക.
- ഭക്ഷണം വായിൽ വെച്ചിരിക്കുക: ഭക്ഷണം ചവച്ചരച്ച് വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കവിളിന്റെ വശങ്ങളിൽ ഒതുക്കിവെക്കുക.
- ചവയ്ക്കാതെ നേരിട്ട് വിഴുങ്ങുക: ഭക്ഷണം ചവയ്ക്കാതെ പെട്ടെന്ന് വെള്ളത്തോടൊപ്പം വിഴുങ്ങാൻ ശ്രമിക്കുക.
- ഓക്കാനിക്കാൻ വരുന്നത് പോലെ: ഭക്ഷണം വായിൽ വെക്കുമ്പോൾ തന്നെ ചുമയ്ക്കുകയോ ഓക്കാനം പോലെ കാണിക്കുകയോ ചെയ്യുക.
- സെൻസറി അസ്വസ്ഥതകൾ: ചില പ്രത്യേക പദാർഥങ്ങൾ (ഉദാഹരണത്തിന്: കട്ടിയുള്ളവ, കൊഴുപ്പുള്ളവ, കഷണങ്ങൾ) തൊടുമ്പോഴോ വായിൽ വെക്കുമ്പോഴോ കരയുക.
- പേസ്റ്റ് രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുക: രണ്ടോ മൂന്നോ വയസ്സ് കഴിഞ്ഞിട്ടും കുറുക്കുകളോ അരച്ച ഭക്ഷണങ്ങളോ മാത്രം കഴിക്കാൻ താല്പര്യം കാണിക്കുക.
- ഭക്ഷണം വായിൽ നിന്ന് ഒലിച്ചിറങ്ങുക (ഡ്റൂളിംഗ്): സാധാരണ പ്രായം കഴിഞ്ഞിട്ടും ഉമിനീർ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുക.
പ്രായത്തിനനുസരിച്ചുള്ള ഭക്ഷണ പദാർഥങ്ങൾ നൽകാം
കുട്ടി വളരുമ്പോൾ അവരുടെ വായുടെ പേശികളും സ്വാഭാവികമായി വികസിക്കുന്നുണ്ട്. പല മാതാപിതാക്കളും പ്രായമായ കുട്ടികൾക്കും അരച്ച ഭക്ഷണം നൽകുന്നത് കാണാം. എന്നാൽ ഓരോ പ്രായത്തിലും നൽകേണ്ട ഭക്ഷണത്തിന്റെ പാകം ശ്രദ്ധിക്കാം.
- ആറ് - 12 മാസം വരെ: ദ്രാവക രൂപത്തിലുള്ള അല്ലെങ്കിൽ നന്നായി കുറുക്കിയ/അരച്ച ഭക്ഷണങ്ങൾ. നാക്കുകൊണ്ട് അമർത്തി അലിയിക്കാവുന്ന ചെറിയ കഷണങ്ങളാക്കിയ മൃദുവായ ഭക്ഷണങ്ങൾ.
- ഒന്ന് - രണ്ട് വയസ്സ്: മുതിർന്നവർ കഴിക്കുന്ന സാധാരണ ഭക്ഷണങ്ങൾ കഷണങ്ങളാക്കി നൽകാം. കട്ടിയുള്ള ഭക്ഷണങ്ങൾ വശങ്ങളിലെ പല്ലുകൾ കൊണ്ട് നന്നായി ചവച്ചരച്ച് കഴിക്കാനുള്ള കഴിവ് ഈ പ്രായത്തിൽ കുട്ടി കൈവരിക്കണം.
- രണ്ട് - മൂന്ന് വയസ്സ്: ഏത് തരത്തിലുള്ള ഭക്ഷണവും (മുഴുവൻ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മാംസം മുതലായവ) സാധാരണ പാകത്തിൽ തന്നെ കഴിക്കാൻ കുട്ടി പൂർണ്ണ സജ്ജനാകണം. സ്പൂൺ പോലുള്ളവ സ്വയം ഉപയോഗിച്ച് ശരിയായി കഴിക്കാനും, വ്യത്യസ്തതരം ഭക്ഷണങ്ങൾ (ഉദാഹരണത്തിന്: കടിയുള്ളവ, പരുപരുത്തവ, കൊഴുപ്പുള്ളവ) ബുദ്ധിമുട്ടില്ലാതെ ചവച്ചരച്ച് വിഴുങ്ങാനുമുള്ള ഓറൽ-മോട്ടോർ നിയന്ത്രണം മൂന്ന് വയസ്സോടെ കുട്ടി നേടിയിരിക്കണം.
ഈ വികസന ഘട്ടങ്ങളിൽ കുട്ടി തടസ്സം നേരിടുന്നുണ്ടെങ്കിൽ അത് ഓറൽ-മോട്ടോർ അല്ലെങ്കിൽ സെൻസറി പ്രശ്‌നങ്ങൾ മൂലമാകാം.
പോഷകാഹാരക്കുറവും വികാസ വെല്ലുവിളികളും
- ഓറൽ-മോട്ടോർ പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾ കട്ടിയുള്ളതും പോഷകസമ്പന്നവുമായ (പച്ചക്കറികൾ, മാംസം, ധാന്യങ്ങൾ) ഭക്ഷണങ്ങൾ ഒഴിവാക്കുകയും, കഴിക്കാൻ എളുപ്പമുള്ള ദ്രാവക രൂപത്തിലുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ വിളർച്ച, ഭാരക്കുറവ്, പ്രതിരോധശേഷിക്കുറവ് എന്നിവയിലേക്ക് നയിക്കാം. ഇത്തരം കുട്ടികൾക്കായി ഫീഡിംഗ് തെറാപ്പി പോലുള്ളവ ആവശ്യമായി വന്നേക്കാം
- ഓറൽ മോട്ടോർ വ്യായാമങ്ങൾ: നാക്കിന്റെയും താടിയെല്ലിന്റെയും പേശികൾക്ക് ബലം നൽകാനുള്ള പ്രത്യേക ടൂളുകളും (ച്യുവി ട്യൂബ് പോലുള്ളവ) വ്യായാമങ്ങളും ഉപയോഗിക്കുന്നു.
- സെൻസറി ഡിസെൻസിറ്റൈസേഷൻ: കുട്ടികൾക്ക് വ്യത്യസ്ത രൂപത്തിലുള്ള ഭക്ഷണങ്ങളോട് ഭയം ഇല്ലാതാക്കാൻ കളികളിലൂടെ (ഫൂഡ് പ്ലേ) സഹായിക്കുന്നു.
- ശരിയായ ഇരുത്തം (Postural Support): ഭക്ഷണം കഴിക്കുമ്പോൾ കുട്ടിയുടെ നട്ടെല്ലും താടിയെല്ലും ശരിയായ കോണിൽ ആയിരിക്കാൻ അനുയോജ്യമായ സിറ്റിങ് പൊസിഷനിൽ ആണെന്ന് ഉറപ്പാക്കാം.
വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
സ്‌ട്രോ ഉപയോഗിച്ച് കുടിക്കാൻ ശീലിപ്പിക്കുക: കട്ടിയുള്ള ജ്യൂസുകളോ സ്മൂത്തികളോ സ്‌ട്രോ വഴി വലിച്ചുകുടിക്കുന്നത് കവിളിലെയും ചുണ്ടിലെയും പേശികൾക്ക് ബലം നൽകും.
ബ്ലോയിംഗ് ഗെയിമുകൾ: കുമിളകൾ ഊതുക, വിസിൽ അടിക്കുക, പേപ്പർ പന്തുകൾ ഊതിക്കളിക്കുക എന്നിവ വായിലെ പേശികളുടെ കരുത്ത് കൂട്ടും.
വിവിധ രൂപത്തിലുള്ള ഭക്ഷണം പരിചയപ്പെടുത്തുക: പെട്ടെന്ന് കട്ടിയുള്ള ഭക്ഷണം നൽകുന്നതിന് പകരം, പതുക്കെ പതുക്കെ ഭക്ഷണത്തിന്റെ കാഠിന്യം കൂട്ടി നൽകുക.
സമ്മർദം ഒഴിവാക്കുക: ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച് ഭയപ്പെടുത്തരുത്. ഇത് കുട്ടിയുടെ ഭയം കൂട്ടുകയേ ഉള്ളൂ.
കുട്ടികളിലെ ഫീഡിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വിദഗ്ദ്ധരായ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് അല്ലെങ്കിൽ സ്പീച്ച്-ലാംഗ്വേജ് പത്തോളജിസ്റ്റ് പോലുള്ള വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.
കൊച്ചി പ്രയത്‌ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ സ്ഥാപകനാണ് ലേഖകൻ
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: National Nutrition Week highlights children's nutritional needs and growth., Food refusal in kids is often due to oral-motor or sensory difficulties rather than mere stubbornness., Signs include holding food in cheeks, swallowing without chewing, and gagging., Age-appropriate food textures help develop mouth muscles from 6 months to 3 years., Feeding therapy, oral-motor exercises, and reducing mealtime stress can resolve feeding challenges.
Published: 05 Sept 2026, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented