നീണ്ട ജോലിത്തിരക്കുകൾക്ക് ശേഷം ക്ഷീണിതരായി വീട്ടിലെത്തുമ്പോൾ, കഴിക്കാനൊന്നുമില്ല. പിന്നെ കൂടുതലൊന്നും ചിന്തിക്കാനില്ല; ഫോണെടുത്ത് ഫുഡ് ഡെലിവറി ആപ്പുകൾ തുറക്കും. എന്നാൽ വയറു വിശക്കുമ്പോൾ ആപ്പുകളിൽ തെളിയുന്ന ചീസി പിസ്സകളും ക്രീമി പാസ്തകളും മധുരപലഹാരങ്ങളും നമ്മളെ വല്ലാതെ വഴിതെറ്റിക്കും. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചാൽപ്പോലും പലപ്പോഴും നടക്കാറില്ല.

To advertise here,

ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് ഫിറ്റ്‌നസ് പരിശീലകനായ രാജ് ഗൺപത്. 

അമിതമായ വിശപ്പോടെ
കഠിനമായ വിശപ്പോടെ ഭക്ഷണം ഓർഡർ ചെയ്യരുത്. വിശപ്പുള്ളപ്പോൾ ഡെലിവറി ആപ്പുകൾ നോക്കുന്നത് തെറ്റായ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കും. വിശക്കുമ്പോൾ ബുദ്ധിയേക്കാൾ മുൻഗണന നാവിലെ രുചിക്കായിരിക്കും. അനാവശ്യമായ ഭക്ഷണങ്ങൾ, അളവ് കൂടുതൽ ഓർഡർ ചെയ്യാൻ ഇത് കാരണമാകും. അതിനാൽ കഠിനമായി വിശക്കുന്നതിന് മുൻപ് തന്നെ ആഹാരം ഓർഡർ ചെയ്തുവെയ്ക്കുന്നതാണ് നല്ലത്.

ആരോഗ്യകരമായ ഭക്ഷണം
നിങ്ങൾ ഓർഡർ ചെയ്യുന്നത് പ്രോട്ടീൻ സമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണമാണെങ്കിൽ (ഉദാഹരണത്തിന്: ചിക്കൻ ടിക്ക, പനീർ ടിക്ക മുതലായവ) ഒന്നിൽ കൂടുതൽ പോർഷൻ വാങ്ങാൻ ശ്രമിക്കുക. ഇതിൽ ഒരു പങ്ക് കഴിച്ച ശേഷം ബാക്കി വരുന്നവ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അടുത്ത തവണ വിശക്കുമ്പോൾ വീണ്ടും ഓർഡർ ചെയ്യുന്നതിന് പകരം ഫ്രിഡ്ജിലുള്ളത് കഴിക്കാൻ സാധിക്കും.

മധുരപലഹാരങ്ങൾ
ഐസ്‌ക്രീം, കേക്ക്, ബ്രൗണി തുടങ്ങിയവ വാങ്ങുമ്പോൾ കുറഞ്ഞ അളവിൽ (Small Portions) ഓർഡർ ചെയ്യുക. ഓർഡർ ചെയ്യുമ്പോൾ വിചാരിക്കുന്നത്ര അളവ് യഥാർത്ഥത്തിൽ കഴിക്കാൻ ആവശ്യമില്ല. ഇത്തരം ഭക്ഷണങ്ങൾ കുറച്ചു കഴിക്കുമ്പോൾ തന്നെ വയറ് നിറഞ്ഞതായി തോന്നും. എന്നാൽ മുന്നിലിരിക്കുന്നത് തീർക്കണമെന്ന ചിന്തയിലാണ് പലരും കൂടുതൽ കഴിച്ചുപോകുന്നത്. 

എണ്ണ കൂടുതലുള്ള വിഭവങ്ങൾ 
ഏത് തരം ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിലും അതിൽ എണ്ണയുടെ അളവ് കുറവാണെന്ന് ഉറപ്പാക്കുക. ഹോട്ടലുകൾ പലപ്പോഴും രുചി കൂട്ടാനായി അമിതമായി എണ്ണയും നെയ്യും ഉപയോഗിക്കാറുണ്ട്. ഇത് നമുക്ക് അനാവശ്യമായ കാലറികൾ മാത്രമാണ് നൽകുന്നത്. അതിനാൽ ഗ്രിൽ ചെയ്തതോ എണ്ണ കുറഞ്ഞതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ചുരുക്കത്തിൽ, ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നത് തെറ്റല്ല, എന്നാൽ നമ്മൾ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ അത് ആരോഗ്യകരമാക്കാൻ സാധിക്കും. ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi