നമ്മുടെ അടുക്കളകളിൽ എയർ ഫ്രൈയർ സ്ഥാനം പിടിച്ചിട്ട് അധിക കാലമായില്ല. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കിടയിൽ കുറച്ചുനാളുകൾകൊണ്ടുതന്നെ എയർ ഫ്രൈയർ ജനപ്രിയമായിക്കഴിഞ്ഞു. തിരക്കേറിയ ജീവിതത്തിൽ ആരോഗ്യകരമായ, എന്നാൽ രുചികരവുമായ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും, വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എണ്ണയിൽ ഡീപ് ഫ്രൈ ചെയ്‌തെടുക്കേണ്ട മിക്ക വിഭവങ്ങളും എണ്ണയില്ലാതെ ആരോഗ്യകരമായി എയർ ഫ്രൈയറിൽ തയ്യാറാക്കാം. ഹോട്ട് എയർ അതിവേഗം ഭക്ഷണത്തിന് ചുറ്റും സഞ്ചരിച്ചാണ് പാചകം ചെയ്യുന്നത്. അതുകൊണ്ട് പുറംഭാഗം നല്ല ക്രിസ്പിയായും ഉൾവശം മൃദുവായും വിഭവങ്ങൾ ലഭിക്കും. എയർ ഫ്രൈയറിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെട്ടാലോ...

ചിക്കൻ സാലഡ് ബൗൾ
ചേരുവകൾ:

ചിക്കൻ ബ്രെസ്റ്റ് - രണ്ട്
പുളിയില്ലാത്ത കട്ട തൈര് - അരക്കപ്പ്
കുക്കുമ്പർ - ഒന്ന്
സവാള - ഒന്ന്
ചെറി ടൊമാറ്റോ - 100 ഗ്രാം
പുതിന - രണ്ട് തണ്ട്
മല്ലിയില തണ്ടോടുകൂടി - കാൽ കപ്പ്
ചെറുനാരങ്ങ - ഒന്ന്
ജിഞ്ചർ ഗാർലിക് പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
ഗരംമസാല- ഒരു ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
ബട്ടർ - ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ ബ്രെസ്റ്റിലേക്ക് കാൽ കപ്പ് തൈര്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഗരംമസാല, കുരുമുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. എയർ ഫ്രയറിൽ ബട്ടർ ബ്രഷ് ചെയ്ത്, അതിലേക്ക് ചിക്കൻ ബ്രെസ്റ്റ് പീസ് വെച്ച് 180 ഡിഗ്രിയിൽ 15 മിനിറ്റ് വെക്കുക. ശേഷം ചിക്കൻ ബ്രെസ്റ്റ് പീസിൽ ബട്ടർ പുരട്ടി മറിച്ചിട്ട് വീണ്ടും 10 മിനിറ്റ് വെച്ച് എടുക്കുക. ഗ്രിൽ ചെയ്ത ചിക്കൻ ചെറിയ ക്യൂബ് ആക്കി മുറിച്ചെടുക്കുക. സവാള, കുക്കുമ്പർ എന്നിവയും ചെറിയ ക്യൂബ് ആക്കുക. ചെറി ടൊമാറ്റോ പകുതിയായി മുറിച്ചുവയ്ക്കുക. മല്ലിയില, പുതിന എന്നിവ അരച്ച് ബാക്കി തൈരിലേക്ക് ചേർത്ത് ഉപ്പും ചേർത്ത് സാലഡ് ഡ്രസ്സിങ് തയ്യാറാക്കാം. ഇനി ഗ്രിൽ ചെയ്ത ചിക്കനിലേക്ക് പച്ചക്കറികൾ എല്ലാം ചേർത്ത് അതിനു മുകളിൽ സാലഡ് ഡ്രസ്സിങ്ങും ചേർത്ത് ടോസ് ചെയ്തു യോജിപ്പിക്കുക.

ഗ്രിൽഡ് ഫിഷ് വിത്ത് മാംഗോ സാൽസ
ചേരുവകൾ:

മുള്ളുകളില്ലാത്ത മീൻകഷണം - 250 ഗ്രാം
ഒനിയൻ പൗഡർ - ഒരു ടീസ്പൂൺ
ഗാർലിക്ക് പൗഡർ - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ചെറുനാരങ്ങ - ഒന്ന്
ഒലിവ് ഓയിൽ - ഒരു ടേബിൾ സ്പൂൺ
മാങ്ങ - രണ്ടെണ്ണം
ചില്ലി ഫ്‌ളേക്‌സ്‌ - രണ്ട് ടീസ്പൂൺ
വിനിഗർ - രണ്ട് ടേബിൾ സ്പൂൺ
തേൻ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മീനിലേക്ക് എല്ലാ പൊടികളും നാരങ്ങ നീരും ഒലിവ് ഓയിലും ഉപ്പും ചേർത്ത് യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റിവെക്കുക. എയർ ഫ്രൈയറിൽ 180 ഡിഗ്രിയിൽ എട്ട് മിനിറ്റ് വെച്ച ശേഷം മറിച്ചിട്ട് വീണ്ടും ഏഴു മിനിറ്റ് വെച്ചെടുക്കുക. തൊലി കളഞ്ഞു നേരിയതാക്കിയ മാങ്ങ ജൂലിയൻ കട്ട് ചെയ്ത് അതിലേക്ക് ചില്ലി ഫ്‌ളേക്‌സും വിനിഗറും തേനും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഗ്രിൽ ചെയ്ത മീനിനോടൊപ്പം ഈ സാൽസയും വെച്ച് വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi